മധ്യപ്രദേശിലോ രാജസ്ഥാനിലോ ഛത്തിസ്ഗഢിലോ അധികാരത്തിലേറിയത് കോൺഗ്രസ് ആയിരുന്നുവെങ്കിൽ ഒരാഴ്ചയായിട്ടും മുഖ്യമന്ത്രി ആരാണെന്ന് പ്രഖ്യാപിക്കാൻ കഴിയാത്ത സ്ഥിതിവിശേഷം സംജാതമായാൽ എന്തായിരിക്കും മാധ്യമങ്ങളുടെ തലക്കെട്ട് എന്ന് ഡൽഹിയിലെ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചത് കഴിഞ്ഞ ദിവസമാണ്. പഴയ മുഖങ്ങൾക്ക് പകരം പുതിയ മുഖങ്ങളെ പ്രതിഷ്ഠിക്കുമെന്ന് കേട്ടപ്പോഴേക്കും അര ഡസനോളം പേർ മുഖ്യമന്ത്രിപദത്തിനായി ഈ മൂന്ന് സംസ്ഥാനങ്ങളിലും വടംവലി തുടങ്ങിയിട്ടും അത് കേവലം ‘സസ്പെൻസ്’ മാത്രമാക്കി അവതരിപ്പിക്കുന്നതിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ മുഖ്യമന്ത്രിപദത്തിനായുള്ള മത്സരങ്ങളെ പാർട്ടിക്കുള്ളിലെ പൊരിഞ്ഞ തല്ലാക്കി അവതരിപ്പിക്കുന്ന അതേ മാധ്യമങ്ങളാണ് മുഖ്യമന്ത്രിമാരാകാൻ തലങ്ങും വിലങ്ങും പറക്കുന്ന ബി.ജെ.പി നേതാക്കളുടെ അധികാര തർക്കത്തെ കേവലമൊരു ‘സസ്പെൻസ്’ ആക്കി മയപ്പെടുത്തുന്നത്.
രണ്ടാം മോദി സർക്കാറിന്റെ അവസാന ശൈത്യകാല സമ്മേളനം ഈ മാസം നാലിന് തുടങ്ങിയതുതൊട്ട് പുതിയ പാർലമെന്റിന്റെ കവാടത്തിന് മുന്നിൽ വട്ടംകൂടി നിൽക്കുന്ന മാധ്യമപ്രവർത്തകർക്ക് ബി.ജെ.പി നേതാക്കളെ കാണുമ്പോൾ ഒന്നേ ചോദിക്കാനുള്ളൂ. ബി.ജെ.പിക്ക് ജയം സമ്മാനിച്ച മൂന്ന് സംസ്ഥാനങ്ങളിൽ ആരായിരിക്കും മുഖ്യമന്ത്രിയെന്നുമാത്രം. തെലങ്കാനയിൽ അധികാരത്തിലേറിയ കോൺഗ്രസ് പതിവ് തെറ്റിച്ച് വളരെ പെട്ടെന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ ചടങ്ങും നടത്തിയതോടെ മൂന്ന് സംസ്ഥാന മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാനാകാതെ ബി.ജെ.പി വക്താക്കൾ കുഴങ്ങി. മുഖ്യമന്ത്രിമാർ ആരാകുമെന്നത് പോകട്ടെ, തീരുമാനം എന്ന് വരുമെന്നു പറയാൻപോലും കഴിയാത്ത നിസ്സഹായാവസ്ഥയിലായി അവർ.
ബി.ജെ.പിയിൽ അന്തിമ തീരുമാനത്തിന്റെ ‘ഹൈകമാൻഡ്’ ആയ മോദിയും അമിത് ഷായും ദിവസങ്ങൾ കഴിഞ്ഞിട്ടും ഒന്നുമുരിയാടായതോടെയാണ് മുഖ്യമന്ത്രിമാരാകാൻ സാധ്യതയുള്ളവരെ കുറിച്ച് മാധ്യമങ്ങൾ സ്വന്തം നിലക്ക് വാർത്ത നൽകി തുടങ്ങിയത്. ബി.ജെ.പിക്ക് രാഷ്ട്രീയമായി ഒരു ഹാനിയും വരുത്താത്ത തരത്തിൽ വളരെ മൃദുവായി വിഷയം കൈകാര്യം ചെയ്തിരുന്ന മാധ്യമങ്ങൾക്കുപോലും നിശ്ശബ്ദത ഏറെനാൾ തുടരാനാവാത്ത സ്ഥിതിയായി. ബി.ജെ.പിക്ക് വമ്പൻ ജയം സമ്മാനിച്ച കൂട്ടത്തിലേറ്റവും വലിയ സംസ്ഥാനത്ത് തന്നെയാണ് മുഖ്യമന്ത്രിപദത്തിനായി ഏറ്റവും വലിയ അടി നടക്കുന്നത്. മധ്യപ്രദേശിൽ
മത്സരിക്കാൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടപ്പോഴേക്ക് മുഖ്യമന്ത്രിയാകാൻ കുപ്പായം തുന്നിവെച്ച പാർട്ടി ജനറൽ സെക്രട്ടറി കൈലാശ് വിജയവർഗ്യ ഫലമറിഞ്ഞതിന് പിന്നാലെ ഡൽഹിയിലെത്തി നേതാക്കളെ കണ്ട് വടംവലിക്ക് തുടക്കമിട്ടു. മധ്യപ്രദേശ് പിടിക്കാനായി കേന്ദ്ര മന്ത്രിസ്ഥാനവും എം.പി സ്ഥാനവും ത്യജിച്ച പ്രഹ്ളാദ് പട്ടേലിനോടും നരേന്ദ്ര സിങ് തോമറിനോടും തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോടും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.ഡി ശർമയോടും മത്സരിച്ച് വേണം വിജയവർഗ്യക്ക് ‘മുഖ്യമന്ത്രി’ ആകാൻ. വിജയവർഗ്യയും പ്രഹ്ളാദ് പട്ടേലുമെന്ന നിലയിലേക്ക് ചർച്ച നീങ്ങുകയാണെന്ന് കണ്ടതോടെ നരേന്ദ്ര സിങ്ങ് തോമറും ജ്യോതിരാദിത്യ സിന്ധ്യയും അവർ തയ്ച്ചുവെച്ച കുപ്പായം ഏത് വിധേനയും ഊരാനുള്ള ശ്രമത്തിലായി. മോദിക്കും അമിത് ഷാക്കും അനഭിമതനായതോടെ മുഖ്യമന്ത്രിപദത്തിലേക്കില്ലെന്നു പറഞ്ഞ നിലവിലുള്ള മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കി വിജയവർഗ്യയുടെയും പട്ടേലിന്റെയും ചീട്ട് കീറാനാണ് അവരുടെ ശ്രമം. ചൗഹാനാണ് ഏറ്റവും കൂടുതൽ എം.എൽ.എമാരുടെ പിന്തുണയെന്ന പ്രചാരണവും ഇവർ തുടങ്ങി. തന്റെ വൈരിയായ പ്രഹ്ളാദ് പട്ടേൽ മുഖ്യമന്ത്രി ആകുന്നത് തടയാൻ മുതിർന്ന ബി.ജെ.പി നേതാവും എം.പിയുമായ രാകേഷ് സിങ്ങും സിന്ധ്യക്കൊപ്പം കൂടി.
മധ്യപ്രദേശിൽനിന്ന് കൈലാശ് വിജയവർഗ്യ ഡൽഹിയിലേക്കു വന്നതിന് പിന്നാലെ വസുന്ധര രാജെ രാജസ്ഥാനിൽനിന്നെത്തി. എന്നാൽ, വസുന്ധര ഡൽഹിയിലെത്തിയതിനൊപ്പം ഒരു വാർത്തയും പുറത്തുവന്നു. വസുന്ധര രാജെ മുഖ്യമന്ത്രി സ്ഥാനത്തിനായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയെ കാണുമ്പോൾ മുഖ്യമന്ത്രിപദത്തിന് എണ്ണം കാണിച്ച് വിലപേശാൻ അവരുടെ മകനും എം.പിയുമായ ദുഷ്യന്ത് സിങ് എം.എൽ.എമാരെ ജയ്പുരിലെ റിസോർട്ടിൽ ‘ബന്ദികളാക്കി’യെന്ന വാർത്തയായിരുന്നു അത്. ബി.ജെ.പിയുടെ കിഷൻഗഞ്ച് എം.എൽ.എ ലളിത് മീണയെ മറ്റൊരു എം.എൽ.എക്കൊപ്പം കൊണ്ടുപോയ ദുഷ്യന്ത് സിങ് ജയ്പുരിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പിതാവ് ഹേമരാജ് മീണ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മകൻ വൈകീട്ടും വരാതായപ്പോൾ വിളിച്ച് അന്വേഷിച്ചതായിരുന്നുവെന്നും അപ്പോഴാണ് പുറത്തേക്ക് പോകാൻ സമ്മതിക്കാതെ ബലമായി പിടിച്ചുവെച്ചിരിക്കുകയാണെന്ന വിവരമറിഞ്ഞതെന്നും മീണ പറഞ്ഞു. വിവരമറിയിച്ച് ബി.ജെ.പി രാജസ്ഥാൻ പ്രസിഡന്റ് സി.പി ജോഷിയെ കൂട്ടി മകനെ വിട്ടുകിട്ടാൻ മീണ റിസോർട്ടിലെത്തിയപ്പോൾ ദുഷ്യന്തിന്റെ അനുവാദമില്ലാതെ പ്രവേശിപ്പിക്കില്ലെന്ന് കട്ടായം പറഞ്ഞു വസുന്ധരക്കൊപ്പമുള്ള എം.എൽ.എ കൻവർലാൽ. വസുന്ധരക്ക് ഈ വാർത്തയേൽപിച്ച പരിക്കിനിടയിലാണ് എം.പി സ്ഥാനം രാജിവെച്ച മഹന്ത് ബാലക് നാഥ് തന്നെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് ജെ.പി നഡ്ഡയെയും അമിത് ഷായെയും കണ്ടത്. ബാലക് നാഥിന്റെ മോഹം സഫലമാകാൻ വസുന്ധരയെ മാത്രമല്ല, കേന്ദ്ര മന്ത്രിമാരായ ഗജേന്ദ്ര ശെഖാവത്ത്, അശ്വിനി വൈഷ്ണവ്, അർജുൻ റാം മേഘ്വാൾ എന്നിവരെയെല്ലാം മറികടക്കണം.
മധ്യപ്രദേശിനെയും രാജസ്ഥാനെയും അപേക്ഷിച്ച് ചെറുതാണെങ്കിലും ഛത്തിസ്ഗഢിലും ബി.ജെ.പിയിലെ മുഖ്യമന്ത്രിപദമോഹികൾക്ക് കുറവൊന്നുമില്ല. ഈ മാസം 14ഓടെയെങ്കിലും പുതിയ ബി.ജെ.പി സർക്കാർ അധികാരമേൽക്കുമെന്ന് മുൻ മുഖ്യമന്ത്രി രമൺ സിങ് പറയുമ്പോൾ അദ്ദേഹത്തിന് പകരം മുഖ്യമന്ത്രിയാകാൻ കാത്തിരിക്കുകയാണ് അരുൺ സാവു, രേണുക സിങ്, ലത ഉസേണ്ടി, വിഷ്ണുദേവ് സാവു തുടങ്ങിയവർ.
മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തിന് കാരണഭൂതനായി വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കാൻ ചേർന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലും മുഖ്യമന്ത്രിനിർണയത്തിലെ അനിശ്ചിതത്വം നിഴലിട്ടു. വിജയത്തിന് കാരണം ‘മോദിയുടെ ഗ്യാരന്റി’ എന്ന് മുദ്രാവാക്യം വിളിച്ച് എം. പിമാർ ആനയിക്കുമ്പോഴും മോദിയുടെയും അമിത് ഷായുടെയും മുഖം വലിഞ്ഞുമുറുകി തന്നെയിരുന്നു. ഇത്തരമൊരു പാർലമെന്ററി പാർട്ടിയോഗത്തിൽ നടത്താറുള്ളതുപോലെ വിജയശ്രീലാളിതന്റെ ആവേശം കൊള്ളിക്കുന്ന പ്രസംഗവും മോദിയിൽനിന്നുണ്ടായില്ല. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ ബി.ജെ.പിക്ക് നൽകിയ ഈ മൂന്ന് സംസ്ഥാനങ്ങളിൽ പഴയ മുഖങ്ങളെ മാറ്റി പുതുമുഖങ്ങളെ വെച്ചാൽ അതെങ്ങിനെ 2024ൽ പ്രതിഫലിക്കുമെന്ന ചിന്തയാണ് ഇരുവരെയും അലട്ടുന്നത്. 2024 ജയിക്കാനുള്ള ഗാരന്റിയാണ് മോദിയിൽനിന്ന് ആർ.എസ്.എസ് തേടുന്നതും. മുഖ്യമന്ത്രിസ്ഥാനത്തിനായി റിസോർട്ട് രാഷ്ട്രീയം പുറത്തെടുത്ത വസുന്ധര രാജെയെയും ആ സ്ഥാനത്തേക്കില്ലെന്ന് പറഞ്ഞ് മാറിനിൽക്കുന്ന ശിവരാജ് സിങ് ചൗഹാനെയും മാറ്റാൻ മോദിയും അമിത് ഷായും ഇത്രയും അറച്ചുനിൽക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.