എന്റെ ഇളയ സഹോദരൻ വർഷങ്ങളായി ഗൾഫിലെ പ്രമുഖ പട്ടണമായ മസ്കത്തിൽ പ്രവാസ ജീവിതം നയിക്കുന്നു. അവനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സ് ഞങ്ങളുടെ കൗമാര കാലത്തേക്ക് സഞ്ചരിക്കും. അത്യാവശ്യം വികൃതികളായ ഒരുപറ്റം കൂട്ടുകാർ എപ്പോഴും അവന്റെ ചുറ്റിലുമുണ്ടാവും. അവരിൽ ഒരാളെ പ്രത്യേകമായി ഓർക്കുന്നു. വീടിന്റെ മുന്നിൽവന്ന് ആ ചങ്ങാതി മൃദുസ്വരത്തിൽ അനിയനെ വിളിക്കും. അനിയൻ അകത്തുനിന്ന് വിളികേൾക്കും; ഉടനെ ഇറങ്ങിപ്പോകുന്നതും കാണാമായിരുന്നു. എന്റെ മാതാവ് ഒരൽപം ജിജ്ഞാസയോടെ ജാലകത്തിലൂടെ ഇരുവരെയും നോക്കുന്നുണ്ടാകും.
അവർ മുറ്റത്ത് എവിടെയെങ്കിലും മാറിനിന്ന് ഏറെനേരം സംസാരിച്ചിരിക്കും. ഒരു സാധാരണ കലാലയത്തിൽ പഠിക്കുന്ന ശരാശരി വിദ്യാർഥിയായിരുന്നു ഇദ്ദേഹം. അക്കാദമിക രംഗത്തോ കലാ-കായിക രംഗങ്ങളിലോ പറയത്തക്ക മികവൊന്നും ഈ സുഹൃത്തിനുള്ളതായി പറഞ്ഞുകേട്ടിട്ടില്ല. പക്ഷേ, ഉയരണമെന്ന, എവിടെയെങ്കിലും എത്തണമെന്ന അടങ്ങാത്ത ആഗ്രഹം അന്നേയുണ്ടായിരുന്നു, ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശം. അതിനായുള്ള നിരന്തര പരിശ്രമത്തിലും അന്വേഷണത്തിലുമായിരുന്നു ഈ ചെറുപ്പക്കാരൻ. നഗരത്തിൽ വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ടോ മറ്റോ പരിശീലന പരിപാടി ഉണ്ടെങ്കിൽ അതിനെത്തിയിരിക്കും. എന്നോടും ഈ ചങ്ങാതിക്ക് നല്ല ബന്ധമായിരുന്നു. പങ്കെടുത്ത പരിപാടികളെക്കുറിച്ചുള്ള വിശേഷങ്ങൾ ചിലപ്പോഴെങ്കിലും എന്നോട് പങ്കുവെക്കുമായിരുന്നു.
വർഷങ്ങൾ കടന്നുപോയി. ഇന്ന് അദ്ദേഹം രാജ്യത്തെ പ്രശസ്തമായ ഒരു സ്ഥാപനത്തിന്റെ എച്ച്.ആർ രംഗത്തെ ഏറ്റവും ഉയർന്ന തലത്തിൽ പ്രവർത്തിക്കുന്നു- നിരന്തര വിദേശയാത്രകൾക്കും ഔദ്യോഗിക തിരക്കുകൾക്കുമെല്ലാമിടയിലും സഹോദരനുമായി ഇപ്പോഴും കൗമാരകാലത്തെ അതേ സ്നേഹബന്ധം അദ്ദേഹം സൂക്ഷിക്കുന്നു. കുറച്ചുനാൾ മുമ്പ് അനിയനുമായുള്ള സംഭാഷണത്തിൽ ഈ സുഹൃത്തിന്റെ കാര്യം കടന്നുവന്നു. പണ്ട് ഞാൻ പറയുമായിരുന്നു, ‘‘ഇയാൾ ഒരു വെള്ളരിക്കയാണ്’’ എന്ന്. വെള്ളരിക്കക്ക് സ്വന്തമായി ഒരു രുചിയില്ലല്ലോ. എന്നാൽ, ഉപ്പും മുളകും മറ്റു ചേരുവകളുമെല്ലാം ചേർത്താൽ രുചിയൂറും വിഭവമുണ്ടാക്കുകയും ചെയ്യാം. വലിയ കാമ്പില്ലാത്ത ആൾ എന്ന അർഥത്തിലാണ് വെള്ളരിക്ക എന്ന പ്രയോഗം നടത്തിയത്. അങ്ങനെയുള്ള ഈ സുഹൃത്ത് ഇത്രയും അഭിമാനകരമായ പദവിയിൽ എങ്ങനെയെത്തി എന്ന് ഞാൻ സഹോദരനോട് ചോദിച്ചു. അനിയൻ പറഞ്ഞു; ഒന്ന് അടങ്ങാത്ത അഭിനിവേശം, രണ്ട്, സ്ഥിരോത്സാഹം. അനിയൻ തുടർന്നു;
‘‘അന്ന് നിങ്ങളെല്ലാരും തെല്ല് പരിഹാസത്തോടെ കാണുമ്പോഴും എനിക്ക് അവനെക്കുറിച്ച് തികഞ്ഞ മതിപ്പായിരുന്നു. അവൻ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് എനിക്കറിയാമായിരുന്നു. പങ്കെടുക്കുന്ന പരിപാടികളിൽനിന്ന് പത്തോ ഇരുപതോ ശതമാനം പോലും അവൻ ഉൾക്കൊണ്ടിട്ടുണ്ടാവണമെന്നില്ല. പക്ഷേ, ഒരു പരിപാടിയും വിടാതെ, സ്ഥിരോത്സാഹത്തോടെ പങ്കെടുത്ത്, അവൻ അവനെ സ്വയം രാകിമിനുക്കിയെടുക്കുകയായിരുന്നു. ഈ ചങ്ങാതി പങ്കെടുക്കാത്ത അഭിമുഖങ്ങളുണ്ടാവില്ല. എവിടെയും ജോലി കിട്ടാറില്ല. എന്നാലും വൈകുന്നേരം ചിരിയും കളിയുമായി കോഫി ഹൗസിൽ ഞങ്ങൾ കൂടും. അടുത്ത അഭിമുഖത്തിന്റെ തീയതി അന്വേഷിക്കുകയാവും അപ്പോഴും അവൻ. ഇത്രയും സ്ഥിരോത്സാഹിയായ ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല’’. അനിയൻ ഇത്രയും കൂട്ടിച്ചേർത്തതോടെ ആ വിജയത്തിന്റെ രസതന്ത്രം എനിക്ക് ബോധ്യപ്പെട്ടു.
പ്രഗത്ഭനായ ഈ മാനവശേഷി വിദഗ്ധനിൽനിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്. വിദ്യാർഥി കാലത്ത് നമ്മെക്കുറിച്ച് പലരും പല അഭിപ്രായങ്ങളും പറഞ്ഞേക്കാം. അത്ര മികവില്ല, പഠിക്കാൻ പോര, കൊള്ളില്ല... എന്നിങ്ങനെ. അങ്ങനെ പലതരം കുത്തുവാക്കുകളും മുൻവിധികളും പലയിടത്തുനിന്നായി കേൾക്കേണ്ടിവരും. നാം ഉത്സാഹത്തോടെ ഒരു പരിപാടി അവതരിപ്പിക്കാൻ വേദിയിൽ കയറിയാൽ നിരുത്സാഹപ്പെടുത്താനും പരിഹസിക്കാനും പിന്തിരിപ്പിക്കാനും ആളുകളുണ്ടാകും. പലതും നമ്മെ പിന്നോട്ട് വലിച്ചേക്കാം. പക്ഷേ, അതൊന്നും വകവെക്കാതെ മുന്നേറാൻ സാധിക്കണം. ഈ ലോകത്തെ അറിയാനും മനസ്സിലാക്കാനുമുള്ള അടങ്ങാത്ത കൗതുകം ഉണ്ടെങ്കിൽ ലക്ഷ്യത്തിലേക്കുള്ള പകുതി ദൂരം പിന്നിട്ടു എന്നുപറയാം. അതിൽനിന്നാണ് സ്ഥിരോത്സാഹം ഉത്ഭവിക്കുന്നത്.
നമ്മൾ പങ്കെടുക്കുന്ന സെമിനാറുകൾ, പരിശീലന പരിപാടികൾ, സാംസ്കാരിക സദസ്സുകൾ, ചർച്ചകൾ, ക്ലാസുകൾ എന്നിവയിൽനിന്നെല്ലാം നമ്മൾ പോലുമറിയാതെ നമ്മിലേക്ക് പടരുന്ന ഒട്ടേറെ അറിവുകളുണ്ട്, ആഴമുള്ള ഉൾക്കാഴ്ചകളുണ്ട്. ഇത് രസാവഹമായ ഒരു പ്രക്രിയയാണ്. നാം അറിയാതെ നാം മിടുക്കരാകുന്നു. അന്ന് ക്ലാസ് പരമ ബോറായിത്തോന്നിയിരുന്നു, പക്ഷേ, ക്ലാസ് മുറിയിൽനിന്ന് കേട്ട് പതിഞ്ഞ വിവരങ്ങൾ ജീവിതത്തിൽ പിന്നീട് ഉപകാരപ്പെട്ടെന്ന് പലരും പറയാറുണ്ട്. ചിലപ്പോൾ ഒരായിരം പുസ്തകങ്ങളിൽനിന്നുള്ള അറിവിനേക്കാൾ വലുതാകും അലക്ഷ്യമായി നാം കേട്ട ഒരു പൊരുൾ.
സോവിയറ്റ് യൂനിയൻ തകരുന്ന കാലഘട്ടത്തിലാണ് എന്റെ വിദ്യാർഥി കാലം കടന്നുപോയത്. അന്നുകേട്ട ഒരു പ്രഭാഷണം ഓർക്കുകയാണ്. സോവിയറ്റ് യൂനിയൻ തകർന്നാൽ ലോകത്ത് എന്ത് സംഭവിക്കും എന്നതായിരുന്നു പ്രഭാഷകന്റെ വിഷയം. റഷ്യ എന്ന ഒരു പുതിയ ലോകശക്തി ഉദയം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. റഷ്യയെക്കുറിച്ചും അവരുടെ ആഭ്യന്തര രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം അന്നുകേട്ട വിലപ്പെട്ട വിവരങ്ങൾ ഇന്ന് യാഥാർഥ്യമായി. നോക്കൂ, ഒരു പുസ്തകത്തിൽനിന്നുമല്ല ആ കാര്യങ്ങൾ മനസ്സിലാക്കിയത്. ഞാൻ പോലും അറിയാതെ എന്റെ ഉള്ളിൽ പതിയുകയായിരുന്നു ആ അറിവ്.
ഏത് കാര്യത്തെക്കുറിച്ചും ലേശംപോലും ഗർവില്ലാതെ, എല്ലാം മനസ്സിലാക്കുന്നത് നല്ലതാണ് എന്ന തോന്നൽ ഉണ്ടാക്കിയെടുക്കുക എന്നതും പ്രധാനമാണ്. ഒരു അവസരവും വിട്ടുകളയരുത്. നാം ഇരിക്കുന്ന ശിഖരം മുറിക്കുന്നതിനുപകരം ആ ശിഖരത്തിൽനിന്ന് അടുത്തതിലേക്ക് ചാടിക്കയറാനുള്ള ആഗ്രഹം മനസ്സിലുണ്ടാകണം. മനസ്സിൽ ഒരു തീപ്പൊരി സൂക്ഷിക്കുക എന്നത് സുപ്രധാനമാണ്. ഈ തീപ്പൊരി കെടാതെ സൂക്ഷിക്കുകയും വേണം. ജീവിതത്തിൽ മുന്നോട്ടുപോകുമ്പോൾ അത് നമുക്ക് വെളിച്ചമേകും, ചിന്തക്ക് ചൂടുപകരും. മനസ്സിൽവരുന്നു, ബ്രിട്ടീഷ് കവി ഡിലൻ തോമസിന്റെ വരികൾ
‘‘ആളിക്കത്തുക, ആളിക്കത്തുക
വെളിച്ചത്തിന്റെ അന്ത്യത്തിനെതിരെ
ആ രാവിലേക്ക് സ്വസ്ഥമായി
വിലയം പ്രാപിക്കാതിരിക്കുക’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.