കോവിഡാനന്തര കേരളത്തിെൻറ പുനർനിർമാണത്തെക്കുറിച്ച് 'മാധ്യമം' തുടങ്ങിവെച്ച അന്വേഷണത്തിെൻറ ഭാഗമായി മുൻ ധനമന്ത്രികൂടിയായ ഉമ്മൻ ചാണ്ടി, വി.ഡി. സതീശൻ എം.എൽ.എ, ആസൂത്രണബോർഡ് മുൻ അംഗങ്ങളായ സി.പി. ജോൺ, ജി. വിജയരാഘവൻ, സാമ്പത്തിക വിദഗ്ധരായ ഡോ. ബി.എ. പ്രകാശ്, ഡോ. മേരി ജോർജ് എന്നിവർ സംസ്ഥാനത്തിെൻറ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. ഈ സംവാദത്തിലുയർന്ന നിർദേശങ്ങളുടെയും വിമർശനങ്ങളുടെയും അടിസ്ഥാനത്തിൽ മന്ത്രി ഡോ. തോമസ് ഐസക്കുമായി നടത്തിയ അഭിമുഖം.
കോവിഡ് കാലം സംസ്ഥാനത്തിനുണ്ടാക്കിയ അസാധാരണ പ്രതിസന്ധിയുടെ വിശദചിത്രം വെളിപ്പെടുത്തുന്നതിനൊപ്പം ഭാവിയിൽ സ്വീകരിക്കാനുദ്ദേശിക്കുന്ന കരുതൽ നടപടികളെക്കുറിച്ചും ധനമന്ത്രി മാധ്യമം ലേഖകൻ ഇ. ബഷീറുമായി സംസാരിക്കുന്നു...
കോവിഡ്, സമ്പദ്വ്യവസ്ഥയിൽ കനത്ത ആഘാതമുണ്ടാക്കുമെന്ന് വ്യക്തമാണ്. മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ കുറവുവരുമെന്ന് വിദഗ്ധർ പറയുന്നു. കോവിഡ് കേരളത്തിെൻറ സമ്പദ്ഘടനയെ എങ്ങനെ ബാധിച്ചു, ഭാവിയിൽ എങ്ങനെ ബാധിക്കും എന്ന് വ്യക്തമാക്കാമോ?
ലോക ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയാണ് കോവിഡ് സൃഷ്ടിക്കാൻ പോകുന്നത്. 1930കളിലെ സാമ്പത്തിക മാന്ദ്യകാലത്തുപോലും വർഷങ്ങൾകൊണ്ടാണ് മാന്ദ്യത്തിെൻറ ചുഴി അടിത്തട്ടിലെത്തിയത്. എന്നാൽ, ഇപ്പോൾ ഇടിത്തീ പോലെ ലോക സമ്പദ്ഘടന നിശ്ചലമായി. ഈ വർഷത്തെ ഒന്നാംപാദത്തിൽ പ്രധാന സമ്പദ്ഘടനകളെല്ലാം മൈനസിലായി. രണ്ടാംപാദത്തിൽ എല്ലാ രാജ്യങ്ങളുടെയും ഉൽപാദനം ഇടിഞ്ഞു. എത്രനാൾകൊണ്ട് കരകയറുമെന്ന് പറയാനും വയ്യ. ഒരുകാര്യം തീർച്ചയാണ്. കേരള സമ്പദ്ഘടനക്കും അതിതീവ്രമായ പ്രത്യാഘാതമാണ് സൃഷ്ടിക്കാൻ പോകുന്നത്. ഉൽപാദനനഷ്ടം കനത്തതായിരിക്കും. പ്രവാസി നിക്ഷേപത്തിലെ ഇടിവു കൂടിയാകുമ്പോൾ കേരളത്തിലെ പ്രതിസന്ധി തീവ്രമാകും.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഇതു സംബന്ധിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിെൻറ അനുമാനങ്ങൾ നമ്മെ അസ്വസ്ഥമാക്കുന്നതാണ്. ഈ മഹാമാരി എത്രകാലം നിലനിൽക്കും, ഉൽപാദന മേഖലകൾ സാധാരണ സ്ഥിതി കൈവരിക്കാൻ എത്രസമയം വേണ്ടിവരും തുടങ്ങിയ ചോദ്യങ്ങളാണ് പഠനം പരിഗണിക്കുന്നത്. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടേ സംസ്ഥാന ആഭ്യന്തര ഉൽപാദത്തിലുണ്ടാകുന്ന ഇടിവ് കണക്കാക്കാനാകൂ.
ടൂറിസം, വിനോദ വ്യവസായം, ഐ.ടി. തുടങ്ങിയവ പൂർവസ്ഥിതി പ്രാപിക്കാൻ സമയം വേണ്ടിവരും. ഇത്തരം സേവന മേഖലകൾക്ക് പ്രാമുഖ്യമുള്ള സമ്പദ്ഘടനയാണ് നമ്മുടേത്. അതുകൊണ്ടുതന്നെ കേരളം പൂർവസ്ഥിതി കൈവരിക്കാൻ കൂടുതൽ കാലം വേണ്ടിവരുമെന്ന നിഗമനത്തിൽ എത്തേണ്ടിവരും. ഇന്നത്തെ സാഹചര്യത്തിൽ ആറുമാസം എന്നത് ഏറ്റവും മിതമായ കണക്കുകൂട്ടലായിരിക്കും. ഇതിെൻറ അടിസ്ഥാനത്തിൽ കണക്കുകൂട്ടിയാൽ സംസ്ഥാനത്തിെൻറ ആഭ്യന്തര ഉൽപാദനത്തിൽ ഏതാണ്ട് ഒന്നരലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകും. അങ്ങനെ വന്നാൽ നമ്മുടെ വളർച്ച നിരക്ക് 15 ശതമാനം വരെ 'നെഗറ്റിവ് ഗ്രോത്ത്' ആയേക്കാം.
പ്രവാസി നിക്ഷേപത്തിൽ 25 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. രൂപയുടെ മൂല്യം ഗണ്യമായി ഇടിയുന്നതുകൊണ്ട്, മടങ്ങിവരുന്നവർ സമ്പാദ്യം മുഴുവൻ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നതുകൊണ്ട് ഈ വർഷം ഇത്ര കുറവുവരില്ലെന്ന് വാദിക്കുന്നവരുമുണ്ട്. ഏതായാലും ഇത് അസാധാരണ സാഹചര്യമാണ്.
വരുന്നു, ജനകീയ കാമ്പയിൻ
80,000 കോടിയുടെ വരുമാന നഷ്ടം സർക്കാർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽനിന്ന് കേരളത്തിന് എങ്ങനെ അതിജീവിക്കാനാകും? കടുത്ത നടപടിയുണ്ടാകുമോ?
ഏതാണ്ട് 80,000 കോടി രൂപയുടെ ഉൽപാദന നഷ്ടം ഉണ്ടാകുമെന്നാണ് ആസൂത്രണ ബോർഡിെൻറ കണക്ക്. എന്നാൽ, ഇതിൽ ലോക്ഡൗൺ കാലത്തെ നഷ്ടം മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. പ്രമുഖ ഉൽപാദന മേഖലകളെല്ലാം പൂർവസ്ഥിതി പ്രാപിക്കാൻ കൂടുതൽ കാലം എടുക്കുമെന്ന കണക്കുകൂട്ടലിെൻറ അടിസ്ഥാനത്തിൽ ഏതാണ്ട് 1.5 ലക്ഷം കോടിയിലധികം നഷ്ടമാണ് പ്രതീക്ഷിക്കുന്നത്.
ഈ സ്ഥിതിവിശേഷം എങ്ങനെ അതിജീവിക്കാനാകും എന്നത് നാം കൂട്ടായി ആലോചിക്കണം. സർക്കാർ ചില മുൻകൈകൾ എടുത്തിട്ടുണ്ട്. ഒരുകാര്യം വ്യക്തമാക്കട്ടെ, തീർച്ചയായും അസാധാരണ നടപടികൾ വേണ്ടിവരും. എന്നാൽ സമ്പദ്ഘടനക്ക് കൂടുതൽ പ്രചോദനം നൽകുന്നതിന് ഉതകുംവിധം സർക്കാർ ഇടപെട്ടുകൊണ്ടായിരിക്കും കേരളം പ്രതിരോധം തീർക്കുക. അല്ലാതെ, സർക്കാർ പിൻവലിഞ്ഞോ പിന്മാറിയോ നിന്നുകൊണ്ടായിരിക്കില്ല.
രണ്ടു കാര്യങ്ങൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്, കാർഷിക രംഗത്തെ ജനകീയ മുൻകൈയാണ്. പച്ചക്കറിയിലും മുട്ടയിലും മറ്റും സ്വയംപര്യാപ്തതയിലേക്ക് നീങ്ങുക. നെല്ലുൽപാദനത്തിലും കിഴങ്ങുവർഗ കൃഷിയിലുമൊക്കെ മുന്നേറ്റം സൃഷ്ടിക്കുക. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വരും നാളുകളിലെ പ്രധാന പ്രവർത്തനം ഇതായിരിക്കും. ഇതൊരു വലിയ ജനകീയ കാമ്പയിനായി കേരളം ഏറ്റെടുക്കാൻ പോവുകയാണ്. പണം കൊടുത്താൽ എന്തും വാങ്ങാൻ കഴിയുമല്ലോ, പിന്നെ എന്തിന് കൃഷി എന്നായിരുന്നു ഇതുവരെ നമ്മുടെ ചിന്ത. എന്നാൽ, ഇപ്പോൾ പണത്തെക്കുറിച്ചും പണമുണ്ടെങ്കിലും സാധനങ്ങൾ വാങ്ങാൻ കിട്ടുമോ, കിട്ടുന്നത് എത്ര സുരക്ഷിതമായിരിക്കും എന്നൊക്കെ ആശങ്ക തുടങ്ങിയിട്ടുണ്ട്. ഈ ഉത്കണ്ഠകൾ കാർഷിക കാമ്പയിന് ഉത്തേജകമാകും.
മറ്റൊന്ന്, സൂക്ഷ്മ-ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളാണ്. പുതിയ ലോകസാഹചര്യത്തിൽ വിദഗ്ധ പരിശീലനം നൽകി യുവതലമുറയെ മറ്റു സ്ഥലങ്ങളിൽ പണിയെടുക്കുന്നതിന് പ്രാപ്തരാക്കേണ്ടതുണ്ട്. കോവിഡാനന്തര കാലം മലയാളി നഴ്സുമാർക്ക് ലോകത്തെമ്പാടും സാധ്യത തുറക്കും. ഇത് ഉപയോഗപ്പെടുത്തുന്നതിനുള്ള ഫിനിഷിങ് സ്കൂളുകൾ വേണം. ഔഷധം, മെഡിക്കൽ ഉപകരണങ്ങൾ, ഐ.ടി, ടൂറിസം, കാർഷിക മൂല്യവർധിത ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളിൽ ഊന്നണം.
കിഫ്ബി കൂടുതൽ ശക്തിപ്പെടുത്തും. കിഫ്ബി വഴി മൂലധനമുടക്ക് നേരത്തേ പ്രഖ്യാപിച്ച 50,000 കോടിയിൽനിന്ന് ഉയർത്തും. മാറിയ സാഹചര്യത്തിൽ കിഫ്ബിയുടെ വരവ്-ചെലവ് മോഡൽ വീണ്ടും പരിശോധിച്ച് ശാസ്ത്രീയമായി ഇതിന് മാർഗമുണ്ടാക്കും. പശ്ചാത്തല മേഖലയിൽ കിഫ്ബി കൂടുതൽ മുതൽമുടക്ക് നടത്തും, ഇതായിരിക്കും സമ്പദ്ഘടനക്കുള്ള വലിയ ഉത്തേജനം.
കേന്ദ്ര സമീപനം നിരാശജനകം; കോൺഗ്രസിേൻറതും
കോവിഡ് പ്രതിരോധത്തിനും പ്രത്യാഘാതം മറികടക്കുന്നതിലും കേരളത്തോടുള്ള കേന്ദ്രസമീപനം നിരാശജനകമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ എന്തു നടപടികളാണെടുക്കാൻ പോകുന്നത്?
സംസ്ഥാനത്തിന് അർഹമായ ജി.എസ്.ടി നഷ്ടപരിഹാരമടക്കം നിഷേധിക്കുന്ന നിലപാടാണ് കേന്ദ്രത്തിേൻറത്. പ്രതിരോധ പ്രവർത്തനങ്ങളിലും ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിനും സംസ്ഥാന സർക്കാറുകളാണ് മുന്നണി പ്രവർത്തനം നടത്തുന്നത്. ഇത് പരിഗണിച്ച് സംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായം എത്തിക്കാൻ കേന്ദ്രം നടപടിയെടുക്കണം. അത് ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷ. കുറഞ്ഞപക്ഷം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെങ്കിലും ഒരുമിച്ചുനിന്ന് ശബ്ദമുയർത്തിയാൽ വലിയ ശക്തിയായി മാറും. ഇതിനുതകുന്ന സമീപനമല്ല കേരളത്തിൽ കോൺഗ്രസ് ഇപ്പോൾ കൈക്കൊള്ളുന്നത് എന്നത് ദൗർഭാഗ്യകരമാണ്.
സംസ്ഥാനങ്ങളുടെ വായ്പ പരിധി ദേശീയവരുമാനത്തിെൻറ മൂന്നു ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി ഉയർത്തുന്നതിന് കേന്ദ്രസർക്കാർ സമ്മതം മൂളിയിട്ടുണ്ട്. പേക്ഷ, ചരിത്രത്തിലാദ്യമായി സംസ്ഥാനങ്ങളുടെ കമ്പോള വായ്പക്ക് നിബന്ധന അടിച്ചേൽപിച്ചിരിക്കുകയാണ്. ഇപ്പോൾ നിബന്ധന ലളിതമാണ്. പേക്ഷ, ഇത് വലിയൊരു അപകടത്തിലേക്കുള്ള ചൂണ്ടുപലകയാണ്. നാളെ വായ്പ ഉപയോഗപ്പെടുത്തി സംസ്ഥാനങ്ങളെ സൂക്ഷ്മമായി നിയന്ത്രിക്കുന്നതിന് പുതിയ നയസമീപനത്തിന് കേന്ദ്രം തുടക്കം കുറിച്ചിരിക്കുകയാണ്.
പ്രവാസി നിക്ഷേപം കുറയും
പ്രവാസി മടക്കം സംസ്ഥാനത്തിെൻറ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കും? എങ്ങനെ മറികടക്കും?
പ്രവാസി നിക്ഷേപത്തിൽ 25 ശതമാനം വരെ കുറവുവരാം. ഇത് കേരളത്തിെൻറ ഉപഭോഗത്തെ ഗണ്യമായി ബാധിക്കും. വിപണിയിൽ സാധനങ്ങളും സേവനങ്ങളും വിറ്റുപോകാത്ത നിലവരും. സംസ്ഥാന സർക്കാറിെൻറ നികുതി വരുമാനത്തെയും ഇത് ഗണ്യമായി ബാധിക്കും. ഇതുകൊണ്ടാണ് നേരത്തേ ചൂണ്ടിക്കാണിച്ചത്, പുതിയ സാഹചര്യങ്ങൾക്കൊത്ത് നമ്മുടെ ചെറുപ്പക്കാരെ പരിശീലിപ്പിച്ച് പുറത്ത് പണിയെടുക്കാൻ പ്രാപ്തരാക്കേണ്ടത് പ്രധാന ഉത്തരവാദിത്തമാണ്.
പ്രവാസികൾക്ക് ഉദാരമായ വായ്പ പദ്ധതികൾ കേരള ബാങ്ക്, കെ.എഫ്.സി, കെ.എസ്.എഫ്.ഇ, കെ.എസ്.ഐ.ഡി.സി തുടങ്ങിയ സ്ഥാപനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മടങ്ങിവരുന്നവരെ ബാധ്യതയായിട്ടല്ല കാണുന്നത്. അവരുടെ സമ്പാദ്യത്തെയും വൈദഗ്ധ്യത്തെയും ലോകപരിചയത്തെയും നമ്മുടെ വികസനത്തിന് ഉത്തേജകമാക്കാനാണ് ശ്രമം.
വാർഷിക പദ്ധതിയിൽ മാറ്റം അനിവാര്യം
പ്രളയം അടക്കമുള്ള സാഹചര്യങ്ങളിൽ രണ്ട് വാർഷിക പദ്ധതികൾ വെട്ടിക്കുറക്കേണ്ടിവന്നു. പുതിയ സാമ്പത്തിക വർഷത്തിെൻറ തുടക്കത്തിൽതന്നെ കോവിഡ് വൻ തിരിച്ചടി ഉണ്ടാക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ വാർഷിക പദ്ധതിയിൽ മാറ്റം വരുത്തുമോ? പാസാക്കിയ ബജറ്റ് പൊളിച്ചെഴുതുമോ?
വാർഷിക പദ്ധതിയിൽ മാറ്റമുണ്ടായേ മതിയാകൂ. ബജറ്റിലെ കണക്കുകൂട്ടലും ആകെ മാറുകയാണ്. മുൻഗണനകൾക്കും വലിയ മാറ്റം വരും. ജീവനോപാധി നഷ്ടപ്പെടുന്ന സാധാരണ മനുഷ്യർക്ക് കൂടുതൽ സഹായം എത്തിക്കുന്നത് എങ്ങനെയെന്നതാണ് ഇപ്പോൾ മുൻഗണന. ഇതനുസരിച്ച് സർക്കാറിെൻറ ചെലവിൽ മാറ്റം വന്നേ മതിയാകൂ. കിഫ്ബി പ്രധാന മൂലധന നിക്ഷേപ വഴിയായി ശക്തിപ്പെടുത്തും. പുതിയ ബജറ്റ് വേണമോ വേണ്ടയോ എന്നത് കേന്ദ്ര സർക്കാർ എന്തുചെയ്യുന്നു എന്ന് നോക്കി തീരുമാനിക്കാം.
ചെറുകിട മേഖലയിൽ കനത്ത ആഘാതമാണ് കോവിഡ് ഉണ്ടാക്കിയത്. പ്രതിസന്ധി നേരിടുന്ന മേഖലകളെ കരകയറ്റാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്?
സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്ക് 3431 കോടി രൂപയുടെ ഭദ്രത പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുതിയുടെയും മറ്റും ഫിക്സഡ് ചാർജുകൾ നീട്ടിവെക്കുക, വാടക ഒഴിവാക്കുക, പ്രത്യേക മൂലധന വായ്പ, പലിശ സബ്സിഡി തുടങ്ങി ലോക്ഡൗൺ പ്രതിസന്ധി സൃഷ്ടിച്ച സൂക്ഷ്മ-ചെറുകിട വ്യവസായ മേഖലക്ക് ഉണർവേകുന്ന പാക്കേജാണിത്. ടൂറിസം, ഐ.ടി തുടങ്ങിയ മേഖലകൾക്ക് സാധ്യതകളും തുറന്നുനൽകിയിട്ടുണ്ട്. ഉത്തരവാദിത്തത്തോടെ വിനിയോഗിക്കുന്നതിലാണ് കരുത്ത് പ്രകടമാകേണ്ടത്. ആരോഗ്യരക്ഷാ രംഗത്ത് ആവശ്യമുള്ള വസ്തുക്കൾ നിർമിക്കുന്ന സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ, കാർഷിക വിഭവങ്ങളുടെ മൂല്യവർധനയിൽ ഊന്നുന്ന സംരംഭങ്ങൾ, ഐ.ടി. സംരംഭങ്ങൾ ഇതെല്ലാം ദീർഘവീക്ഷണത്തോടെ കരുപ്പിടിപ്പിക്കേണ്ടതുണ്ട്.
പുതുക്കിയ ബജറ്റോ ധവളപത്രമോ?
കോവിഡ് പ്രതിരോധത്തിന് ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനും മുണ്ടുമുറുക്കാനും സർക്കാർ നടപടി തുടങ്ങിക്കഴിഞ്ഞു. നികുതി പിരിവ് കുത്തനെ കുറഞ്ഞു. ചെലവ് സ്വാഭാവികമായും കൂടും. കടുത്ത നടപടി വേണ്ടിവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിെൻറ സാമ്പത്തികസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ ധവളപത്രം പുറത്തിറക്കാൻ തയാറാകുമോ?
ഈ സ്ഥിതിവിശേഷം എത്രകാലം നിലനിൽക്കും, ഉൽപാദനമേഖലയിൽ ആഘാതത്തിെൻറ ആഴം എത്ര വലുതായിരിക്കും എന്നതിനെക്കുറിച്ചൊക്കെ വ്യക്തതയോടെ മനസ്സിലാക്കേണ്ടതുണ്ട്. ഈ ചിത്രം വ്യക്തമായാലേ പുതുക്കിയ ബജറ്റാണോ ധവളപത്രമാണോ ആവശ്യം എന്ന് തീരുമാനിക്കാനാവൂ. ഇത് സംസ്ഥാന സർക്കാർ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.
കേരളത്തിെൻറ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് 'മാധ്യമം' തുടങ്ങിവെച്ച അന്വേഷണത്തിൽ, ഈ രംഗത്തെ പ്രമുഖർ പ്രസക്തമായ നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. ശമ്പളം മാറ്റിവെക്കലല്ല, സാലറി കട്ട് തന്നെ വേണമെന്നാണ് ഡോ. വിജയരാഘവെൻറ നിർദേശം. പദ്ധതി 40 ശതമാനം കട്ട് ചെയ്താൽ പ്രതിസന്ധി മറികടക്കാമെന്ന് സി.പി. ജോണിനെപ്പോലുള്ളവരും ശമ്പള പരിഷ്കരണം പത്തു വർഷത്തിലൊരിക്കൽ മതിയെന്നും ജീവനക്കാരുടെ എണ്ണം കുറക്കണമെന്നും ഡോ. ബി.എ. പ്രകാശിനെപ്പോലുള്ളവരും പറയുന്നു. ഈ നിർദേശങ്ങളോടുള്ള താങ്കളുടെ സമീപനം എന്താണ്?
ഒരു കാര്യം വ്യക്തമാക്കട്ടെ, സർക്കാർ മാതൃക തൊഴിൽദായകൻ തന്നെയായി തുടരും. മാറ്റിവെക്കപ്പെട്ട ശമ്പളം തിരിച്ചുനൽകാനുള്ളതാണ്. ഈ സന്ദർഭം ഉപയോഗിച്ച് തൊഴിൽ അവകാശം നിഷേധിക്കുകയോ വെള്ളം ചേർക്കുകയോ ചെയ്യുന്ന സമീപനം കേരളം സ്വീകരിക്കില്ല. ചെലവ് ചുരുക്കുന്നതിന് ശരിയായ വഴിയെന്ത് എന്ന് സർക്കാർ ഒരു സമിതിയെ നിയോഗിച്ച് പരിശോധിക്കുന്നുണ്ട്. പ്രതീകാത്മക ചെലവ് ചുരുക്കലിന് സാധുതയുണ്ടെന്നത് ശരിയാണ്. അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ അത്ര പോരാ. അത് എങ്ങനെ എന്നതാണ് പരിശോധിക്കുന്നത്. ജീവനക്കാരുടെ പുനർവിന്യാസം, വർക്ക് ലോഡിെൻറ വിലയിരുത്തൽ, സ്കീമുകളിലെ അനർഹരെ കണ്ടെത്തൽ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പരിശോധിച്ചുവരുകയാണ്.
ഉമ്മൻ ചാണ്ടിയുടെ വിമർശനം വസ്തുതാപരമല്ല
കോവിഡും പ്രളയവുമല്ല, ദീർഘവീക്ഷണമില്ലായ്മയാണ് സർക്കാറിെൻറ സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാക്കിയതെന്ന ആക്ഷേപം മുൻ ധനമന്ത്രികൂടിയായ ഉമ്മൻ ചാണ്ടി ഉന്നയിക്കുന്നു. ഇതിനെ എങ്ങനെ കാണുന്നു?
ഈ വിമർശനത്തിന് വസ്തുതയുടെ പിൻബലമില്ല. 2006-11 കാലത്ത് എൽ.ഡി.എഫ് സർക്കാർ കൈവരിച്ച നികുതി വളർച്ച ശരാശരി 18-19 ശതമാനമായിരുന്നു. തുടർന്നുവന്ന യു.ഡി.എഫ് സർക്കാറിെൻറ ആദ്യ രണ്ടു വർഷക്കാലത്ത് ഇതേ നിരക്ക് നിലനിർത്തി. തുടർന്ന് വരുമാന വളർച്ച 10 ശതമാനമായി താഴ്ന്നു. ഒരു പതിറ്റാണ്ടിനുശേഷം വീണ്ടും കമ്മി ഉയരാൻ തുടങ്ങി. ഇതെല്ലാം ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇറക്കിയ ധവളപത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഈ സ്ഥിതിവിശേഷത്തിൽ മാറ്റം വരുത്താൻ കഴിഞ്ഞില്ല എന്നുമാത്രമാണ് ഉമ്മൻ ചാണ്ടിക്ക് വിമർശിക്കാവുന്നത്. ജി.എസ്.ടി വരുമ്പോൾ ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ വരുമാനം ഗണ്യമായി ഉയരുമെന്നാണ് സാർവത്രികമായി പ്രചരിക്കപ്പെട്ടിരുന്നത്. എന്നാൽ, അവധാനതയില്ലാത്ത കേന്ദ്ര സർക്കാറിെൻറ നടപടികളും നിരക്കുകൾ ഏകപക്ഷീയമായി വെട്ടിക്കുറച്ചതും തിരിച്ചടിയായി. അതേസമയം, ക്ഷേമച്ചെലവും വികസനച്ചെലവും കുറക്കാൻ കേരളം തയാറായില്ല. ഇതുമൂലമാണ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടാതിരുന്നത്. ഇതാണ് കണക്കും വസ്തുതയും. മറിച്ചുള്ളവ രാഷ്ട്രീയ ആക്ഷേപം മാത്രമാണ്.
അസംബന്ധം
പൊതുകടം 2.94 ലക്ഷം കോടിയിലെത്തുമെന്നാണ് ബജറ്റ് രേഖ വ്യക്തമാക്കുന്നത്. ഒരു വർഷത്തെ കടപരിപാലനത്തിനു മാത്രം 19,850 കോടി വേണം. പെരുകുന്ന കടം സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. ഇതിനെ എങ്ങനെ കാണുന്നു?
കടം സംബന്ധിച്ച് ആവർത്തിച്ചിട്ടുള്ള ഈ വർത്തമാനം തികഞ്ഞ അസംബന്ധമാണ്. സംസ്ഥാന സർക്കാറിന് എടുക്കാൻ കഴിയുന്ന വായ്പക്ക് നിയമപരമായ പരിമിതിയുണ്ട്. ആഭ്യന്തര ഉൽപാദനത്തിെൻറ മൂന്നു ശതമാനം മാത്രമേ നമുക്ക് വായ്പയായി എടുക്കാൻ അനുവാദമുള്ളൂ. യു.ഡി.എഫ് ആയാലും എൽ.ഡി.എഫ് ആയാലും ഇത്രയേ പറ്റൂ. അനുവദനീയമായ വായ്പ എടുക്കേണ്ടതില്ല എന്നതിനോട് ഞങ്ങൾ രാഷ്ട്രീയമായി യോജിക്കുന്നില്ല. സംസ്ഥാനത്തിന് താങ്ങാവുന്നതാണോ നിലവിലുള്ള കടം എന്ന് തീരുമാനിക്കുന്നതിന് നിയതമായ സാമ്പത്തികശാസ്ത്ര മാനദണ്ഡങ്ങളുണ്ട്. അനുവദനീയ പരിധിയിലാണ് നമ്മുടെ കടം. മറിച്ചുള്ള പെരുപ്പിക്കലുകൾക്കൊന്നും കഥയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.