ഇന്റര്‍നെറ്റിന്റെയും മൊബൈലിന്റെയും വ്യാപനത്തോടെ വ്യക്തികളെക്കുറിച്ചുള്ള ഡിജിറ്റല്‍ ഡേറ്റ ടെക്നോളജി കമ്പനികളുടെയും സര്‍ക്കാറുകളുടെയും കൈയില്‍ വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നു. സന്ദര്‍ശിക്കുന്ന സൈറ്റുകള്‍, യാത്രകള്‍, ഡിജിറ്റല്‍ ഇടപാടുകള്‍ എന്നിങ്ങനെ സകല സ്വകാര്യ വിവരങ്ങളും വ്യത്യസ്ത ഡേറ്റാ ബേസുകളിലേക്ക് നാം ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്
‘‘ഡേറ്റ സ്വകാര്യത എന്നത് നമ്മുടെ വ്യക്തിഗതവിവരങ്ങൾ സുരക്ഷിതമാക്കൽ മാത്രമല്ല, നമ്മുടെ ആവിഷ്കാരസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കൽ കൂടിയാണ്’’; ഡിജിറ്റല്‍ ലോകത്തെ വ്യക്തിവിവരങ്ങളുടെ സംരക്ഷണത്തിന്റെ പേരില്‍ ജനാധിപത്യ അവകാശങ്ങളെ ഹനിക്കുന്നതിനെക്കുറിച്ച് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പറഞ്ഞതാണിത്. ആവശ്യമായ ചര്‍ച്ച കൂടാതെ പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത്, ആഗസ്റ്റ് 12ന് രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായ ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ബിൽ 2022 (Digital Personal Data Protection Bill - DPDP) സ്വകാര്യത സംരക്ഷിക്കാനുള്ള നിയമങ്ങളോടൊപ്പം സര്‍ക്കാറിന് ജനങ്ങളുടെ വ്യക്തിഗത വിവരങ്ങളില്‍ അമിതാധികാരം നല്കുന്നു എന്ന വിമര്‍ശനം വ്യാപകമാണ്.
ഇന്റര്‍നെറ്റിന്റെയും മൊബൈലിന്റെയും വ്യാപനത്തോടെ വ്യക്തികളെക്കുറിച്ചുള്ള വലിയ അളവിലുള്ള ഡിജിറ്റല്‍ ഡേറ്റ ടെക്നോളജി കമ്പനികളുടെയും സര്‍ക്കാറുകളുടെയും കൈയില്‍ വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റില്‍ നാം സന്ദര്‍ശിക്കുന്ന സൈറ്റുകള്‍, മാപ്പുകള്‍ ഉപയോഗിച്ചുള്ള യാത്രകള്‍, ഡിജിറ്റല്‍ ഇടപാടുകള്‍, സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളും ലൈക്കുകളുമടക്കം ഓരോ ദിവസത്തെയും ചലനങ്ങൾ എന്നിങ്ങനെ സകല സ്വകാര്യ വിവരങ്ങളും വ്യത്യസ്ത ഡേറ്റാ ബേസുകളിലേക്ക് നാം ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ടുനില്‍ക്കുമ്പോള്‍ നിരുപദ്രവകരമായ ഓരോ ചെറിയ വിവരങ്ങളും സൂക്ഷ്മതയോടെ കൂട്ടിച്ചേർക്കുകയും സമന്വയിപ്പിക്കുകയും വിൽക്കുകയും ചെയ്യപ്പെടുന്നു. ഇതിലൂടെ വ്യക്തികളുടെ ഡിജിറ്റൽ പ്രൊഫൈൽ സൃഷ്ടിക്കപ്പെടുന്നു. നിങ്ങളെക്കുറിച്ച് നിങ്ങളറിയുന്നതിനെക്കാള് നന്നായി കമ്പനികള്‍ക്കും സര്‍ക്കാറിനും അറിയാന്‍ സാധിക്കുന്നു. 2026 ആകുമ്പോഴേക്കും ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 120 കോടിയാവുമെന്നാണ് സര്‍ക്കാര്‍ കണക്ക്. ടെക്നോളജി ഉപയോഗപ്പെടുത്തിയുള്ള സേവനങ്ങള്‍ കൂടുതല്‍ വ്യാപകമാവുന്നതോടെ ഡേറ്റ ലഭ്യത നിലവിലുള്ളതില്‍നിന്ന് പല മടങ്ങ് വർധിക്കും. ഡേറ്റ സമ്പദ്വ്യവസ്ഥയും വ്യക്തിയുടെ സ്വകാര്യതയും
ഡിജിറ്റൽ യുഗത്തിൽ വ്യക്തിഗതവിവരങ്ങള്‍ നമ്മുടെ ശീലങ്ങളുടെയും നിലപാടുകളുടെയും വ്യക്തിത്വത്തിന്റെയും പ്രതിഫലനമാണ്. ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നയ രൂപവത്കരണത്തിനും ഡിജിറ്റല്‍ വിവരങ്ങള്‍ വലിയ അളവില്‍ ഉപയോഗിക്കുന്നു. കോര്‍പറേറ്റ് കമ്പനികള്‍ കച്ചവടനയങ്ങള്‍ രൂപവത്കരിക്കുന്നതിനും ഉപഭോക്താക്കളെ സ്വാധീനിക്കുന്നതിനും നാം അറിയാതെ നമ്മെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കോർപറേറ്റുകൾക്കും സര്‍ക്കാറുകള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഡേറ്റ എന്നത് സ്വർണഖനിപോലെ അമൂല്യമാണ്. വ്യക്തിയുടെ സ്വകാര്യവിവരങ്ങളും നിത്യജീവിതത്തിലെ ക്രയവിക്രയങ്ങളടക്കം സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്നതോടെ വ്യക്തിഗത സ്വകാര്യതയും സുരക്ഷയും ചോദ്യം ചെയ്യപ്പെടുകയാണ്. വിവരങ്ങള്‍ ആരുടേത്, അത് ആരൊക്കെ, എങ്ങനെ ഉപയോഗിക്കുന്നു എന്നതടക്കം വ്യക്തികൾക്ക് അവരുടെ വിവരത്തിന്മേലുള്ള അവകാശങ്ങളും നിയന്ത്രണങ്ങളും നിയമം മൂലം ഉറപ്പുവരുത്തിയില്ലെങ്കില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായിരിക്കുമത്. 2018ൽ യൂറോപ്യൻ യൂനിയൻ നടപ്പിലാക്കിയ ജനറൽ ഡേറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ (GDPR) ഡേറ്റാ സ്വകാര്യത നിയമങ്ങളിലെ ഏറ്റവും ആധികാരികമായ ഒന്നാണെന്നുപറയാം. വ്യക്തികൾക്ക് അവരുടെ സ്വകാര്യ വിവരങ്ങളില്‍ കൂടുതൽ നിയന്ത്രണം നൽകുകയാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. ജി.ഡി.പി.ആര് പ്രകാരം വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ മുമ്പായി സ്ഥാപനങ്ങള്‍ സമ്മതം നേടിയിരിക്കണം. കൂടാതെ, വ്യക്തികൾക്ക് മറച്ചുവെക്കാനുള്ള അവകാശവും (Right to forgotten), നീക്കം ചെയ്യാനുള്ള അവകാശവും (Right to remove) നിയമം ഉറപ്പുനല്‍കുന്നുണ്ട്. GDPR മാതൃകയില്‍ സിംഗപ്പൂര്‍, ബ്രസീല്‍, കാനഡ, ഖത്തര്‍, യു.എ.ഇ, ചൈന തുടങ്ങിയ രാജ്യങ്ങൾ അവരുടെ തനതായ സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യക്തിവിവരങ്ങളുടെ സംരക്ഷണ നിയമങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഓരോ നിയമവും വ്യത്യസ്തമാണെങ്കിലും സാങ്കേതിക പുരോഗതിയും വ്യക്തിഗത അവകാശങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തി, വ്യക്തിഗതവിവരങ്ങള്‍ ദുരുപയോഗം ചെയ്യുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇത്തരം നിയമങ്ങളുടെ പൊതുവായ ഉദ്ദേശ്യം.
ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണനിയമം 2023 പൗരന്മാരുടെ വ്യക്തിഗത ഡേറ്റ ശേഖരണം (Collection), ഉപയോഗം (Processing), സംഭരണം (Storage), കൈമാറ്റം (Transfer), വെളിപ്പെടുത്തൽ (Disclosure) എന്നിവയിലുള്ള അവകാശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും നിയമപരമായ അംഗീകാരം നൽകുന്നു. വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യത അവകാശങ്ങളും ഡേറ്റ ശേഖരിക്കുകയും പ്രോസസ് ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ ബാധ്യതകളും ഉത്തരവാദിത്തങ്ങളും വിവരങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് കൈമാറുന്നതും നിയന്ത്രണങ്ങളും നിര്‍വചിക്കുന്നുണ്ട് പ്രസ്തുത നിയമം. ഇന്ത്യയിലെ പൗരജനങ്ങളുടെ സ്വകാര്യതാ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയെന്നനിലയിൽ ഇതിനെ ചിലർ സ്വാഗതംചെയ്യുന്നുണ്ട്. എന്നാൽ, സര്‍ക്കാര്‍ നിരീക്ഷണത്തിനും സെൻസർഷിപ്പിനുമുള്ള ഉപകരണമായി നിയമം മാറുമെന്ന ആശങ്കകളും വ്യാപകമാണ്.
സ്വകാര്യതക്കുമേലുള്ള സര്‍ക്കാര്‍ കണ്ണുകള്‍
സാമൂഹികസുരക്ഷയുടെ ന്യായംപറഞ്ഞ് ലോകത്തിലെ വ്യത്യസ്തരാജ്യങ്ങള്‍ പൗരരെ നിരീക്ഷിക്കുന്നതിനായി ഡേറ്റ, നിർമിതബുദ്ധി എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള സാങ്കേതികവിദ്യ നിലവില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചൈനീസ് സർക്കാർ തങ്ങളുടെ പൗരന്മാരെ രാഷ്ട്രീയ ലക്ഷ്യംവെച്ച് നിരീക്ഷിക്കാന്‍ ഫേഷ്യൽ റെക്കഗ്നിഷൻ (Facial Recognition) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും ഓരോ ചലനങ്ങളും തുടര്‍ച്ചയായി നിരീക്ഷണവിധേയമാക്കി മുന്‍കരുതല്‍ തടങ്കലിൽ വെക്കുകയും ചെയ്യുന്നു.
പുതിയ സ്വകാര്യത നിയമം, ക്രമസമാധാനത്തിന്റെയും ദേശീയ സുരക്ഷയുടെയും പേരില്‍ വ്യക്തിയുടെ അനുവാദം കൂടാതെ അവരുടെ വിവരങ്ങള്‍ ഉപയോഗിക്കാന്‍ സർക്കാറിന് വിശാലമായ അധികാരങ്ങൾ നൽകുന്നു. ആധാര്‍ മുഖേന ഇതിനകം തന്നെ ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങളടക്കം സര്‍ക്കാറിന്റെ കൈവശമുണ്ട്. നമ്മുടെ പാന്‍കാർഡും ബാങ്ക് അക്കൗണ്ടുകളും മറ്റ് സേവനങ്ങളും ആധാറുമായി ബന്ധപ്പെടുത്തല്‍ നിര്‍ബന്ധമാക്കിക്കൊണ്ടിരിക്കുകയാണ്. ജനനം മുതൽ മരണം വരെയുള്ള വിവരങ്ങളും ഇടപെടലുകളും ഇടപാടുകളും പങ്കുവെക്കാൻ നിർബന്ധിതരാവുന്നു ജനം. സമീപഭാവിയില്‍ എ.ഐ കാമറകളടക്കുള്ള നിരീക്ഷണസംവിധാനങ്ങള്‍ വ്യാപകമാവുന്നതോടെ സര്‍ക്കാറിനും സര്‍ക്കാര്‍ നിയമിക്കുന്ന കമ്പനികള്‍ക്കും വ്യക്തികളുടെ ഓരോ നീക്കവും നിരീക്ഷിക്കാനും അവരുടെ സ്വകാര്യതയില്‍ കടന്നുകയറാനും സാധിക്കും. രാജ്യസുരക്ഷയുടെ പേരില്‍ ഏത് വിവരങ്ങളും സര്‍ക്കാറിന് ലഭ്യമാക്കാം. പൊലീസിനും ദേശീയ ഇന്റലിജൻസ് ഗ്രിഡ് (NATGRID) പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ജനങ്ങളെ നിരീക്ഷിക്കുന്നതിനായി സോഷ്യല്‍മീഡിയകളില്‍നിന്നും സര്‍ക്കാര്‍ ഡേറ്റ ബേസുകളില്നിന്നുമുള്ള വ്യക്തിവിവരങ്ങള്‍ ശേഖരിക്കാനും ഉപയോഗിക്കാനും സാധിക്കും. ഇത്തരത്തില്‍ ഓരോ ചെറു വിവരങ്ങളും കൂട്ടിച്ചേര്‍ത്ത് വ്യക്തിയുടെയും സമ്പൂര്‍ണ വ്യക്തിത്വത്തിന്റെ ഒരു രൂപരേഖ (360 ഡിഗ്രി പ്രൊഫൈല്‍) സര്‍ക്കാറിന് നിർമിച്ചെടുക്കാം.
വിവരസംരക്ഷണ നിയമപ്രകാരം വ്യക്തികളുടെയും കമ്പനികളുടെയും ഈ വിഷയത്തിലുള്ള പരാതികള്‍ അന്വേഷിക്കാനും നോട്ടീസ് നൽകാനും നിയമം ലംഘിക്കുന്ന സംഘടനകൾക്കെതിരെ പിഴയടക്കമുള്ള നടപടികള്‍ ചുമത്താനും ചുമതലയുള്ള കേന്ദ്രസർക്കാർ തന്നെ നിയമിക്കുന്ന ബോഡിയാണ് ഡേറ്റ പ്രൊട്ടക്ഷൻ അതോറിറ്റി (DPA). ജുഡീഷ്യൽ മേൽനോട്ടമില്ല എന്നതുകൊണ്ടുതന്നെ സർക്കാറിന് സ്വാധീനംചെലുത്താനും വ്യക്തികളുടെ സ്വകാര്യതക്കപ്പുറം സര്‍ക്കാര്‍ താല്പര്യങ്ങള് നടപ്പിലാക്കാനുമുള്ള സംവിധാനമായി മാറുമിത്.
2021ൽ സോഷ്യൽ മീഡിയ കമ്പനികളെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയും സര്‍ക്കാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിന് കീഴിലാക്കിയ റെഗുലേറ്ററി നിയമങ്ങൾ നിലവില്‍ വന്നിരുന്നു. തെറ്റായവിവരങ്ങളും വിദ്വേഷപ്രസംഗങ്ങളും തടയാനും ഉപയോക്താക്കൾക്ക് ആക്ഷേപകരമായ ഉള്ളടക്കം ചൂണ്ടിക്കാണിക്കാനും കൂടുതൽ അധികാരം നൽകാന് ഈ നിയമം ആവശ്യമാണെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം. പക്ഷേ, ഈ നിയമത്തിന്റെ ചുവടുപിടിച്ച് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന ട്വീറ്റുകളും പോസ്റ്റുകളും നിയന്ത്രിച്ച് ഓൺലൈൻ സെൻസർഷിപ് നടപ്പിലാക്കുകയാണ് യൂനിയൻ സര്‍ക്കാര്‍ ചെയ്തത്. പുതിയ നിയമത്തിന്റെ മറപിടിച്ച്, സ്വകാര്യതയുടെ പേരില്‍ സമൂഹ മാധ്യമങ്ങളിലെ സര്‍ക്കാര്‍വിരുദ്ധ പോസ്റ്റുകളെ വലിയ അളവില്‍ നിയന്ത്രിക്കാന്‍ ഭരണകൂടത്തിന് സാധിക്കും.
വിവരാവകാശ നിയമത്തെ (RTI) ദുര്‍ബലപ്പെടുത്തുന്നത് കൂടിയാണ് വിവരസംരക്ഷണ നിയമം. പുതിയ നിയമത്തിന്റെ മറവില്‍ വ്യക്തിസ്വകാര്യതയുടെ കാരണം ചൂണ്ടിക്കാട്ടി ഏത് ആര്.ടി.ഐ അപേക്ഷകളും സര്‍ക്കാറിന് നിരസിക്കാം.
പുതിയ നിയമപ്രകാരം ഗൂഗിള്‍, ഫേസ്ബുക്ക്, ആമസോണ്‍ തുടങ്ങിയ ടെക്നോളജി ഭീമന്മാര്ക്ക് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും കൈമാറുന്നതും തുടരാനാകും. വ്യക്തികളുടെ ചിത്രങ്ങളടക്കമുള്ള വിവരങ്ങള്‍ മറ്റൊരു വ്യക്തിക്കും കമ്പനികള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കോ കച്ചവട ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നത് നിയമം തടസ്സമാവുന്നില്ല. ഉദാഹരണത്തിന് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമടക്കം വ്യത്യസ്ത സോഷ്യല്‍ മീഡിയകളില്‍നിന്ന് വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ മുഖം ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ ശേഖരിച്ച് നിര്‍മിതബുദ്ധി (AI) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ആളുകളെ തിരിച്ചറിയാനുള്ള പ്രോഗ്രാമുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ക്ലിയര്‍ വ്യൂ. (Clearview.ai). സമൂഹ മാധ്യമങ്ങളില്‍നിന്ന് സ്ക്രാപ്പിങ് (Scrapping) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി 3000 കോടി ചിത്രങ്ങള്‍ ഇവര്‍ ശേഖരിച്ചുവെച്ചിരിക്കുന്നു. കമ്പനിയുടെ സേവനം ഉപയോഗിക്കുന്ന സർക്കാർ-സ്വകാര്യ ഏജന്‍സികള്‍ ഒരു വ്യക്തിയുടെ ഫോട്ടോ അപ്ലോഡ് ചെയ്താല്‍ അവരുടെ ഡേറ്റാബേസിലെ ഫോട്ടോകളുമായി താരതമ്യംചെയ്ത് അവർ ഓൺലൈനിൽ ചെയ്ത എല്ലാ പോസ്റ്റുകളും അതിന്റെ ലിങ്കുകളും ലഭ്യമാക്കും ക്ലിയര്‍ വ്യൂ. ഇത്തരം ദുരുപയോഗങ്ങള്‍ തടയാന്‍ പര്യാപ്തമല്ല പുതിയ നിയമം.
സാങ്കേതികവിദ്യ സമാനതകളില്ലാത്ത സൗകര്യവും കണക്ടിവിറ്റിയും കൊണ്ടുവരുന്നതോടൊപ്പം തന്നെ വ്യക്തിഗത സ്വകാര്യതക്ക് ഗുരുതര അപകടങ്ങള്‍ സൃഷ്ടിക്കുന്നു. അതിരുകളില്ലാത്ത വിവരങ്ങളുടെ ലഭ്യത സർക്കാർ നിരീക്ഷണത്തിനും സെൻസർഷിപ്പിനുമുള്ള സാധ്യതകൾ വർധിപ്പിക്കുന്നു. ദേശീയ സുരക്ഷയുടെയും ക്രമസമാധാനത്തിന്റെയും പേരില്‍ ഗവൺമെന്റുകൾ നമ്മുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുക മാത്രമല്ല, അവർ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ജനങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെ കടന്നുകയറുകയും ചെയ്യും. സ്വകാര്യത മൗലികാവകാശമായ ഒരുസമൂഹത്തിന് സന്തുലിതമായ ഒരു നിയമമാണ് വേണ്ടത്. അല്ലെങ്കില്‍, ഓരോ നീക്കവും നിരീക്ഷിക്കപ്പെടുന്ന, നമ്മുടെ സ്വകാര്യ വിവരങ്ങളും സാമൂഹിക ജീവിതവും നമ്മെ നിയന്ത്രിക്കാനുള്ള ഉപകരണമായി മാറുന്ന അപകടകരമായ ഒരു ലോകത്തേക്കാണ് നാം എത്തിപ്പെടുക.
Arshad.el@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.