ഒരു ഉത്തരേന്ത്യൻ വിദ്യാലയത്തിലെ ഉർദു ക്ലാസ്​മുറി -ഫയൽ ചിത്രം

മരിക്കുന്ന മാതൃഭാഷകൾ, മരണവക്ത്രത്തിലെ മാതൃഭൂമി

ഞാനീ കുറിച്ചിട്ടത്​ എ​െൻറ മാതൃഭാഷയുടെ കാര്യമാണ്​. ഇതേ വിധത്തിൽ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലായി നിരവധി ഭാഷകൾ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്നു, മരണവക്കി​ലെത്തി നിൽക്കുന്നു. അതിനെല്ലാമുപരി ഒരു രാജ്യം ഒരു ഭാഷ എന്ന തികഞ്ഞ ദുരുദ്ദേശ്യം നിറഞ്ഞ അജണ്ട അടിച്ചേൽപിക്കാനുള്ള ശ്രമം തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു

വീണ്ടുമൊരു മാതൃഭാഷ ദിനം വരുന്നു- ഫെബ്രുവരി 21ന്. ആദ്യമേ പറയട്ടെ, മാതൃഭാഷയായ ഉർദുവിൽ എനിക്ക് പ്രാവീണ്യം തുലോം കുറവാണ്. ഇക്കാര്യത്തിൽ എനിക്ക് നല്ല അസ്വസ്ഥതയുമുണ്ട്. രാജ്യത്തെ ഒരു ന്യൂനപക്ഷ സമുദായത്തിലെ കുട്ടികൾക്ക് അവരുടെ മാതൃഭാഷ പഠിക്കാനും പരിശീലിക്കാനുമുള്ള അവസരം നിഷേധിച്ചതിന് ഇവിടത്തെ രാഷ്ട്രീയ ഭരണനേതൃത്വത്തെയാണ് ഞാൻ പഴിപറയുക. ഇന്ത്യയിലെ ഭൂരിഭാഗം സ്‌കൂളുകളിലും ഉർദു പഠിപ്പിക്കുന്നതേയില്ല. ഞങ്ങളുടെ ഉർദുപഠനം നഷ്ടപ്പെടുത്താതിരിക്കാൻ മാതാപിതാക്കൾ പരമാവധി ശ്രമിച്ചതാണ്. എന്നെയും സഹോദരങ്ങളെയും ഉർദുവും ഖുർആൻ പാരായണവും പഠിപ്പിക്കാൻ ഒരു മൗലവി സാഹിബിനെ ഏർപ്പാടാക്കിയിരുന്നു. സഹോദരങ്ങൾ കുറെയൊക്കെ പഠിച്ചെങ്കിലും എനിക്ക് അടിസ്ഥാന പാഠങ്ങൾക്കപ്പുറം പോകാൻ കഴിഞ്ഞില്ല.

മാതൃഭാഷയിൽ ഒഴുക്കോടെ എനിക്ക് സംസാരിക്കാനറിയില്ലെന്നറിഞ്ഞ് ഖുശ്വന്ത് സിങ് സത്യത്തിൽ ഞെട്ടിപ്പോയി, ഉർദു പഠനം പുനരാരംഭിച്ചേ തീരൂ എന്നദ്ദേഹം നിർബന്ധിക്കുകയും ചെയ്തു. പക്ഷേ, അപ്പോഴേക്കും കുറെ വൈകിപ്പോയിരുന്നു. സ്കൂൾ കാലങ്ങളിൽ പഠിക്കുന്ന കാര്യങ്ങളാണ് എക്കാലവും നമ്മുടെ ഉള്ളിൽ മായാതെ നിലകൊള്ളുക എന്നാണ് എെൻറ പക്ഷം. ഉർദു ഭാഷ അറിയില്ലെന്ന് വരുകിൽ ആ ഭാഷയിലെ കവിതയുടെയും സാഹിത്യത്തിന്റെയും വിശാല ലോകം എനിക്ക് നഷ്ടപ്പെടുമെന്നായിരുന്നു ഖുശ്വന്ത് പറഞ്ഞത്.

സങ്കുചിത വർഗീയ വീക്ഷണത്താലാണ് രാജ്യത്തെ മാറിമാറി വരുന്ന സർക്കാറുകളും രാഷ്ട്രീയക്കാരും ഈ ഭാഷയോട് ഇമ്മട്ടിൽ മോശമായി പെരുമാറുന്നതെന്നും അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ഇതേക്കുറിച്ച് മുമ്പൊരിക്കൽ ഈ കോളത്തിൽ അദ്ദേഹത്തെ ഉദ്ധരിച്ചിരുന്നത് ആവർത്തിക്കുന്നതിൽ വായനക്കാർ ക്ഷമിക്കുക, ക്ഷമിക്കാനാവാത്ത അപരാധമാണ് ഇൗ ഭാഷയോട് ചെയ്തു കൊണ്ടിരിക്കുന്നത്.

‘‘ജനിച്ച, തഴച്ചുവളർന്ന നാട്ടിൽ സാവധാനം മരണത്തിലേക്ക് നീങ്ങുകയാണ് ഉർദു. പ്രൈമറി മുതൽ ബിരുദാനന്തരതലം വരെ ഉർദു പഠിപ്പിക്കുന്ന കശ്മീരിൽ ഒഴികെ, സ്കൂളുകളിലും കോളജുകളിലും അത് വിഷയമായി സ്വീകരിക്കുന്ന വിദ്യാർഥികളുടെ എണ്ണം കുറയുന്നു. രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിൽ അത് രണ്ടാം ഭാഷയോ മൂന്നാം ഭാഷയോ ആണ്. ഉർദുവിനെ മുസ് ലിംകളുടെ ഭാഷയായി വിശേഷിപ്പിക്കുന്നതും സത്യവിരുദ്ധമാണ്...’’ - ഈ ഭാഷ നേരിടുന്ന പരിതാപാവസ്ഥയെക്കുറിച്ച് അദ്ദേഹം വിവരിച്ചതിങ്ങനെയാണ്. ഉർദുവിെൻറ അവസ്ഥ വിവരിക്കുന്ന റാഷിദിെൻറ രണ്ടുവരിക്കവിതയും അദ്ദേഹം ഉദ്ധരിക്കാറുണ്ടായിരുന്നു.

മേരീ അല്ലാ സേ ബസ്

ഇത്നീ ദുആ ഹേ റാശിദ്

മേ ജോ ഉർദു മേ വസിയ്യത് ലിഖൂം

ബേട്ടാ പഠ് ലേ

(പടച്ചവനോട് റാഷിദിന്

ഒരേയൊരു പ്രാർഥനയേയുള്ളൂ;

ഉർദുവിലെഴുതുന്ന വിൽപത്രം വായിക്കാൻ

എെൻറ മകന് സാധിക്കണമെന്നത് മാത്രം)

വർഗീയ രാഷ്ട്രീയം ഉർദുവിനെ ഏകദേശം മരണവക്കിൽ കൊണ്ടെത്തിച്ചു എന്നുതന്നെ പറയാം. അതിനിപ്പോഴും ജീവനുണ്ട് എങ്കിൽ അത് ബോളിവുഡിെൻറ വാണിജ്യതാൽപര്യങ്ങൾകൊണ്ട് മാത്രമാണ്, അല്ലെങ്കിൽ കവിത- ശായരി അരങ്ങുകളുള്ളതുകൊണ്ട്.

ഞാനീ കുറിച്ചിട്ടത് എെൻറ മാതൃഭാഷയുടെ കാര്യമാണ്. ഇതേ വിധത്തിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി നിരവധി ഭാഷകൾ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്നു, മരണവക്കിലെത്തി നിൽക്കുന്നു. അതിനെല്ലാമുപരി ഒരു രാജ്യം ഒരു ഭാഷ എന്ന തികഞ്ഞ ദുരുദ്ദേശം നിറഞ്ഞ അജണ്ട അടിച്ചേൽപിക്കാനുള്ള ശ്രമം തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു.

മാതൃഭാഷയായ ഉർദുവിൽ ഞാനൊരു പരാജയമാണെങ്കിലും ഹിന്ദിയിൽ കാര്യമായ പഠനപുരോഗതി നേടാൻ എനിക്കായിരുന്നു. അതിന് രണ്ട് കാരണങ്ങളുണ്ട്. പ്രധാനമായും സ്കൂളിൽനിന്നുതന്നെ ഹിന്ദി പഠനം ഞാൻ ആരംഭിച്ചിരുന്നു, കോളജിൽ ഇൻറർമീഡിയറ്റിന് ഹിന്ദിയും സംസ്കൃതവും ചേരുന്ന അഡ്വാൻസ്ഡ് ഹിന്ദിയാണ് ഞാൻ എടുത്തത്. കുറച്ച് പഠിച്ചുകഴിഞ്ഞപ്പോൾ അതികഠിനമായി എനിക്ക് തോന്നിയിരുന്നു. ആ ഘട്ടത്തിൽ അബ്ബ എനിക്ക് ട്യൂഷനെടുക്കാൻ ഒരു പണ്ഡിറ്റ്ജിയെ നിയോഗിച്ചു- ലഖ്നോ ഇസ് ലാമിയ ഇൻറർമീഡിയറ്റ് കോളജിലെ ഹിന്ദി അധ്യാപകനായിരുന്നു അദ്ദേഹം.

ആ ഭാഷയോട് നമുക്ക് സ്നേഹം ജനിപ്പിക്കുന്ന വിധത്തിലായിരുന്നു അധ്യാപനത്തിൽ അദ്ദേഹം പുലർത്തിയ ക്ഷമയും സമർപ്പണബുദ്ധിയും. വായ് നിറയെ പാൻ നിറച്ച്, സമയമെത്രയായെന്ന് നോക്കുകപോലും ചെയ്യാതെ അധ്യാപനത്തിൽ മുഴുകിയിരിക്കും അദ്ദേഹം. ഏറെ നേരമിരുത്തി പഠിപ്പിക്കുന്നതിനിടയിലും വീട്ടിൽനിന്ന് ചായയോ വെള്ളമോ അദ്ദേഹം സ്വീകരിക്കാറില്ലായിരുന്നു. ഞങ്ങളുടേത് സസ്യേതര ആഹാരം പാചകം ചെയ്യുന്ന വീടായതിനാലാവാമത്. പക്ഷേ, അദ്ദേഹം അത് വ്യക്തമാക്കി പറഞ്ഞിരുന്നില്ല. വെള്ളമോ ചായയോ കൊടുക്കുേമ്പാൾ അദ്ദേഹം സ്ഥിരമായി പറയുന്ന, ‘അയ്യോ, വായിൽ മുറുക്കാനാണല്ലോ’ എന്ന മറുപടി എനിക്കോർമയുണ്ട്. ഒരു കൊച്ചു തുണിസഞ്ചിയിൽ തനിക്കാവശ്യമായ മുറുക്കാനും നിറച്ചുകൊണ്ടാണ് അദ്ദേഹം വന്നിരുന്നത്.

അത്യാകർഷകമായിരുന്നു അദ്ദേഹത്തിെൻറ അധ്യാപനരീതി. ഹിന്ദി, സംസ്‌കൃത ഭാഷകളുമായി ബന്ധപ്പെട്ട ഓരോ സൂക്ഷ്മ ഘടകവും വിശദാംശങ്ങളും വിവരിച്ചുതരും. ഇവയുമായി ബന്ധപ്പെടുത്തി അതീവ സരസവും ലളിതവുമായി പറഞ്ഞുതന്ന പുരാണ കഥകളും മറക്കാനാവില്ല. വർഷങ്ങളിത്ര കഴിഞ്ഞെങ്കിലും അന്ന് പഠിച്ച പാഠങ്ങളെല്ലാം എന്റെ മനസ്സിലുണ്ട്.

അതൊരു നല്ല കാലമായിരുന്നു. അന്ന് സമുദായങ്ങൾ സൗമ്യതയോടെ, സൗഹാർദ ബുദ്ധിയോടെ ജീവിച്ച കാലം. കൊലവിളികളും വംശഹത്യ ആഹ്വാനങ്ങളും മുഴക്കാനുള്ള ശേഷിയൊന്നും വർഗീയ ശക്തികൾ അന്ന് ആർജിച്ചിരുന്നില്ല. നമ്മുടെ നാട്ടിലും ആൾക്കൂട്ടക്കൊലകൾ നടമാടുമെന്ന് മനുഷ്യർ ആലോചിച്ചിരുന്നുപോലുമില്ല. തുടക്കത്തിൽ നാം ചർച്ച ചെയ്തത് മാതൃഭാഷയുടെ മൃതാവസ്ഥയെക്കുറിച്ചെങ്കിൽ, സ്നേഹവും സൗഹാർദവും സഹിഷ്ണുതയും ഇല്ലാതാക്കപ്പെടുേമ്പാൾ മരണവക് ത്രത്തിലാവുന്നത് നമ്മുടെ മാതൃഭൂമിയാണ്. വർഗീയ പകപോക്കൽ വെച്ച് ഭാഷകളെ നശിപ്പിക്കുന്ന കാലത്ത് മനുഷ്യരുടെ കാര്യം പറയേണ്ടതുണ്ടോ.

Tags:    
News Summary - Dying Mothertounges-Humra Khuraishi-Mother Tongue Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.