ഫോ​ട്ടോ കടപ്പാട്​-ന്യൂയോർക്ക്​ ടൈംസ്​

20 വർഷങ്ങൾ, ഒന്നര ലക്ഷം പട്ടാളക്കാർ, രണ്ടു ലക്ഷം കോടി ഡോളര്‍. തങ്ങളിൽ നിന്നും വളരെ വിദൂരത്തുള്ള ഒരു രാജ്യത്തെ 'നല്ല നടത്തം' പരിശീലിപ്പിക്കാൻ അമേരിക്ക വിനിയോഗിച്ച ഭാരിച്ച ചെലവുകളുടെ കണക്കാണിത്​. യുദ്ധനേട്ടങ്ങൾ എണ്ണിത്തിട്ടപ്പെടുത്തു​േമ്പാഴാണ്​ ആരാണ്​ ഈ ദീർഘ സംഘർഷത്തിൽ തോറ്റോടുന്നതെന്ന്​ വ്യക്​തമാകുക. 2,448 അമേരിക്കന്‍ സൈനികരുടെ ജീവൻ നഷ്​ടപ്പെടുത്തി. അര ലക്ഷം അഫ്​ഗാൻ സൈനികരെ കൊലക്ക്​ കൊടുത്തു. അര ലക്ഷത്തിലധികം സാധാരണക്കാരായ അഫ്​ഗാൻ പൗരൻമാരെ കൊന്നൊടുക്കി. ഇരുപതിനായിരത്തിലധികം യു.എസ്​ സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റു. അതിലേറെ അഫ്​ഗാൻ പട്ടാളക്കാർക്കും. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട യുദ്ധത്തി​ന്‍റെ ബാക്കി പത്രമാണിത്​. 2001 ഒക്ടോബര്‍ ഏഴിനാണ്​ അമേരിക്കയുടെ അഫ്ഗാന്‍ യുദ്ധത്തിന്‍റെ ആരംഭം. 2001 സെപ്​തംബറിൽ നടന്ന അമേരിക്കയിലെ പെൻറഗൺ ആക്രമണത്തി​ന്‍റെ പഴിചുമത്തിയാണ്​ യു.എസും സഖ്യ സൈന്യവും അഫ്​ഗാനിലേക്ക്​ ഇരച്ചെത്തുന്നത്​.

താലിബാനെ മര്യാദ പഠിപ്പിച്ച്​, രാജ്യത്തെ തീവ്രവാദ സാന്നിദ്ധ്യം പൂർണമായും ഇല്ലാതാക്കുകയായിരുന്നു സൈനിക വിന്യാസത്തി​െൻറ മുഖ്യ ലക്ഷ്യം. ഒടുവിൽ അഫ്​ഗാനിസ്താനെയും അഫ്​ഗാനികളെയും 'മര്യാദക്കാരാക്കി' മടങ്ങു​േമ്പാൾ യു.എസി​ന്‍റെ അഫ്​ഗാനിലെ ഏറ്റവും വലിയ സൈനിക താവളമായിരുന്ന ബ​ഗ്രാമിൽ നിന്ന്​ വെളിച്ചമണച്ച്​ ഇരുട്ടിൽ ഇറങ്ങിപ്പോകേണ്ട ഗതികേടാണ്​ ലോക പൊലീസിന്​ ഉണ്ടായിരിക്കുന്നത്​. അമേരിക്ക മാത്രമല്ല, നാറ്റോ സഖ്യസേന മുഴുവൻ ഇപ്പോൾ അഫ്​ഗാനിലെ 'സൈനിക സേവനം' അവസാനിപ്പിച്ച്​ മടങ്ങുകയാണ്​. ഒരു രാഷ്​ട്രം നിർമിച്ച് നൽകാനുള്ള ഉത്തരവാദിത്തം അമേരിക്കക്ക്​ ഏറ്റെടുക്കാൻ കഴിയില്ലെന്നാണ്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ സേനാ പിൻമാറ്റം പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ അറിയിച്ചത്​. അമേരിക്കയും സഖ്യ സൈന്യവും ചവച്ചുതുപ്പിയ അഫ്​ഗാനിലേക്ക്​ നോക്കിയാൽ നമുക്ക്​ ഒന്നുറപ്പാകും, രാഷ്​ട്രം തകർക്കാനുള്ള ഉത്തരവാദിത്തം ഏറ്റവും ഭംഗിയായി അവർ നിർവഹിച്ചിട്ടുണ്ടെന്ന്​. ഇറാഖിലും ഇതുതന്നെയാണല്ലോ കണ്ടത്​. ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം അഫ്​ഗാൻ സൈന്യവും താലിബാൻ സായുധ സംഘവും തമ്മിൽ ഒരു രക്​തച്ചൊരിച്ചിലിനുള്ള എല്ലാ പോർമുഖവും ഒരുക്കിവെച്ചിട്ടാണ്​ ഈ സേനാ പിൻമാറ്റം. സൈനിക പിൻമാറ്റം പ്രഖ്യാപിച്ചത്​ മുതൽ താലിബാൻ സേനയുടെ പ്രവൃത്തികൾ അതി​ന്‍റെ സൂചനകളാണ്​.


യു.എസ്​ ഭരണകൂടം ആഗ്രഹിക്കുന്നതും അതുതന്നെയാണ്​. താലിബാനെ രണ്ട്​ പതിറ്റാണ്ട്​ അടക്കിനിർത്തിയത്​ തങ്ങളാണെന്നും സഖ്യ സേനയുടെ മടക്കം വീണ്ടും അഫ്​ഗാൻ മണ്ണിൽ അരക്ഷിതാവസ്​ഥ വളർത്തുമെന്നും അവർക്ക്​ സ്​ഥാപിക്കണം. അതിനുള്ള മണ്ണൊരുക്കം അഫ്​ഗാൻ ഭരണകൂടത്തിനും താലിബാനും ഇടയിൽ ശേഷിപ്പിച്ചാണ്​ ഇപ്പോഴത്തെ മടക്കം. ഒരു രാജ്യത്തി​ന്‍റെ ആഭ്യന്തര സുരക്ഷയെ പൂർണമായും തകർത്ത്​ അവിടുത്തെ പൗരൻമാരെ തീർത്തും അരക്ഷിതരാക്കി ഭിന്നിപ്പിച്ചാണ്​ അമേരിക്ക അഫ്​ഗാ​ൻ​ വിടുന്നത്​. 2001ൽ യു.എസ്​ സൈന്യം അഫ്​ഗാനിൽ അധിനിവേശം നടത്തു​േമ്പാൾ താലിബാൻ ആയിരുന്നു എവിടെയും. അതിരൂക്ഷമായ രക്തച്ചൊരിച്ചിലുകൾക്കൊടുക്കം രണ്ട്​ മാസത്തിനകം താലിബാന്‍ അധികാരത്തില്‍നിന്നു പുറത്തായി. തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ ഇതര കക്ഷികള്‍ ഭരണത്തിലെത്തുകയും ചെയ്തു. 2001 ഒക്‌ടോബര്‍ ഏഴിന് കാബൂള്‍, കാണ്ഡഹാര്‍, ജലാലാബാദ് എന്നിവിടങ്ങളിലെ താലിബാന്‍ കേന്ദ്രങ്ങള്‍ക്കു നേരേ ശക്​തമായ ബോംബാക്രമണം അഴിച്ചുവിട്ടായിരുന്നു തുടക്കം. താലിബാ​ന്‍റെ ചെറുവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനവും തകര്‍ത്തു. 2001 നവംബര്‍ 13ന് കാബൂളും താലിബാനിൽനിന്ന്​ പിടിച്ചെടുത്തു. എല്ലാ നഗരങ്ങളിൽനിന്നും താലിബാൻ പിൻമാറി.

2004 ജനുവരി 26ന് അഫ്​ഗാന്​ പുതിയ ഭരണഘടന നിലവില്‍ വന്നു. ആ വർഷം ഒക്‌ടോബറില്‍ പ്രസിഡൻറ്​ തെരഞ്ഞെടുപ്പും നടന്നു. ഹാമിദ്​ കർസായി പ്രസിഡൻറായി. തങ്ങൾ അഫ്​ഗാനിൽ സമാധാനം സ്​ഥാപിച്ചെന്നും സ്​ത്രീകളെയും കുട്ടികളെയും സ്വാതന്ത്ര്യത്തിലേക്ക്​ മോചിപ്പിച്ചെന്നും അമേരിക്ക ലോകത്തോട്​ വിളിച്ചുപറഞ്ഞു. ലോകം അമേരിക്കക്ക്​ കയ്യടിച്ചു. തീവ്രവാദ വേട്ടയുടെ പേരിൽ രാജ്യത്തി​ന്‍റെ മുക്കുമൂലകളിൽ സൈന്യം അഴിഞ്ഞാടി. ആകെ ഒരു ലക്ഷത്തിലധികം ജീവനുകൾ ബലികൊടുത്തു. അപ്പോഴേക്കും അടുത്ത ഇരയെയും വീണുകിട്ടിയിരുന്നു. 2003ൽ അന്നത്തെ അമേരിക്കൻ പ്രസിഡൻറ്​ ജോർജ്​ ഡബ്ല്യു ബുഷ്​ ഇറാഖുമായും യുദ്ധം പ്രഖ്യാപിച്ചു. യുദ്ധക്കൊതി മൂത്ത സമയത്ത്​ അമേരിക്കക്ക്​ ഒരേസമയം രണ്ടിടങ്ങളില്‍ യുദ്ധം ചെയ്യേണ്ടിവന്നു. രണ്ടിടത്തും സ്ഥിതിഗതികള്‍ കൈവിട്ടുപോയ കാഴ്​ചയാണ്​ പിന്നീട്​ കണ്ടത്​. പെൻറഗൺ അക്രമണ ആസൂത്രകനെന്ന്​ അമേരിക്ക പരിചയപ്പെടുത്തിയ ബിന്‍ ലാദനെ 2011 മേയിൽ യു. എസ് കമാന്‍ഡോകള്‍ പാകിസ്​താനിൽ കണ്ടെത്തി കടലിൽ കെട്ടിത്താഴ്​ത്തിയിട്ടും അഫ്​ഗാനിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കക്കായില്ല. പിന്നെയും ഒരു ദശാബ്​ദക്കാലം ആ മണ്ണിൽ രക്​തം ചിന്തിയിട്ടാണ്​ ഇപ്പോഴത്തെ മടക്കം.

താലിബാനെ ഒതുക്കി ഒരു വഴിക്കാക്കിയിട്ടുണ്ട്​ എന്ന്​ അമേരിക്ക ഗീർവാണം മുഴക്കു​േമ്പാഴും യാഥാർഥ്യം അതൊന്നുമല്ല എന്ന്​ സേനാ പിൻമാറ്റം പ്രഖ്യാപിച്ചയുടനുള്ള അഫ്​ഗാ​ന്‍റെ സ്​ഥിതിഗതികൾ വിലയിരുത്തിയാൽ മനസിലാകും. കഴിഞ്ഞ 20 വർഷത്തിനിടെ മൂന്ന്​ ലക്ഷം അഫ്​ഗാൻ സൈനികർക്ക്​ യു.എസ്​ സേന നേരിട്ട്​ വിദഗ്​ധ പരിശീലനം നൽകിയിട്ടുണ്ട്​. പൊലീസിനും പരിശീലനം നൽകി. വേണ്ടത്ര ആയുധങ്ങളും യുദ്ധ ഉപകരണങ്ങളും വേറെയും നൽകിയിട്ടുണ്ട്​. വാഹനങ്ങളും സമ്പത്തും അടക്കം മറ്റ്​ സഹായങ്ങൾ വേറെ. എന്നിട്ടും താലിബാനെ ഭയന്ന്​ ഇറാൻ അടക്കമുള്ള അയൽരാജ്യങ്ങളിലേക്ക്​ ഓടിപ്പോകുന്ന അഫ്​ഗാൻ സൈനികരെയാണ്​ ഇന്ന്​ ലോകം കാണുന്നത്​. തങ്ങളുടെ സഹായങ്ങൾ ആ രാജ്യത്തിന്​ കൂടുതൽ കരുത്തു പകരുന്നതിന്​ പകരം കൂടുതൽ രക്​തച്ചൊരിച്ചിലിനാകും ഉപയോഗിക്കപ്പെടുക എന്ന്​ മറ്റാരെക്കാളും അമേരിക്കക്ക്​ നന്നായി അറിയാം. എത്രയെത്ര രാജ്യങ്ങളിൽ അവരത്​ പരീക്ഷിച്ച്​ തെളിയിച്ചതാണ്​. രാജ്യത്തെ ഏറ്റവും വലിയ സൈനിക കേന്ദ്രമായ ബ​ഗ്രാം സൈനിക താവളം യു.എസ്​ സൈനികസംഘം ഉപേക്ഷിച്ചയുടൻ രാജ്യത്തെ അഞ്ച്​​ അതിർത്തികളാണ്​ താലിബാൻ പിടിച്ചടക്കിയത്​. ഇറാൻ, താജിക്കിസ്​താൻ, തുർക്ക്മെനിസ്​താൻ, ചൈന, പാകിസ്​താൻ എന്നീ അഞ്ച് രാജ്യങ്ങളുടെ അതിർത്തി പ്രദേശങ്ങൾ താലിബാൻ കീഴടക്കിയത്​ കഴിഞ്ഞയാഴ്​ചയാണ്​. ഉസ്​ബെകിസ്​താൻ അതിർത്തിയായ ബൾക്​ പ്രവിശ്യയിൽ അഫ്​ഗാൻ സൈനവ്യവും താലിബാനും തമ്മിൽ കടുത്ത പോരാട്ടം തുടങ്ങിക്കഴിഞ്ഞു.

ഫോ​ട്ടോ-തൗസീഫ്​ മുസ്​തഫ (എ.എഫ്​.പി)

ഇറാനോട്​ ചേർന്നുകിടക്കുന്ന ഹെറാത്ത്​ പ്രവിശ്യയിലും സ്​ഥിതി മറിച്ചല്ല. താലിബാനെ ഭയന്ന്​ അഫ്​ഗാൻ സൈനികർ ഇറാൻ പ്രദേശങ്ങിലേക്ക്​ രക്ഷതേടി എത്തിക്കൊണ്ടിരിക്കുന്നതായി ഇറാ​ന്‍റെ ഔദ്യോഗിക വാർത്താ ചാനലായ അൽ ആലം റിപ്പോർട്ട്​ ചെയ്യുന്നു​. അഫ്​ഗാൻ ഭരണകൂടത്തി​ന്‍റെ വക്​താവ്​ താരിഖ്​ അരിയാൻ രാജ്യാർതിർത്തികൾ സുരക്ഷിതമാണെന്ന്​ പറയു​േമ്പാഴും വസ്​തുത ഇതൊക്കെയാണ്​. ഹെറാത്തിലെ സൈനീക കേന്ദ്രങ്ങൾ അടക്കം സ്​ഥിതിചെയ്യുന്ന അഞ്ച്​ ജില്ലകൾ യാതൊരു ഏറ്റുമുട്ടലും കൂടാതെ താലിബാൻ കീഴടക്കിയതായി റോയി​ട്ടേഴ്​സ്​ റി​േപ്പാർട്ട്​ ചെയ്യുന്നു. അഫ്​ഗാ​ന്‍റെ തന്ത്രപ്രധാനമായ മിക്ക മേഖലകളിലും താലിബാൻ കടന്നുകയറിക്കഴിഞ്ഞു. അഫ്​ഗാൻ അധിനിവേശ കാലത്ത്​ നാറ്റോ സൈനികരെയും പ്രത്യേകിച്ച്​ യു.എസ്​ സേനയെയും സഹായിച്ചിരുന്ന ഡ്രൈവര്‍മാര്‍, ദ്വിഭാഷികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരൊക്കെയും അയൽരാജ്യങ്ങളിലേക്ക്​ അഭയം തേടുകയാണ്​. രക്​തകലുഷിതമായ ഒരു അന്തരീക്ഷം അധിനിവേശ സേന അവിടെ സൃഷ്​ടിച്ചിരിക്കുന്നു എന്ന്​ സാരം.

34 പ്രവിശ്യകളിലായി 200ലധികം ജില്ലകൾ പിടിച്ചടക്കിയതായി താലിബാൻ അവകാശപ്പെടുന്നു. 70ലേറെ താലിബാൻ സായുധ സംഘാംഗങ്ങളെ വധിച്ചതായി അഫ്​ഗാൻ സേനയും അവകാശപ്പെടുന്നു. രാജ്യത്ത്​ ഇരുസേനയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നു എന്നതിൽ തർക്കമില്ല. പെൻറഗണും ഇത്​ സ്​ഥിരീകരിക്കുന്നുണ്ട്​. ഒരു രാജ്യത്തെ ഒടുങ്ങാത്ത ആഭ്യന്തര കലഹങ്ങളിലേക്ക്​ തള്ളിയിട്ടുകൊണ്ടാണ്​ യാങ്കി സംഘം യുദ്ധവെറിയുടെ മറ്റൊരു അധ്യായത്തിന്​ തിരശ്ശീലയിടുന്നത്​. നഷ്​ടപ്പെട്ട അഫ്​ഗാൻ ജീവനുകളുടെ ഉത്തരവാദിത്തം അമേരിക്ക ഏൽക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തക​ന്‍റെ ചോദ്യത്തിന്​ ഇല്ല, ഇല്ല, ഇല്ല എന്നായിരുന്നു ബൈഡ​ന്‍റെ മറുപടി. വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറി ജെൻ സാകി നടത്തിയ കുറ്റസമ്മതമാണ്​ ശരി. 20 വർഷങ്ങൾ ലോകത്തെ ഏറ്റവും മികച്ച സന്നാഹങ്ങൾ ഉപയോഗിച്ച്​ സൈനികമായി യുദ്ധം ചെയ്​തിട്ടും ഞങ്ങൾക്ക്​ വിജയിക്കാനായില്ലെന്നും അഫ്​ഗാനിലേത്​ ഒരു പരാജയപ്പെട്ട ദൗത്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അധിനിവേശ ദൗത്യത്തിനെത്തിയ അമേരിക്കയുടെ അവസാന സൈനികനും വരുന്ന സെപ്റ്റംബര്‍ 11ന്​ അഫ്​ഗാ​ന്‍റെ മണ്ണിൽനിന്നും മടങ്ങും എന്നാണ്​ ബൈഡന്‍ പ്രഖ്യാപിച്ചിട്ടുള്ളത്​. ആ നിലക്ക്​ സെപ്​തംബർ 11 അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇനി രണ്ട്​ ദുരനുഭവങ്ങളുടെ ഓർമയായിരിക്കും. 

Tags:    
News Summary - Counting the costs of America's 20 year war in Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT