സി.പി.എം കേരളാ പാർട്ടിയോ?

രാഷ്ട്രീയത്തിൽ ഒരു പൊതു വിശ്വാസമുണ്ട്. ഒരു കാര്യം മനസ്സിൽ തീരുമാനിച്ചുറപ്പിച്ചാൽ അതു നടത്തി എടുക്കാൻ കഴിയുമെന്ന്. അതിനു വേണ്ട ആളും അർഥവുമൊക്കെ ഉണ്ടെങ്കിൽ കാര്യം എളുപ്പമാണ്. ത്രിപുര പിടിക്കാൻ കഴിഞ്ഞ മൂന്നു കൊല്ലമായി ബി.ജെ.പി വ്രതമെടുത്തിരിക്കുകയായിരുന്നു. കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക്‌ അതിനു വേണ്ട സംവിധാനങ്ങൾ ഒരുക്കുക ഒട്ടും പ്രയാസമുള്ള കാര്യമല്ല. സമർഥനായ ദേശീയ ജനറൽ സെക്രട്ടറിയെയാണ് പാർട്ടി ഉത്തരവാദിത്തം ഏൽപിച്ചത്. രാം മാധവ്. അദ്ദേഹം അതു ഭംഗിയായി നിർവഹിച്ചു. ആസാമിലും മണിപ്പൂരിലുമൊക്കെ ചെയ്തതു പോലെ ആദ്യം കോൺഗ്രസിലെ നേതാക്കളെ പിടികൂടി. മുതിർന്ന എട്ടു കോൺഗ്രസ് നേതാക്കളെ ബി.ജെ.പിയിലേക്ക് ആനയിച്ചു. അഞ്ചു തവണ അഗർത്തലയിൽ നിന്നു എം.എൽ.എ ആയ സുദീപ് റോയ് ബർമൻ അടക്കം.

36 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണകക്ഷി  ലക്ഷ്യമിട്ടതു വ്യക്തമായ അജണ്ട തയ്യാറാക്കിയായിരുന്നു. ബി.ജെ.പിയുടെ ഏകാധിപത്യ പ്രവണതകളെയും ഹിന്ദുത്വ വാദത്തെയും എതിർക്കുന്ന സി.പി.എമ്മിനെ ത്രിപുരയിൽ ഇല്ലായ്മ ചെയ്യാനുള്ള സുവർണാവസരം. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 60 സീറ്റിൽ 50 ഇടങ്ങളിൽ മത്സരിച്ച ബി.ജെ.പിക്ക് 49 മണ്ഡലങ്ങളിലും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിരുന്നു. അന്നു കിട്ടിയ വോട്ട് 1.47 ശതമാനം. ഏതാനും ആയിരങ്ങളാണ് അന്ന് പാർട്ടിയിൽ അംഗങ്ങളായി ഉണ്ടായിരുന്നത്. ഇന്നാകട്ടെ, രണ്ടു ലക്ഷം അംഗങ്ങൾ ബി.ജെ.പിക്ക് ഈ കൊച്ചു സംസ്ഥാനത്തുണ്ട്. ആർ.എസ്.എസ്- ബി.ജെ.പി കേഡറുകൾ കഴിഞ്ഞ മൂന്നു കൊല്ലമായി ഈ വടക്കു കിഴക്കൻ സംസ്ഥാനത്തെ ഓരോ വീടുകളും കയറിയിറങ്ങി പ്രചാരണം നടത്തി പാർട്ടി വളർത്തുന്നു.  

ഭരണ മാറ്റം എന്ന മുദ്രാവാക്യമാണ് ബി.ജെ.പി തെരഞ്ഞെടുപ്പിൽ ഉയർത്തിയത്. ഒറ്റ നോട്ടത്തിൽ ആരെയും ആകർഷിക്കുന്ന മുദ്രാവാക്യം. കാൽ നൂറ്റാണ്ടിലെ സി.പി.എം ഭരണത്തിൽ ത്രിപുര എന്തു നേടി എന്ന ചോദ്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണ യോഗങ്ങളിൽ ഉന്നയിച്ചത്. ഇന്ത്യയിൽ തൊഴിലില്ലായ്മയിൽ ഒന്നാം സ്ഥാനം ത്രിപുരക്കാണ്. 2016ലെ സർവേ പ്രകാരം സംസ്ഥാനത്തു തൊഴിലില്ലാത്തവർ 19.7 ശതമാനം വരും. മുഖ്യമന്ത്രി മണിക് സർക്കാറിന്‍റെ മൂവായിരം രൂപ ബാങ്ക് നിക്ഷേപമോ ശമ്പളം പാർട്ടിക്ക് നൽകി പാർട്ടി കൊടുക്കുന്ന അലവൻസ് മാത്രം വാങ്ങി അദ്ദേഹം ജീവിക്കുന്നതോ മുഖ്യമന്ത്രിയുടെ ഭാര്യ സൈക്കിൾ റിക്ഷയിൽ സഞ്ചരിക്കുന്നതോ ജനങ്ങൾ കണ്ടില്ല. അഥവാ ജനങ്ങൾക്ക് അതൊന്നും കാണേണ്ടതില്ല. കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളാണ് അവർ ആഗ്രഹിക്കുന്നത്. അതു നൽകുന്നിടത്തേക്കു ജനങ്ങൾ ചായും.

പശ്ചിമ ബംഗാളിൽ സംഭവിച്ചതും അതു തന്നെയായിരുന്നു. 34 കൊല്ലം സംസ്ഥാനം ഭരിച്ച സി.പി.എമ്മിനു ബംഗാൾ ജനതയുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചില്ല. ദാരിദ്ര്യത്തിനോ തൊഴിലില്ലായ്മക്കോ ഒട്ടും കുറവുണ്ടായില്ല. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരു പോലെ ജനങ്ങൾ ദുരിതം അനുഭവിച്ചു. മാറ്റത്തിന്‍റെ കാറ്റുമായി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് വന്നപ്പോൾ സി.പി.എമ്മിനെ അവർ പുറംകാൽ കൊണ്ടു തട്ടിയെറിഞ്ഞു. മൂന്നര പതിറ്റാണ്ടോളം ഭരണം നടത്തിയ പാർട്ടി ഒരു തെരഞ്ഞെടുപ്പ് പരാജയത്തോടെ പശ്ചിമ ബംഗാളിൽ വട്ടപ്പൂജ്യമായി മാറി എന്നതാണ് സി.പി.എമ്മിന്‍റെ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തം. തെരഞ്ഞെടുപ്പിൽ തോൽവിയും ജയവും പാർട്ടികൾക്ക് പറഞ്ഞതാണ്. എന്നാൽ, ഒരു തോൽവിയോടെ പാർട്ടി തന്നെ അസ്തമിക്കുന്ന കാഴ്ചയാണ് ബംഗാളിൽ കണ്ടത്. സി.പി.എമ്മിന്‍റെ  കേഡറുകൾ അടക്കം തൃണമൂലായി മാറിയ അത്യപൂർവ കാഴ്ച. നാട്ടിൻപുറങ്ങളിൽ സി.പി.എം ആയി തുടർന്നു പോകാൻ കഴിയാത്ത അവസ്ഥ. പാർട്ടി ഓഫീസുകൾ വാടകക്ക് കൊടുക്കേണ്ട സാഹചര്യം. ജനങ്ങൾ നെഞ്ചിൽ കൊണ്ടു നടന്നിരുന്ന പാർട്ടിയുടെ വിശ്വാസ്യത അത്രമേൽ തകർന്നു പോയി.     


ത്രിപുരയിൽ സി.പി.എമ്മിനെ കാത്തിരിക്കുന്നതും ഇതു തന്നെയാണോ എന്നു കണ്ടറിയേണ്ടതാണ്. ഭരണം പോയതോടെ അവിടെ പാർട്ടിയുടെ നിലനിൽപും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ്. കേരളത്തിലെ പാർട്ടിക്കും ഇതൊരു വലിയ മുന്നറിയിപ്പാണ്. ഈയിടെ സമാപിച്ച സി.പി.എം സംസ്ഥാന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് 'സി.പി.എം ഒരു കേരളാ പാർട്ടി അല്ല' എന്നാണ്. എന്നാൽ, കേരളാ പാർട്ടിയായി സി.പി.എം ചുരുങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. അടുത്ത വർഷം നടക്കാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ തോൽപിക്കാൻ കോൺഗ്രസിനെ മുന്നിൽ നിർത്തി സംയുക്ത നീക്കം വേണമെന്നാണ് യെച്ചൂരിയുടെ മനസ്സിലിരിപ്പ്. അതിനെ അടവുനയമെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നെന്നേയുള്ളൂ. പാർട്ടിയുടെ കേരള ഘടകമാണ് യെച്ചൂരിയുടെ ലൈനിനെ കേന്ദ്രകമ്മിറ്റിയിൽ എതിർത്തു തോൽപിച്ചത്. എന്നാൽ, പിന്മാറാതെ പാർട്ടി കോൺഗ്രസിന് മുന്നിൽ അദ്ദേഹം തന്‍റെ രാഷ്ട്രീയ ലൈൻ വീണ്ടും കൊണ്ടു വരുമെന്നുറപ്പാണ്. ത്രിപുര കൂടി കൈവിട്ടതോടെ ദേശീയാടിസ്ഥാനത്തിൽ പാർട്ടി കൂടുതൽ ദുർബലമായ സാഹചര്യത്തിലാണ് ഏപ്രിലിൽ പാർട്ടി കോൺഗ്രസ് ഹൈദരാബാദിൽ നടക്കാൻ പോകുന്നത്. 

Tags:    
News Summary - CPM in Kerala Party? -Open Forum Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.