മാതൃരാജ്യമായ ‘ചൈനയെ അമേരിക്ക, ജപ്പാന്‍, ഇന്ത്യ ’പോലുള്ള വിദേശ രാജ്യങ്ങള്‍ വളഞ്ഞിട്ട് ഉപദ്രവിക്കുമെന്ന് മാര്‍ക്സിസ്റ്റു പാര്‍ട്ടി ഭയക്കുന്ന ഇക്കാലത്ത് അതിനെ നേരിടാന്‍ മോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരുക എന്നതാണോ, കേരളപക്ഷത്തിന്‍െറ വക്താവായ പ്രകാശ് കാരാട്ടിന്‍െറ അടവുനയം. അതു വിജയിപ്പിക്കുന്നതിനുള്ള സോഷ്യലിസം വളര്‍ത്താന്‍ ജി.എസ്.ടി അടക്കമുള്ള കേന്ദ്ര സാമ്പത്തിക-വിദേശ നയങ്ങള്‍ക്ക് ആക്കം കൂട്ടേണ്ടിവരും. കോണ്‍ഗ്രസ് വിരുദ്ധ മതനിരപേക്ഷതയായിരിക്കും ആ നിലയില്‍ മാര്‍ക്സിയന്‍ സ്ഥിതി സമത്വത്തിലേക്കുള്ള കുറുക്കുവഴി. അതിന് ടി.പി ചന്ദ്രശേഖരന്‍െറ കണക്കിലെ 51 വെട്ടല്ല, 55 വെട്ടുതന്നെ യെച്ചൂരിക്ക് വോട്ടായി കൊടുത്തു. തിരിച്ചു വന്നത് 31 ന്‍െറ ദുര്‍ബലത. ഇനിയിപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ നോക്കാമെന്നൊക്കെ പാവം യെച്ചൂരി ആത്മാലാപം നടത്തുന്നുണ്ടെങ്കിലും ഒന്നും നടക്കില്ലെന്ന് നന്നായറിയാം.
അതിനാല്‍ ‘കോണ്‍ഗ്രസ് എന്ന വാക്ക് ഇനി യെച്ചൂരി മിണ്ടില്ല. അഥവാ പറയേണ്ടിവന്നാല്‍ ‘പാര്‍ട്ടി കോണ്‍ഗ്രസ’് എന്നേ നാവില്‍ വരൂ. ബദല്‍ രേഖയിലേത്, മതേതരത്വമല്ല, മാഡത്തിന്‍െറ വീട്ടിലെ അത്താഴവിരുന്നാണ് എന്ന് പറയുന്നത് തന്‍റെ രാപ്പനി കണ്ടു ശീലിച്ചവര്‍ തന്നെയാണല്ലോ. സോറി, ഇത് ബദല്‍ രേഖയല്ല, യാഥാര്‍തഥ രേഖതന്നെ. ജനറല്‍ സെക്രട്ടറി അവതരിപ്പിക്കുന്ന രേഖയെ ബദലായി കാണാന്‍ പാടില്ല. എതിരായി വന്ന രേഖ വോട്ടില്‍ പാസായതിനാല്‍ അതും ബദലല്ല, യഥാര്‍ത്ഥം തന്നെ. അതിനാല്‍ യച്ചൂരിക്ക് ഒന്നുറപ്പിക്കാം, ഇനി ജനറല്‍ സെക്രട്ടറി പദം പാര്‍ട്ടി കോണ്‍ഗ്രസ് വരെ മാത്രം. ഈ ബദല്‍ വെട്ടിന്‍െറ പിന്നിലെ രഹസ്യവും മറ്റൊന്നുമാകില്ലല്ലോ.
ബുദ്ധിജീവി, എഴുത്തുകാരന്‍, മാര്‍ക്സിയന്‍ രാഷ്ട്രീയ പണ്ഡിതന്‍, തുടങ്ങി ഏറെ വിശേഷണങ്ങളുള്ള സീതാറാം യെച്ചൂരി എന്ന ജെ.എന്‍.യു ഉല്‍പന്നം യുവത്വം വഴിമാറും വരെ പാര്‍ട്ടിയില്‍ ശ്രദ്ധേയനായത് യുവ താത്വികനായിട്ടായരുന്നു. ഇ.എം.എസിന്‍റെയും സുര്‍ജിത്തിന്‍റെയും കാലംവരെ പ്രായോഗികമായ വ്യത്യസ്ത അഭിപ്രായങ്ങള്‍ കൊണ്ട് നേതൃത്വത്തിനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ച നേതാവായിരുന്നു. യു.പി.എ സഖ്യം അവസാനിക്കും വരെ കാരാട്ടിന്‍െറ സുഹൃത്ത് കൂടിയായിരുന്നു. പിന്നെയാണ് വഴിത്തിരിവുകള്‍ വന്നുപെട്ടത്. അതിനാല്‍ മൂന്നു വര്‍ഷം മുമ്പ് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി പദത്തിലേക്കത്തെിയത് സര്‍വസമ്മതനായിട്ടായിരുന്നില്ല. ഏറെ പണിപ്പെട്ട് വോട്ടും വെട്ടുമൊക്കെയായി ജനറല്‍ സെക്രട്ടറി പദം പിടിച്ചെടുക്കുന്നവര്‍ക്ക് സംഭവിക്കാവുന്നതു തന്നെ നേരിടേണ്ടിവന്നു. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ തീരുമാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കാനായില്ല.
എന്നാല്‍ ഉള്‍പാര്‍ട്ടിജനാധിപത്യരീതിയെ പരിഷ്കരിക്കുക എന്ന വിപ്ളവം നടപ്പാക്കുന്നതില്‍ വിജയിക്കുക തന്നെ ചെയ്തു. ഇതുണ്ടാക്കിയ അസ്വസ്ഥതയും എതിരാളികളില്‍ ഉണ്ടാകാവുന്ന ജടിലതയും എതിര്‍പ്പുണ്ടാക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ ഏറ്റവും വലിയ ഘടകമായ കേരളത്തിന്‍െറ അസ്വീകാര്യതയാണ് യെച്ചൂരിയുടെ നയത്തെതള്ളിയതെന്നു വ്യക്തം. കേരളത്തില്‍ കോണ്‍ഗ്രസ് പ്രധാന എതിരാളികളാണെന്ന ചെറിയ രാഷ്ട്രീയമാണ് കേരളഘടകത്തെ യെച്ചൂരിക്ക് എതിരെ നിര്‍ത്തിയത്.
ഇവിടെയാണ് പാര്‍ട്ടിയില്‍ 1977 വരെ മുടിചൂടാ മന്നനായിരുന്ന പി. സുന്ദരയ്യയുടെ പ്രസക്തി. അടിയന്തിരാവസ്ഥയെ നേരിടുന്നതു സംബന്ധിച്ച സുന്ദരയ്യാരേഖ പാര്‍ട്ടി തള്ളി. തന്‍റെ നേതൃത്വത്തെ നിരാകരിക്കുന്നതായി കരുതിയ അദ്ദേഹം രാജിവച്ചു. അന്നദ്ദേഹം രാജിക്ക് കാരണമായി കൈകൊണ്ടത്, പാര്‍ട്ടിക്ക് വ്യക്തമായ അടിത്തറയും ശക്തിയുമില്ലാത്ത ഒരു പ്രദേശത്തു നിന്ന് ജനറല്‍ സെക്രട്ടറിയാകുന്നവര്‍ക്ക് വേണ്ടത്ര പിന്തുണ ലഭിക്കില്ലെന്നതായിരുന്നു. തുടര്‍ന്ന് ആക്ടിങ് ജനറല്‍ സെക്രട്ടറിയായി ഇ.എം.എസ് വന്നുവെന്നത് ചരിത്രം. ആനിലക്ക് യെച്ചുരി രാജിവക്കുമെന്ന തോന്നല്‍ ഇന്നലെ രൂപം കൊണ്ടുവെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് വരെ തന്‍റെ നിലപാടുമായുള്ള പോരാട്ടം തുടരുമെന്നു വ്യക്തമാക്കുകയാണ് അദ്ദേഹം ചെയ്തത്.
യെച്ചൂരി രാജിവക്കാതിരുന്നതും സുന്ദരയ്യയില്‍ നിന്നുള്ള പാഠം ഉള്‍കൊണ്ടിട്ടുതന്നെയാകണം. ജനറല്‍ സെക്രട്ടറിപദം രാജിവച്ച സുന്ദരയ്യ പെട്ടെന്നാണ് രാഷ്ട്രീയത്തില്‍ വിസ്മൃതനായത്. ഇവിടെ യെച്ചൂരിയാകട്ടൈ തന്‍റെ പോരാട്ട വീര്യത്തിനു മുര്‍ച്ച കൂട്ടുകയാണ്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്‍െറ നയം അംഗീകരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുമോയെന്നത് മറ്റൊരു കാര്യം. ബംഗാള്‍ ഘടകത്തിന്‍െറ നിലപാടും പ്രതിനിധികളുടെ അംഗബലവുമൊക്കെ യാണത് നിര്‍ണയിക്കുക.
എന്നാല്‍ കേരളത്തിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടി ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് അവര്‍ക്ക് ഗുണകരമാകുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കേന്ദ്രത്തില്‍, നരേന്ദ്രമോദി സര്‍ക്കാര്‍ ന്യൂനക്ഷ വിഭാഗങ്ങളില്‍ ഉണ്ടാക്കിയ അരക്ഷിത ബോധവും അസ്വസ്ഥതയുമാണ് കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയത്. ഇവിടെ ഫാസിസത്തെ കോണ്‍ഗ്രസിനെക്കാള്‍ ഫലപ്രദമായി നേരിടാന്‍ കഴിയുന്ന ഒരു പ്രസ്ഥാനം മാര്‍ക്സിസ്റ്റു പാര്‍ട്ടിയാണെന്ന തോന്നലാണ് ഇതിനു കാരണമായത്. ഇനിയിപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നു.
ഫാസിസ്റ്റ് ഇതര മതേതര കക്ഷികള്‍ ഒരുമിച്ചു നില്‍ക്കണമെന്ന് ന്യൂനപക്ഷങ്ങളും മതനിരപേക്ഷ ജനവിഭാഗങ്ങളും ഒരുപോലെ കൊതിക്കുന്ന അവസ്ഥയുണ്ട്. ഇന്ത്യയില്‍ മോദിയെയും ഫാസിസത്തെയും നേരിടാന്‍ കഴിയുന്ന ഏറ്റവും വലിയതും വിശ്വാസ്യതയുള്ളതുമായ പ്രസ്ഥാനം കോണ്‍ഗ്രസാണെന്ന് വിശ്വസിക്കുന്ന വിഭാഗങ്ങളാണവര്‍. മറ്റുള്ള ചെറുതും വലുതുമായ മതേതരമെന്നു സ്വയം വിശ്വസിക്കുന്ന കക്ഷികളൊക്കെ തന്നെയും അവസരം വരുമ്പോള്‍ ബി.ജെ.പ്പിക്കൊപ്പം നില്‍ക്കാന്‍ മടികാട്ടിയിട്ടില്ല. എന്തൊക്കെ ദൗര്‍ബല്യമുണ്ടെങ്കിലും കോണ്‍ഗ്രസ് മതനിരപേക്ഷതയില്‍ ഒരു പരിധിവരെ വിശ്വാസ്യത പ്രകടിപ്പിച്ചിട്ടുണ്ട്. ആ നിലക്ക് കോണ്‍ഗ്രസിന്‍െറ നേതൃത്വത്തിലുള്ള സഖ്യം മതനിരപേക്ഷ ജനത മോഹിക്കുന്നുമുണ്ട്. അതിനാല്‍ കേരളത്തില്‍ ന്യൂനപക്ഷങ്ങളില്‍ നിന്നും ആര്‍ജിച്ചെടുത്ത മതനിരപേക്ഷ പോരാട്ടത്തിന്മേലുള്ള വിശ്വാസ്യത ഈ നിലപാടിലൂടെ സി.പി.എമ്മിന് നഷ്ടമാകുമോയെന്നും അത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്നും കണ്ടറിയേണ്ടിവരും. ത്രിപുരയിലടക്കം നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമാണല്ലോ. അവിടെ എതിർഫലമെന്തെങ്കിലും ഉണ്ടായാല്‍ പാര്‍ട്ടിക്കുള്ളിലും പ്രതിഫലനങ്ങള്‍ ഉണ്ടാകും.
ഫാസിസം അതിന്‍െറ ഭയാനകമായ രൂപം പ്രാപിക്കുന്നു എന്ന പ്രതീതി രാജ്യത്ത് ഉരുത്തിരിയുന്നു. മാധ്യമങ്ങളിലും ഉദ്യോഗതലത്തിലും മാത്രമല്ല, ജുഡീഷ്യറിയിലും അതിന്‍െറ കൈകടത്തല്‍ ഉണ്ടാകുന്നു എന്നതിന്‍െറ സൂചനകള്‍ വന്നുകഴിഞ്ഞു. മാധ്യമങ്ങളില്‍ പോലും ഭയത്തിന്‍െറ ലക്ഷണങ്ങള്‍ പ്രകടമായിക്കഴിഞ്ഞു. ഫാസിസ്റ്റു മാതാധിപത്യ ഭീഷണികള്‍ ഉയരുമെന്ന തോന്നലില്‍ ജനം അരക്ഷിതമാകുമ്പോള്‍ ഉണ്ടാകേണ്ടത്, പ്രായോഗികമായ മതേതര തൊളിലാളിവര്‍ഗ കര്‍ഷക കൂട്ടായ്മയാണ്. അടിയന്തിരാവസ്ഥയില്‍ അതിനു നേതൃത്വം നല്‍കാന്‍ ജയപ്രകാശ് നാരായണനെ പോലുള്ളവര്‍ ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ ദേശീയതലത്തില്‍ ദുര്‍ബലമെങ്കിലും ഒരു മുന്‍കൈ എടുക്കാന്‍ ശേഷിയുണ്ടെന്ന പ്രത്യാശ അര്‍പ്പിച്ചിരുന്നത് ഇടതുപക്ഷത്തിലാണ്. ആ പ്രതീക്ഷ കെട്ടുപോകുന്നത് കേരളത്തില്‍ ഇടതുപക്ഷത്തിനു ഗുണം ചെയ്യുമോയെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തിലെങ്കിലും ചിന്തിക്കേണ്ടതുണ്ട്.
വടക്കന്‍ കൊറിയയുടെ കിം ജോങ് ഉന്നും ചൈനയുടെ സീ ജിങ് പിങ്ങുമൊക്കെ ഇന്ത്യന്‍ മതേതരത്വത്തെയും ജനാധിപത്യത്തെയും എത്രകണ്ട് രക്ഷിക്കുമെന്ന് കേരളത്തിലെ ജനത്തിന് ഒരിക്കലും മനസ്സിലാകില്ല. രാജ്യതാൽപര്യത്തിന് വി.എസ് വിരോധവും കോൺഗ്രസ് വിരോധവും യെച്ചൂരിയോടുള്ള വ്യക്തി വിദ്വേഷവും വിഖാതമാകേണ്ടതുണ്ടോ? ബി.ജെ.പിക്കെതിരെ യോജിക്കാവുന്ന എല്ലാവരുമായും വിശാല സഖ്യമുണ്ടാക്കുമെന്ന 2004ലെ തീരുമാനം ഇവിടെ ഇല്ലാതാകുകയല്ലേ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.