2019ലെ പൊതുതെരഞ്ഞെടുപ്പ് വേളയിൽ പ്രവർത്തകരോടൊത്ത് ചുവരെഴുത്ത് നടത്തുന്ന ഡോ. രാമചന്ദ്ര ഡോം (ഫയൽ ചിത്രം)
സി.പി.എം പോളിറ്റ്ബ്യൂറോയിലെ ആദ്യ ദലിത് പ്രതിനിധി ഡോ. രാമചന്ദ്ര ഡോം 'മാധ്യമ'ത്തോട് സംസാരിക്കുന്നു.
ബംഗാളിലെ വിർഭൂം ജില്ലയിലെ ചെറു ദലിത് ഗ്രാമമാണ് ചില്ല. ചരിത്രംകുറിച്ച് സി.പി.എം പോളിറ്റ്ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ദലിത് നേതാവ് ഡോ. രാമചന്ദ്ര ഡോമിന്‍റെ ജന്മഗ്രാമം. ഭൂരിപക്ഷവും കർഷകത്തൊഴിലാളികളായ ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ പിറുപഡ ഡോമിന്‍റെയും അചല ബാലയുടെയും ഒമ്പതു മക്കളിൽ മൂന്നാമനാണ് ഡോ. രാമചന്ദ്ര ഡോം. പഠനത്തിൽ മിടുക്കനായിരുന്ന ഡോം ആഗ്രഹിച്ചത് ഡോക്ടർ ആകാനാണ്. കൊൽക്കത്ത യൂനിവേഴ്സിറ്റിയിൽനിന്ന് 1983ൽ എം.ബി.ബി.എസ് നേടി. വൈകാതെ ബംഗാൾ ആരോഗ്യ വകുപ്പിൽ സർവിസിൽ ചേർന്നു. 1989ൽ പട്ടികവിഭാഗ സംവരണ സീറ്റായ വിർഭൂം ലോക്സഭ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ സി.പി.എം ഡോ. ഡോമിനോട് നിർദേശിച്ചതാണ് ജീവിതകഥയിലെ വഴിത്തിരിവ്.
അതോടെ മുഴുസമയ രാഷ്ട്രീയപ്രവർത്തകനായി. 2014വരെ തുടർച്ചയായി ആറു തവണ വിർഭൂമിൽനിന്നും 2009ൽ ഗോൽപൂരിൽനിന്നും ലോക്സഭയിലെത്തി. പoനകാലത്തുതന്നെ എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും സജീവമായിരുന്ന രാമചന്ദ്ര ഡോം വിർഭൂം സി.പി.എം ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നിങ്ങനെ വിവിധ പദവികളിൽ പ്രവർത്തിച്ചു. ബംഗാളിൽ സി.പി.എമ്മിന്‍റെ പ്രമുഖ ദലിത് മുഖമാണ് 63കാരനായ ഡോ. ഡോം. സി.പി.എം പോഷകസംഘടനയായ ദലിത് ശോഷൻ മുക്തി മഞ്ചിന്‍റെ (ഡി.എസ്.എം.എം) ജനറൽ സെക്രട്ടറിയാണ്. ആ നിലക്കുകൂടിയാണ് പോളിറ്റ്ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഭാര്യ വന്ദന ഡോം വീട്ടമ്മയാണ്. മകൾ മധുരിമ ടെക്സ്റ്റൈൽ മേഖലയിൽ കൺസൽട്ടന്‍റായി ജോലിചെയ്യുന്നു. ഡോക്ടർ ജോലിയിൽനിന്ന് രാഷ്ട്രീയത്തിൽ വന്നത് താനുൾപ്പെടെയുള്ള ദലിത് വിഭാഗങ്ങളുടെ ഉന്നമനത്തിന് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലാണെന്ന് ഡോ. ഡോം പറയുന്നു.
സി.പി.എമ്മിന് 58 വയസ്സായി. പാർട്ടിയുടെ പരമോന്നത സമിതിയിലേക്ക് ഒരു ദലിത് പ്രതിനിധി എത്തുന്നത് ഇപ്പോൾ മാത്രമാണ്. വല്ലാതെ വൈകിയോ..?
ഇത്രയും സമയമെടുത്തുവെന്നത് ശരിയാണ്. പക്ഷേ, വൈകിയെന്ന് ഞാൻ പറയില്ല. അങ്ങനെയൊരു വിലയിരുത്തൽ ശരിയാവുകയുമില്ല. അതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിക്ക് അതിന്‍റെ നേതാക്കളെ നിശ്ചയിക്കുന്നതിന് പാർട്ടിയുടേതായ നടപടിക്രമങ്ങളുണ്ട്. നൂറുകണക്കിന് ആദിവാസി, ദലിത് സഖാക്കൾ പാർട്ടിയുടെ വിവിധ ഘടകങ്ങളിലുണ്ട്. പാർട്ടി ദലിത് വിഭാഗങ്ങൾക്ക് അവസരം നൽകിയില്ലെന്ന് പറയാനാകില്ല.
പോളിറ്റ്ബ്യൂറോയിൽ ആദ്യമായി ഒരു ദലിത് പ്രതിനിധി വരുമ്പോൾ അതിന്‍റെ സന്ദേശമെന്താണ്?
അരികുവത്കരിക്കപ്പെട്ട വിഭാഗത്തിന് നൽകുന്ന അംഗീകാരമാണിത്. ഇതൊരു വലിയ സന്ദേശമാണ്. തൊഴിലാളി, ചൂഷിതവർഗങ്ങളുടെ മോചനത്തിന് വേണ്ടിയാണ് പാർട്ടി പ്രവർത്തിക്കുന്നത്. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിട്ടുള്ളതെന്ന് അറിയാം. പിന്നാക്ക-ദലിത് വിഭാഗങ്ങൾക്കായി സാധ്യമായനിലയിൽ ശബ്ദിക്കും.
ബംഗാളിൽനിന്നുള്ള അംഗമെന്നനിലയിൽ പോളിറ്റ് ബ്യൂറോയിൽ എത്തുമ്പോൾ അത് താങ്കളുടെ സംസ്ഥാനത്ത് എന്ത് തരത്തിലാണ് പാർട്ടിയിൽ പ്രതിഫലിക്കുക ?
ബംഗാളിൽ ഞങ്ങൾ ബി.ജെ.പിയുടെയും തൃണമൂൽ കോൺഗ്രസിന്‍റെയും ഫാഷിസ്റ്റ് അക്രമത്തിനെതിരെ പോരാടുകയാണ്. ആ പോരാട്ടത്തിൽ ജനങ്ങൾക്കൊപ്പംനിന്ന് കരുത്തുപകരാനാണ് ശ്രമിക്കുക. പാർട്ടി കോൺഗ്രസ് തീരുമാനം വഴി കൂടുതൽ വിഭാഗങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ കഴിയുമെന്ന് കരുതുന്നു. ബംഗാളിൽ മാത്രമല്ല, രാജ്യത്താകെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കമ്യൂണിസ്റ്റ് പാർട്ടികളുടെ ലാൽ സലാമും അംബേദ്കറിസ്റ്റുകളുടെ നീൽ സലാമും യോജിക്കുകയാണെന്ന് പറയാമോ..?
യഥാർഥത്തിൽ ലാൽ സലാമും നീൽ സലാമും തമ്മിൽ വലിയ വ്യത്യാസമില്ല. രണ്ടും സാമൂഹികമായി അരികുവത്കരിക്കപ്പെട്ട, ചൂഷിതവിഭാഗങ്ങളുടെ പോരാട്ടത്തിനുള്ള ആഹ്വാനമാണ്.
ദലിത്-പിന്നാക്ക വിഭാഗങ്ങൾ പാർട്ടിയിൽനിന്ന് അകന്നതാണ് ബംഗാളിലെ തിരിച്ചടിക്ക് കാരണമെന്ന് വിലയിരുത്തലുകളുണ്ട്.
അത് പൂർണമായും ശരിയല്ല. തെരഞ്ഞെടുപ്പ് പരാജയങ്ങൾ മാത്രം വിലയിരുത്തി അത്തരമൊരു വിലയിരുത്തലിലേക്ക് പോകരുത്. സി.പി.എമ്മിന് പിന്നിൽ ധാരാളമായി ദലിത്-പിന്നാക്ക വിഭാഗങ്ങൾ ഇപ്പോഴുമുണ്ട്. അത് കൂടുതൽ ശക്തിപ്പെടുത്താനാണ് ശ്രമം.
പല തട്ടുകളിലായി നിൽക്കുന്ന പിന്നാക്ക-ദലിത് വിഭാഗങ്ങളെ ഒരുമിച്ചുകൂട്ടുന്നതിന് പാർട്ടിയുടെ പദ്ധതികൾ എന്താണ്..?
ഇന്ത്യൻ സാഹചര്യത്തിൽ വൈവിധ്യങ്ങൾ ഒരു യാഥാർഥ്യമാണ്. സ്വത്വരാഷ്ട്രീയവും ഇവിടെയുണ്ട്. പിന്നാക്ക-ദലിത് വിഭാഗങ്ങളെ ഒന്നിച്ചുകൂട്ടുന്നതിന് അതൊക്കെ തടസ്സങ്ങളാണ്. ഞങ്ങൾ തൊഴിലാളി ചൂഷിതവർഗമെന്ന് പറയുമ്പോൾ അതിൽ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നവരാണ്. അങ്ങനെയൊരു കൂട്ടായ്മ രൂപപ്പെടുത്തുക ശ്രമകരമാണ്. എങ്കിലും, സി.പി.എമ്മിന് ആത്മവിശ്വാസമുണ്ട്.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.