സാമ്പത്തികസ്ഥിതി സുരക്ഷയോട് അവധാനത കാണിക്കാൻ ഉപയോഗിക്കാവുന്ന മാനദണ്ഡമാണോ എന്ന ചോദ്യം തർക്കശാസ്ത്രപരമായി മുൻകൂർ വിജയിക്കുന്ന ചോദ്യമാണ്. പക്ഷേ, ജനാധിപത്യം തർക്കശാസ്ത്ര വിജയത്തിലല്ലല്ലോ നിലനിൽക്കുന്നത്. അതുപോലെ, സുരക്ഷാ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്വകാര്യതാ പ്രശ്നങ്ങളും പ്രധാനമാണ്
കേരളത്തിൽ വ്യാപകമായി ട്രാഫിക് നിയമലംഘനങ്ങൾ കണ്ടുപിടിക്കാനും പിഴ ഈടാക്കാനും മേൽനിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയത് നിരവധി വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. സ്വാഭാവികമായും ഈ വിഷയത്തെക്കുറിച്ചുള്ള തീർപ്പുകൾ പൊതുവെ മനസ്സിലാക്കപ്പെടുന്നതും ചർച്ചകൾ ഉണ്ടാവുന്നതും കേരളത്തിലെ കക്ഷിരാഷ്ട്രീയ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ്.
ചർച്ചകളിലെ നിലപാടുകൾ പൊതുവെ പ്രവചനപരമാണ്. സങ്കീർണതകളുള്ള നിലപാടുകളിലേക്ക് ചർച്ച നീങ്ങുന്നത് ആർക്കും താല്പര്യമുള്ള കാര്യമല്ല. എങ്കിലും, ഇതിൽ അഴിമതി ഉണ്ടായിട്ടുണ്ടോ, 10000 രൂപയുടെ കാമറയാണോ വൻതുക മുടക്കി സ്ഥാപിച്ചിരിക്കുന്നത്, ഇത് സ്വകാര്യതയുടെ ലംഘനമാണോ.
മനുഷ്യാവകാശ വിരുദ്ധമാണോ ഇതിലെ സാങ്കേതികവിദ്യ, ചില അവകാശവാദങ്ങളിൽ കണ്ടതുപോലെ യഥാർഥത്തിൽ നിർമിതബുദ്ധികൂടി ഉപയോഗിക്കുന്ന സംവിധാനമാണോ, അതോ നോട്ടുനിരോധനത്തിന് ശേഷംവന്ന 2000 രൂപയുടെ കറൻസി നോട്ടിൽ ചിപ്സ് ഉണ്ട് എന്ന് പറഞ്ഞതുപോലെ വെറും പൊള്ളയാണോ ഇതിലെ നിർമിതബുദ്ധിവാദം, ഇത് എതിർക്കുന്നത് ഇടതുപക്ഷം കൊണ്ടുവന്നതുകൊണ്ടാണോ, ബി.ജെ.പിയെ കോൺഗ്രസോ ആയിരുന്നെങ്കിൽ വിമർശനം ഉണ്ടാകുമായിരുന്നോ.
വികസിത രാജ്യങ്ങളിൽ ഇതുള്ളതല്ലേ, ഇവിടെ ഇതിനെ എതിർക്കുന്നവർ മറ്റിടങ്ങളിൽ ഇതെല്ലാം ഗംഭീരമാണ് എന്നു പറയാറില്ലേ, സ്വകാര്യതയുടെ കാര്യം അവിടെ നിൽക്കട്ടെ, ഇതിന്റെ ഭാരം മുഴുവൻ അനുഭവിക്കുന്നത് പാവപ്പെട്ട സ്കൂട്ടർ യാത്രക്കാരല്ലേ, ദമ്പതികൾക്കു കുഞ്ഞുമായി പോകാൻ കഴിയില്ലെങ്കിൽ പിന്നെ ഒരു കുടുംബത്തിന് സ്കൂട്ടറിലെങ്ങനെ സഞ്ചരിക്കാനാവും, ഇതിന്റെ വമ്പൻ പിഴഘടന മനുഷ്യവിരുദ്ധമല്ലേ, ആധുനികവത്കരണം ഇല്ലാതെ പുതിയ കേരളം സൃഷ്ടിക്കാൻ കഴിയുമോ തുടങ്ങി നിരവധി ചോദ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കാണുകയുണ്ടായി.
ആധുനിക സാങ്കേതികവിദ്യകൾ മനുഷ്യരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്നവയാണ്. പക്ഷേ, അതിന്റെ പേരിൽ ഇന്നുവരെ അങ്ങേയറ്റത്തെ വ്യക്തിനൈതികത പാലിക്കുന്നവർപോലും ഇത് ഉപയോഗിക്കാതെ ഇരിക്കുന്നില്ല എന്ന് നമുക്ക് അറിയാം.
സ്പൂഫ് ആണോ എന്ന് കൃത്യമായി തിരിച്ചറിയാൻ മാർഗമില്ലെങ്കിലും സാങ്കേതികവിദ്യയോട് പുറംതിരിഞ്ഞു നിൽക്കുന്നതിനെക്കുറിച്ചുള്ള ഏറ്റവും ഞെട്ടിപ്പിക്കുന്ന ഒരു പ്രസ്താവന ഈ അടുത്തകാലത്തുണ്ടായത് മാർക്സിസ്റ്റ് ചിന്തകൻ ടെറി ഈഗിൾട്ടന്റെ ഭാഗത്തുനിന്നായിരുന്നു.
അദ്ദേഹം പറഞ്ഞത് താൻ ഇ-മെയിൽ ഉപയോഗിക്കാറില്ല, ഇന്റർനെറ്റ് നോക്കാറില്ല എന്നായിരുന്നു. 2014ലോ മറ്റോ ആയിരുന്നു ഈ തുറന്നുപറച്ചിൽ ഉണ്ടായത്. മകന്റെ സഹായത്തോടെ ഒന്നുരണ്ട് ഇ-മെയിലുകൾ അയച്ചിട്ടുണ്ടെങ്കിലും പൊതുവെ താൻ സാങ്കേതികവിദ്യാവിമുഖൻ ആണെന്നാണ് അദ്ദേഹം പറഞ്ഞതിനർഥം.
കമ്പ്യൂട്ടറല്ല, ടൈപ്റൈറ്ററാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നും അദ്ദേഹം എഴുതിയിരുന്നു. ഉൽപാദനശക്തികളുടെ വികാസത്തിൽ വിശ്വസിക്കുന്ന ഉത്തമ മാർക്സിസ്റ്റ് ചിന്തകർതന്നെ ഇങ്ങനെ യന്ത്ര “വിമുഖരായാൽ കഠിനമല്ലേ” എന്ന് ചോദിക്കാവുന്നതാണ്.
ഇത് ശരിയാണെങ്കിൽപോലും ഇന്നത്തെ ലോകത്തിൽ അങ്ങേയറ്റത്തെ ഒരു അപവാദം മാത്രമായിരിക്കും ഈ സമീപനം എന്നത് ഉറപ്പാണ്. മാത്രവുമല്ല, കേരളത്തിൽ ആയിരുന്നെങ്കിൽ അദ്ദേഹം ഉപയോഗിക്കുന്ന മറ്റനേകം സാങ്കേതികവിദ്യകളിൽ കമ്പ്യൂട്ടറും ഇന്റർനെറ്റും എങ്ങനെ കെട്ടുപിണഞ്ഞിരിക്കുന്നു എന്ന് കാണിച്ചു ധാരാളം ട്രോൾ പോസ്റ്റുകൾതന്നെ ഉണ്ടായേനെ.
യഥാർഥത്തിൽ സുരക്ഷയുടെ പേരിൽ കൊണ്ടുവരുന്ന സാങ്കേതികവിദ്യയോട് എതിർപ്പുകൾ ഉണ്ടാവേണ്ട കാര്യമില്ല. പക്ഷേ, സുരക്ഷ എന്നത് ഒരു ഒറ്റപ്പെട്ട യാഥാർഥ്യമല്ല. വ്യക്തികളുടെ സ്വകാര്യത, മനുഷ്യാവകാശം, സാങ്കേതികവിദ്യകൾ വാങ്ങുന്നതിലുള്ള സുതാര്യത.
അതിന്റെ പേരിൽ ഭരണകർത്താക്കൾക്ക് ജനങ്ങളോടുള്ള ഉത്തരംപറയാനുള്ള ചുമതല, പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുമ്പോൾ അവ പ്രാവർത്തികമാക്കാനുള്ള പൊതുസാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന പരിശോധന, ഇതിന്റെ സാമ്പത്തികഭാരവും അതിൽനിന്നുള്ള പ്രയോജനവും തമ്മിലെ അനുപാതം സ്വീകാര്യമായ തോതിലാണോ എന്ന അന്വേഷണം തുടങ്ങി നിരവധി അനുബന്ധകാര്യങ്ങൾ ചർച്ചചെയ്യാതെ സുരക്ഷയെ കുറിച്ച് സംസാരിക്കാനാവില്ല. സുരക്ഷ എന്നത് ഒരു സാപേക്ഷികമൂല്യമാണ് എന്നർഥം. എന്നാൽ, പാടേ ഉപേക്ഷിക്കാൻ കഴിയുന്ന ഒന്നല്ല അതെന്നതും പ്രധാനമാണ്.
ഏഷ്യ കൂടാതെ, യൂറോപ്പ്, തെക്കൻ-വടക്കൻ അമേരിക്കകൾ, ആഫ്രിക്ക, ഓഷ്യാനിയ തുടങ്ങിയ പ്രദേശങ്ങളിലെ പല രാജ്യങ്ങളിലും ഞാൻ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ കാലം താമസിച്ചിട്ടുള്ളത് ഹോങ്കോങ്ങിലും സിംഗപ്പൂരിലുമാണ്.
സുരക്ഷയുമായി ബന്ധപ്പെട്ട നിയമപരിപാലനത്തിന്റെ കാര്യത്തിലും അതിനായി അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന കാര്യത്തിലും അതിജാഗ്രതയാണ് ഈ രണ്ടു നഗരരാജ്യങ്ങളിലും കണ്ടിട്ടുള്ളത്. സ്വന്തം ഭരണയുക്തി, ‘കാര്യക്ഷമത’ എന്ന പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമാണന്ന് ബോധ്യപ്പെടുത്താൻ അമിതപ്രയത്നംചെയ്യുന്ന രാജ്യങ്ങളാണ് ഇവ രണ്ടും.
യൂറോപ്പിലെ വികസിത മുതലാളിത്ത രാജ്യങ്ങളിലേക്കാൾ കർശനമായ സുരക്ഷാനിയന്ത്രണങ്ങൾ ഈ രണ്ടു രാജ്യങ്ങളിലും ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, അവിടങ്ങളിലെ ഭരണകൂട നിയന്ത്രണം സുരക്ഷമാത്രം ലക്ഷ്യം വെച്ചുള്ളതല്ല. അച്ചടക്കസമൂഹങ്ങളെ വാർത്തെടുക്കാനുള്ള ഇല്ലിബറൽ ഫാഷിസമാണ് അതിന്റെ അടിസ്ഥാനം.
ഉദ്ദേശ്യം ഫാഷിസ്റ്റ് ഭരണയുക്തിയുടേതല്ലെന്നു സമ്മതിച്ചാലും കേരളത്തിൽ ഇപ്പോൾ നടപ്പിലാക്കുന്ന സുരക്ഷാനിയന്ത്രണം കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഇവിടങ്ങളിലെ കാർക്കശ്യത്തോടാണ് എന്നാണ് ആദ്യഘട്ടത്തിൽ എനിക്ക് മനസ്സിലാവുന്നത്.
ഇരുചക്രവാഹനങ്ങളുടെ കാര്യത്തിൽ വിശേഷിച്ചും. പക്ഷേ, വലിയൊരു വ്യത്യാസം എനിക്ക് ബോധ്യപ്പെടുന്നത് കേരളത്തിലെയും സിംഗപ്പൂരും ഹോങ്കോങ്ങും പോലുള്ള സ്ഥലങ്ങളിലെയും ജീവിതനിലവാരവും പ്രതിശീർഷ വരുമാനവും ഇടത്തരക്കാരുടെ ക്രയശേഷിയും തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്നതാണ്.
സ്വകാര്യ ടാക്സിയും മെട്രോ സൗകര്യങ്ങളും ഉപയോഗിച്ച് ഈ രാജ്യങ്ങളിൽ, സാധാരണക്കാർക്ക് അനായാസം യാത്രചെയ്യാൻ കഴിയും. ബഹുഭൂരിപക്ഷം പേർക്കും അവിടെ അത് താങ്ങാൻ കഴിയും. പക്ഷേ, കേരളത്തിലെ സ്ഥിതി അതല്ല എന്നതാണ് ഇത്രയും കർശനമായ നിയന്ത്രണങ്ങളോട് ഒരു വലിയവിഭാഗം ജനങ്ങൾ വിമുഖരാവുന്നതിനുള്ള കാരണം.
സാമ്പത്തികസ്ഥിതി സുരക്ഷയോട് അവധാനത കാണിക്കാൻ ഉപയോഗിക്കാവുന്ന മാനദണ്ഡമാണോ എന്ന ചോദ്യം തർക്കശാസ്ത്രപരമായി മുൻകൂർ വിജയിക്കുന്ന ചോദ്യമാണ്. പക്ഷേ, ജനാധിപത്യം തർക്കശാസ്ത്ര വിജയത്തിലല്ലല്ലോ നിലനിൽക്കുന്നത്.
അതുപോലെ, സുരക്ഷാ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്വകാര്യതാ പ്രശ്നങ്ങളും പ്രധാനമാണ്. നാം ജീവിക്കുന്നതുതന്നെ മേൽനിരീക്ഷണ മുതലാളിത്തത്തിന്റെ ഘട്ടത്തിലാണ്. എല്ലാ ഭരണകൂടങ്ങളും ഇന്ന് പൊലീസ് രാജുകളാണ്. ഇരുപത്തൊന്നാം നൂറ്റാണ്ട് പൊലീസ്- മിലിട്ടറി നൂറ്റാണ്ടായി മാറിക്കഴിഞ്ഞു. ചൈനയെ ഇക്കാര്യത്തിൽ പലരും ഒറ്റപ്പെടുത്തി വിമർശിക്കാറുണ്ട്.
ലക്ഷക്കണക്കിന് സർവയലൻസ് കാമറകൾ ഒറ്റയടിക്ക് സ്ഥാപിച്ച് രാഷ്ട്രംമുഴുവൻ മേൽനിരീക്ഷണത്തിലാക്കിയ പാരമ്പര്യമാണ് ചൈനയുടേത് എന്ന കാര്യത്തിൽ തർക്കമില്ല. അതുപയോഗിച്ച് തൊഴിലാളികളുടെ മനുഷ്യാവകാശങ്ങളാണ് അവിടെ ഹനിക്കപ്പെടുന്നത് എന്ന രൂക്ഷമായ വിമർശനവും ഉയർന്നിട്ടുണ്ട്.
പക്ഷേ, ലിബറൽ ജനാധിപത്യം കൊണ്ടാടിയിരുന്ന അമേരിക്കയിൽപോലും ഇപ്പോൾ നിലനിൽക്കുന്ന മേൽനിരീക്ഷണം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. സുതാര്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പ്രസക്തമാണ്. എന്നാൽ, അഴിമതിയെക്കുറിച്ച് ഞാൻ വിശാലമായ അർഥത്തിൽ വ്യാകുലപ്പെടാറില്ല.
ന്നാമതായി വൈറ്റ് കോളർ കുറ്റകൃത്യങ്ങളിൽ എന്ത് നടക്കുന്നു എന്നത് കൃത്യമായി അറിയാൻ എനിക്ക് മാർഗമില്ല. രണ്ടാമതായി അഴിമതിമാത്രം മുൻനിർത്തി രാഷ്ട്രീയം പറയാൻ പറ്റില്ല. മൂന്നാമതായി കൂട്ടുകൊള്ള മുതലാളിത്തത്തിന്റെ കാലത്ത് അഴിമതി ഇല്ലാതെ എന്തെങ്കിലും കൊടുക്കൽ വാങ്ങലുകൾ സർക്കാർതലങ്ങളിൽ സംഭവിക്കും എന്ന് മുൻകൂർ കരുതുന്നത് മൂഢതയാണ്.
പക്ഷേ, പ്രതിപക്ഷത്തിന് തീർച്ചയായും ഇക്കാര്യങ്ങൾ ഉയർത്താനുള്ള അവകാശവും സർക്കാറിന് മറുപടി പറയാനുള്ള ബാധ്യതയും ഉണ്ട്. മറുപടി കമ്പനി പറയും എന്ന് പറഞ്ഞത് എനിക്കത്ര സ്വീകാര്യമായി തോന്നിയില്ല. കാരണം അഴിമതി നിയമവിരുദ്ധമാണ്. ബൂർഷ്വാ ധനശാസ്ത്രത്തിലെ ഗെയിം തിയറി മാത്രമാണ് അഴിമതിയെക്കുറിച്ച് അത് യുക്തിപരമായ കണക്കുകൂട്ടലുകളോടെ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന രീതിയാണ് എന്ന് സമർഥിച്ചിട്ടുള്ളത്.
വ്യക്തികളുടെ ചിത്രങ്ങളും വിവരങ്ങളും ഡേറ്റ പ്രോസസ് ചെയ്യാൻ ഏർപ്പെടുത്തിയിട്ടുള്ള സ്വകാര്യ എജൻസികളുടെയോ സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെയോ പക്കൽ നേരിട്ടെത്തുന്ന ‘അപരിഷ്കൃത’രീതിയും സാങ്കേതികവിദ്യയുടെ ലോകനിലവാരവും തമ്മിൽ പൊരുത്തപ്പെട്ടു പോകുന്നുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ട്.
ഇതെങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള വാർത്താശകലങ്ങൾ ഞാൻ കാണുകയുണ്ടായി. അതിനായി നൽകിയ ചിത്രങ്ങളിൽ ഹെൽമറ്റ് ധരിക്കാതെപോകുന്ന വ്യക്തികളുടെ ചിത്രങ്ങൾ അധികാരികൾ നല്കിയവയാണ് പ്രദർശിപ്പിച്ചുകണ്ടത്. തികഞ്ഞ മനുഷ്യാവകാശ ധ്വംസനമാണത്.
സാമ്പത്തികസ്ഥിതിപോലെ സ്വകാര്യതയും പ്രധാനപ്പെട്ട മാനദണ്ഡമാണന്ന് സൂചിപ്പിക്കാനാണ് ഇക്കാര്യം എടുത്തുപറയുന്നത്. ക്രയശേഷി, സുതാര്യത, സ്വകാര്യത തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ മുഴുവൻ പരിഹരിച്ചുകൊണ്ട് സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താൻ കഴിയില്ല. എന്നാൽ, ഇവയെ പൂർണമായും അവഗണിക്കുന്നതും ജനാധിപത്യപരമായ സമീപനമല്ല. ഇത്തരം കാര്യങ്ങളിൽ വിപുലമായ ചർച്ചയും നൈതികസമ്മതിയും ഉണ്ടാവുക എന്നത് പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.