പഞ്ചസാര വിതരണം റേഷൻ വഴി നിയന്ത്രിച്ചിരുന്ന, ബോംബ് സ്ഫോടനങ്ങൾ വരുത്തിവെച്ച പാടുകൾ നിലനിന്നിരുന്ന യുദ്ധാനന്തര കാലത്താണ് എലിസബത്ത് ബ്രിട്ടന്റെ രാജ്ഞിപദമേറുന്നത്. ഒരു പുതു എലിസബത്തൻ കാലഘട്ടത്തിലേക്കുയരുന്ന ഫീനിക്സ് ആയാണ് പത്രപ്രവർത്തകരും നിരീക്ഷകരും ആ സ്ഥാനാരോഹണത്തെ ചിത്രീകരിച്ചത്. 16ാം നൂറ്റാണ്ടിന്റെ പാതിയിൽ തുടക്കം കുറിച്ച ഒന്നാം എലിസബത്തൻ കാലഘട്ടം ഒരു രണ്ടാംനിര യൂറോപ്യൻ രാജ്യം എന്ന നിലയിൽനിന്ന് ബ്രിട്ടനെ അതിസ്വാധീനമുള്ള വൈദേശികാധിപത്യ ശക്തിയായി വളരുന്നതിന് സാക്ഷ്യംവഹിച്ചു. ഹോങ്കോങ്, ഇന്ത്യ, ജമൈക്ക എന്നിങ്ങനെ കോളനികളുടെ പട്ടിക നീണ്ടുനീണ്ടുവന്നു. 1876ൽ ഇന്ത്യയുടെ ചക്രവർത്തിനിയായി പ്രഖ്യാപിക്കപ്പെട്ട വിക്ടോറിയ രാജ്ഞി സാമ്രാജ്യത്വ ദേശസ്‌നേഹത്തിന്റെ ഉജ്ജ്വലമായ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. അവരുടെ പിറന്നാൾ 1902 മുതൽ സാമ്രാജ്യത്വ ദിനമായും കൊണ്ടാടപ്പെട്ടു. രാജകുടുംബാംഗങ്ങൾ കോളനി രാജ്യങ്ങളിലേക്ക് ആർഭാടാനന്ദകരമായ ഔദ്യോഗിക യാത്രകൾ നടത്തി. ദക്ഷിണാഫ്രിക്കയിലേക്കുള്ള രാജകീയ പര്യടനത്തിനിടയിൽ നടന്ന 21ാം പിറന്നാൾ ആഘോഷത്തിനിടെയാണ് 'എന്റെ ജീവിതം, അത് ദീർഘമോ ഹ്രസ്വമോ ആകട്ടെ, നിങ്ങളുടെ സേവനത്തിനായി സമർപ്പിക്കും. നാമെല്ലാവരും ഉൾപ്പെടുന്ന മഹത്തായ സാമ്രാജ്യത്വ കുടുംബത്തിന്റെ സേവനം' എന്ന ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രസംഗം അന്ന് രാജകുമാരിയായിരുന്ന എലിസബത്ത് നടത്തുന്നത്. കുറച്ച് വർഷങ്ങൾക്കുശേഷം കെനിയയിലേക്ക് ഇതുപോലൊരു പര്യടനം നടത്തവെയാണ് പിതാവിന്റെ മരണവാർത്ത എലിസബത്ത് അറിയുന്നത്.
1953ലെ കിരീടധാരണ ദിനത്തിൽ, ടെൻസിങ് നോർഗെയും എഡ്മണ്ട് ഹിലാരിയും ചേർന്ന് എവറസ്റ്റ് കൊടുമുടിയിലേറിയ വാർത്ത മറ്റൊരു എലിസബത്തൻ യുഗത്തിന്റെ സന്തോഷവും ഊർജസ്വലവുമായ ശുഭസൂചന എന്ന വിശേഷണത്തോടെ ടൈംസ് ഓഫ് ലണ്ടൻ പുറത്തുവിട്ടു. 1947ൽ ഇന്ത്യയുടെയും പാകിസ്താന്റെയും സ്വാതന്ത്ര്യലബ്ധിയോടെ ചക്രവർത്തിനി പദവി നീക്കംചെയ്യപ്പെട്ടു. എന്നാൽ, കോമൺവെൽത്തിന്റെ മേധാവിയായി അവർ സാമ്രാജ്യത്വ രാജവാഴ്ചയെ ഒരു അവകാശമാക്കി നിലനിർത്തി. കോമൺവെൽത്തിന് മുൻകാല സാമ്രാജ്യങ്ങളുമായി ഒരു സാമ്യവുമില്ലെന്ന് 1953ലെ ക്രിസ്മസ്ദിന സന്ദേശത്തിൽ അവർ തറപ്പിച്ചുപറഞ്ഞെങ്കിലും കോമൺവെൽത്തിന്റെ ഉത്ഭവം ബ്രിട്ടീഷ് ഭരണത്തിന്റെ വംശീയവും പിതൃത്വപരവുമായ സങ്കൽപത്തിൽനിന്നാണ്. പുതുതായി സ്വതന്ത്രമായ ഏഷ്യൻ റിപ്പബ്ലിക്കുകളെ ഉൾക്കൊള്ളുന്നതിനായി 1949ൽ പുനർരൂപകൽപന ചെയ്ത കോമൺവെൽത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തുടർച്ചയും ബ്രിട്ടന്റെ അന്താരാഷ്ട്ര സ്വാധീനം സംരക്ഷിക്കുന്നതിനുള്ള ഒരു സംവിധാനവുമായിരുന്നു.
കോമൺവെൽത്ത് രാഷ്ട്രനേതാക്കളുടെ സമ്മേളനങ്ങളുടെ ചിത്രങ്ങൾ നോക്കിയാൽ കാണാം, മക്കളാൽ ചുറ്റപ്പെട്ട ഒരു മുത്തശ്ശിയെപ്പോലെ വെള്ളക്കാരല്ലാത്ത ഡസൻകണക്കിന് രാഷ്ട്രമേധാവികളുടെ മുൻനിരയിലോ അവരുടെ മധ്യത്തിലോ ആയി ഇരിക്കുന്ന രാജ്ഞിയെ. എന്നാൽ, ആ ചിത്രങ്ങളിൽ കാണാനാവാത്ത കാര്യം അവക്കു പിന്നിലെ ഹിംസയാണ്. 1948ൽ മലയയിലെ കൊളോണിയൽ ഗവർണർ കമ്യൂണിസ്റ്റ് ഗറിലകൾക്കെതിരെ പൊരുതുന്നതിന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിയറ്റ്നാമിൽ അമേരിക്കക്ക് അനുകരിക്കാൻ ഉപകരിക്കുംവിധത്തിൽ ബ്രിട്ടീഷ് സൈന്യം അവിടെ അടിച്ചമർത്തൽ മുറകൾ ഉപയോഗിച്ചു.
1952ൽ കെനിയയിലെ ഗവർണർ മൗ മൗ എന്നറിയപ്പെടുന്ന കൊളോണിയൽവിരുദ്ധ പ്രസ്ഥാനത്തെ അടിച്ചമർത്താൻ അടിയന്തരാവസ്ഥ ഏർപ്പെടുത്തി. അതിന്റെ മറവിൽ ബ്രിട്ടീഷുകാർ പതിനായിരക്കണക്കിന് കെനിയക്കാരെ തടങ്കൽപാളയങ്ങളിലേക്ക് തള്ളുകയും ക്രൂരപീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തു. 1955ൽ സൈപ്രസിലും 1963ൽ യമനിലെ ഏഡനിലും ബ്രിട്ടീഷ് ഗവർണർമാർ കോളനിവിരുദ്ധ ആക്രമണങ്ങളെ നേരിടാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; അവിടെയും അവർ സാധാരണക്കാരെ പീഡിപ്പിച്ചു. അതിനിടെ, അയർലൻഡിലെ പ്രശ്‌നങ്ങൾ യു.കെയെയും അടിയന്തരാവസ്ഥയിൽ കൊണ്ടെത്തിച്ചു. ഐറിഷ് റിപ്പബ്ലിക്കൻ ആർമി 1979ൽ, രാജ്ഞിയുടെ ബന്ധുവും ഇന്ത്യയിലെ അവസാന വൈസ്രോയിയുമായ ലൂയി മൗണ്ട്ബാറ്റൺ പ്രഭുവിനെ വധിച്ചു.
അവരുടെ പേരിൽ ചെയ്തുകൂട്ടപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ച് രാജ്ഞിക്ക് അറിവുണ്ടായിരുന്നുവോ എന്ന കാര്യം നമുക്കറിയില്ല. 'രാജ്ഞി തിരുമനസ്സിന്റെ ഭരണകൂടത്തിന്' മോശമായേക്കാവുന്ന പല രേഖകളും കൊളോണിയൽ ഉദ്യോഗസ്ഥർ നശിപ്പിച്ചുകളയുകയും മറ്റുപലതും ബോധപൂർവം രഹസ്യശേഖരത്തിൽ മറച്ചുവെക്കുകയും ചെയ്തുവെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ കുറിമാനത്തിൽനിന്ന് അറിയാനാവുന്നത്. ലേബർ പാർട്ടി എം.പി ബാർബറ കാസ്റ്റിലിനെപ്പോലുള്ള ചില ആക്ടിവിസ്റ്റുകൾ ബ്രിട്ടീഷ് അതിക്രമങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും വിശാലമായ ജനശ്രദ്ധ നേടുന്നതിൽ അവ പരാജയപ്പെട്ടു.
രണ്ടായിരാമാണ്ടുവരെ ഏതാണ്ടെല്ലാ വർഷവും രാജ്ഞി കോമൺവെൽത്ത് രാജ്യങ്ങളിൽ സന്ദർശനങ്ങൾ നടത്തിയിരുന്നതിനാൽ മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ എന്നും എപ്പോഴും രാജകീയ സഞ്ചാരങ്ങളുണ്ടായിരുന്നു; ആർപ്പുവിളിക്കുന്ന ആൾക്കൂട്ടത്തിന്റെ ചിത്രങ്ങളും. ബ്രിട്ടീഷ് സാമ്രാജ്യം അപകോളനിവത്കരിക്കപ്പെട്ടപ്പോഴും രാജവാഴ്ചക്ക് മുക്തിയുണ്ടായില്ല.
ഭരണത്തിന്റെ അവസാന ദശകങ്ങളിൽ, ബ്രിട്ടനും രാജകുടുംബവും അതിന്റെ സാമ്രാജ്യത്വാനന്തര നിലപാടുമായി പൊരുത്തപ്പെടാൻ പാടുപെടുന്നത് രാജ്ഞിക്ക് കാണേണ്ടിവന്നു. ടോണി ബ്ലെയർ ബഹുസ്വര സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയും വെയ്ൽസ്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ അധികാരവിഭജനം കൊണ്ടുവരുകയും ചെയ്തു. എന്നാൽ, അഫ്ഗാനിസ്താനിലും ഇറാഖിലും യു.എസ് നേതൃത്വത്തിൽ നടന്ന അധിനിവേശങ്ങളിൽ പങ്കുചേരുന്നതിന് അദ്ദേഹം വിക്ടോറിയൻ സാമ്രാജ്യത്വ വാചാടോപം പുനരുജ്ജീവിപ്പിച്ചു. സാമൂഹികവും പ്രാദേശികവുമായ അസമത്വം വർധിച്ചു. ലണ്ടൻ അതിസമ്പന്നരായ പ്രഭുക്കന്മാരുടെ സങ്കേതമായി. ഡയാന രാജകുമാരിയുടെ മരണശേഷം രാജ്ഞിയുടെ വ്യക്തിപരമായ ജനപ്രീതി താഴ്ന്ന നിലയിൽനിന്ന് വീണ്ടെടുത്തുവെങ്കിലും ഹാരിയുടെയും മേഗന്റെയും വംശീയാധിക്ഷേപത്തിന്റെ പേരിൽ രാജകുടുംബം ഭിന്നിച്ചു.
അടിമത്തം, സാമ്രാജ്യത്വം, കോളനിവാഴ്ചയിലെ അതിക്രമങ്ങൾ എന്നിവ തുറന്നുസമ്മതിക്കുകയും ഭേദഗതി വരുത്തുകയും വേണമെന്ന ആവശ്യവുമായി സമീപകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിനുമേൽ പൊതുജനസമ്മർദം വർധിച്ചുവരുകയാണ്. 2013ൽ, കൊളോണിയൽ കെനിയയിലെ പീഡനത്തിന് ഇരയായവർ കൊണ്ടുവന്ന ഒരു കേസിന് മറുപടിയായി, അതിജീവിച്ചവർക്ക് ഏകദേശം 20 ദശലക്ഷം പൗണ്ട് നഷ്ടപരിഹാരം നൽകാൻ ബ്രിട്ടീഷ് സർക്കാർ സമ്മതിച്ചു; സൈപ്രസിൽ അതിജീവിച്ചവർക്ക് 2019ൽ മറ്റൊരു നഷ്ടപരിഹാരം നൽകി. സ്‌കൂൾ പാഠ്യപദ്ധതികൾ പരിഷ്‌കരിക്കുന്നതിനും സാമ്രാജ്യത്തെ മഹത്ത്വവത്കരിക്കുന്ന പൊതുസ്‌മാരകങ്ങൾ നീക്കംചെയ്യുന്നതിനും സാമ്രാജ്യത്വവുമായി ബന്ധപ്പെട്ട ചരിത്രഭൂമികളുടെ അവതരണത്തിൽ മാറ്റംവരുത്തുന്നതിനുമുള്ള ശ്രമങ്ങൾ തുടരുന്നു. എന്നിട്ടും ബ്രെക്സിറ്റിന്റെ വിഷരാഷ്ട്രീയത്തിൽനിന്ന് ഊർജം ഉൾക്കൊണ്ട് പരമതവിദ്വേഷവും വംശവെറിയും ഏറിവരുകയാണിവിടെ.
യൂറോപ്യൻ സംയോജനത്തിന് ബ്രിട്ടീഷ് നേതൃത്വത്തിലുള്ള ബദലായി ബോറിസ് ജോൺസൻ സർക്കാർ (പുതിയ പ്രധാനമന്ത്രി ലിസ് ട്രസ് അതിൽ വിദേശകാര്യ സെക്രട്ടറിയായിരുന്നു) ഉയർത്തിക്കൊണ്ടുവന്ന ഗ്ലോബൽ ബ്രിട്ടൻ സങ്കൽപം അർധസത്യങ്ങളിലും സാമ്രാജ്യത്വ ഭൂതകാലക്കുളിരിലും മുങ്ങി.
രാജ്ഞിയുടെ ദീർഘകാലാവധി രണ്ടാം എലിസബത്തൻ കാലഘട്ടത്തിലെ കാലഹരണപ്പെട്ട ഫാന്റസികൾ നിലനിൽക്കാൻ എളുപ്പമാക്കി. രണ്ടാം ലോകയുദ്ധത്തിലേക്കുള്ള ജീവനുള്ള കണ്ണിയെയും ബ്രിട്ടൻ മാത്രമാണ് ലോകത്തെ ഫാഷിസത്തിൽനിന്ന് രക്ഷിച്ചതെന്ന ദേശഭക്തിമിഥ്യയെയും അവർ പ്രതിനിധാനം ചെയ്തു. തന്റെ 15 പ്രധാനമന്ത്രിമാരിൽ ആദ്യത്തെയാളായിരുന്ന വിൻസ്റ്റൻറ് ചർച്ചിലുമായി വ്യക്തിപരമായ ബന്ധം അവർക്കുണ്ടായിരുന്നു. അതിലൂന്നിയാണ് തന്റെ പിന്തിരിപ്പൻ സാമ്രാജ്യത്വ നയങ്ങളെ ബോറിസ് ജോൺസൻ പ്രതിരോധിച്ചിരുന്നത്. അതിവേഗം വൈവിധ്യവത്കരിക്കുന്ന രാജ്യത്ത് പ്രചരിക്കുന്ന നാണയങ്ങളിലും നോട്ടുകളിലും സ്റ്റാമ്പുകളിലുമുള്ള വെളുത്തമുഖമായി അവർ നിലകൊണ്ടു.
ഇപ്പോൾ അവർ യാത്രയായിരിക്കുന്നു. അതിനു പിന്നാലെ സാമ്രാജ്യത്വ രാജവാഴ്ചയും തിരോഭവിക്കേണ്ടിയിരിക്കുന്നു. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഉദാഹരണത്തിന്, സാമൂഹിക സേവനത്തിനും പൊതുജീവിതത്തിലെ സംഭാവനകൾക്കുമായി വർഷംതോറും നൂറുകണക്കിന് ബ്രിട്ടീഷുകാർക്ക് നൽകിവരുന്ന 'ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ' ബഹുമതിയുടെ പേരുമാറ്റം. ഒരു ഡസൻ കോമൺവെൽത്ത് രാജ്യങ്ങളുടെയെങ്കിലും തലൈവിയായി രാജ്ഞി പ്രവർത്തിച്ചിരുന്നു. ആ രാജ്യങ്ങൾക്ക് കൊളോണിയൽ ഭൂതകാലം പൂർണമായി കുടഞ്ഞെറിഞ്ഞ് 2021ൽ റിപ്പബ്ലിക്കായി മാറിയ ബാർബഡോസിന്റെ മാതൃക പിന്തുടരാം. രാജ്ഞി എതിർത്തിരുന്നതായി കരുതപ്പെടുന്ന സ്വാതന്ത്ര്യത്തിനായുള്ള സ്കോട്ടിഷ് മുന്നേറ്റത്തിനും ഈ വിയോഗം സഹായകമായേക്കാം. രാജ്ഞിയുടെ 'ഉൽക്കടമായ ആഗ്രഹം' ചാൾസ് രാജകുമാരനെ അടുത്ത മേധാവിയാക്കണമെന്ന് കോമൺവെൽത്ത് നേതാക്കൾ 2018ൽ തീരുമാനിച്ചിരുന്നുവെങ്കിലും ഈ സ്ഥാനം പാരമ്പര്യമായി സിദ്ധിക്കുന്നതല്ലെന്ന് സംഘടന ഊന്നിപ്പറയുന്നു.
രണ്ടാം എലിസബത്തൻ കാലഘട്ടം പ്രഖ്യാപിച്ചവർ ബ്രിട്ടീഷ് മാഹാത്മ്യമാണ് പ്രതീക്ഷിച്ചതെങ്കിലും സാമ്രാജ്യത്തിന്റെ പൊട്ടിത്തകർച്ചക്കാണ് ഈ കാലം സാക്ഷ്യംവഹിച്ചത്. എന്നിരിക്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി ഒട്ടിച്ചേർന്നുള്ള നിലപാടാണ് ലോകം കൈക്കൊണ്ടത്. സാമ്രാജ്യത്വ ദയാവായ്പിനെക്കുറിച്ചുള്ള ഇല്ലാക്കഥകളും നിലനിന്നു. രാജകീയ ആഡംബരങ്ങൾ കുറച്ച്, ബ്രിട്ടനിലെ രാജവാഴ്ച സ്കാൻഡിനേവിയയിലേതുപോലെ പരിഷ്കരിച്ച് ചരിത്രത്തിൽ സ്വാധീനം ചെലുത്താൻ പുതിയ രാജാവിന് അവസരം കൈവന്നിരിക്കയാണ്. അത് സംഭവിച്ചാൽ ആഘോഷിക്കപ്പെടേണ്ട ഒരു യുഗാന്ത്യമായിരിക്കും.
(ഹാർവഡ് സർവകലാശാലയിൽ ചരിത്രവിഭാഗം പ്രഫസറായ ലേഖിക ന്യൂയോർക് ടൈംസിലെഴുതിയ ദീർഘലേഖനത്തിന്റെ സംഗ്രഹ വിവർത്തനം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.