ഒരു സർവകലാശാല ഉയർന്നുവരുന്നത് ഏതുതലത്തിൽ പരിശോധിച്ചാലും നാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം സമ്മാനിക്കുമെന്ന വിശ്വാസത്തിന് തിരിച്ചടിയാവുകയാണ് ആസൂത്രണമോ ദീർഘവീക്ഷണമോ ഇല്ലാതെ കേരള സംസ്ഥാന സർക്കാർ സ്ഥാപിച്ച ഓപൺ സർവകലാശാല. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത, ഉച്ഛനീചത്വങ്ങളെ ഉച്ചാടനം ചെയ്യാൻ യത്നിച്ച ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ ആരംഭിച്ച സർവകലാശാലയാണ് പാർശ്വവത്കൃത സമൂഹത്തിന്റെ ഉപരിപഠന മോഹങ്ങൾക്കുമേൽ കത്തിവെക്കുന്നത്. ബിരുദ, ബിരുദാനന്തര തലത്തിലെ സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാർഥികളുടെ സമാന്തര പഠനമാണ് പ്രതിസന്ധിയുടെ നടുക്കടലിലായിരിക്കുന്നത്.
ഓപൺ സർവകലാശാല സ്ഥാപിക്കുന്നതിന് കേരള നിയമസഭ പാസാക്കിയ നിയമത്തിലെ ഒമ്പതാം അധ്യായത്തിലെ 72ാം വ്യവസ്ഥ ഇങ്ങനെ വായിക്കാം: 'വിദൂര വിദ്യാഭ്യാസത്തിലൂടെയോ പ്രൈവറ്റ് രജിസ്ട്രേഷനിലൂടെയോ പഠനം നടത്തുന്നതും പഠനം നടത്താൻ ഉദ്ദേശിക്കുന്നതുമായ വിദ്യാർഥികളുടെ കാര്യങ്ങൾ സംബന്ധിച്ച്: (1) ഈ ആക്ടിലോ സംസ്ഥാനത്തെ മറ്റ് സർവകലാശാല നിയമങ്ങളിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്ടിന്റെ പ്രാബല്യ തീയതിയിലും അന്ന് മുതൽക്കും വിദൂര വിദ്യാഭ്യാസത്തിലൂടെയോ പ്രൈവറ്റ് രജിസ്ട്രേഷനിലൂടെയോ ഒരു പഠന കോഴ്സിലേക്ക് പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന ഒരു വിദ്യാർഥിയുടെ സംഗതിയിൽ, ഈ ആക്ട് മൂലം സ്ഥാപിക്കപ്പെട്ട മറ്റേതൊരു സർവകലാശാലയും അങ്ങനെയുള്ള വിദ്യാർഥിക്ക് അത്തരം പഠന കോഴ്സുകളിലേക്ക് പ്രവേശനം നൽകാൻ പാടുള്ളതല്ല'. അതായത് ഓപൺ സർവകലാശാല ആക്ട് നിലവിൽ വരുന്നതോടെ കേരളത്തിൽ സമാന്തര പഠനത്തിന്റെ ഏകവഴി ഇനി ഓപൺ സർവകലാശാലയായിരിക്കുമെന്ന് ചുരുക്കം. മറ്റൊരു സർവകലാശാലക്കും വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ നടത്താൻ അനുമതിയുണ്ടായിരിക്കില്ലെന്ന് ആക്ടിൽ പ്രത്യേകം വ്യവസ്ഥ ചെയ്യുന്നു.
വിവിധ കാരണങ്ങളാൽ (മാർക്കിന്റെയോ പണത്തിന്റെയോ കുറവ്) കോളജിലോ സർവകലാശാലയിലോ റഗുലർ പഠനത്തിന് അവസരം ലഭിക്കാതെ പോകുന്നവരാണ് വിദൂര/പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകളിൽ അഡ്മിഷൻ തേടുന്നവരിൽ ഭൂരിഭാഗവും. റഗുലർ പഠനം ഇല്ലാതെ വരുന്നതോടെ ഏത് സർവകലാശാലയിൽ സമാന്തര പഠനത്തിന് ചേരണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന അക്കാദമിക വിരുദ്ധതയാണ് ഓപൺ സർവകലാശാല ആക്ടിൽ സർക്കാർ എഴുതിവെച്ച 72ാം വ്യവസ്ഥ. റഗുലർ പഠനാവസരം ലഭിക്കാത്തവരെല്ലാം സമാന്തര പഠനത്തിന് ഏക സർവകലാശാലയിൽ ചേരണമെന്ന് ഭരണകൂടം നിർബന്ധിക്കുന്ന സാഹചര്യം.
കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ സമാന്തര വിദ്യാഭ്യാസ മേഖലയിൽ പഠനം നടത്തുന്നത് മലബാറിലാണ്. റഗുലർ പഠനത്തിനുള്ള അവസരങ്ങളുടെ കുറവുതന്നെയാണ് ഇതിനുള്ള കാരണം. പ്രതിവർഷം കാലിക്കറ്റ് സർവകലാശാലയിൽ മാത്രം 60000ത്തിനും 75000ത്തിനും ഇടയിൽ വിദ്യാർഥികൾ വിദൂര, പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകളിൽ ചേരുന്നുണ്ടെന്നാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിലെ ഏകദേശ കണക്ക്. ബിരുദ കോഴ്സിന് ചേരുന്നവരിൽ ശരാശരി 15 ശതമാനമെങ്കിലും പേർ പിന്നീട് ഇതേ മാതൃകയിൽ പി.ജി പഠനത്തിനും എത്തുന്നുണ്ട്. കാലിക്കറ്റിനുപുറമെ കേരള സർവകലാശാലയാണ് കേരളത്തിൽ നിലവിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ യു.ജി.സി അംഗീകാരമുള്ള സർവകലാശാല. ഇവിടെയും പഠനത്തിന് എത്തുന്ന കുട്ടികളുടെ എണ്ണവും കുറവല്ല.
വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിലായാലും പ്രൈവറ്റ് രജിസ്ട്രേഷൻ മാതൃകയിലായാലും കേരളത്തിലെ സർവകലാശാലകൾ, ഇത്തരം വിദ്യാർഥികൾക്ക് നൽകുന്ന ബിരുദ സർട്ടിഫിക്കറ്റുകളിൽ വിവേചനത്തിന്റെ അടയാളങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ റഗുലർ പഠനം പൂർത്തിയാക്കിയവരെപ്പോലെത്തന്നെ കേരളത്തിലെയും വിദേശത്തെയും തൊഴിൽ കമ്പോളങ്ങളിൽ ഇവരെ തുല്യരായി പരിഗണിക്കുന്നു. കേരളത്തിലെ അഭ്യസ്തവിദ്യർ പ്രധാനമായും തൊഴിൽതേടിപ്പോകുന്നത് ഗൾഫ് രാഷ്ട്രങ്ങളിലേക്കാണ്. കേരളത്തിലെ സർവകലാശാലകൾ നൽകുന്ന ബിരുദ സർട്ടിഫിക്കറ്റുകൾ അവിടങ്ങളിൽ സ്വീകാര്യവുമാണ്. ഓപൺ സർവകലാശാലയിൽ ചേർന്നുപഠിക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കാൻ പോകുന്നത് സർവകലാശാലയുടെ 'ഓപൺ' സ്വഭാവം വ്യക്തമായി സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റായിരിക്കും.
ഓപൺ/വിദൂര രീതിയിൽ കോഴ്സ് പൂർത്തിയാക്കിയവരെ രണ്ടാം നിരയിലേക്ക് മാറ്റിനിർത്തുന്നതാണ് പല വിദേശരാജ്യങ്ങളിലെയും തൊഴിൽ കമ്പോളങ്ങളിലെ നടപ്പുരീതി. ഇത് ഓപൺ സർവകലാശാല വഴി കേരളത്തിലെ വിദ്യാർഥികളെയും ബാധിക്കാനിരിക്കുന്നു. സർക്കാർ സർവിസിൽ ഓപൺ സർവകലാശാല കോഴ്സുകളോട് വിവേചനം കാണിക്കരുതെന്ന വ്യവസ്ഥ സർവകലാശാല നിയമത്തിൽ എഴുതിവെച്ചിട്ടുണ്ടെങ്കിലും സ്വകാര്യ, വിദേശ തൊഴിൽ കമ്പോളങ്ങളിൽ ഈ വിദ്യാർഥികൾ നേരിട്ടേക്കാവുന്ന പിന്തള്ളലിന് പരിഹാരം സർക്കാർ നിർദേശിച്ചിട്ടില്ല. സർക്കാർ സർവിസിൽ ലഭിക്കുന്നതിന്റെ എത്രയോ മടങ്ങ് അവസരങ്ങളാണ് സ്വകാര്യ, വിദേശ തൊഴിൽ മേഖലകളിലൂടെ വിദ്യാർഥികൾക്ക് ലഭിക്കുന്നത്.
വിദൂര വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിൽ മുന്നിൽനിൽക്കുന്ന സർവകലാശാലയാണ് കേന്ദ്ര സർക്കാറിന് കീഴിലെ ഇന്ദിരഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി (ഇഗ്നോ). സർവകലാശാലയുടെ പേരിലെ 'ഓപൺ' തന്നെയാണ് ഉന്നത നിലവാരമുള്ള 'ഇഗ്നോ'ക്കുപോലും കേരളത്തിന്റെ മണ്ണിൽ പ്രതീക്ഷിച്ച രീതിയിൽ വേരൂന്നാൻ സാധിക്കാതെ പോകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
സമാന്തര ഉപരിപഠനം ഏക ഓപൺ സർവകലാശാലയിലേക്ക് ചുരുക്കപ്പെടുന്നത് ഓപൺ സർവകലാശാലയേക്കാൾ ഗുണം ചെയ്യുക തമിഴ്നാട്ടിലും കർണാടകയിലും വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്തുന്ന സർവകലാശാലകൾക്കായിരിക്കും. കേരളത്തിലെ വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ എണ്ണക്കുറവും വൈവിധ്യക്കുറവും ഉൾപ്പെടെയുള്ള കാരണത്താൽ നിലവിൽ കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർഥികളാണ് ഓരോ വർഷവും മറ്റ് സംസ്ഥാന സർവകലാശാലകളിലെ വിദൂര കോഴ്സുകളിൽ ചേർന്നുപഠിക്കുന്നത്. ഏക ഓപൺ സർവകലാശാലയിലേക്ക് ചുരുങ്ങുന്നതോടെ ഈ ഒഴുക്ക് എത്ര ഇരട്ടിയാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
കോവിഡാനന്തര കാലത്ത് ഓപൺ/ വിദൂര/ഓൺലൈൻ പഠനങ്ങൾക്ക് അംഗീകാരത്തോടെ കൂടുതൽ അവസരം തുറക്കുന്ന നയമാണ് യു.ജി.സി സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ എം.ജി സർവകലാശാല ഉൾപ്പെടെ, യു.ജി.സി അംഗീകാരമുള്ള ഓൺലൈൻ കോഴ്സിന് അനുമതി നേടിക്കഴിഞ്ഞു. ഓപൺ സർവകലാശാല ആദ്യഘട്ടത്തിൽ 12 ബിരുദ കോഴ്സുകളും അഞ്ച് പി.ജി കോഴ്സുകളും വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്താനാണ് യു.ജി.സിയിൽനിന്ന് അനുമതി തേടിയിരിക്കുന്നത്.
അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, ഫിലോസഫി ഇൻ ശ്രീനാരായണ ഗുരു സ്റ്റഡീസ്, സംസ്കൃതം, സോഷ്യോളജി എന്നിവയിൽ ബി.എ കോഴ്സും ബി.ബി.എ, ബി.കോം, ബി.സി.എ കോഴ്സുകളും ആരംഭിക്കാനാണ് ഓപൺ സർവകലാശാല അനുമതി തേടിയിരിക്കുന്നത്. നിലവിൽ കേരള, കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ പഠിപ്പിക്കുന്ന ലൈബ്രറി സയൻസ് (ബി.എൽ.ഐ.എസ് സി), ഫിലോസഫി, അഫ്ദലുൽ ഉലമ ബിരുദ കോഴ്സുകൾ ഓപൺ സർവകലാശാല അനുമതി തേടിയ കോഴ്സുകളിൽ ഉൾപ്പെട്ടിട്ടില്ല. വിദൂര വിദ്യാഭ്യാസം ഓപൺ സർവകലാശാലയിൽ മാത്രമായി പരിമിതപ്പെടുത്തുന്നതോടെ ഇത്തരം കോഴ്സുകളിൽ പഠനാവസരം ഇല്ലാതാകും.
ബിരുദ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സമാന്തരമായി പി.ജി പഠനം നടത്താൻ കഴിയുംവിധം കേരളയിലും കാലിക്കറ്റിലും 12 വീതം പി.ജി കോഴ്സുകൾക്കും അഞ്ചുവർഷത്തേക്ക് യു.ജി.സി അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ, ഓപൺ സർവകലാശാല യു.ജി.സിയിൽനിന്ന് അംഗീകാരം തേടിയിരിക്കുന്നത് ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, സോഷ്യോളജി, കോമേഴ്സ് പി.ജി കോഴ്സുകൾക്ക് മാത്രമാണ്. കേരളയിലും കാലിക്കറ്റിലും നിലവിൽ നടന്നുവരുന്ന ഇക്കണോമിക്സ്, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ, ലൈബ്രറി സയൻസ് (എം.എൽ.ഐ.എസ് സി), എം.എസ് സി മാത്സ്, എം.എസ് സി കമ്പ്യൂട്ടർ സയൻസ്, ഫിലോസഫി, സംസ്കൃതം, അറബിക് പി.ജി കോഴ്സുകൾ പഠിക്കാൻ ഓപൺ സർവകലാശാലയിൽ അവസരമില്ലെന്ന് ചുരുക്കം.
ഓപൺ സർവകലാശാല തുടങ്ങുമ്പോൾ കേരളത്തിലെ ഇതര സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസ രീതിയിൽ നടക്കുന്ന മുഴുവൻ കോഴ്സുകളും ആദ്യഘട്ടത്തിൽതന്നെ ഓപൺ സർവകലാശാലയിലും ആരംഭിക്കണമെന്നായിരുന്നു സർക്കാർ നിയോഗിച്ച സ്പെഷൽ ഓഫിസർ ഡോ. ജെ. പ്രഭാഷ് സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിച്ചിരുന്നത്. ഇത് നടപ്പാക്കിയില്ലെങ്കിൽ ഒട്ടേറെ പേരുടെ ഉപരിപഠനത്തിന് തടസ്സം നേരിടുമെന്നും വ്യക്തമാക്കിയിരുന്നു. കോഴ്സുകളിലെ വൈവിധ്യം കൂടി തേടിയാണ് കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ വിദ്യാർഥികൾ വിദൂര വിദ്യാഭ്യാസത്തിന് അവസരം തേടുന്നത്.
വിദൂരപഠനം ഓപൺ സർവകലാശാലയിലേക്ക് മാത്രമായി പരിമിതപ്പെടുന്നത് കേരളത്തിൽ അത് വിപരീത ഫലമായിരിക്കും ഉയർത്തുക. ഓപൺ സർവകലാശാല അപേക്ഷ സമർപ്പിച്ചിരിക്കുന്ന 12 ബിരുദ കോഴ്സുകൾക്കും അഞ്ച് പി.ജി കോഴ്സുകൾക്കും അംഗീകാരം യു.ജി.സി സംഘം സർവകലാശാലയിൽ നേരിട്ട് നടത്താനിരിക്കുന്ന സന്ദർശനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.