മല്ലികാർജുൻ ഖാർഗേ, ശശി തരൂർ 

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: പ്രവചനീയം, എന്നിട്ടും...

ഇന്ത്യൻ നാഷനൽ കോൺഗ്രസ് പാർട്ടിയെ രാജ്യവും സംഘടനയും കടന്നുപോകുന്ന അതിസങ്കീർണ കാലത്ത് ശക്തിപ്പെടുത്തുവാനുള്ള നേതൃദൗത്യം ആർക്കായിരിക്കും എന്ന് തീരുമാനിക്കുന്ന എ.​ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. പാർട്ടിയിലെ രണ്ട് ആശയധാരകളെയും രണ്ട് തലമുറകളെയും പ്രതിനിധാനം ചെയ്യുന്ന എം. ​മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെയും ഡോ. ശശി തരൂരും തമ്മി​ലെ മത്സരം നിരവധി ഘടകങ്ങളാൽ സവിശേഷ ശ്രദ്ധ നേടിക്കഴിഞ്ഞു. ആൻഡമാനിൽ ഒഴികെ, മറ്റെല്ലായിടത്തു നിന്നും നാമനിർദേശകരായി പി.സി.സി അംഗങ്ങളായവരാണ് വോട്ടർമാർ. അതുകൊണ്ടു തന്നെ ഈ അധ്യക്ഷ തെരഞ്ഞെടുപ്പ് കോൺഗ്രസിലെ തലമുറ മാറ്റത്തിന് വഴിയൊരുക്കുമോ എന്ന് കണ്ടറിയണം.

ഗാന്ധി കുടുംബത്തിൽ നിന്ന് മൂന്നുപേർ രാഷ്ട്രീയ രംഗത്ത് സജീവമായി നിൽക്കുമ്പോഴാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിനെ ഏറ്റവും കൂടുതൽ കാലം നയിച്ച സോണിയ ഗാന്ധി നിലവിൽ താൽക്കാലിക അധ്യക്ഷയാണ്. മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എം പി ഭാരത് ജോഡോ യാത്ര എന്ന കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ നീക്കത്തിലാണ്.

പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സജീവമായി തുടരുന്നു. കാൽ നൂറ്റാണ്ടിനിടെ ഗാന്ധി കുടുംബത്തിൽ നിന്നല്ലാതെ കോൺഗ്രസിനൊരു അധ്യക്ഷൻ വരുന്നതോടെ ബി.ജെ.പി അടക്കമുള്ള പാർട്ടികളുടെ കുടുംബാധിപത്യ വിമർശനത്തിന് അറുതിയാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. അപ്പോഴും പാർട്ടി വിട്ടവരെ തിരിച്ചെത്തിച്ചും ഇനിയുമൊരു ഒഴുക്കിന് തടയിട്ടും കോൺഗ്രസിനെ ഒരു പാർട്ടിയായി നിലനിർത്തുക എന്ന കഠിനദൗത്യം പുതിയ അധ്യക്ഷനെ കാത്തിരിക്കുന്നു.

പഴയ സുവർണകാലത്തിലേക്ക് എന്നതു പോയിട്ട് 2004 ലേയോ 2009 ലേയോ സ്ഥിതിയിലേക്ക് പാർട്ടിയെ എത്തിക്കൽ പോലും നിലവിലെ സാഹചര്യത്തിൽ ഒട്ടും എളുപ്പമല്ല. ഉദയ്പുർ പ്രഖ്യാപനത്തിന്റെ പിൻപറ്റിയാണ് ഖാർഗെ പാർട്ടി ഭാവിയെപ്പറ്റി പറയുന്നത്. അതേസമയം, പ്രകടന പത്രികയുമായാണ് തരൂരിന്റെ വരവ്. പാർട്ടി വിഭാവനം ചെയ്ത രീതിയിൽ താഴേ തട്ടുമുതൽ തെരഞ്ഞെടുപ്പ് നടത്തി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗങ്ങളായവരാണ് ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ വോട്ടു ചെയ്യുന്നതെങ്കിൽ പ്രവചനാതീതമാകുമായിരുന്നു തെരഞ്ഞെടുപ്പ് ഫലം.

തെരഞ്ഞെടുപ്പ് ചരിത്രം

50 വര്‍ഷത്തിനിടെ എല്ലാ മാര്‍ഗനിര്‍ദേശവും പാലിച്ച് അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നത് രണ്ട് തവണ മാത്രം. 1997ലും 2000ത്തിലും. 1997ലെ തെരഞ്ഞെടുപ്പിൽ സീതാറാം കേസരിയും ശരദ് പവാറും രാജേഷ് പൈലറ്റും തമ്മിലായിരുന്നു മത്സരം. സീതാറാം കേസരി അധ്യക്ഷനായി. പത്രിക നൽകാൻ എ.ഐ.സി.സി ആസ്ഥാനത്ത് എത്താതെയാണ് അധ്യക്ഷ കസേരയിൽ സീതാറാം കേസരിയെത്തിയത്. അന്ന് അദ്ദേഹത്തിനായി 67 സെറ്റ് നാമനിർദേശ പത്രികകളാണ് വിവിധ പി.സി.സികൾ സമർപ്പിച്ചത്. എതിരാളികളായ ശരദ് പവാറും രാജേഷ് പൈലറ്റും മൂന്ന് സെറ്റ് വീതം പത്രിക നൽകി. 7,460 വോട്ടുകളാണ് പോൾ ചെയ്തത്. 6,224 വോട്ടുനേടി സീതാറാം കേസരി അനായാസ ജയം സ്വന്തമാക്കി. 354 വോട്ടുകൾ രാജേഷ് പൈലറ്റും 888 വോട്ടുകൾ ശരത് പവാറും നേടി.

സോണിയാ ഗാന്ധിയും ജിതേന്ദ്ര പ്രസാദയും തമ്മിലായിരുന്നു 2000 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയത്. 7542 വോട്ടുകൾ പോൾ ചെയ്തതിൽ സോണിയ 7,448 വോട്ടുകള്‍ നേടി. ജിതേന്ദ്ര പ്രസാദക്ക് കിട്ടിയത് 94 വോട്ട്. 1998 മുതൽ രാഹുല്‍ ഗാന്ധി അധ്യക്ഷ ചുമതലയേറ്റെടുത്ത രണ്ടുവര്‍ഷം (2017-19 ) ഒഴിച്ചുനിര്‍ത്തിയാല്‍ ഏറ്റവും കൂടുതൽ കാലം കോണ്‍ഗ്രസ് അധ്യക്ഷയായത് സോണിയയാണ്.

വോട്ടെടുപ്പ് നാളെ
ഒക്ടോബർ 17ന് രാവിലെ പത്തു മുതൽ നാലു വരെ വിവിധ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫിസുകളിൽ ഒരുക്കുന്ന പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ്.
രഹസ്യ പേപ്പർ ബാലറ്റിലാണ് വോട്ട് ചെയ്യുക. ബാലറ്റിൽ ആദ്യപേര് ഖാർഗെയുടേതാണ്. രണ്ടാമത് തരൂർ. വോട്ട് ചെയ്യാനുള്ള കളത്തിൽ സീൽ ചെയ്തശേഷം മടക്കിയ ബാലറ്റ് പേപ്പർ ബോക്സിൽ നിക്ഷേപിക്കണം. പേരെഴുതി ഒപ്പിട്ടശേഷം മുറിച്ചെടുത്ത സ്ലിപ്പുകൾ ബാലറ്റ് പെട്ടിക്കൊപ്പം പ്രത്യേകം അയക്കും. സ്ലിപ്പുകളുടെ എണ്ണവും പോൾ ചെയ്ത വോട്ടുകളുടെ എണ്ണവും വോട്ടെണ്ണുംമുമ്പ് തിട്ടപ്പെടുത്തും.

വിവാദത്തിനുമില്ല പഞ്ഞം

ഏതൊരു തെരഞ്ഞെടുപ്പിലും വിവാദത്തിൽ പെടാൻ പാടില്ലാത്ത ഔദ്യോഗിക രേഖ വോട്ടർ പട്ടികയാണ്. തെരഞ്ഞെടുപ്പിന്റെ സാധുത പോലും റദ്ദു ചെയ്യുന്നതാണ് പട്ടികയുടെ ആധികാരികതക്കുറവ്. കേവലം ഒമ്പതിനായിരം പേരുള്ള വോട്ടർ പട്ടിക വിശ്വാസ്യതയോടെ തയാറാക്കാനായില്ലെന്നതാണ് വോട്ടെടുപ്പിന് മുമ്പുള്ള വിവാദം. 

തോ​ൽ​വി​യ​റി​യാ​ത്ത പോരാളി

''തോ​ൽ​വി​യ​റി​യാ​ത്ത നേ​താ​വ്'' -ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ൽ എം. ​മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. അ​ര​നൂ​റ്റാ​ണ്ടാ​യി രാ​ഷ്ട്രീ​യ​രം​ഗ​ത്ത് തി​ള​ങ്ങി​നി​ൽ​ക്കു​ന്ന ഈ 80​കാ​ര​ൻ എ​ക്കാ​ല​ത്തും ഗാ​ന്ധി കു​ടും​ബ​ത്തി​ന്റെ വി​ശ്വ​സ്ത​നാ​​ണ്,അതിലേറെ വർഗീയതാവിരുദ്ധ പോരാട്ടത്തിലെ മുൻനിരക്കാരനുമാണ്. ഗു​ൽ​ബ​ർ​ഗ ജി​ല്ല​യി​ലെ (ഇ​ന്ന് ക​ല​ബു​റ​ഗി) യൂ​നി​യ​ൻ നേ​താ​വായി തു​ട​ങ്ങി രാ​ജ്യ​സ​ഭ​യു​ടെ പ്ര​തി​പ​ക്ഷ​നേ​താ​വി​ലേ​ക്കു​ള്ള വ​ള​ർ​ച്ച അ​ദ്ദേ​ഹ​ത്തി​ന്റെ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ത്തി​ന്റെ തെ​ളി​വാ​ണ്. 1969ൽ ​കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന അ​ദ്ദേ​ഹം ഗു​ർ​മി​ത്ക​ൽ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് തു​ട​ർ​ച്ച​യാ​യി ഒ​മ്പ​തു​ത​വ​ണ ജ​യി​ച്ചാ​ണ് തോ​ൽ​വി​യ​റി​യാ​ത്ത നേ​താ​വ് എ​ന്ന വി​ശേ​ഷ​ണ​ത്തി​ന് അ​ർ​ഹ​നാ​യ​ത്. ര​ണ്ടു​ത​വ​ണ ഗു​ൽ​ബ​ർ​ഗ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് പാ​ർ​ല​മെ​ന്റി​ലും എത്തി. മോ​ദി​ത​രം​ഗം ആ​ഞ്ഞ​ടി​ച്ച 2014ലെ ​തെ​ര​​ഞ്ഞെ​ടു​പ്പി​ൽ 74,000 വോ​ട്ടു​ക​ൾ​ക്കാ​ണ് ഖാ​ർ​ഗെ ഗു​ൽ​ബ​ർ​ഗ​യി​ൽ​നി​ന്ന് ജ​യി​ച്ച​് പാർലമെന്റിലെത്തിയത്. എ​ന്നാ​ൽ, 2019ൽ ​ബി.​ജെ.​പി​യു​ടെ ഉ​മേ​ഷ് യാ​ദ​വി​നോ​ട് 95,452 വോ​ട്ടു​ക​ൾ​ക്ക് തോ​റ്റു. ക​ർ​ണാ​ട​ക പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ, പ്ര​തി​പ​ക്ഷ​നേ​താ​വ്, ലോ​ക്സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ് ക​ക്ഷി​നേ​താ​വ് (2014-2019) എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മ​ൻ​മോ​ഹ​ൻ സി​ങ് ന​യി​ച്ച യു.​പി.​എ സ​ർ​ക്കാ​റി​ൽ തൊ​ഴി​ൽ, റെ​യി​ൽ​വേ, സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ എ​സ്. നി​ജ​ലി​ങ്ക​പ്പ​ക്കു​ശേ​ഷം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​കു​ന്ന ര​ണ്ടാ​മ​ത്തെ ക​ർ​ണാ​ട​ക​ക്കാ​ര​നാ​കും ഖാ​ർ​ഗെ. ജ​ഗ്ജീ​വ​ൻ റാ​മി​നു ശേ​ഷം എ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് ആ​കു​ന്ന ര​ണ്ടാ​മ​ത്തെ ദ​ലി​ത് നേ​താ​വും.

അവകാശവാദങ്ങൾ
കോണ്‍ഗ്രസില്‍ വലിയ മാറ്റത്തിന് വഴിതെളിക്കാനുള്ള പോരാട്ടമാണിത്. പാർട്ടി പദവികളിൽ 50 ശതമാനം പേർ 50 വയസ്സിൽ താഴെയുള്ളവരാകും. ഭാരവാഹിത്തം ഒരു പദവിയിൽ പരമാവധി അഞ്ച് വർഷം എന്നത് കൃത്യമായി നടപ്പാക്കും. 

പുതുദൗത്യത്തിൽ 'വേർഡ്സ്മിത്ത്'

കോ​ൺ​ഗ്ര​സി​ന്റെ ച​രി​ത്രം മാ​റ്റി​യെ​ഴു​താ​നു​ള്ള വാ​ക്കു​ക​ൾ അ​ണി​യ​റ​യി​ലൊ​രു​ക്കു​ക​യാ​ണ് ഇന്ത്യൻ '​വേ​ർ​ഡ്സ്മി​ത്ത്' എന്ന വിശേഷണംപേറുന്ന ശശി തരൂർ. 53ാം വ​യ​സ്സി​ലാണ് ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ 'പു​തു​മു​ഖ'​മാ​യെ​ത്തി​യത്. ​മു​ൻ യു.​എ​ൻ ന​യ​ത​ന്ത്ര​ജ്ഞ​ൻ, എ​ഴു​ത്തു​കാ​ര​ൻ, 83 ല​ക്ഷം ഫോ​​ളോ​വേ​ഴ്സു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ എ​ന്നീ നി​ല​ക​ളി​ൽ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ പോ​ലും ആ​രാ​ധ​നാ​പാ​ത്ര​മാ​ണ് ഈ 66​കാ​ര​ൻ. പ​ദ​പ്ര​യോ​ഗ​ങ്ങ​ളി​ലൂ​ടെ​യും ഭാ​ര്യ സു​ന​ന്ദ പു​ഷ്ക​റി​ന്റെ മ​ര​ണ​മു​ണ്ടാ​ക്കി​യ വി​വാ​ദ​ങ്ങ​ളി​ലൂ​ടെ​യും പ​ല​പ്പോ​ഴും 'പ്ര​തി​നാ​യ​ക' സ്ഥാ​ന​ത്ത് എ​ത്തി​യെ​ങ്കി​ലും അ​തെ​ല്ലാം മ​റി​ക​ട​ക്കാ​ൻ ത​രൂ​രി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

2009ൽ ​തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ആ​ദ്യം മ​ത്സ​രി​ക്കു​മ്പോ​ൾ 'പു​റം​നാ​ട്ടു​കാ​ര​ൻ' എ​ന്ന് എ​തി​ർ​പ​ക്ഷം പ്ര​ച​രി​പ്പി​ച്ചി​ട്ടും 2014ലും 2019​ലും ജ​യം ആ​വ​ർ​ത്തി​ച്ച് 'ഇ​ന്നാ​ട്ടു​കാ​ര​ൻ' ത​ന്നെ​യെ​ന്ന് തെ​ളി​യി​ച്ചു. 'ഞാ​ൻ ഒ​റ്റ​ക്ക് ല​ക്ഷ്യ​ത്തി​ലേ​ക്ക് ന​ട​ന്നു​നീ​ങ്ങി, ആ​ളു​ക​ൾ ഒ​പ്പം ചേ​ർ​ന്നു, ഒ​രാ​ൾ​ക്കൂ​ട്ട​മാ​യി മാ​റി' എ​ന്ന ഉ​ർ​ദു ക​വി മ​ജ്റൂ​ഹ് സു​ൽ​ത്താ​ൻ​പു​രി​യു​ടെ വ​രി​ക​ളാ​ണ് പാ​ർ​ട്ടി​യി​ൽ ത​ന്റെ പി​ന്തു​ണ വ​ർ​ധി​ക്കു​ന്നുവെ​ന്ന് സൂചിപ്പിച്ച് ത​രൂ​ർ അടുത്തിടെ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. യു.​എ​ൻ കാ​ല​ത്ത് നി​ര​വ​ധി ദൗ​ത്യ​ങ്ങ​ൾ ​ഏ​റ്റെ​ടു​ത്ത് വി​ജ​യി​പ്പി​ച്ച ത​രൂ​ർ പു​തി​യ ദൗ​ത്യ​ത്തി​ന് യോ​ഗ്യ​ത നേ​ടു​മോ​യെ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ.

അവകാശവാദങ്ങൾ
കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. കോണ്‍ഗ്രസില്‍ അധികാര വികേന്ദ്രീകരണം കൊണ്ടുവരും. കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുക, യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാർട്ടിയുടെ പങ്കാളിത്തം ഉറപ്പാക്കുക, നേതൃത്വത്തെ പുനര്‍നിര്‍മിക്കുക, പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക, സാമൂഹിക പ്രവര്‍ത്തനത്തിലൂന്നിയ രാഷ്ട്രീയത്തിലേക്ക് മടങ്ങുക

വോട്ടെണ്ണൽ 19ന്

ഒക്ടോബർ 19ന് രാവിലെ 10 മുതൽ ന്യൂഡൽഹി യിലെ എ.ഐ.സി.സി ആസ്ഥാനത്താണ് വോട്ടെണ്ണൽ. പോൾ ചെയ്ത വോട്ടുകൾ അടങ്ങിയ ബാലറ്റു പെട്ടികൾ സീൽ ചെയ്ത് വിമാനമാർഗം ഡൽഹിയിലെത്തിക്കും. 19ന് രാവിലെ പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ ബാലറ്റു പെട്ടികൾ തുറക്കും. വോട്ടുകൾ കൂട്ടി കലർത്തിയാണ് എണ്ണൽ. വോട്ടെണ്ണൽ തീരുന്ന മുറക്ക് ഫലം പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായ മധുസൂദൻ മിസ്ത്രിയാണ് റിട്ടേണിങ് ഓഫിസര്‍

28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പി.സി.സി.) അംഗങ്ങൾ ഉൾപ്പെടെ 9370 പേരാണ് വോട്ടവകാശം വിനിയോഗിക്കുക. എല്ലാ പി.സി.സി അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. സംസ്ഥാനാധ്യക്ഷ സ്ഥാനത്ത് ഒരു വർഷം പൂര്‍ത്തിയാക്കിയ മുന്‍ പി.സി.സി അധ്യക്ഷന്മാരും വോട്ടർമാരാണ്. എം.എല്‍.എമാരിൽ ചിലർക്ക് പാർലമെന്ററി പാർട്ടി പ്രതിനിധികൾ എന്ന നിലക്ക് വോട്ടു​ ചെയ്യാം. പി.സി.സി അംഗങ്ങളുടെ എണ്ണത്തി​ന്റെ അഞ്ച് ശതമാനമോ അല്ലെങ്കില്‍ പരമാവധി 15 പേരോ എന്നതാണ് പാർലമെന്ററി പാർട്ടി പ്രതിനിധികളുടെ എണ്ണം. കേരളത്തിൽ തിരുവനന്തപുരത്തെ കെ.പി.സി സി ആസ്ഥാനമാണ് വോട്ടെടുപ്പ് കേന്ദ്രം. 310 പേർക്കാണ് വോട്ടവകാശമുള്ളത്. 

Tags:    
News Summary - Congress President Election Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT