ലോകത്തൊരിടത്തും സാധ്യമാകാത്ത വിധം 80 വയസ്സായ അപ്പൂപ്പനെപ്പോലും കോവിഡിനു വിട്ടുകൊടുക്കാതെ രക്ഷിച്ചത് അടക്കം ഗംഭീരനേട്ടങ്ങളാണ് കേരളത്തിെൻറ ആരോഗ്യമേഖലക്കുള്ളത്. ഏറെ മികച്ചതാണ് നമ്മുടെ ആരോഗ്യമേഖലയുടെ പ്രകടനമെന്ന് പറയുന്നതിനൊപ്പംതന്നെ നമ്മുടെ കോവിഡ് നയത്തിൽ കാതലായ മാറ്റങ്ങൾ വരേണ്ട സമയമായെന്നു കൂടി മനസ്സിലാക്കിയേ തീരൂ.
കൃത്യമായൊരു ചോദ്യത്തിൽ തുടങ്ങാം.
സത്യസന്ധമായി പറഞ്ഞാൽ കേരളത്തിൽ കോവിഡ് പോസിറ്റിവായ 500ൽ താഴെ ആളുകളിൽ എത്ര പേർക്ക് മെഡിക്കൽ കോളജിെൻറ നിലവാരത്തിലുള്ള തൃതീയ പരിചരണത്തിെൻറ (tertiary care) ആവശ്യമുണ്ടായിരുന്നു? മറുപടി എല്ലാവരെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ട ഒന്നാണ്. ഗുരുതരാവസ്ഥയിലായ പത്തിൽ താഴെ രോഗികൾക്ക് മാത്രമേ മെഡിക്കൽ കോളജ് നിലവാരത്തിലുള്ള ചികിത്സയുടെ ആവശ്യമുണ്ടായിരുന്നുള്ളൂ എന്ന സത്യം. എല്ലാ ലോകരാഷ്ട്രങ്ങളിലും ചെയ്തത് നോക്കിയാൽ മലയാളിയുടെ കോവിഡിെൻറ 90 ശതമാനത്തിനും ആംബുലൻസിൽ കൊണ്ടുപോയി ഒന്ന്-രണ്ടാഴ്ചക്കകം തിരികെ ആഘോഷപൂർവം വീട്ടിൽ കൊണ്ടുവിടേണ്ട ഒരാവശ്യവുമില്ലായിരുന്നുവെന്ന് മനസ്സിലാക്കാം. ആശുപത്രിയിൽ നിന്ന രണ്ടാഴ്ച വെറും പാരസെറ്റമോൾ കഴിച്ച് നേരം പോക്കുകയായിരുന്നു എല്ലാവരും. ആ പണി വീട്ടിലിരുന്ന് സുഖമായി ചെയ്യാവുന്നതേയുണ്ടായിരുന്നുള്ളൂ.
ഇനി കുറച്ചുകൂടി കടന്ന് പനിയും ചുമയുമുള്ളവർക്ക് നമ്മുടെ പരിസരങ്ങളിലെ സർക്കാർ ആശുപത്രികളിലെ ആവിപിടിത്തവും അല്ലറ ചില്ലറ മരുന്നുകളുംതന്നെ ധാരാളം. ഇതിനെക്കാൾ ഗുരുതരാവസ്ഥയിലുള്ള വളരെ ചെറിയൊരു ശതമാനത്തിനു മാത്രമേ മെഡിക്കൽ കോളജിെൻറ ചെറിയൊരു മൂലയിൽ ഒരുക്കിയെടുക്കാവുന്ന മൂന്നാംഘട്ട പരിചരണത്തിെൻറ ആവശ്യമുണ്ടായിരുന്നുള്ളൂ.
നിർഭാഗ്യവശാൽ കാര്യങ്ങൾ നേരെ മറിച്ചാണ് സംഭവിച്ചത്. മികവിെൻറ കേന്ദ്രങ്ങളായ കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളുടെയും എല്ലാ വിഭാഗങ്ങളും ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. കോവിഡ് ചികിത്സക്ക് ഒരു റോളുമില്ലെന്ന് തീർത്തുപറയാവുന്ന സർക്കാർ മെഡിക്കൽ കോളജുകളിലെ നെഫ്രോളജി, കാർഡിയോളജി, ന്യൂറോളജി, സർജറി, അസ്ഥിരോഗവിഭാഗം, ഇ.എൻ.ടി, നേത്രരോഗ വിഭാഗം തുടങ്ങിയ സ്പെഷാലിറ്റി സൂപ്പർസ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനവും ആ ഡിപ്പാർട്മെൻറുകളിലെ കോടിക്കണക്കിന് രൂപയുടെ ജീവൻ രക്ഷാ ഉപകരണങ്ങളും കഴിഞ്ഞ രണ്ടുമാസമായി നിർവീര്യമാക്കപ്പെട്ടിരിക്കുന്നു. ഈ വിഭാഗങ്ങളെ കാലങ്ങളായി ആശ്രയിച്ചുപോരുന്ന സങ്കീർണ രോഗമുള്ളവരുടെ ചികിത്സ മുടങ്ങിക്കിടക്കുകയാണ്. കോവിഡ് ചികിത്സക്ക് ആകെ വേണ്ടത് പ്രധാനമായും ജനറൽ മെഡിസിൻ, പൾമണോളജി, ക്രിട്ടിക്കൽ കെയർ എന്നീ മൂന്നു വിഭാഗങ്ങൾമാത്രവും അപൂർവമായി ഗൈനക്കോളജി, ശിശുരോഗ വിഭാഗങ്ങളുമാണ്.
ഈ സമയംകൊണ്ട് ലക്ഷത്തിനടുത്ത് രോഗികൾക്ക് പരിചരണം നൽകേണ്ട മെഡിക്കൽ കോളജുകൾ വെറും 500നു താഴെ മാത്രമുള്ള കോവിഡ് രോഗികളുടെ വേണ്ടാത്ത ചികിത്സക്കായി ആഴ്ചകളായി സ്തംഭിച്ചിരിക്കുകയാണ്. സാധാരണ അവധിക്കാലത്ത് ചെയ്തുതീർക്കാൻ രോഗികളും ഡോക്ടർമാരും മാറ്റിവെച്ചിരുന്ന ഒരുപാട് ശസ്ത്രക്രിയകൾ നടക്കാതെ പോയത് മിച്ചം. മാത്രമല്ല, അനാവശ്യമായ ഈ പടപ്പുറപ്പാടിൽ കാലിയായി പോകുന്നത് മാർക്കറ്റിൽ അതി ദൗർലഭ്യമുള്ള പി.പി.ഇ കിറ്റുകളടക്കമുള്ള വ്യക്തിഗത സുരക്ഷ ഉപകരണങ്ങളുടെ ശേഖരമാണ്. വരും നാളുകളിൽ യഥാർഥ പ്രതിസന്ധി വരുകയാണെങ്കിൽ സുരക്ഷ ഉപകരണങ്ങളുടെ ദൗർലഭ്യംമൂലം നമ്മൾ തോറ്റുപോകാതിരിക്കെട്ട എന്നു പ്രാർഥിക്കേണ്ടിടത്താണ് കാര്യങ്ങൾ.
ഇത് ഈ അവസരത്തിൽ ഉന്നയിക്കുന്നത് വ്യക്തമായ ചില തിരുത്തുകൾ വരുത്തിയേ തീരൂ എന്നു പറയാൻ മാത്രമാണ്.
ഈ ലോക്ഡൗൺ തുടങ്ങിയതു തന്നെ കുറച്ച് നേരത്തേയായിപ്പോയെന്ന അഭിപ്രായമുള്ള വിദഗ്ധർ ധാരാളമുണ്ട്. സാമൂഹിക വ്യാപനമുണ്ടായി ആരോഗ്യ സംവിധാനത്തിന് താങ്ങാവുന്നത്ര കേസുകളുണ്ടാകുന്നതുവരെ കാത്തിരുന്നെങ്കിൽ കൂടുതൽ ആളുകൾ കോവിഡുമായി സന്ധിച്ച് പ്രതിരോധം നേടി സാമൂഹികപ്രതിരോധം (herd immunity) നിർമിച്ചെടുക്കുന്ന പ്രക്രിയ നടന്നുകിട്ടുമായിരുന്നു. ചുരുങ്ങിയത് ജനസംഖ്യയുടെ 65 ശതമാനമെങ്കിലും ഈ പറഞ്ഞ പ്രക്രിയയിലൂടെ സാമൂഹിക പ്രതിരോധം നേടിയാലേ കോവിഡ് ഭീതി ശാശ്വതമായി ഒഴിഞ്ഞുപോവുകയും നമ്മളൊരു സ്വതന്ത്ര സമൂഹമായി മാറുകയും ചെയ്യൂ. അനന്തമായ അടച്ചുപൂട്ടൽ മുകളിൽ പറഞ്ഞ പ്രശ്നത്തോടൊപ്പം സാമ്പത്തിക മേഖലയെയും തകർത്തുകളയും.
രണ്ടോ മൂന്നോ ആഴ്ചക്കകം പ്രവാസികളുടെ മടങ്ങിവരവ് തുടങ്ങുകയായി. അപ്പോഴേക്കും കൂടുതൽ ആളുകളെ പരിചരിക്കുന്നതിന് കൃത്യമായൊരു പദ്ധതി തയാറാക്കിയേ തീരൂ. കോവിഡ് പോസിറ്റിവായവരിൽ 80 ശതമാനത്തിനും നിസ്സാര പ്രശ്നങ്ങളേ ഉണ്ടാകൂ എന്നതിനാൽ വീട്ടിൽ നിർത്തി ചികിത്സിക്കാവുന്നതേയുള്ളൂ. ഇടത്തരം രോഗലക്ഷണമുള്ളവരെ ഉൾക്കൊള്ളാൻ സെക്കൻഡറി തലത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട താലൂക്ക്, ജില്ല ആശുപത്രികളെ സജ്ജമാക്കുകയുമാണ് വേണ്ടത്. വെൻറിലേറ്റർപോലുള്ള അഡ്വാൻസ്ഡ് ആയ ചികിത്സകൾ വേണ്ട ചെറിയൊരു ശതമാനം രോഗികളെ മാത്രമേ മെഡിക്കൽ കോളജുകളിലേക്ക് അയക്കാൻ പാടുള്ളൂ. കോവിഡ്-19 ചികിത്സക്ക് കേരള സർക്കാർ ഇറക്കിയ പ്രോട്ടോകോളിൽ നിർദേശിക്കപ്പെട്ടിരിക്കുന്നത് രോഗാവസ്ഥയെ കാറ്റഗറി തിരിച്ച് മുകളിൽ പറഞ്ഞപോലെ കൈകാര്യം ചെയ്യണമെന്നാണെങ്കിലും ഇടക്കെവിടെയോവെച്ച് ആ നിർദേശങ്ങൾ അട്ടിമറിക്കപ്പെടുകയാണുണ്ടായത്.
കോവിഡിൽ മാത്രമൊതുങ്ങുന്നതല്ല കേരളത്തിെൻറ ആരോഗ്യപ്രശ്നങ്ങൾ. മഴയോടൊപ്പം ഡെങ്കിയും എലിപ്പനിയും കടന്നുവരും. അതിൽ ഒരുപാട് രോഗികൾ ഗുരുതരാവസ്ഥയിലാവുമെന്നും മെഡിക്കൽ കോളജുകളിലേക്ക് റഫർ ചെയ്യപ്പെടേണ്ടവരായിരിക്കുമെന്നും മറക്കരുത്. അതു പോലെ പരിഗണിക്കപ്പെടേണ്ടതാണ് മെഡിക്കൽ കോളജുകളെമാത്രം കാലങ്ങളായി ആശ്രയിച്ചുപോരുന്ന സങ്കീർണമായ വൃക്ക, ഹൃദയ, മസ്തിഷ്ക രോഗമുള്ളവർ സൂപ്പർ സ്പെഷാലിറ്റി ചികിത്സ മുടങ്ങി പെരുവഴിയിലാണെന്ന കാര്യം.
കേരളത്തിലെ ആറ് ജില്ലകളുടെ ആശ്രയകേന്ദ്രമാണ് കോഴിക്കോട് മെഡിക്കൽ കോളജ്. ലോകതലത്തിൽതന്നെ ഏറ്റവും കൂടുതൽ രോഗികളെ കൈകാര്യം ചെയ്യുന്ന ആശുപത്രി. അത്തരമൊരു മെഡിക്കൽ കോളജാണ് ഇല്ലാത്ത കോവിഡിെൻറ വേണ്ടാത്ത ചികിത്സക്കെന്ന പേരിൽ പൂർണമായി സ്തംഭിപ്പിക്കപ്പെട്ടിരിക്കുന്നത്.
ആശുപത്രി അധികാരികളും ആരോഗ്യവിദഗ്ധരുമടങ്ങുന്ന സർക്കാറിെൻറ നിലവിലുള്ള ഉപദേശക സംഘത്തിെൻറ നിലപാടുകളിൽ വലിയ പാളിച്ചകളുണ്ടായെന്നാണ് ഈ കാര്യങ്ങളിൽനിന്ന് മനസ്സിലാകുന്നത്. ഇനിയും ഇത് ആവർത്തിക്കാതിരിക്കാൻ അടിത്തട്ടിലെ രോഗചികിത്സ ദിനേന കൈകാര്യം ചെയ്യുന്ന ഡോക്ടർമാരുടെ പ്രതിനിധികളിൽനിന്നുകൂടി അഭിപ്രായം സ്വരൂപിക്കാനുള്ള സംവിധാനം സർക്കാർ ഉണ്ടാക്കിയെടുത്തേ മതിയാകൂ.
(എത്തിക്കൽ മെഡിക്കൽ ഫോറം അധ്യക്ഷനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.