ഒരു വിദ്യാർഥി തന്റെ അക്കാദമികകാലത്ത് പലവിധ സമ്മർദങ്ങളിലൂടെ കടന്നുപോയേക്കാം. പഠനഭാരം, രക്ഷിതാക്കളുടെ സമ്മർദം, പഠിക്കുന്ന സ്ഥാപനത്തിലെ സാഹചര്യങ്ങൾ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ തുടങ്ങി പലകാരണങ്ങൾ അതിന് പിന്നിലുണ്ടായേക്കാം. അത്തരം സമ്മർദങ്ങൾക്ക് മനസ്സിനെ വിട്ടുകൊടുക്കാതിരിക്കുക, അതിൽ വീഴാതിരിക്കുക എന്നത് പ്രധാനമാണ്. അതിനായി മനസ്സിനെ പാകമാക്കേണ്ടതുണ്ട്
എപ്പോഴും ഓർമിക്കുന്ന എന്റെ സ്കൂൾകാലത്തെ രണ്ട് കൂട്ടുകാരുണ്ട്. പെരുമാറ്റം കൊണ്ടും ജീവിതവീക്ഷണം കൊണ്ടും തീർത്തും വ്യത്യസ്തരായ രണ്ടുപേർ. ഒരാൾ മിടുക്കനായോ ‘പഠിപ്പിസ്റ്റ്’ ആയോ എണ്ണപ്പെട്ടിരുന്നില്ല പക്ഷേ, അദ്ദേഹത്തിന് നിർമലമായ, ശാന്തമായ മനസ്സുണ്ടായിരുന്നു. എത്ര വലിയ പ്രശ്നം വന്നാലും സമചിത്തതയോടെ, അവധാനതയോടെ നേരിടുന്ന പ്രകൃതം. ആദ്യ പത്ത് റാങ്കിലൊന്നും ആ പേര് ഒരുകാലത്തും ഉണ്ടായിരുന്നില്ല.
പിന്നീടങ്ങോട്ട് പഠിച്ച് മുന്നേറിയ അദ്ദേഹം ഇന്ത്യയുടെ അഭിമാനസ്തംഭമായ ഐ.എസ്.ആർ.ഒയിൽ എൻജിനീയറായി, ഐ.എസ്.ആർ.ഒയുടെ പല പ്രധാന പ്രോജക്ടുകളുടെയും ഭാഗമായി. കഠിനാധ്വാനത്തിനൊപ്പം ശാന്തതയും സമചിത്തതയുമായിരുന്നു ആ കൂട്ടുകാരന്റെ മുഖമുദ്ര.
ഏറെക്കാലത്തിന് ശേഷം അദ്ദേഹത്തെ കാണാനിടയായി. മധുരമാർന്ന ആ വിദ്യാർഥികാലം ഞങ്ങൾ ഓർത്തെടുത്തു. അന്നത്തെ പോലെ വളരെ കൂളായ മനഃസ്ഥിതി തന്നെയാണോ ഇപ്പോഴും എന്നായിരുന്നു എന്റെ ചോദ്യം. അദ്ദേഹം പറഞ്ഞു. ‘‘തത്രപ്പെട്ട് ചെയ്താലും ശാന്തമായി ചെയ്താലും ലക്ഷ്യം കൈവരിക്കുകയാണല്ലോ പ്രധാനം.
അതിന് ശാന്ത സമീപനമാണ് എപ്പോഴും നല്ലത്, അതാണ് എന്റെ അനുഭവവും. ജീവിതത്തിൽ ഒരുതരത്തിലുള്ള ഓട്ടപ്പന്തയത്തിനും ഞാൻ പോയില്ല. ദൈവാനുഗ്രഹത്താൽ ഇവിടെയൊക്കെ എത്താൻ സാധിച്ചു. പരിപൂർണ സംതൃപ്തനാണ്.’’ പ്രിയ കൂട്ടുകാരന്റെ മറുപടി എന്നെ ആഹ്ലാദചിത്തനാക്കി.
നേർ വിപരീത പ്രകൃതക്കാരനായിരുന്നു രണ്ടാമത്തെ കൂട്ടുകാരൻ. അതിബുദ്ധിമാനും സമർഥനുമായിരുന്നു. പക്ഷേ, പഠനകാര്യങ്ങളിലായാലും പഠനേതര കാര്യങ്ങളിലായാലും വെപ്രാളത്തോടെയല്ലാതെ ഞാൻ അവനെ കണ്ടിട്ടില്ല. ഏത് ജോലി ഏൽപിച്ചാലും കടുത്ത സംഘർഷത്തോടെ, വല്ലാതെ പണിപ്പെട്ടാണ് പൂർത്തീകരിച്ചിരുന്നത്. ക്ലാസ് മോണിറ്റർ ആയിരുന്നു, സ്പോർട്സിലും മിടുക്കൻ.
ഒരു കായികതാരം എങ്ങനെ ഇങ്ങനെ സംഘർഷത്തിന് അടിപ്പെടുന്നു എന്നചോദ്യം അന്നേ എനിക്കുണ്ടായിരുന്നു. നല്ല ഗ്രേഡോടെയാണ് അദ്ദേഹം വിജയിച്ചത്. വർഷങ്ങൾക്ക് ശേഷം ഈ കൂട്ടുകാരനെയും കാണാൻ സാധിച്ചു. വല്ലാത്ത വേദനയുണ്ടാക്കുന്ന കൂടിക്കാഴ്ചയായിരുന്നു അത്. ലക്ഷ്യം കൈവരിക്കാനുള്ള സാമർഥ്യം ചോർന്നുപോയിരിക്കുന്നുവോ എന്ന് ആദ്യനോട്ടത്തിൽതന്നെ തോന്നിപ്പോയി.
ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് മുന്നിൽ നിസ്സംഗനായി അദ്ദേഹം നിന്നു. അൽപം കഴിഞ്ഞ് പറഞ്ഞു: ‘‘ഒന്നും ചെയ്യുന്നില്ല, എപ്പോഴും വല്ലാത്ത ടെൻഷനാണ്. അത് നേരിടാൻ വയ്യാത്തതുകൊണ്ട് സ്വസ്ഥമായി വീട്ടിലിരിക്കുകയാണ്’’. ആ മറുപടി എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു.
ടെൻഷൻ ഒഴിവാക്കാൻ വീട്ടിൽ അഭയംപ്രാപിച്ച ആ സുഹൃത്ത് ലോകത്തിന് ഒരു സംഭാവനയും നൽകുന്നില്ല എന്നാണ് എന്റെ പക്ഷം. സമചിത്തതയോടെ മുന്നോട്ടുനീങ്ങിയ സുഹൃത്താകട്ടെ, രാജ്യത്തിനും ലോകത്തിനുതന്നെയും വലിയ സംഭാവനകൾ നൽകുന്ന ഒരു സ്ഥാപനത്തിന്റെ ഉന്നത പദവിയിലിരിക്കുന്നു.
എങ്ങനെ പഠിക്കണം, എങ്ങനെ മുന്നേറണം, ജീവിതത്തെ എങ്ങനെ സമീപിക്കണം എന്നതിനെല്ലാമുള്ള ഉത്തരം ഈ അനുഭവങ്ങളിലുണ്ട്. ജീവിതവഴികളിൽ ശാന്തതയോടെ, സമചിത്തതയോടെ, അതിലുപരി തികഞ്ഞ ആസൂത്രണത്തോടെയാകണം നമ്മുടെ യാത്ര. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ഇന്ന് കാണുന്ന കാഴ്ചകൾ നമ്മെ ദുഃഖിപ്പിക്കുന്നതാണ്.
പത്താം ക്ലാസ് റിസൽട്ട് വരുമ്പോൾ തന്നെ രണ്ടു വർഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന എൻട്രൻസ് പരീക്ഷക്കുള്ള പരിശീലനത്തിനായി വെപ്രാളപ്പെടുന്ന കുട്ടികളും മാതാപിതാക്കളും നമുക്ക് മുന്നിലുണ്ട്. വലിയ കാശ് മുടക്കി കോച്ചിങ് സ്ഥാപനങ്ങളിലെത്തുന്ന കുട്ടികളിൽ പലരും കടുത്ത മാനസികസംഘർഷത്തിന് അടിപ്പെടുന്നു. ഒരുപരിധിവരെ സ്ഥാപനങ്ങളാണ് ഈ സമ്മർദങ്ങൾ സൃഷ്ടിക്കുന്നത്. ദുരന്തത്തിലേക്കാണ് പല കുട്ടികളും എത്തുന്നത്.
ശാസ്ത്രസാങ്കേതിക രംഗത്തെ വളർച്ച നമുക്ക് ഗണ്യമായ പുരോഗതി സമ്മാനിച്ചിട്ടുണ്ട് എന്നത് നേരാണ്. പക്ഷേ, ഒട്ടും രഹസ്യാത്മകതയില്ലാത്ത തുറസ്സായ ലോകമാണത്. വീടിനുള്ളിലെ കമ്പ്യൂട്ടറിനോ മൊബൈലിനോ ഒപ്പമാണെങ്കിലും നാം തുറന്ന ലോകത്താണ് ഇടപെടുന്നത് എന്ന യാഥാർഥ്യം പല കുട്ടികളും തിരിച്ചറിയുന്നില്ല. ഈ തിരിച്ചറിവില്ലായ്മ പല അപകടങ്ങളിലേക്കും മാനസികസമ്മർദങ്ങളിലേക്കും ചൂഷണങ്ങളിലേക്കും നമ്മുടെ മക്കളെ നയിക്കുന്നു.
നമുക്ക് സമൂഹത്തെ ഭദ്രവും ശക്തവുമാക്കേണ്ടതുണ്ട്. സമ്പത്ത് കൊണ്ടല്ല; മാനസികമായ, ആന്തരികമായ ശക്തിസംഭരണമാണ് ഏറെ പ്രധാനം. ചുറ്റുമുള്ള അനേകമനേകം മനുഷ്യരെ കുറിച്ച് പഠിക്കാൻ നാം സന്നദ്ധരാകണം. നമ്മളെക്കാൾ വലിയ പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന ആ മനുഷ്യർ അവരുടെ പ്രശ്നങ്ങൾ എങ്ങനെ നേരിടുന്നു എന്ന് നിരീക്ഷിക്കാനും പഠിക്കാനും സാധിക്കേണ്ടതുണ്ട്.
ആ കാഴ്ചയിലൂടെയാണ് നാം എത്ര ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണെന്ന തിരിച്ചറിവുണ്ടാകുന്നത്. ഏറെ ക്ലേശിച്ച് നമ്മെ പോറ്റി വലുതാക്കിയ മാതാപിതാക്കൾ നമുക്ക് സമ്മാനിച്ചത് എത്രമേൽ സുവർണ നിമിഷങ്ങളാണ് എന്ന് ബോധ്യപ്പെടുന്നതും അങ്ങനെയാണ്. ഈ തിരിച്ചറിവാണ് കടപ്പാട്, പ്രതിബദ്ധത തുടങ്ങിയ വികാരങ്ങൾ നമ്മിൽ രൂപപ്പെടുത്തുക.
കുടുംബത്തോട്, സമൂഹത്തോട്, ലോകത്തോട് നാം പ്രതിബദ്ധതയുള്ളവരായിരിക്കണം. ആ മാനസികനിലയിൽ എത്തിയാൽ ആത്മാഹുതിപോലുള്ള ദൗർബല്യങ്ങളിലേക്ക് ഒരാൾ വീഴില്ല. എത്ര വലിയ പ്രതിസന്ധികൾ മുന്നിൽവന്നാലും പൊരുതി അതിജീവിക്കുക എന്നതാവണം നമ്മുടെ നയം.
ഒരു വിദ്യാർഥി തന്റെ അക്കാദമികകാലത്ത് പലവിധ സമ്മർദങ്ങളിലൂടെ കടന്നുപോയേക്കാം. പഠനഭാരം, രക്ഷിതാക്കളുടെ സമ്മർദം, പഠിക്കുന്ന സ്ഥാപനത്തിലെ സാഹചര്യങ്ങൾ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ തുടങ്ങി പലകാരണങ്ങൾ അതിന് പിന്നിലുണ്ടായേക്കാം.
അത്തരം സമ്മർദങ്ങൾക്ക് മനസ്സിനെ വിട്ടുകൊടുക്കാതിരിക്കുക, അതിൽ വീഴാതിരിക്കുക എന്നത് പ്രധാനമാണ്. അതിനായി മനസ്സിനെ പാകമാക്കേണ്ടതുണ്ട്. ശരീരം ഫിറ്റ്നസ് ഉള്ളതാക്കാൻ നമുക്ക് മുന്നിൽ പലവഴികളുണ്ട്. അതിലേറെ പ്രധാനമാണ് മനസ്സിന്റെ ഫിറ്റ്നസ്. അതിന് വായന നല്ലൊരു മരുന്നാണ്. മഹാൻമാരുടെയും മഹതികളുടെയും ആത്മകഥകളും ജീവചരിത്രങ്ങളും നമുക്ക് കനപ്പെട്ട ഉൾക്കാഴ്ചകൾ നൽകും.
അതിനൊപ്പം സാധാരണയിൽ സാധാരണക്കാരെന്ന് നാം കരുതുന്ന ചില അസാധാരണ മനുഷ്യരുടെ ജീവിതവും വായിക്കണം. പ്രതിബന്ധങ്ങളെ അവർ എങ്ങനെ നേരിട്ടു എന്ന ചിത്രം നമുക്ക് അവ വരച്ചുകാട്ടിത്തരും. നമുക്ക് പരിചിതമല്ലാത്ത അനുഭവലോകം വായന തുറന്നിടും. സൃഷ്ടിപരമായ കാര്യങ്ങളിൽ, സാംസ്കാരിക പ്രവർത്തനങ്ങളിൽ മുഴുകുക എന്നതാണ് മറ്റൊന്ന്.
നല്ല സൗഹൃദങ്ങളുടെ അകമ്പടിയോടെ സമൂഹവുമായി ഇടപഴകുമ്പോൾ മനസ്സ് ഏറെ വിശാലമാകും, സംഗീത ആസ്വാദനം, നല്ല സിനിമകളും നാടകങ്ങളും കാണൽ, കായികവിനോദങ്ങൾ എന്നിവക്കെല്ലാം സമയം കണ്ടെത്തുക. തീർച്ചയായും മനസ്സ് കരുത്തുറ്റതാകും. ആധുനിക ഒളിമ്പിക്സിന്റെ പിതാവ് പിയറി ഡീ കൂബർട്ടിന്റെ വാക്കുകൾ കടമെടുക്കാം:
‘‘വിജയിക്കലല്ല; പങ്കെടുക്കലാണ് ഒളിമ്പിക്സിൽ പ്രധാനം. ജീവിതത്തിൽ കീഴടക്കലുകളെക്കാൾ പ്രധാനം മികച്ച പോരാട്ടങ്ങളാണ്.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.