അറബിക്കടലിലെ അമേരിക്കൻ മോഡൽ

കേരളത്തിെൻറ മത്സ്യമേഖലയിൽ അയ്യായിരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവുമായി രംഗത്തെത്തിയ അമേരിക്കൻ കൺസോർട്യം ഇ.എം.സി.സി കേരളത്തിലെ ഷിപ്പിങ്​ ആൻഡ്​ നാവിഗേഷൻ കോർപറേഷനുമായി ഉണ്ടാക്കിയ ധാരണപത്രം സർക്കാർ റദ്ദാക്കി. മത്സ്യബന്ധനം, വിപണനം, സംസ്​കരണം, കയറ്റുമതി, അടിസ്​ഥാന വികസനം എന്നീ മേഖലകളിൽ വൻ നിക്ഷേപത്തിെൻറ സമഗ്ര പദ്ധതിയുമായാണ് സ്​ഥാപനം രംഗത്തെത്തിയത്. ആഴക്കടൽ മേഖലകളിലടക്കം സ്വകാര്യ നിക്ഷേപത്തെ േപ്രാത്സാഹിപ്പിക്കുമെന്ന കേന്ദ്ര ഫിഷറീസ്​ നയം കഴിഞ്ഞ മാസം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ടുപോയത്​. മത്സ്യമേഖലയിലടക്കം ഉയർന്നുവന്ന പ്രതിഷേധമാണ് സർക്കാറിനെ മാറി ചിന്തിപ്പിക്കാൻ േപ്രരിപ്പിച്ചത്​.

മത്സ്യമേഖലയിലെ പ്രതിസന്ധി

സാങ്കേതികവിദ്യ കൂടുതൽ വികസിക്കുകയും മത്സ്യബന്ധനത്തിൽ കൂടുതൽ നിക്ഷേപം നടക്കുകയും ചെയ്യുന്നുവെങ്കിലും മത്സ്യോൽപാദനം കുറയുകയാണെന്ന് ഐക്യരാഷ്​ട്ര സംഘടനയുടെ കണക്കുകൾ പറയുന്നു. കഴിഞ്ഞ 20 വർഷമായി ആഗോള സമുദ്ര മത്സ്യോൽപാദനം ശരാശരി 86 ദശലക്ഷം ടണ്ണിൽ സ്​ഥായിയായി നിൽക്കുന്നു. 2010 ൽ അത് 90 ദശലക്ഷം ടൺ വരെ എത്തിയെങ്കിലും ഇപ്പോൾ 80 ദശലക്ഷം ടണ്ണായി ഇടിഞ്ഞിരിക്കുന്നു. മത്സ്യ ഉപഭോഗമാകട്ടെ, ഇക്കാലയളവിനുള്ളിൽ 47 ദശലക്ഷം ടണ്ണിൽ നിന്നും 180 ദശലക്ഷം ടണ്ണായി വർധിച്ചു. കൂടുതൽ സബ്സിഡികൾ നൽകി, അക്വാകൾച്ചറിലൂടെ ഉൽപാദനം വർധിപ്പിച്ചു പ്രശ്നം പരിഹരിക്കാനാണ് മുതലാളിത്തരാജ്യങ്ങൾ ശ്രമിക്കുന്നത്. ഇന്നത്തെ രീതിയിലുള്ള മത്സ്യബന്ധനം തുടരുകയാണെങ്കിൽ 2048 ആകുമ്പോഴേക്കും ഭക്ഷ്യയോഗ്യമായ മത്സ്യങ്ങൾ അപ്രത്യക്ഷമാകുമെന്ന് ആറ് രാജ്യങ്ങളിലെ പതിനാല് ഗവേഷകർ ചേർന്ന് നടത്തിയ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ച 'നേച്വർ' മാസിക പറയുന്നു.

മത്സ്യബന്ധനത്തിെൻറ മാരകസ്വഭാവവും സാങ്കേതികവിദ്യ വികസിച്ചതോടെ വർധിച്ചു. 12 ജംബോ ജെറ്റുകൾ ഒന്നിച്ചു കയറാവുന്ന വാ വിസ്​തൃതിയുള്ള േട്രാൾവലകളാണ് യൂറോപ്പിലെ കപ്പൽസമൂഹങ്ങൾ ഉപയോഗിക്കുന്നത്. 60 കിലോമീറ്റർ വരെ നീളമുള്ള 'മരണത്തിെൻറ ഭിത്തി' എന്നു വിളിക്കുന്ന ഡ്രിഫ്റ്റ് നെറ്റാണ് ജപ്പാനിൽ ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് കടലാമകളും ഡോൾഫിനുകളും സസ്​തനികളും തിമിംഗലങ്ങളും ഇതിൽ കുടുങ്ങി ചാവാറുണ്ട്. ടൂണയെ പിടിക്കാൻ അവർ ഉപയോഗിക്കുന്ന 120 കിലോമീറ്റർ വരെയുള്ള ലോങ്​ ലൈനർ വലകളിൽ കുടുങ്ങി പ്രതിവർഷം 44,000 ആൽബേട്രാസ്​ പക്ഷികളും ചത്തൊടുങ്ങുന്നു. ഈ സാഹചര്യത്തിൽ യൂറോപ്പും അമേരിക്കയും ചില നിയന്ത്രണങ്ങളും ക്രമീകരണങ്ങളുമുണ്ടാക്കി.

സെനഗാൾ കടൽ തോണ്ടിയ കഥ

യൂറോപ്പിലെ കടലുകളിലെ 82 ശതമാനം മത്സ്യങ്ങളും അമിതചൂഷണത്തിനു വിധേയമായി തകർന്ന സാഹചര്യത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് കപ്പൽ സമൂഹം നീങ്ങുകയാണ്. പല രാജ്യങ്ങളുമായി അവർ മേഖലാ സഹകരണ കരാറുകളിൽ ഏർപ്പെട്ടു. നിസ്സാര തുക ലൈസൻസ്​ ഫീ നൽകി സെനഗാളിെൻറ കടലിൽ പ്രവർത്തിച്ച സ്​പാനിഷ് േട്രാളറുകൾ അവിടത്തെ കടൽ തൂത്തുവാരി. 1994ൽ സെനഗലിലെ തൊഴിലാളികൾ 95,000 ടൺ മത്സ്യം പിടിച്ചത്​ പത്ത് വർഷം കഴിഞ്ഞപ്പോൾ നേർപകുതിയായി. മത്സ്യസംസ്​കരണ ശാലകളിലെ 50–60 ശതമാനം പേരെയും പിരിച്ചുവിട്ടു. തുടർന്ന് സെനഗാൾ മത്സ്യസഹകരണ കരാറിൽനിന്നു പിൻമാറി. 'സെനഗാൾ വത്​കരണം' എന്നു മത്സ്യ ഗവേഷകർ വിളിക്കുന്ന ഈ ദുരന്തം തൊട്ടടുത്ത രാജ്യങ്ങളായ മൊറോക്കോ, സിയറാ ലിയോൺ, കേപ് വെർദെ എന്നീ രാജ്യങ്ങളിൽ ഇപ്പോഴും തുടരുകയാണ്.

ഇന്ത്യയിലെ അവസ്​ഥ

ലോകത്തെ പ്രധാനപ്പെട്ട 15 ഫിഷിങ്​ ഗ്രൗണ്ടുകളിൽ പതിമൂന്നും അമിതചൂഷണത്തിന് വിധേയമായി എന്നും മത്സ്യം അവശേഷിക്കുന്ന രണ്ടുകടലുകൾ അറബിക്കടലും ബംഗാൾ ഉൾക്കടലുമാണെന്നും കേന്ദ്ര ഫിഷറീസ്​ സെക്രട്ടറി ഡോ. തരുൺ ശ്രീധർ അടുത്തിടെ പറഞ്ഞു. അറബിക്കടലിലെ മത്സ്യങ്ങൾക്ക് രുചി കൂടുതലാണെന്നും താരതമ്യേന മാലിന്യരഹിതവുമാണെന്നതും വിദേശികൾക്ക് പ്രത്യേകിച്ച് അമേരിക്കക്കാർക്ക് ഇവിടം പ്രിയപ്പെട്ടതാക്കുന്നു. ഇ.എം.സി.സി. നാനൂറ് യാനങ്ങളുമായി വരുന്ന സാഹചര്യം ഇതാണ്. നോർവേയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നാവിഗേഷൻ കോർപറേഷൻ യാനങ്ങൾ നിർമിക്കുമെന്നും മത്സ്യം മുഴുവൻ പ്രത്യേകിച്ച് ചെമ്മീൻ അമേരിക്കയിലേക്ക് കൊണ്ടുപോകുമെന്നും ഇ.എം.സി.സിയുടെ ഡയറക്ടറായ ഷിജോ വർഗീസ്​ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ കൺസോർട്യത്തിലുൾപ്പെട്ട പത്ത് കമ്പനികളിലൊന്നിനുപോലും മത്സ്യബന്ധനവുമായും കടലുമായും ഒരു ബന്ധവുമില്ലെന്നതും ദുരൂഹത വർധിപ്പിക്കുന്നു.

ഇന്ത്യയിലെ ചെറുത്തുനിൽപും കേരളവും

1991 ജൂലൈയിൽ നരസിംഹറാവു സർക്കാറിെൻറ കാലത്ത് പുത്തൻ ആഴക്കടൽ മത്സ്യബന്ധന നയം പ്രഖ്യാപിച്ചു. 129 ലൈസൻസുകളിലൂടെ 400 വിദേശകപ്പലുകൾക്ക് സംയുക്ത സംരംഭങ്ങളായി ഇന്ത്യൻ കടലുകളിൽ പ്രവർത്തിക്കാനനുമതി നൽകിയതോടെ ശക്തമായ ചെറുത്തുനിൽപിനാണ് മത്സ്യമേഖല സാക്ഷ്യം വഹിച്ചത്. 1994 നവംബർ 23നും 24 നും രണ്ടു ദിവസത്തെ പണിമുടക്കും മത്സ്യ മേഖല ബന്ദും നടന്നു. റാവു ഗവൺമെൻറ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നുവന്ന ദേശീയമുന്നണി സർക്കാർ 1995 മേയിൽ പി. മുരാരി അധ്യക്ഷനായി 41 അംഗ കമ്മിറ്റി രൂപവത്​കരിച്ചു. വിദേശ മത്സ്യക്കപ്പലുകളുടെ ലൈസൻസ്​ റദ്ദു ചെയ്യാനും തദ്ദേശീയ മത്സ്യബന്ധന സമൂഹത്തെ ശാക്തീകരിക്കാനുമുള്ള മുരാരിയുടെ 21 നിർദേശങ്ങളും ദേവഗൗഡ സർക്കാർ അംഗീകരിച്ചു.

2014 ജൂൺ 29ന് പ്രധാനമന്ത്രി നരേന്ദ്രമോദി 'രണ്ടാം നീലവിപ്ലവം' പ്രഖ്യാപിച്ചു. നിലവിലുള്ള യാനങ്ങൾക്കു പുറമേ 270 പുതിയ വിദേശയാനങ്ങളടക്കം ഇന്ത്യയുടെ കടലിൽ 1178 യാനങ്ങൾ പ്രവർത്തിപ്പിക്കണമെന്ന ഡോ. ബി. മീനാകുമാരി കമ്മിറ്റിയുടെ റിപ്പോർട്ട് 2015 ആഗസ്​റ്റ്​ 20ന് കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇതിനെതിരായ പ്രക്ഷോഭം ഫലം കണ്ടു. മീനാകുമാരി റിപ്പോർട്ട് മരവിപ്പിക്കപ്പെട്ടു. 2016 ഫെബ്രുവരിയിൽ അവസാനത്തെ നാല് എൽ.ഒ.പി യാനങ്ങളുടേയും ലൈസൻസ്​ റദ്ദു ചെയ്യപ്പെട്ടു.

2016 മാർച്ച് രണ്ടിന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിങ്​ വിളിച്ചുചേർത്ത ഗവേഷകരുടെ യോഗത്തിൽ ഇന്ത്യൻ നിർമിതയാനങ്ങളുമായി ബന്ധപ്പെട്ട് ഒരു സ്​കീം അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. മാർച്ച് നാലിനും അഞ്ചിനും കൊച്ചിയിൽ ചേർന്ന ഗവേഷണ സ്​ഥാപനങ്ങളുടെ മേധാവികളടക്കം പങ്കെടുത്ത ശിൽപശാല ആഴക്കടലിൽ ഇന്ത്യക്ക് ഇനി മൊത്തത്തിൽ വേണ്ടത് 270 യാനങ്ങളാണെന്ന് വിലയിരുത്തി. ഇതിൽ 240 എണ്ണം ട്യൂണ ലോങ്​ ലൈനറുകളാണ്. കേരളത്തിന് കേവലം 37 യാനങ്ങൾ ഈയിനത്തിൽ മതിയാകുമെന്ന് യോഗം ശിപാർശ ചെയ്തു. ഇതിെൻറയടിസ്​ഥാനത്തിൽ 74 കോടി രൂപ ചെലവുവരുന്ന 44 യാനങ്ങൾക്കുള്ള അപേക്ഷ കേരളം സമർപ്പിച്ചത് കേന്ദ്രം തള്ളിക്കളഞ്ഞു. എന്നാൽ, തമിഴ്നാടിന് ഈ ഇനത്തിൽ 800 കോടി കേന്ദ്രസർക്കാർ അനുവദിച്ചു. ഡൽഹിയിൽ കേന്ദ്ര മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്​ഥനായ പോൾ പാണ്ഡ്യനുമായി ഈ ലേഖകൻ സംസാരിച്ചപ്പോൾ നിങ്ങളുടെ യാനങ്ങൾക്ക് ചെലവു കൂടുതലാണെന്ന ന്യായീകരണമാണ് നിരത്തിയത്.

590 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള കേരള കടലോരത്ത് നിലവിൽ 39,000 യാനങ്ങളാണുള്ളത്​. േട്രാൾബോട്ടുകൾ 3900ത്തിലേറെയും. സുസ്​ഥിര മത്സ്യബന്ധനത്തിന് കേലവം 1145 േട്രാൾ ബോട്ടുകൾ മതിയെന്ന ഡോ. എ.ജി കലാവർ കമ്മിറ്റി ശിപാർശ ചെയ്ത സ്​ഥാനത്താണിത്. 2018ൽ ഞങ്ങളുമായി നടത്തിയ ചർച്ചയെത്തുടർന്ന് ഇനി 10 വർഷത്തേക്ക് പുതിയ യാനങ്ങൾക്ക് രജിസ്​േട്രഷൻ നൽകി​െല്ലന്നും സംസ്​ഥാന ഫിഷറീസ്​ വകുപ്പ് തീരുമാനിച്ചു. 58 ഇനം മത്സ്യങ്ങളുടെ കുറഞ്ഞ വലുപ്പം നിജപ്പെടുത്തി നിയമനിർമാണവും നടത്തി. ആഴക്കടൽ മത്സ്യബന്ധനത്തിന് പരമ്പരാഗത സമൂഹത്തെ പടിപടിയായി കൊണ്ടുപോകുക എന്ന ലക്ഷ്യംവെച്ച് പത്ത് യാനങ്ങൾ നിർമിക്കുന്നതിന് കൊച്ചി ഷിപ്പ് യാർഡുമായും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഈ നടപടിക്രമങ്ങൾക്കൊക്കെ കരിനിഴൽ വീഴ്ത്തുന്ന നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

ആഴക്കടൽ മേഖലയിൽ 400 യാനങ്ങൾ പ്രവർത്തിക്കുന്നത് അവിടത്തെ പാരിസ്​ഥിക സന്തുലിതാവസ്​ഥയെ തകർക്കും. കടലിെൻറ അടിത്തട്ടിനെ തകർക്കുന്ന മത്സ്യബന്ധന സംവിധാനമാണ് േട്രാളിങ്​. അതിവിസ്​തൃതമായ ആഴക്കടലിൽ നിന്നും വളരെക്കുറച്ച് മത്സ്യം മാത്രമേ ലഭ്യമാകൂ. അതിന് ചെലവും കൂടും. അറബിക്കടലിലെ മത്സ്യസമ്പത്തിലെ 95 ശതമാനം മത്സ്യങ്ങളും തീരക്കടലിലും തൊട്ടടുത്ത പുറംകടലിലുമായതിനാൽ ആഴക്കടലിലായിരിക്കില്ല അവർ പ്രവർത്തിക്കുക. അങ്ങനെ വരുമ്പോൾ നിലവിലുള്ള ബോട്ടുകാരുടെയും വള്ളക്കാരുടേയും വയറ്റത്തടിക്കുന്ന നടപടിയായിരിക്കും അത്.

ചുരുക്കത്തിൽ, പാരിസ്​ഥിതികമായും, ഉപജീവനവുമായി ബന്ധപ്പെട്ടും രാഷ്​ട്രീയമായും തെറ്റായ സന്ദേശങ്ങളുണ്ടാക്കുന്ന നടപടികളാണ് നടന്നത്. വൈകിയാണെങ്കിലും തെറ്റുതിരുത്തുന്നത് സ്വാഗതാർഹമാണ്. പാരിസ്​ഥിതിക സൗഹൃദ വികസനത്തെക്കുറിച്ച് ഒരുവശത്ത് മുഖ്യമന്ത്രി തന്നെ സംസാരിക്കുന്നു. മറുവശത്ത് വിവേചനരഹിതമായി നിക്ഷേപങ്ങൾ സ്വീകരിക്കുന്ന നിക്ഷേപ സൗഹൃദസംസ്​ഥാനത്തെക്കുറിച്ചും പറഞ്ഞുകൊണ്ടിരിക്കുന്നു. ഇവ തമ്മിലുള്ള പരസ്​പര ബന്ധത്തെക്കുറിച്ച് ബോധ്യപ്പെടണമെങ്കിൽ ഇനിയും രണ്ടോ മൂന്നോ പ്രളയങ്ങൾകൂടി വേണ്ടിവന്നേക്കാം!

(കേരള മത്സ്യത്തൊഴിലാളി ഐക്യവേദി-ടി.യു.സി.ഐ-സംസ്​ഥാന പ്രസിഡൻറാണ് ലേഖകൻ)

Tags:    
News Summary - deep sea fishing deal agreement in Kerala govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.