സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള സർക്കാർ വിഹിതം നൽകാത്തത് അധ്യാപകർക്ക് വിശിഷ്യ, പ്രഥാധ്യാപകർക്ക് വൻ ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉച്ചഭക്ഷണ വിതരണത്തിൽനിന്ന് പിന്മാറേണ്ട സാഹചര്യമാണെന്ന് പല സ്കൂളുകളും വ്യക്തമാക്കിയിരിക്കുന്നു. പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും നിലനിർത്താനുള്ള പ്രായോഗിക നിർദേശങ്ങളും വിശദമാക്കുന്നു സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ ദേശീയ റിവ്യൂ മിഷനിൽ സുപ്രീംകോടതി നിയോഗിച്ച പ്രതിനിധിയായിരുന്ന ലേഖകൻ
കേരളത്തിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള സർക്കാർ വിഹിതം ഈ സാമ്പത്തിക വർഷം വിതരണം ചെയ്തിട്ടില്ല. സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഗഡു, ലഭ്യമായിട്ടില്ലെന്നും അത് കിട്ടുന്ന മുറക്ക് ആനുപാതികമായ സംസ്ഥാന വിഹിതവും ചേർത്ത് വിതരണം ചെയ്യുമെന്നുമാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചത്. വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നതിന് സ്കൂളുകൾക്ക് നൽകുന്ന തുക അവസാനമായി വർധിപ്പിച്ചത് 2016 സെപ്റ്റംബറിലാണ്. ഭക്ഷ്യവസ്തുക്കളുടെ വിലയിൽ അതിനുശേഷം വലിയ വർധവുണ്ടായിട്ടും ആനുപാതികമായി തുക വർധിപ്പിക്കാൻ അധികാരികൾ തയാറല്ല.
ഒന്നു മുതൽ 150 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ കുട്ടിയൊന്നിന് പ്രതിദിനം എട്ടു രൂപയാണ് അനുവദിക്കുന്നത്. 151 മുതൽ 500 വരെ കുട്ടികളുള്ള സ്കൂളുകളിൽ കുട്ടിയൊന്നിന് പ്രതിദിനം ഏഴു രൂപയും അതിന് മുകളിൽ കുട്ടിയൊന്നിന് ആറു രൂപയുമാണ് അനുവദിക്കുന്നത്. പി.ടി.എ പ്രസിഡന്റ് ചെയർമാനും പ്രഥമ അധ്യാപകൻ കൺവീനറുമായ സ്കൂൾതല കമ്മിറ്റിക്കാണ് പദ്ധതി നടത്തിപ്പ് ചുമതല.
സ്കൂളിലെ ഉച്ചഭക്ഷണത്തിന് പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളും വിതരണം ചെയ്തവർ പണം ചോദിച്ചു വീട്ടിലേക്ക് വരുന്നതിൽ മനം മടുത്ത പ്രഥമാധ്യാപകൻ ഉച്ചഭക്ഷണ പദ്ധതി നിർത്തുകയാണെന്നറിയിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ കത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു. കത്തിനൊപ്പം സഹകരണ ബാങ്കിൽ നിന്ന് 11.50ശതമാനം പലിശക്ക് രണ്ടു ലക്ഷം രൂപ വായ്പ എടുത്തതിന്റെ രസീതും ചേർത്തിരുന്നു. ഇതിനോട് പ്രതികരിച്ച വിദ്യാഭ്യാസ മന്ത്രി ഉച്ചഭക്ഷണ വിതരണം നിർത്താനാവില്ലായെന്നും അത് വിതരണം ചെയ്യേണ്ടത് പ്രധാന അധ്യാപകരുടെ ചുമതലയാണെന്നും പറഞ്ഞുവെച്ചിട്ടുണ്ട്.
പൊതുവിദ്യായങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന അധ്യാപകരുടെ സംഘടനകൾ ഹൈകോടതിയെ സമീപിച്ച വാർത്തയും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനങ്ങൾക്കുകൂടി പങ്കാളിത്തമുള്ള ഈ കേന്ദ്രാവിഷ്കൃത പദ്ധതിയിൽ അരിയും പദ്ധതിയുടെ 60 ശതമാനം ചെലവും കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകണം. റിപ്പോർട്ടുകൾ പ്രകാരം 130 കോടി രൂപയാണ് കേരളത്തിലെ സ്കൂൾ ഹെഡ്മാസ്റ്റർമാർക്ക് ഈയിനത്തിൽ വിതരണം ചെയ്യേണ്ടത്.
കേന്ദ്രം 80 കോടി അനുവദിച്ചിട്ടില്ലെങ്കിലും 50 കോടി രൂപ സംസ്ഥാന സർക്കാറിന്റെ പക്കലുണ്ട്. എന്നാൽ, കേന്ദ്രസർക്കാറിന്റെ വീഴ്ചയുടെ ഫലമാണ് ഉച്ചഭക്ഷണ പദ്ധതിക്കുള്ള ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ ഏറെ ഗൗരവത്തോടെ നടപ്പിലാക്കേണ്ട അനിവാര്യമായ ഒരു പദ്ധതിയാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.
സ്കൂൾ ഉച്ചഭക്ഷണ പരിപാടി എന്ത്? എങ്ങനെ?
രാജ്യത്തെ എല്ലാ സർക്കാർ എലിമെന്ററി വിദ്യാലയങ്ങളിലും ‘ഗവൺമെന്റ് ഓഫ് ഇന്ത്യ’ നടപ്പിലാക്കുന്ന വിപുലപദ്ധതിയാണ് സ്കൂൾ ഉച്ചഭക്ഷണ പരിപാടി. 2021-22 മുതൽ 2025-26 വരെയുള്ള കാലയളവിൽ രാജ്യത്തെ സർക്കാർ/ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്ക് ചൂടോടെ പാകം ചെയ്ത ഭക്ഷണം നൽകുന്നതിനുള്ള പ്രധാനമന്ത്രി പോഷൻ സ്കീമിന് സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി (CCEA) അനുമതി നൽകിയിട്ടുണ്ട്.
2013ലെ ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരം രാജ്യത്തെ ഏതാണ്ടെല്ലാ സർക്കാർ/ സർക്കാർ-എയ്ഡഡ് സ്കൂളുകളിലുമായി പദ്ധതി നടക്കുന്നുണ്ട്. 11.20 ലക്ഷം സ്കൂളുകളിലായി പഠിക്കുന്ന 11.80 കോടി കുട്ടികളാണ് പദ്ധതിയിൽ ഇന്ന് ഉൾപ്പെടുന്നത്. 2020-21 കാലയളവിൽ, ഭക്ഷ്യധാന്യങ്ങൾക്കായുള്ള ഏകദേശം 11,500 കോടി രൂപ ഉൾപ്പെടെ ഏതാണ്ട് 24,400 കോടി രൂപയിലധികം യൂനിയൻ സർക്കാർ പദ്ധതിക്കുവേണ്ടി വകകൊള്ളിച്ചിരുന്നു.
2019-21 കാലയളവിൽ നടന്ന അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട് പ്രകാരം രാജ്യത്തെ 45 കോടിയോളം വരുന്ന കുട്ടികളിൽ 32 ശതമാനത്തോളം പേർക്ക് ഭാരക്കുറവുള്ളവരാണെന്നും ഏകദേശം 67 ശതമാനം കുട്ടികൾക്കും വിളർച്ചരോഗം ഉണ്ടെന്നുമുള്ള കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. പ്രായത്തിനനുസരിച്ചുള്ള ഉയരമില്ലാത്ത കുട്ടികൾ ഏതാണ്ട് 35.5 ശതമാനം വരും. 27 ശതമാനം കുട്ടികൾ തൂക്കക്കുറവുള്ളവരാണ്. അതിൽതന്നെ 7.7 ശതമാനം പേർ ഗുരുതരമായ വിധത്തിൽ തൂക്കക്കുറവ് ഉള്ളവരാണെന്നും ദേശീയ കുടുംബാരോഗ്യ സർവേയുടെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ കുട്ടികളിൽ മഹാഭൂരിപക്ഷം പേരുടെയും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 11.0 g/dl-ന് താഴെ മാത്രമാണ്.
കുട്ടികളുടെ ആരോഗ്യ നിലവാരം ഉയർത്താൻ സ്കൂൾ പോഷകാഹാര പദ്ധതികൾ സഹായകമാകുമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം, കുട്ടികൾക്ക് ക്ലാസ് മുറിയിലിരിക്കുമ്പോഴുണ്ടാകുന്ന വിശപ്പ് ഒരു പരിധിവരെ നിയന്ത്രിക്കാനും, അവരുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താനുമുള്ള പദ്ധതികളുണ്ടാകേണ്ടത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്.
നമ്മുടെ കുട്ടികളുടെ ആരോഗ്യത്തെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കുന്നതിനാൽ പി.എം.പോഷന് കീഴിലെ ഭക്ഷണ മെനുവിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും കുക്ക് കം ഹെൽപർമാരുടെ പരിശീലന പരിപാടികൾ ശ്രദ്ധയോടെ നടപ്പാക്കണമെന്നും കേന്ദ്രീകൃത അടുക്കളകളിൽ ഭക്ഷണം തയാറാക്കുന്ന പദ്ധതി ആലോചിക്കേണ്ടതുണ്ടെന്നും ശരിയായ പദ്ധതി ആസൂത്രണവും അവലോകനവും മോണിറ്ററിങ്ങും നടത്തണമെന്നും പദ്ധതി നടത്തിപ്പിനായുള്ള നിർദേശങ്ങളിൽ എടുത്തു പറയുന്നുണ്ട്.
ഉച്ചഭക്ഷണ പദ്ധതിയുടെ ചരിത്രം
1920 കളിൽതന്നെ തമിഴ്നാട്ടിൽ ഉച്ചഭക്ഷണ പരിപാടിയുണ്ടായിരുന്നതായി പറയപ്പെടുന്നു. 1921ൽ ആരംഭിച്ച എറിയാട് ഗവ. കേരളവർമ എൽ.പി. സ്കൂളിലെ കുഞ്ഞുങ്ങൾക്ക്, സ്കൂൾ സ്ഥാപകനും കേരളം പലപ്പോഴും വിസ്മരിക്കുന്ന നവോത്ഥാന നായകനുമായ മണപ്പാട് കുഞ്ഞുമുഹമ്മദ് ഹാജി വിദ്യാലയ കോമ്പൗണ്ടിനടുത്തുതന്നെയുണ്ടായിരുന്ന ഐക്യവിലാസമെന്ന തന്റെ ഭവനത്തിൽ ഉച്ചഭക്ഷണം തയാറാക്കി വിതരണം ചെയ്തിരുന്നു. വീടിന്റെ ഉമ്മറത്ത് തന്റെ മക്കളെയും സ്കൂളിലെത്തിയിരുന്ന മക്കളെയും ഒരുമിച്ചിരുത്തി അദ്ദേഹം ഭക്ഷണം വിളമ്പിക്കൊടുക്കുകയായിരുന്നു പതിവ്.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യമായി സ്കൂൾ ഉച്ചഭക്ഷണപദ്ധതി തുടങ്ങിയത് കെ. കാമരാജ് മുഖ്യമന്ത്രിയായിരിക്കെ 1956 ൽ മദ്രാസിലാണ്. അതേക്കുറിച്ച് ഒരു കഥയുണ്ട്: ലാളിത്യത്തിൽ വിശ്വസിക്കുകയും അത് നടപ്പിലാക്കുകയും ചെയ്ത ജനനേതാവായ കാമരാജ് ചുവന്ന വിളക്ക് മുകളിൽ വെച്ചുള്ള കാർ ഉപയോഗിച്ചിരുന്നില്ല. വാഹനങ്ങളുടെ അകമ്പടിയും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഒരു യാത്രക്കിടെ ഒരു റെയിൽവേ െലവൽ ക്രോസിൽ തന്റെ വാഹനം നിർത്തി ട്രെയിൻ പോകുന്നതുവരെ അദ്ദേഹത്തിന് കാത്തുനിൽക്കേണ്ടിവന്നു. അന്നേരം കാറിൽ നിന്നിറങ്ങിയ അദ്ദേഹം തൊട്ടടുത്ത വയലിൽ ആടുകളെയും പശുക്കളേയും മേയ്ക്കുന്ന കുട്ടികളെ കണ്ടു. അതിൽ ഒരുവനോട് അദ്ദേഹം ചോദിച്ചു: ‘‘നീയെന്താണ് സ്കൂളിൽ പോകാതെ, പശുവിനെയും കൊണ്ട് നടക്കുന്നത്?’’
കുട്ടി ആ മനുഷ്യനെ നോക്കി. തന്നോട് ചോദ്യം ചോദിച്ചയാൾ മദ്രാസ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്നൊന്നും അവനറിയുമായിരുന്നില്ല. ഉടനടി കുട്ടിയുടെ മറുപടി വന്നു, ‘‘ഞാൻ സ്കൂളിൽ പോയാൽ നിങ്ങൾ എനിക്ക് ഭക്ഷണം തരുമോ?’’ ഈ സംസാരമാണ് കെ. കാമരാജിനെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി തുടങ്ങുവാൻ പ്രേരിപ്പിച്ചതത്രേ!
1982 ൽ എം.ജി. രാമചന്ദ്രൻ മുഖ്യമന്ത്രിയായപ്പോൾ തമിഴ്നാട്ടിലെ എല്ലാ സർക്കാർ പ്രൈമറി വിദ്യാർഥികൾക്കും ഉച്ചഭക്ഷണം നൽകുന്ന പദ്ധതി നടപ്പാക്കി. പിന്നീടത് പത്താംക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കുമായി വ്യാപിപ്പിച്ചു. രാജ്യത്തെ വിദ്യാലയങ്ങളിൽ ചെറുതും വലുതുമായി സംഘടിപ്പിക്കപ്പെട്ട സ്കൂൾ ഉച്ചഭക്ഷണ പരിപാടികൾ, അത്തരം വിദ്യാലയത്തിലേക്കുള്ള കുട്ടികളുടെ കടന്നുവരവിന് കാരണമായിട്ടുണ്ടെന്ന് പഠനങ്ങളുണ്ടായിട്ടുണ്ട്. കൊഴിഞ്ഞുപോക്ക് വലിയതോതിൽ കുറക്കാൻ കഴിഞ്ഞതോടൊപ്പം, കുട്ടികളുടെ ആരോഗ്യസ്ഥിതിയിലും പുരോഗതി ഉണ്ടാക്കാൻ ഈ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്.
v.manoj101@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.