വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ സൂചകംപോലെ തെളിഞ്ഞു നില്‍ക്കുന്നത് രണ്ടു ബിംബങ്ങളാണ് വിജയഭേരി മുഴക്കുന്ന നരേന്ദ്ര മോദി; ഉടഞ്ഞ ബിംബമായി മായാവതി. അഞ്ചു സംസ്ഥാനങ്ങളില്‍ ഭരണം മൂക്കുകുത്താന്‍ കാരണം ഭരണവിരുദ്ധ വികാരമാണെന്ന് പൊതുവെ പറയാം. കോണ്‍ഗ്രസ് ഒരുവിധം പിടിച്ചുനിന്നു. പ്രാദേശിക രാഷ്ട്രീയത്തില്‍ കരുത്തരായി നിന്ന സമാജ്വാദി പാര്‍ട്ടിക്കും ബി.എസ്.പിക്കും ശിരോമണി അകാലിദളിനും അടിതെറ്റി. ബദല്‍രാഷ്ട്രീയത്തിന്‍െറ ഇടം നിലനിര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞു. എന്നാല്‍, ഇതിനെല്ലാമിടയില്‍ തെളിഞ്ഞുകിടക്കുന്ന അപകടരമായ വഴിത്തിരിവിന്‍െറ രണ്ടു സൂചകങ്ങളാണ് മോദിയും മായാവതിയും. ബി.ജെ.പിയുടെ ജയം അസാമാന്യം തന്നെ. എന്നാല്‍, രാജ്യത്തിന്‍െറ ജനാധിപത്യ, ബഹുസ്വര സങ്കല്‍പങ്ങളെ വെട്ടിയൊതുക്കി വര്‍ഗീയതയില്‍ ഊന്നിയ ഹിന്ദുദേശീയത വെന്നിക്കൊടി പാറിച്ചതു വഴി തെറ്റായ പ്രവണതയും സന്ദേശവും വിളംബരം ചെയ്യുന്ന തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പുകളെ ജനാധിപത്യ പ്രക്രിയക്കപ്പുറം, മതരാഷ്ട്രീയത്തിന്‍െറ വര്‍ഗീയ കടഞ്ഞെടുപ്പായി അധ$പതിപ്പിക്കുന്ന സ്ഥിതിയാണ് വന്നുപെട്ടിരിക്കുന്നത്. രാജ്യത്തിന്‍െറ അടിസ്ഥാന പ്രമാണങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നവരെപ്പോലും മതരാഷ്ട്രീയത്തിന്‍െറയും ഹിന്ദുത്വ ദേശീയതയുടെയും വഴിത്താരയിലേക്ക് ആട്ടിത്തെളിക്കാന്‍ പര്യാപ്തമായ വിധിയെഴുത്ത്.
ജാതിരാഷ്ട്രീയത്തില്‍ ഊന്നിനിന്ന യു.പി രാഷ്ട്രീയത്തെ ഹിന്ദുത്വ രാഷ്ട്രീയം അട്ടിമറിച്ചുകളഞ്ഞു. യാദവമുസ്ലിം രാഷ്ട്രീയത്തിന്‍െറ സമാജ്വാദി പാര്‍ട്ടിയെയും അവരോട് സഖ്യം ചെയ്ത കോണ്‍ഗ്രസിനെയും ദലിത് മുന്നേറ്റ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്ത ബി.എസ്.പിയെയും ബി.ജെ.പിയുടെ മതരാഷ്ട്രീയം കീഴടക്കി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തന്നെ യു.പിയില്‍ അതു സംഭവിച്ചുകഴിഞ്ഞിരുന്നു. വിവിധ ജാതി, പിന്നാക്ക, ഒ.ബി.സി വിഭാഗങ്ങളില്‍പെട്ട നല്ളൊരു പങ്ക് കാവിരാഷ്ട്രീയത്തിന്‍െറ സ്വാധീനത്തില്‍ പെട്ടുപോവുകയാണ് അന്നുണ്ടായത്. എങ്കിലും, പ്രാദേശിക വികാരങ്ങളും ജാതി സമവാക്യങ്ങളും മേല്‍ക്കോയ്മ നേടുന്ന പതിവുരീതി വീണ്ടെടുക്കാനായിരുന്നു മായാവതിയുടെയും അഖിലേഷിന്‍െറയും തീവ്രശ്രമം. സ്വന്തം ചേരിയില്‍നിന്ന് ബി.ജെ.പി അടര്‍ത്തിക്കൊണ്ടുപോയവരെ തിരികെ കൊണ്ടുവരാനുള്ള അവരുടെ ശ്രമം ദയനീയമായി പരാജയപ്പെട്ടു. ശ്മശാനവും ഖബറിടവും ദീപാവലിയും വേര്‍തിരിച്ച് വിവാദ പ്രസ്താവന നടത്തി ഹിന്ദുത്വ ദുരഭിമാനം ഉണര്‍ത്തുന്നതില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ വിജയിക്കുകയും ചെയ്തു.
വര്‍ഗീയരാഷ്ട്രീയം കാവിക്കൊടി പാറിക്കുന്ന യു.പിയില്‍ കേഡര്‍ പാര്‍ട്ടിയായി നിന്ന ബി.എസ്്.പിയുടെ നിലനില്‍പുതന്നെ അപകടത്തിലാവുകയും മായാവതിയെ ഉടഞ്ഞ ബിംബമാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ് ഈ വിധിയെഴുത്ത്. 10 വര്‍ഷം മുമ്പ് 30 ശതമാനം വോട്ടുനേടി ഒറ്റക്ക് അധികാരം പിടിച്ച മായാവതിക്ക് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റുപോലും നേടാനായില്ല. അന്നത്തെ വലിയ വീഴ്ചയില്‍നിന്ന് കരകയറാന്‍ പാര്‍ട്ടി കമ്മിറ്റികള്‍ ഉടച്ചുവാര്‍ത്ത്, ഉള്‍നാടുകളില്‍ കയറിയിറങ്ങി ഇത്രയും കാലം നടത്തിപ്പോന്ന തീവ്രശ്രമത്തിനൊടുവില്‍ 403 അംഗ നിയമസഭയില്‍ രണ്ടു ഡസന്‍ സീറ്റുപോലുമില്ലാതെ മൂക്കുകുത്തിവീണ മായാവതിയുടെ ഉയിര്‍ത്തെഴുന്നേല്‍പ് ഇനി ഒട്ടും എളുപ്പമല്ല. മായാവതിയുടെ മാത്രമല്ല, അഖിലേഷിന്‍െറ പക്കല്‍നിന്ന് യാദവേതര ഒ.ബി.സി വോട്ടുകളും മോദി തട്ടിയെടുത്തു. 17 ശതമാനം വരുന്ന മുസ്ലിം വോട്ടുകള്‍ രണ്ടു ചേരിയിലേക്കുമായി ചിതറിച്ച് ഉപയോഗശൂന്യമാക്കുന്ന തന്ത്രത്തിലും ബി.ജെ.പി വിജയിച്ചു. കൈവിട്ട വോട്ടുബാങ്ക് ഒറ്റക്കുനിന്ന് തിരിച്ചെടുക്കാന്‍ കഴിയാത്ത ദുരവസ്ഥയിലാണിന്ന് ബി.ജെ.പിയുടെ എതിരാളികള്‍.
പ്രാദേശിക കക്ഷികളെ തള്ളിമാറ്റി വിവിധ സംസ്ഥാനങ്ങളില്‍ മതരാഷ്ട്രീയത്തിന് അടിവേരു നല്‍കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമം ബിഹാറില്‍ വിജയിപ്പിക്കാന്‍ കഴിയാതെപോയത്, അതുവരെ ശത്രുക്കളായി നിന്ന ജനതാദള്‍യുവും ആര്‍.ജെ.ഡിയും കോണ്‍ഗ്രസും കാവിയെ നേരിടാന്‍ ഒറ്റസഖ്യമായി രംഗത്തിറങ്ങിയതു കൊണ്ടായിരുന്നു. എന്നാല്‍, ഒരിക്കലും കൂടിച്ചേരാന്‍ കഴിയാത്ത സമാന്തര രേഖകള്‍പോലെ ബി.എസ്.പിയും സമാജ്വാദി പാര്‍ട്ടിയും നില്‍ക്കുന്നത് ബി.ജെ.പിക്ക് സ്വന്തം അജണ്ട മുന്നോട്ടുനീക്കാന്‍ എളുപ്പമായി. സമാജ്വാദി പാര്‍ട്ടിയുടെ ഭരണത്തിനെതിരായ വികാരം, ജാതികളെ മതാടിസ്ഥാനത്തില്‍ ഒറ്റച്ചരടില്‍ കോര്‍ത്തെടുക്കുന്നതില്‍ രണ്ടര വര്‍ഷം മുമ്പ് നേടിയ വിജയത്തിന്‍െറ പുന$പരീക്ഷണം, തങ്ങള്‍ക്കു കിട്ടില്ളെന്ന് ഉറപ്പുള്ള മുസ്ലിം വോട്ട് ചിതറിപ്പിക്കാനുള്ള തന്ത്രം എന്നിവ ഒരുപോലെ വിജയിച്ചപ്പോള്‍ അഞ്ചിലൊന്നു സീറ്റു മാത്രം എല്ലാ എതിരാളികള്‍ക്കുമായി വിട്ടുകൊടുത്ത് ബി.ജെ.പി നിയമസഭയില്‍ കൊടിനാട്ടി. ബി.ജെ.പിയുടെ മതരാഷ്ട്രീയത്തെ നേരിടാന്‍ കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും അടങ്ങുന്ന ബി.ജെ.പിയിതര ചേരി ദുരഭിമാന ചിന്തകള്‍ വിട്ട് അതതിടങ്ങളില്‍ ഒന്നിച്ചുനില്‍ക്കുകയല്ലാതെ ഇന്നത്തെ ചുറ്റുപാടില്‍ വഴിയില്ളെന്ന യാഥാര്‍ഥ്യമാണ് പ്രതിപക്ഷ നിരയെ തുറിച്ചുനോക്കുന്നത്. ബി.ജെ.പിയെക്കാള്‍, നരേന്ദ്ര മോദിയുടെ വാക്ചാതുരിയും അമിത് ഷായുടെ തന്ത്രങ്ങളും നേരിടാന്‍ പറ്റുന്ന നേതാക്കള്‍ തന്നെയില്ലാത്ത ദൗര്‍ബല്യം മറുവശത്ത്.
മതരാഷ്ട്രീയ പരീക്ഷണം വീണ്ടും വിജയിച്ച യു.പിയില്‍, അതിന് ആക്കംപകര്‍ന്നത് ഭരണവിരുദ്ധ വികാരമാണ്. യു.പിക്കു പുറത്തെ തെരഞ്ഞെടുപ്പുകളിലും ഇതു തെളിഞ്ഞുകാണാം. പഞ്ചാബില്‍ നരേന്ദ്ര മോദിയുടെ ‘പ്രഭ’ ചെന്നിട്ടും അകാലിദള്‍ബി.ജെ.പി സഖ്യം നേരിടുന്ന ജനരോഷം തടഞ്ഞുനിര്‍ത്താന്‍ സാധിച്ചില്ല. മത്സരിച്ച രണ്ടിടത്തും മുഖ്യമന്ത്രി തോറ്റ ഉത്തരാഖണ്ഡിലാകട്ടെ, അതേ പ്രഭ ഇല്ളെങ്കില്‍പോലും കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപൊത്തുമെന്ന് വ്യക്തമായിരുന്നു. ഗോവയില്‍ മോദി പലവട്ടം ചെന്നിട്ടും ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ളെന്നു മാത്രമല്ല, മുഖ്യമന്ത്രിയത്തെന്നെ ജനം തോല്‍പിച്ചുകളഞ്ഞു. കോണ്‍ഗ്രസിന് ശക്തമായ വേരുകളുള്ള മണിപ്പൂരില്‍, അവരുടെ ഭരണത്തെ വെല്ലുവിളിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചു.
മറ്റു നാലിടത്തെയും ഫലങ്ങള്‍ തെരഞ്ഞെടുപ്പുകളിലെ പതിവു ജയപരാജയങ്ങളായി കാണാമെങ്കിലും, യു.പിയിലെ ഫലം അതല്ല. ആ മൃഗീയ വിജയം മോദിക്കും ബി.ജെ.പിക്കും നല്‍കുന്ന അപ്രമാദിത്വം വിപല്‍ക്കരമായ മുന്നോട്ടുപോക്കിന്‍െറ സാധ്യത വര്‍ധിപ്പിക്കുകയാണ്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് നേരിടുന്നതില്‍ ബി.ജെ.പിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതും പ്രതിപക്ഷ വീര്യം ചോര്‍ത്തുന്നതുമാണ് ഈ ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.