ബൂമറാങ്ങായത് ‘ഭരണം വിലയിരുത്തൽ’ പ്രഖ്യാപനം

മലപ്പുറം പാർലിമെൻറ് ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലാവുമെന്ന് സ്ഥാനാർഥി പ്രഖ്യാപനത്തോടൊപ്പം സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് അതിരുകവിഞ്ഞ ആത്മവിശ്വാസമായിപ്പോയെന്ന് സി.പി.എമ്മിൽ വിലയിരുത്തൽ. കോടിയേരി പിന്നീട് ഇത് ആവർത്തിച്ചു പറഞ്ഞിരുന്നില്ലെങ്കിലും ഇൗ വിഷയം ഉയർത്തിപ്പിടിച്ചാണ് ഫലപ്രഖ്യാപനം യു.ഡി.എഫ്. പ്രചാരണമായുധമാക്കുന്നത്. ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഒന്നൊന്നായി മുന്നിൽവെച്ച് ഇലക്ഷൻ പ്രചാരണം യു.ഡി.എഫ് ആയുധമാക്കി. താനൂരിലെ പൊലീസ് നടപടി ഉൾപ്പെടെ തെരഞ്ഞെടുപ്പ് വേളയിൽ ചർച്ച ചെയ്യപ്പെട്ടു. യഥാർഥത്തിൽ ഭരണത്തിന്‍റെ നല്ല വശങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞുമില്ല. മുറിവിൽ മുളക് പുരട്ടുന്ന നിലയിൽ സി.പി.െഎയുടെ വിവാദ  പ്രതികരണങ്ങളും  മലപ്പുറം ഉപതെരഞ്ഞെടുപ്പ് രംഗത്ത് ദോഷമുണ്ടാക്കി. ഇക്കാര്യങ്ങൾ മുന്നിൽവെച്ചുള്ളതാവും സി.പി.എമ്മിന്‍റെ ഇലക്ഷൻ റിവ്യൂ.


ഭരണം വിലയിരുത്താൻ ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി പോലും ഭരണം പ്രതീക്ഷിച്ച നിലവാരത്തിൽ ഉയർന്നില്ലെന്ന് ചൂണ്ടികാണിച്ചതാണ്. എല്ലാം ശരിയാവും’ എന്ന മുന്നണി മുദ്രാവാക്യം എല്ലാം ഉടനെ നേരെയാക്കാം എന്ന വ്യാമോഹമാവരുതെന്ന നിലയിലാണ് പാർട്ടി വിലയിരുത്തുന്നത്. പാർട്ടി പൊതുയോഗങ്ങളിൽ പതിനൊന്ന് മാസം മാത്രം പ്രായമുള്ള ഭരണം വിലയിരുത്താൻ സമയമായില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രസംഗിച്ചത്. ഭരണത്തെ അസ്ഥിരപ്പെടുത്താൻ യു.ഡി.എഫ് പിന്തുണയോടെ ആർ.എസ്.എസ് കേന്ദ്രഭരണ സ്വാധീനമുപയോഗിച്ച് തീവ്രമായ ശ്രമത്തിലാണ്. ഐ.പി.എസ്, െഎ.എ.എസ്. ഉദ്യോഗസ്ഥരെ പോലും സർക്കാറിനെതിരെ ഇളക്കിവിടപ്പെട്ടു.



കറൻസി ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും എല്ലാ ചേർന്ന് തകർന്ന വ്യവസ്ഥയാണ് തനിക്ക് കിട്ടിയത്’. കണ്ണൂർ ജില്ലയിൽ മൊറാഴയിലെ പാർട്ടി പൊതുയോഗത്തിൽ പിണറായി പ്രസംഗിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ മലപ്പുറത്തെ ജനവിധി ഭരണത്തെ വിലയിരുത്തലാവുമെന്ന് പ്രഖ്യാപിച്ചത് അതിര് കവിയലാണെന്നാണ് പാർട്ടി വൃത്തങ്ങൾ ചൂണ്ടികാട്ടുന്നത്. ജനവിധി മുന്നിൽവെച്ച് കൊണ്ടുള്ള പാർട്ടിയുടെ വിലയിരുത്തലിലും സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലല്ല ജനവിധി എന്നാണ് പാർട്ടി സെക്രട്ടറിയുടെ പ്രസ്താവന. അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ താരതമ്യം പരസ്യമായി താരതമ്യം ചെയ്യാൻ സി.പി.എം. ഇഷ്ടപ്പെടുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിനോട് താരതമ്യം ചെയ്യുന്ന ആഭ്യന്തരമായ വിലയിരുത്തൽ ഉടനെ വേണമെന്നും മലപ്പുറത്തെ പാർട്ടി ഘടകങ്ങളോട് സംസ്ഥാന നേതൃത്വം ഉടനെ ആവശ്യപ്പെടും.

2014ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിനെക്കാൾ ഒരു ലക്ഷം വോട്ട് അധികം നേടിയതിൽ ആശ്വാസം പാർട്ടിക്ക് ആശ്വാസമുണ്ട്. പക്ഷെ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ അഞ്ച് അസംബ്ലി മണ്ഡലങ്ങളിൽ പുറകോട്ട് പോയതാണ് പാർട്ടി ഗൗരവത്തോടെ വിലയിരുത്തുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെക്കാൾ 29,592 വോട്ടാണ് ചോർന്നത്.

കൊണ്ടോട്ടി, പെരിന്തൽമണ്ണ, മങ്കട, വേങ്ങര, വള്ളിക്കുന്ന് എന്നീ അസംബ്ലി മണ്ഡലങ്ങളിൽ വോട്ടുകൾ ചോർന്നപ്പോൾ മലപ്പുറം, മഞ്ചേരി മണ്ഡലങ്ങളിൽ നിയമസഭയിൽ നേടിയതിനെക്കാൾ കൂടുതൽ വോട്ട് ഇടതുമുന്നണി നേടി. മലപ്പുറം അസംബ്ലി മണ്ഡലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിനെക്കാൾ 5800ലേറെയും മഞ്ചേരിയിൽ 864ഉം നേടി. എന്നാൽ, പെരിന്തൽമണ്ണയിൽ 7000ഉം മങ്കടയിൽ 6700ഉം കൊണ്ടോട്ടിയിൽ 5900ഉം വള്ളിക്കുന്നിൽ 4500 കുറഞ്ഞു. വേങ്ങരയിൽ നേരിയ ചോർച്ചയേ ഉണ്ടായിട്ടുള്ളു.


കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെക്കാൾ രണ്ട് മണ്ഡലങ്ങളിൽ അധികം വോട്ട് നേടുകയും മറ്റിടങ്ങളിൽ വലിയ തോതിൽ ചോരുകയും ചെയ്തതിന്‍റെ പ്രതിഭാസമാണ് സി.പി.എമ്മിൽ ചർച്ചയായത്. പെരിന്തൽമണ്ണയിലെയും മങ്കടയിലെയും വോട്ട് ചോർച്ച ബൂത്ത്തല പരിശോധന നടത്തി ജാഗ്രത പാലിക്കാൻ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയിലെത്തിയ വേങ്ങരയിൽ 849 വോട്ടാണ് ഇടതുമുന്നണിക്ക് ചോർന്നത്. ഇവിടെ ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ ഫലം മെച്ചപ്പെടുത്താൽ ഇപ്പോൾ തന്നെ ജാഗ്രത തുടരണമെന്നാണ് നിർദേശം.

യു.ഡി.എഫിന് കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ കിട്ടിയ ഭൂരിപക്ഷത്തിൽ കാൽ ലക്ഷം വോട്ട് കുറക്കാൻ കഴിഞ്ഞത് എൽ.ഡി.എഫിന്‍റെ നേട്ടമാണെന്ന് മാത്രമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ പ്രതികരിച്ചത്. യു.ഡി.എഫിന് എസ്.ഡി.പി.ഐയുടെ വോട്ട് കൂടുതൽ കിട്ടിയതാണ് വർധനയുടെ കാരണമെന്ന് ചൂണ്ടികാണിക്കാമെങ്കിലും ഇടത്മുന്നണി 11 മാസം മുമ്പുള്ള ജനവിധിയിൽ നിന്ന് പുറകോട്ട് പോയതെന്താണ് എന്നതാണ് പാർട്ടി പരിശോധിക്കുക.

Tags:    
News Summary - cpm review of malappuram by election defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT