നിശ്ശബ്ദ വംശഹത്യകള്‍; കൊറോണക്കാലം മുസ്ലിംകളോട് ചെയ്തത്

'ഞങ്ങള്‍ വിജയിക്കുകയായിരുന്നു. അപ്പോഴാണ് ഞങ്ങളെ പരാജയപ്പെടുത്താനായി അവര്‍ എല്ലാം ചെയ്തത്.'

ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലൊരിക്കലും കാണാത്തവിധം, വലതുപക്ഷത്തിന്‍റെ ശബ്ദമായി മാറിയ റിപ്പബ്ലിക് ടി വിയുടെ ജീവാത്മാവ് അര്‍ണാബ് ഗോസ്വാമി മാധ്യമ ചര്‍ച്ചയില്‍ ഉപയോഗിച്ച വാചകമാണിത്.

അര്‍ണബ് പറയുന്ന 'അവര്‍' ആരാണ്? ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമാണ് ഗോസ്വാമി പറയുന്ന 'അവര്‍'. പൈശാചികവല്‍കരിച്ച് നിരന്തരം മാറ്റി നിര്‍ത്താന്‍ നോക്കുന്നവര്‍. മതേതരത്വത്തിന്‍റെ അഗ്നിപരീക്ഷകളില്‍ എപ്പോഴും പരിശുദ്ധി സ്ഥാപിച്ചെടുക്കേണ്ടവര്‍. പിറന്ന നാട്ടില്‍ പൗരത്വം തെളിയിക്കാന്‍ വിധിക്കപ്പെടുന്നവര്‍.  സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാരുടെ ഷൂ നക്കിയവരുടെ മുന്നില്‍ ഓരോ നിമിഷവും ദേശസ്നേഹം തെളിയിക്കേണ്ട ബാധ്യതയുള്ളവര്‍. പരസ്യമായി തച്ചുകൊല്ലപ്പെട്ടാലും അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ അനുവാദമില്ലാത്തവര്‍. ഭരണഘടനാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന, അനീതിക്കെതിരെ മിണ്ടിയാല്‍ പാകിസ്താനിലേക്കുള്ള ടിക്കറ്റ് പകരം വാഗ്ദാനം ചെയ്യപ്പെടുന്ന ആ 'അവരി'ല്ലേ, 'അവര്‍'.

ഗോസ്വാമിയെ പോലെ മാധ്യമപ്രവര്‍ത്തനത്തെ വര്‍ഗീയ ഉപജാപകങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരാള്‍ നിഷേധിച്ചാല്‍, കൊറോണ വൈറസ് വ്യാപനത്തിന്‍റെ പേരില്‍ ബലിയാടാക്കിയാല്‍,  ഇല്ലാതാകുന്നതാണോ ഇന്ത്യന്‍ മുസ്ലിമിന്‍റെ അസ്തിത്വം എന്ന് നിഷ്‌കളങ്ക മനസ്‌കര്‍ ആശ്ചര്യപ്പെട്ടേക്കാം. പക്ഷേ ഏതൊരു വെറുപ്പിന്‍റെ വ്യാപാരിക്കും ഒരൊറ്റ സന്ദേശത്തിലൂടെ പോലും ഉലയ്ക്കാവുന്ന വിധം ദുര്‍ബലമാണ് ജനാധിപത്യ മതേതര ഇന്ത്യയുടെ ഇക്കാലത്തെ തൂണുകള്‍ എന്നാണ് മോദിക്കാലത്തെ ഇന്ത്യ തെളിയിച്ചുകൊണ്ടിരിക്കുന്നത്.  

മഹാമാരിക്കിടയിലെ മനുഷ്യവേട്ട
പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും മനുഷ്യന്‍റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസരങ്ങളിലും തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത ജനവിഭാഗത്തെ ലക്ഷ്യം വെക്കുന്ന, അവര്‍ക്കെതിരായ അസ്പൃശ്യതക്കും സ്പര്‍ദ്ദക്കും താഴിടാത്ത ഫാഷിസ്റ്റ് രാജ്യങ്ങളുടെ ചരിത്രത്തില്‍ ഇപ്പോഴിതാ ഇന്ത്യയും സ്ഥാനം പിടിക്കുകയാണ്. ഭീതിയുടെ കൊറോണക്കാലത്തെയും അവര്‍ മുസ്​ലിംകളെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള തന്ത്രപരമായ സന്ദര്‍ഭമാക്കുകയാണ്. രാജ്യത്തെ മുസ്​ലിംകളെ അപരവത്കരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക്, അതിനു കരുത്ത് പകരുന്ന ഭരണകൂട സ്പോണ്‍സേഡ് പ്രചരണങ്ങള്‍ക്ക് വീണു കിട്ടിയ അവസരമായി മാറുകയാണ്, പുതിയ ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം. അതിദേശീയതയ്ക്ക് സംതൃപ്തി പകരാനുള്ള ഒരു നായാട്ട് കൂടെ വാഗ്ദാനം ചെയ്യുന്നു, ഇക്കാലം.

സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ മുന്‍കൈയില്‍ മഹാമാരികള്‍ വേട്ടക്കുള്ള ആയുധങ്ങളായി പരിണമിക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമായല്ല. പതിനാലാം നൂറ്റാണ്ടിന്‍റെ മധ്യകാലത്തെ 'ബ്ലാക്ക് ഡെത്തി'ന്‍റെ കാലം ഓര്‍ക്കുക. മംഗോളിയയില്‍ നിന്ന്  യൂറോപ്പിലേക്കെത്തിയ 'യേര്‍സിനിയ പെക്ടീസ് ബാക്റ്റീരിയ'യാണ് ബ്ലാക്ക് ഡെത്ത് എന്നു പിന്നീട് വിശേഷിപ്പിക്കപ്പെട്ട പകര്‍ച്ചവ്യാധിക്ക് കാരണമായത്. യൂറോപ്പിലെ  2.5 കോടിയോളം മനുഷ്യരുടെ ജീവന്‍ അത് അപഹരിച്ചു. എന്നാല്‍, അതിന്‍റെ പഴി മുഴുവന്‍ ഏല്‍ക്കേണ്ടി വന്നത് ജൂത സമൂഹത്തിനായിരുന്നു. ബ്ലാക്ക് ഡെത്തിനും നൂറ്റാണ്ടുകള്‍ക്ക് മുന്നേ തന്നെ വംശീയ വിദ്വേഷത്തിന് ഇരകളായിരുന്നു ജൂതന്മാര്‍.

എന്നാല്‍ പ്ലേഗിന്‍റെ ആവിര്‍ഭാവത്തോടെ പീഡനങ്ങള്‍ക്ക് പുതിയ മാനം കൈവന്നു. തങ്ങളുടെ ജീവിതങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന സാന്നിധ്യമായി ജൂതരെ യൂറോപ്യന്‍മാര്‍ കാണാന്‍ തുടങ്ങി. അപരത്വത്തിന്‍റെ ഭാരം അവരുടെ തലയ്ക്കു മുകളില്‍ തൂങ്ങിനിന്നു. സാമ്പത്തികമായ അടിച്ചമര്‍ത്തലും അന്യായമായ നികുതി ചുമത്തലും ഒറ്റപ്പെടുത്തലും ജൂതരെ തിരിച്ചറിയാനുള്ള പുള്ളി കുത്തലും സാധാരണമായി. പോപ്പിന്‍റെയും ചക്രവര്‍ത്തിയുടെയും അഭ്യര്‍ഥനകളെ വകവെക്കാതെ കൂട്ടക്കൊലകള്‍ അരങ്ങേറി. ക്രിസ്ത്യന്‍ മതവിശ്വാസികളുടെ കിണറുകളിലും  മറ്റ് ജലാശയങ്ങളിലും ജൂതവിഭാഗക്കാര്‍ വിഷം കലര്‍ത്തുന്നതായും രോഗം പടര്‍ത്തുന്നതുമായി കിംവദന്തികള്‍ പ്രചരിപ്പിച്ചു.  പീഡനം സഹിക്കവയ്യാതെ ജൂതര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്ന അവസ്ഥയുണ്ടായി. ജീവനില്‍ കൊതിയുള്ളവര്‍ കൂട്ടത്തോടെ പാലായനം ചെയ്യേണ്ടിവന്നു.

കൊറോണക്കാലത്തെ ഫാഷിസ്റ്റ് തന്ത്രങ്ങള്‍
തങ്ങളുടെ നിര്‍ഭാഗ്യങ്ങള്‍ക്ക് കാരണം തേടാന്‍ അധീശത്വ വര്‍ഗങ്ങള്‍ എല്ലാ കാലവും ഇരയെ കണ്ടെത്തുന്ന ആഖ്യാനം ചമച്ചിരുന്നു എന്നാണ് പകര്‍ച്ചവ്യാധികളുടെ ചരിത്രം രേഖപ്പെടുത്തുന്നത്. എല്ലാ മഹാമാരികള്‍ക്കും പാര്‍ശ്വവത്കൃതര്‍ക്കെതിരായ ആക്രമണങ്ങളുടെയും ദുര്‍ബല സമൂഹത്തിനെതിരായ വേട്ടകളുടെയും കഥകള്‍ പറയാനുണ്ട്. രാഷ്ട്രീയമായും സാമൂഹ്യപരമായും അപരന്‍റെ മേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കാനായി അവരെ രോഗഉല്‍പാദകരായും രോഗവാഹകരായും രോഗ പ്രചാരകരായും മുദ്ര കുത്തിയതിന്‍റെ കഥകള്‍. വസൂരിയാണെങ്കിലും കോളറയാണെങ്കിലും എയിഡ്സ് ആണെങ്കിലും കൊറോണയാണെങ്കിലും  ഉദ്ധത വിഭാഗത്തിന്‍റെ സ്വാര്‍ഥ ആഖ്യാനങ്ങളില്‍ നിന്നുടലെടുക്കുന്ന കുടിലതകള്‍ക്ക് പാത്രീഭവിച്ച ഒരു അപരവര്‍ഗത്തെ കാണാം.  യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണക്കാലത്ത് മുഴുവന്‍ ഏഷ്യക്കാരും പ്രത്യേകിച്ച് ചൈനക്കാര്‍ ഭ്രഷ്ട് കല്‍പിക്കപ്പെട്ടവരായെങ്കില്‍, ഇസ്രയേലില്‍ നെതന്യാഹു ഭരണകൂടം പ്രതിസ്ഥാനത്ത്  നിര്‍ത്തിയത് ഫലസ്തീനികളെയാണ്. ഇന്ത്യയില്‍ ആ അന്യവത്കൃതര്‍ മുസ്​ലിം സമുദായമാണ്.  

കൊറോണക്കാലത്തെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാനും വൈറസ് വ്യാപനത്തെ മതവല്‍കരിക്കുന്നത് തടയാനും അടിയന്തിര മാര്‍ഗ നിര്‍ദേശങ്ങള്‍  ഇറക്കാനും, ഇസ്​ലാമോഫോബിക് വിദ്വേഷ പ്രസംഗങ്ങളില്‍ ഗവേഷണം നടത്തുന്ന സൗത്ത് ഏഷ്യന്‍ മനുഷ്യാവകാശ സംഘടന  ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. മുസ്​ലിംകള്‍ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ സ്വര്‍ഗം ആണെന്ന് മുക്തര്‍ അബ്ബാസ് നഖ്വിയെ പോലുള്ളവര്‍ അധര വ്യായാമം നടത്തുമ്പോഴും ഇന്ത്യയിലെ വംശീയാധിക്ഷേപങ്ങളുടെ കഥകള്‍ ലോകമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. 

തുടര്‍ന്നാണ്, മതസൗഹാര്‍ദ്ദത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന യു.എസ് കമീഷന്‍, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ അപകടകരമായ പ്രസ്താവനകളും വ്യാജ വാര്‍ത്തകളും മുസ്​ലിം സമുദായത്തിനെതിരെയുള്ള അതിക്രമങ്ങള്‍ വർധിപ്പിക്കുന്നതായി വിമര്‍ശിച്ചത്. ഇസ്​ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും കൊറോണക്കാലത്ത് ഇന്ത്യയില്‍ വർധിച്ചു വരുന്ന മുസ്​ലിം വിരുദ്ധതയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. ഇന്ത്യയില്‍ വേട്ടയാടപ്പെട്ട് കൊണ്ടിരിക്കുന്ന മുസ്​ലിം ന്യൂനപക്ഷത്തെ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്കനുസൃതമായി സംരക്ഷിക്കണമെന്നാണ് ഒ.ഐ.സി രാജ്യങ്ങളുടെ സ്വതന്ത്ര സ്ഥിരം മനുഷ്യാവകാശ കമീഷന്‍  (IPHRC) ഘടകം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടത്.  ലോകം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ഇന്ത്യയില്‍ വര്‍ഗീയ പകര്‍ച്ചവ്യാധി കൊറോണ വൈറസിന്‍റെ മുകളിലേറി ആനന്ദ നൃത്തമാടുകയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് തന്നെ വിമര്‍ശിക്കുകയുണ്ടായി.

രാജ്യാന്തര കൂട്ടായ്മകളും മനുഷ്യാവകാശ സംഘടനകളും അതീവഗൗരവത്തോടെ ഈ സാഹചര്യത്തെ സമീപിക്കുമ്പോഴും മുസ്​ലിം ന്യൂനപക്ഷ മനസ്സുകളിലേക്ക് അപരത്വവും അപകര്‍ഷതയും അന്യതാബോധവും പൂര്‍വാധികം ശത്രുതയോടെ കടത്തിവിടുന്ന തന്ത്രങ്ങളാണ് സംഘ പരിവാര്‍ ക്യാമ്പുകള്‍ ഈ കൊറോണ കാലത്തും  ആവിഷ്‌കരിക്കുന്നത്. സമൂഹത്തിന്‍റെ ഓരങ്ങളിലേക്ക് മാറ്റുന്ന, ഇരബോധത്തിലേക്ക് അവരെ തള്ളി വിടുന്ന തരത്തിലുള്ള സൈക്കളോജിക്കല്‍ യുദ്ധമുറകള്‍.  സോഷ്യല്‍ മീഡിയാകാലത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മന:ശ്ശാസ്ത്രപരമായ ഈ കടന്നു കയറ്റത്തെ ചെറുക്കാനാവാതെ ആത്മ വീര്യം നഷ്ടപ്പെടുന്ന, ഈ ജഡാവസ്ഥയോട് സമരസപ്പെടുന്ന മുസ്​ലിം സമുദായത്തെയാണ് ഈ കുടില തന്ത്രജ്ഞര്‍ ലക്ഷ്യം വെക്കുന്നത്. അതിന്റെ പ്രധാനകാരണം പൗരത്വ സമരങ്ങള്‍ ഉണ്ടാക്കിയെടുത്ത ഐക്യബോധത്തിന്റെ സാഹചര്യമാണ്.

മുസ്​ലിംവേട്ടയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍
നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ അഭിമുഖീകരിച്ച ഏറ്റവും ഗുരുതരമായ പ്രതിസന്ധിയായിരുന്നു പൗരത്വ പ്രക്ഷോഭം. നോട്ടുനിരോധനം, കശ്മീര്‍ വിഭജനം, ജി.എസ്.ടി, തുടങ്ങിയ അനേകം ജനവിരുദ്ധ നീക്കങ്ങള്‍ സംഭവിച്ചിട്ടും ഇളകിമറിയാത്ത രാജ്യം തെരുവിലേക്ക് മുദ്രാവാക്യങ്ങളും ഭരണഘടനയുമായി ഇരമ്പിയിറങ്ങൂകയായിരുന്നു അന്ന്. 'രാജ്യത്തെ നശിപ്പിക്കാന്‍ അനുവദിക്കില്ല' എന്ന പൗരസമൂഹത്തിന്‍റെ പ്രഖ്യാപനമായിരുന്നു അത്. പൗരത്വ നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിങ്ങനെ മുസ്‌ലിംകളെ ലക്ഷ്യം വെക്കുന്ന മാരകമായ കോംബോയ്ക്ക് എതിരെ മനുഷ്യരെല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കുകയായിരുന്നു. മുസ്​ലിംകളെ അപരവല്‍ക്കരിക്കാനുള്ള തന്ത്രപരമായ നീക്കത്തെ പൊളിച്ചുകൊണ്ട്, എല്ലാ ഇന്ത്യക്കാരും ഒന്നാണെന്ന ആഖ്യാനങ്ങള്‍ വളര്‍ന്നുവന്നു. ഇതിനെതിരെയാണ് പുതിയ നീക്കങ്ങള്‍. മുസ്​ലിംകളെ കൂടുതല്‍ അപരവല്‍ക്കരിക്കുക, പൗരത്വ സമരകാലത്ത് നിലവില്‍വന്ന മതേതരത്വത്തില്‍ അടിയുറച്ച ഐക്യബോധം തകര്‍ക്കുക. ഇതാണ് ദ്വിമുഖ ലക്ഷ്യങ്ങള്‍.

നേരത്തെ തന്നെ പച്ചക്കള്ളങ്ങളുടെ ആയുധമേന്തി ഈ ഐക്യം തകര്‍ക്കാന്‍ ശ്രമങ്ങളുണ്ടായിരുന്നു. വ്യാജപ്രചാരണങ്ങള്‍, ഭീഷണികള്‍, കള്ളക്കേസുകള്‍, മര്‍ദ്ദനങ്ങള്‍, എന്നിട്ടും ഒരിഞ്ചും ഇളകിയില്ല,  മത, ജാതി, രാഷ്ട്രീയ വ്യത്യാസങ്ങള്‍ വകവെയ്ക്കാതെ ഒത്തുചേര്‍ന്ന ജനം. നിവൃത്തിയില്ലാതെ, ആദ്യം കാണിച്ച ധാര്‍ഷ്ഠ്യമൊക്കെ ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ആദ്യമായിട്ടായിരുന്നു അത്തരമൊരു അടി. ആ സമരത്തിന്‍റെ മൂര്‍ധന്യത്തിലാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. സാക്ഷാല്‍ അമിത് ഷാ നേതൃത്വം നല്‍കിയിട്ടും അവിടെ ബി.ജെ.പി വീണ്ടും പൊട്ടി.

അതില്‍, മുസ്​ലിം വോട്ടുകള്‍ നിര്‍ണായകമായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ്, ബി.ജെ.പി നേതാവിന്‍റെ വിദ്വേഷപ്രസംഗവും വര്‍ഗീയത ഇളക്കിവിടുന്ന പ്രചാരണവുമൊക്കെ നടന്നത്. അങ്ങനെയാണ് ഡല്‍ഹി കത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഡല്‍ഹി പൊലീസ് മുസ്​ലിംകള്‍ക്കെതിരായി സംഘപരിവാര്‍ ശക്തികള്‍ക്കൊപ്പം പരസ്യമായി അണിനിരന്ന കലാപമായിരുന്നു അത്.  ഇതെല്ലാം ഒന്നിച്ച് സര്‍ക്കാറിന് സൃഷ്ടിച്ച മാനക്കേടുകള്‍ക്കിടയിലാണ് കൊറോണ വൈറസ് എത്തിയത്. അത്രകാലം സര്‍ക്കാര്‍ തലകുത്തിനിന്നിട്ടും അവസാനിപ്പിക്കാന്‍ പറ്റാത്ത ഷഹീന്‍ബാഗ് പ്രക്ഷോഭം അവസാനിപ്പിക്കാനായിരുന്നു ആദ്യമേ ശ്രമങ്ങള്‍. അതു കഴിഞ്ഞതോടെ, കൊവിഡ് രോഗത്തിന്‍റെ ഭീതിയും ലോക്ക്ഡൗണുമൊക്കെ വന്നു. പൗരത്വപ്രക്ഷോഭത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായ ഐക്യബോധം തകര്‍ക്കാനുള്ള അവസാരമായി ഇത് ഉപയോഗിക്കാന്‍ ശ്രമങ്ങള്‍ നടന്നു. ഇന്ത്യക്കാര്‍ എന്ന ബോധ്യത്തിലേക്ക് ഒന്നിച്ചു ചേര്‍ന്ന് നില്‍ക്കുന്ന മുസ്​ലിം ജനവിഭാഗങ്ങളെ വീണ്ടും അപരവല്‍കരിക്കാനുള്ള മാര്‍ഗമായി കൊറോണക്കാലത്തെ ഉപയോഗിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയത് ഇങ്ങനെയാണ്.

കൊറോണ ജിഹാദികളെ സൃഷ്ടിച്ചവിധം
മുന്നൊരുക്കങ്ങളില്ലാതെ പ്രഖ്യാപിച്ച അടച്ചുപൂട്ടലില്‍ അന്നവും തൊഴിലും നഷ്ടപ്പെട്ട് ദുരിത പര്‍വം താണ്ടിയ അനേകായിരം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയ ഭരണകൂടത്തിന് വിമര്‍ശനങ്ങളെ മറികടക്കാനും അതിന്‍റെ ഡി.എന്‍.എയിലുള്ള വംശവെറി നിര്‍ബാധം തുടരാനും വീണു കിട്ടിയ അവസരമായിരുന്നു ലോക്ക്ഡൗണ്‍.

തബ്ലീഗ് ജമാഅത്തിന്‍റെ അശ്രദ്ധയും വീഴ്ചയും പര്‍വതീകരിച്ചും നിന്ദ്യമായ രീതിയില്‍ അതിനെ ചിത്രീകരിച്ചും, ഭരണകൂടതാല്‍പ്പര്യ സംരക്ഷകരായ വലിയ വിഭാഗം മാധ്യമങ്ങളും മുസ്​ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ഈ സംഘടിത പോര്‍മുഖത്തില്‍ അണി  ചേര്‍ന്നു. കിംവദന്തികളുടെ കുത്തൊഴുക്കില്‍ എല്ലാ മാധ്യമധര്‍മ്മങ്ങളും ലംഘിച്ച് അവരും പങ്കാളികളായി. ജനാധിപത്യ മതേതര മൂല്യങ്ങള്‍ കടപുഴക്കാനും ഒരു സമുദായത്തെ ഒന്നാകെ ദേശവിരുദ്ധരാക്കി അടയാളപ്പെടുത്താനും ഈ മാധ്യമങ്ങള്‍ മുന്നില്‍നിന്നു.ഇന്ത്യന്‍ സമൂഹത്തെ ബാധിച്ച അണുബാധയായി മുസ്​ലിംകളെ ചിത്രീകരിച്ചു. ദശകങ്ങളായി വെള്ളവും വളവും നല്‍കി പരിപോഷിപ്പിച്ചു കൊണ്ട് വന്ന വലത് തീവ്ര പക്ഷത്തിന്‍റെ മുസ്​ലിം വിരുദ്ധ പ്രചാരണങ്ങള്‍ അതിനു കൃത്യമായ പ്ലാറ്റ്ഫോം നല്‍കി. ജനസംഖ്യാ വർധനവിലൂടെ ഇന്ത്യയെ മുസ്​ലിം രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നുവെന്ന നുണ പ്രചാരണം പോലെ, ലവ് ജിഹാദ് പ്രചരണം പോലെ, കൊറോണവൈറസിനാല്‍ ഹിന്ദുക്കളെ നശിപ്പിക്കാന്‍ തയ്യാറെടുക്കുന്ന ജിഹാദികള്‍ എന്ന ആഖ്യാനം വേരുപിടിപ്പിക്കാന്‍ ഇവര്‍ ആഞ്ഞുശ്രമിച്ചു.

ഇസ്​ലാമോഫോബിയ സ്ഫുരിക്കുന്ന 'നിസാമുദ്ദീന്‍ ഇഡിയറ്റ്സ്', 'ഗ്രീന്‍ കൊറോണ വൈറസ്', 'നിസാമുദ്ദീന്‍ ടെററിസ്റ്റ്്', 'കൊറോണ ജിഹാദ്', 'കൊറോണ ഭീകരവാദം' 'കൊറോണ ബോംബ് തബ്ലീഗി', 'കോവിഡ് 786' സംജ്ഞകളും ഹാഷ് ടാഗുകളുമായി ഗോഡി മീഡിയ സംഘം അപരവത്കരണത്തിനെ് ആക്കം കൂട്ടി. വംശവെറിയുടെ മത്സരയോട്ടത്തില്‍  ഒട്ടും പിന്നിലാകേണ്ട എന്ന് കരുതിയാകണം, മതേതര ജനാധിപത്യ മൂല്യങ്ങള്‍ മുറുകെപ്പിടിക്കാന്‍ ശ്രമിക്കാറുള്ള 'ദ് ഹിന്ദു' ദിനപത്രം പോലും  കൊറോണ വൈറസിനെ മുസ്​ലിം വേഷധാരിയായ തീവ്രവാദിയായി ചിത്രീകരിച്ചത്. ട്വിറ്ററില്‍ ഏറെ റീട്വീറ്റ് ചെയ്യപ്പെട്ട ഒരു കാര്‍ട്ടൂണ്‍ കൊറോണ ജിഹാദ് എന്നു ലേബല്‍ ചെയ്യപ്പെട്ട ഒരു മുസ്​ലിം, ഒരു ഹിന്ദുവിനെ പാറയില്‍ നിന്ന് തള്ളിയിടുന്നതായിരുന്നു. അപ്രതീക്ഷിത ലോക്ക് ഡൗണില്‍ ജന്മഗ്രാമത്തില്‍ നിന്ന് അകലെയുള്ള മദ്രസയില്‍ കുട്ടികള്‍ കുടുങ്ങിപ്പോയതിന്റെ പേരില്‍ പ്രമുഖ ജേര്‍ണലിസ്റ്റ് രാഹുല്‍ കന്‍വല്‍ 'മദ്രസ ഹോട്സ്പോട്' എന്ന് പേരിട്ട് സ്റ്റോറി കൊടുത്തു. ഇന്ത്യാ ടുഡേയും മുസ്​ലിം ചിഹ്നങ്ങളോട് കൂടിയ കൊറോണ വൈറസിനെ അവതരിപ്പിച്ചു. ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതില്‍ ബിജെപി ഐ ടി സെല്ലും  ഔദ്യോഗിക സംവിധാനങ്ങളും എണ്ണയിട്ട യന്ത്രമെന്നപോല്‍  പ്രവര്‍ത്തിച്ചു. രാജ്യത്ത് കൊറോണ അതിവ്യാപനത്തിന് കാരണം തബ്ലീഗ് ജമാഅത്ത് ആണെന്ന് ഗുജറാത്ത് ഹൈകോടതിയും പരാമര്‍ശം നടത്തി.  നേപ്പാളിലേക്ക് കൊറോണ പടര്‍ത്താനായി മുസ്​ലിം സമുദായത്തിന് അജണ്ട ഉണ്ടായിരുന്നുവെന്ന് സമര്‍ത്ഥിച്ചത് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സസ് ആയിരുന്നു എന്നുകൂടി ഇവിടെ ഓര്‍ക്കണം.

അവിടെ തീര്‍ന്നില്ല. ഹിന്ദുത്വവാദികളും സംഘപരിവാര്‍ രാഷ്ട്രീയക്കാരും മുസ്​ലിം വിരോധത്തിന്‍റെ കനല്‍ ആളിക്കത്തിക്കുന്ന പ്രസ്താവനകളുമായി വന്നു. രാജ് താക്കറെ, രാജീവ് ബിന്‍ഡാല്‍, രേണുകാചാര്യ, ദേവേന്ദ്ര ഫഡ്നാവീസ്, അനന്ത് കുമാര്‍ ഹെഗ്ഡേ  സുരേഷ് തിവാരി, ഗൌതം ഗംഭീര്‍, അജയ് നിഷാദ്, അമിത് മാളവ്യ   തുടങ്ങി ജനപ്രതിനിധികള്‍ അടക്കമുള്ള നിരവധി പ്രമുഖര്‍ ഈ ക്യൂവില്‍ അണിചേര്‍ന്നു. തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്തവര്‍ കൊറോണ വൈറസ് രോഗിയുടെ രൂപത്തിലുള്ള മനുഷ്യബോംബുകള്‍ ആണെന്നും താലിബാന്‍ ക്രൂരത നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്നും അവര്‍ ആരോപിച്ചു. തബ്ലീഗ് ജമാഅത്ത് നേതാക്കളെ തൂക്കികൊല്ലാനും വെടിവെച്ചു കൊല്ലാനും ആഹ്വാനമുണ്ടായി.

തബ്ലീഗ് ജമാഅത്തുകാര്‍ ഡോക്ടര്‍മാരുടെയും ആരോഗ്യജീവനക്കാരുടെയും മേല്‍ തുപ്പി അസുഖം പരത്തുന്നതായി ഡല്‍ഹി വംശഹത്യക്ക് വെടിയുപ്പ് നിറച്ച കപില്‍ മിശ്ര ട്വീറ്റ് ചെയ്തു. തബ്ലീഗ് ജമാഅത്ത് അംഗങ്ങള്‍ ക്വാറന്‍റീന്‍ നിരീക്ഷണത്തിന് വിസമ്മതിക്കുന്നതായും ആശുപത്രി ജീവനക്കാരെ  മര്‍ദ്ദിക്കുന്നതായും ഹിന്ദുക്കള്‍ക്ക് നേരെ മൂത്രം നിറച്ച ബോട്ടിലുകള്‍ വലിച്ചെറിയുന്നതായും വരെ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടു.  തബ്ലീഗ് ജമാഅത്തിനെ പൂര്‍ണമായും പ്രതിക്കൂട്ടില്‍ നിര്‍ത്തി മുസ്​ലിം സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ക്ക് തിരികൊളുത്തിയവരില്‍ ഇന്ത്യയുടെ ആരോഗ്യമന്ത്രാലയവും ഉണ്ടായിരുന്നു.

ബോധപൂര്‍വമല്ലെന്ന മട്ടില്‍ ഭരണകൂട വൃത്തങ്ങള്‍ ദിനേന പുറത്തു വിട്ട തബ്ലീഗ് ജമാഅഅത്ത് കേസുകള്‍ മാത്രം എടുത്ത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ മുസ്​ലിംകളെ അപരവല്‍കരിക്കുന്നതില്‍  കൃത്യവും ആസൂത്രിതവുമായ പങ്ക് വഹിച്ചു. ആസാമില്‍ ആരോഗ്യമന്ത്രി ഹിമന്‍റ ബിശ്വ ശര്‍മ സാമാന്യ മര്യാദകള്‍ പോലും ലംഘിച്ച് കൊറോണ രോഗികളുടെ പേരുകള്‍ പുറത്തു വിട്ടു. അതില്‍ ഒരാള്‍ ഒഴികെ എല്ലാവരും മുസ്​ലിംകള്‍ ആയിരുന്നു. മുസ്​ലിം ജനത തിങ്ങി പാര്‍ക്കുന്ന ഇടങ്ങള്‍ കൊറോണ ഫാക്ടറികള്‍ ആയി ചാപ്പ കുത്തപ്പെട്ടു. പോലീസിന്‍റെ നേതൃത്വത്തില്‍ കൊറോണ വാഹകരെന്ന് പറഞ്ഞ് മുസ്​ലിം യുവാക്കളെ മര്‍ദിക്കുന്ന അവസ്ഥ ഉണ്ടായി. താരതമ്യേന മുസ്​ലിം അപരവല്‍ക്കരണം ശകതമല്ലാത്ത തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരെ മുസ്​ലിംകള്‍ ആള്‍കൂട്ട ഉന്മാദത്തിന് ഇരകളായി മാറി. മുസ്​ലിം പള്ളികള്‍ സംഘടിതമായി ആക്രമിക്കപ്പെട്ടു.  വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഒരു  മുസ്​ലിം പള്ളി ഇരുന്നൂറോളം പേര്‍ ചേര്‍ന്ന് ആക്രമിച്ചത് ചൂണ്ടിക്കാട്ടി  ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ സഫറുല്‍ ഇസ്​ലാം ഖാന്‍ ഡെല്‍ഹി പൊലീസിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഡെല്‍ഹി പോലീസ് എല്ലാം നിഷേധിക്കുകയാണുണ്ടായത്.  

മാര്‍ച്ച് മധ്യത്തില്‍ ജനക്കൂട്ടം ഒത്തുചേര്‍ന്ന മതപരവും അല്ലാത്തതുമായ നിരവധി കൂട്ടായ്മകളില്‍ ഒന്ന് മാത്രമായിരുന്നു തബ്ലീഗ് ജമാഅത്ത്. എന്നിട്ടും, അവരെ മാത്രം ലക്ഷ്യംവെക്കുകയായിരുന്നു. അവര്‍ക്കെതിരെ മാത്രം വ്യാപകമായ പരിശോധന നടത്തി, കണക്കുകള്‍ ഭയപ്പെടുത്തുന്ന രീതിയില്‍ അവതരിപ്പിച്ച് വംശീയ അധിക്ഷേപത്തിന് ഉത്തേജനം പകര്‍ന്നു. ഇതിനു ചുക്കാന്‍ പിടിച്ച ജനപ്രതിനിധികള്‍  അടക്കമുള്ളവരുടെ ലക്ഷ്യം വര്‍ഗീയ കലാപത്തില്‍ കുറഞ്ഞതൊന്നുമായിരുന്നില്ല. നിസാമുദ്ദീന് സമ്മേളനം നടക്കുന്ന സമയത്തും അതിനു ശേഷം പോലും സിദ്ധിവിനായക് ക്ഷേത്രം,  ഷിര്‍ദ്ദി സായിബാബ ക്ഷേത്രം  വൈഷ്ണവി ദേവി ക്ഷേത്രം,  കാശി വിശ്വനാഥ ക്ഷേത്രം, തിരുപ്പതി ക്ഷേത്രം, സോമനാഥ ക്ഷേത്രം  തുടങ്ങിയവ പോലും അടച്ചിരുന്നില്ല. 

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍റെ സ്ഥാനാരോഹണത്തിന് വലിയ ആള്‍ക്കൂട്ടം പങ്കെടുത്തു എന്നും അയോധ്യയില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മുന്‍കൈയില്‍ മതസമ്മേളനം നടത്തിയെന്നും അറിയുമ്പോഴാണ് ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ച ഭരണകൂട അജണ്ട വെളിവാകുന്നത്. തബ്ലീഗ് വിവാദത്തിന് ശേഷം പോലും കോവിഡ് ഹോട്സ്പോട്ടായ കല്‍ബുര്‍ഗിയില്‍ സിദ്ധലിംഗേശ്വര ക്ഷേത്രത്തില്‍ രഥോല്‍സവത്തില്‍ നൂറുകണക്കിനു ഭക്തര്‍ പങ്കെടുത്തിരുന്നു. നമസ്‌തേ ട്രംപ് ആഘോഷം നടന്ന അഹമ്മദാബാദില്‍ പോസിറ്റീവ് കേസുകളും മരണസംഖ്യയും കുതിച്ചുയര്‍ന്നിരുന്നു.   ഇതൊന്നും എവിടെയും ചര്‍ച്ച ചെയ്യപ്പെടാത്തിടത്താണ് ഭരണകൂട ആഖ്യായികയുടെ ഇരട്ടത്താപ്പ്  വെളിവാകുന്നത്.

രണ്ടാം ഭാഗം: കൊറോണ പോയാലും ബാക്കിയാവുന്ന വൈറസുകള്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.