കരിങ്കടലിലെ ‘സ്നെയ്ക് ഐലൻറി’ൽ നിന്നുള്ള വിഡിയോ ക്ലിപ് പോസ്റ്റ് ചെയ്തു കൊണ്ടാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി റഷ്യയുമായുള്ള യുദ്ധത്തിന്റെ 500ാം ദിനം അടയാളപ്പെടുത്തിയത്. യുദ്ധത്തിന് തുടക്കമിട്ടയുടനെ കരിങ്കടലിലെ റഷ്യൻ പതാകക്കപ്പലായ ‘മോസ്ക്വാ’ (Moskva) നേരെ കുതിച്ചത് പറയത്തക്ക ആൾത്താമസമൊന്നുമില്ലാത്ത സ്നെയ്ക് ഐലൻറിലേക്കായിരുന്നു. യുക്രെയ്ൻ സൈനിക സാന്നിധ്യമുണ്ടായിരുന്ന അവിടം റഷ്യൻ സേന പിടിച്ചടക്കി. സൈനികരെ ബന്ധികളാക്കി. പിന്നീട് ഈ ബന്ധികളെ റഷ്യൻ തടവുകാരുടെ മോചനത്തിന് പകരമായി വിട്ടുകൊടുത്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തീയതി കുറിക്കാത്ത വിഡിയോ ക്ലിപ്പിൽ സെലൻസ്കി അവകാശപ്പെടുന്നത് യുക്രെയ്ൻ സൈന്യം റഷ്യയിൽനിന്ന് സ്നെയ്ക് ഐലൻറ് തിരിച്ചു പിടിച്ചെന്നാണ്.
ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 500 കുഞ്ഞുങ്ങൾ ഉൾപ്പെടെ 9000 പേർ യുക്രെയ്നിൽ മരിച്ചിട്ടുണ്ട്. യഥാർഥ സംഖ്യ എത്രയോ കൂടുതലാകുമെന്നതിൽ സംശയമില്ല. ഇപ്പോഴും യുദ്ധം തുടരുന്നു, ആയിരങ്ങൾ മരിക്കുന്നു. ലിത്വേനിയയുടെ തലസ്ഥാനമായ വിൽനിയസിൽ (Vilnius), നാറ്റോ ഉച്ചകോടിക്കുവേണ്ടി രാഷ്ട്രത്തലവന്മാർ ഒത്തുകൂടുന്നതിന് തൊട്ടുമുമ്പ് സെലൻസ്കി
അവരെ സംബോധന ചെയ്തു. യുക്രെയ്ന് നാറ്റോ അംഗത്വം ലഭ്യമായില്ലെങ്കിലും അമേരിക്കയുടെ ക്ലസ്റ്റർ ബോംബുകൾ സെലൻസ്കിയെ ആവേശം കൊള്ളിച്ചു. ‘അവസരോചിതവും അത്യാവശ്യവുമായ സഹായം’ എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. 120 രാഷ്ട്രങ്ങളിൽ ക്ലസ്റ്റർ ബോംബുകൾ നിരോധിച്ചിട്ടുണ്ട്. പൊതുജനങ്ങളെ കൊന്നൊടുക്കുന്ന ഒരു ഉപകരണമായാണത്
കണക്കാക്കപ്പെടുന്നത്. സ്പാനിഷ് പ്രതിരോധമന്ത്രി മാർഗരിറ്റ റോബിൾസ് ഒരു കാര്യം തുറന്നുപറഞ്ഞു-ഇത് അമേരിക്കയുടെ സ്വന്തമായ തീരുമാനമാണ്. അതിന് നാറ്റോയുമായി ഒരു ബന്ധവുമില്ല. ന്യായീകരിക്കാവുന്ന യുദ്ധമുഖത്തുപോലും ഉപയോഗിക്കാൻ പാടില്ലാത്ത ആയുധമാണ് ക്ലസ്റ്റർ ബോംബുകൾ.
എന്നാൽ, ഐക്യരാഷ്ട്ര സഭയുടെയോ, യൂറോപ്യൻ യൂനിയന്റെയോ അധികൃതർ ആരുംതന്നെ അമേരിക്കയെ വിമർശിക്കാൻ ധൈര്യം കാണിച്ചില്ല. മുൻ റഷ്യൻ പ്രസിഡന്റും റഷ്യൻ ദേശീയ സുരക്ഷാസമിതി ഉപാധ്യക്ഷനുമായ ദിമിത്രി മെദ്വദേവ് പുതിയൊരു ആണവയുദ്ധത്തിന് ഇത് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി. ബൈഡനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം കുറിച്ചു, ‘‘ഒരുപക്ഷേ പ്രായം ചെന്ന വല്യച്ഛൻ ദിവാസ്വപ്നങ്ങളുമായി അന്തിമ യുദ്ധത്തിനൊരുങ്ങുകയായിരിക്കും. പോകുമ്പോൾ, ഭൂമിയിലെ പകുതി മനുഷ്യരെയും കൂടെ കൊണ്ടുപോകാനുദ്ദേശിക്കുന്നുണ്ടാവണം’’.
അംഗരാഷ്ട്രങ്ങളിലൊന്ന് യുദ്ധത്തിലായിരിക്കെ അവർക്ക് അംഗത്വം നൽകൽ സാധ്യമല്ലെന്ന് ഏവർക്കും അറിയുന്നതായിരുന്നു. പക്ഷേ, സന്ദർഭം മുതലാക്കിയ സെലൻസ്കി, സഖ്യത്തിലെ ഓരോ അംഗവും യുക്രെയ്നെ ആയുധവും ധനവും നൽകി ശക്തമാക്കാൻ മുന്നോട്ടുവരണമെന്നാവശ്യപ്പെട്ടു. ഒരു സൈനിക സഖ്യമെന്ന നിലക്ക് സഹായിക്കുന്നതിൽനിന്ന് ശ്രദ്ധയോടെ മാറിനിന്നെങ്കിലും, യുക്രെയ്നെ നേരിട്ട് സഹായിക്കുന്നതിനായി എല്ലാ അംഗങ്ങളെയും അവർ ഉത്തരവാദപ്പെടുത്തി. ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, അമേരിക്ക എന്നീ രാഷ്ട്രങ്ങൾ നേരത്തേതന്നെ യുക്രെയ്ന് ആയുധങ്ങൾ നൽകുന്ന കാര്യത്തിൽ ചർച്ചകൾ തുടങ്ങിയിരുന്നു. അത്യാധുനിക ആയുധങ്ങളും ഒപ്പം ആവശ്യമായ സാമ്പത്തിക സഹായവും നല്കി സെലൻസ്കിയുടെ കരങ്ങൾ ശക്തമാക്കാൻ യൂറോപ്യൻ യൂനിയൻ തങ്ങളുടെ ‘പീസ് ഫെസിലിറ്റി ഫണ്ടിൽ’ (EPF)നിന്ന് സഹായം നൽകുന്നതാണത്രേ!
യുദ്ധം, എവിടെ സംഭവിച്ചാലും, അത് മനുഷ്യരാശിക്ക് ഒന്നടങ്കം ഭീഷണിയാണ്. റഷ്യയും പാശ്ചാത്യ രാഷ്ട്രങ്ങളും തമ്മിലെ യുദ്ധജ്വരം 2022ൽത്തന്നെ മൂർധന്യത്തിലെത്തിയിരുന്നു. അപ്പോഴാണ്, കിയവ് അതിന്റെ വംശീയതക്ക് ജീവൻ നൽകിയത്. ദൊനിസ്കിലെയും ലുഹാൻസ്കിലെയും ( Donetsk and Luhansk) റഷ്യൻ ഭാഷ സംസാരിക്കുന്ന സാധാരണക്കാർ അവരുടെ പൗരാവകാശ സംരക്ഷണങ്ങൾക്കുവേണ്ടി സമരരംഗത്തിറങ്ങി. യുക്രെയ്നിലെ ദേശീയവാദികളുടെ ഫാഷിസ്റ്റ് നയങ്ങൾ പ്രശ്നങ്ങൾ തീക്ഷ്ണമാക്കി. ഇത് ആഭ്യന്തര സംഘർഷങ്ങൾക്ക് വഴിവെച്ചു. തുടർന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടു. യഥാർഥത്തിൽ, ഇതിലൂടെ ഒരു സുവർണ സന്ദർഭമാണ് യുക്രെയ്ന് നഷ്ടമായത്. റഷ്യക്കും പാശ്ചാത്യ രാഷ്ട്രങ്ങൾക്കും ഇടയിൽ ഇരുപക്ഷവുമായി സൗഹൃദം പുലർത്തുന്ന ഒരു ബഫർ സോണായി അവർ നിലനിൽക്കേണ്ടതായിരുന്നു. പൊതുവായ ചരിത്രവും സാംസ്കാരിക പൈതൃകങ്ങളും ഇരു രാഷ്ട്രങ്ങളെയും അനുരഞ്ജനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചതായിരുന്നു. പക്ഷേ, അതുണ്ടായില്ല. സഹവർത്തിത്വം എന്നതൊക്കെ ആധുനിക ഭരണാധികാരികൾക്ക് അന്യമായിരിക്കുന്നു.
സാങ്കേതികജ്ഞാനവും വിദ്യകളും സ്വായത്തമാക്കുന്നതിൽ ശീഘ്രം മുന്നേറുന്ന മനുഷ്യൻ അന്ത:സംഘർഷങ്ങളാൽ ആകുലനാണ്. തന്മൂലം, അയൽവാസി അന്യനായിത്തീർന്നു. ഈയൊരു വേളയിലാണ്, 2022 ഫെബ്രുവരി 21ന് ദൊനസ്കിലെയും ലുഹാൻസ്കിലെയും ജനങ്ങളെ റഷ്യയിൽ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്കുന്ന കരാറിൽ റഷ്യൻ പാർലമെൻറിന്റെ അനുമതിയോടെ പ്രസിഡന്റ് പുടിൻ ഒപ്പുവെച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിന്റെ സ്വാഭാവിക ഫലമായിരുന്നു അടുത്ത ദിവസം ഫെബ്രുവരി 24ന് യുദ്ധം തുടങ്ങിയത്.
യുദ്ധം എങ്ങനെ അവസാനിക്കുമെന്നു പറയാനാവില്ല. ക്രിമിയയുടെ മേലുള്ള തങ്ങളുടെ അവകാശവാദം റഷ്യ ഉപേക്ഷിക്കുമോ? 2014 മുതൽ ക്രിമിയ റഷ്യയുടെ അധീനതയിലാണ്. അതൊഴിവാക്കിയുള്ള വിജയം പുടിനു സങ്കൽപിക്കാനാകുമോ? ഇല്ലതന്നെ.
വാഷിങ്ടണിന്റെയും മോസ്കോവിന്റെയും അടുത്ത ചുവടുവെപ്പ് എന്താകുമെന്നത് എളുപ്പം പ്രവചിക്കാനാവില്ല. ഏതായാലും, യുക്രെയ്ൻ യൂറോപ്യൻ യൂനിയനിലും (EU), നാറ്റോ (NATO)വിലും അംഗമാകുന്നത് അനിഷ്ടമായി കാണുന്ന പുടിൻ, കിയവിൽ തങ്ങൾക്കനുകൂലമായ ഒരു ഭരണനേതൃത്വത്തെ എന്തുവിലകൊടുത്തും പ്രതിഷ്ഠിച്ച ശേഷമേ യുദ്ധം അവസാനിപ്പിക്കുകയുള്ളു.
യുദ്ധം റഷ്യക്ക് അനുകൂലമായി വന്നാൽ ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പരാജയത്തിനുതന്നെ അത് കാരണമാകാം. എന്നാൽ, ഇതൊന്നുമല്ല, സാധാരണ മനുഷ്യരെ അലട്ടുന്നത്. രണ്ടാം ലോകയുദ്ധശേഷം യൂറോപ്പിനെ മൊത്തം ഗ്രസിച്ച ഈ യുദ്ധം മനുഷ്യരെ വേഷവും വംശവും നോക്കി തരംതിരിച്ച് തമ്മിലടിക്കാൻ പ്രേരിപ്പിക്കുന്നുവെന്നതാണ്! യുദ്ധം കഴിഞ്ഞാലും ഈ മനോനില മനുഷ്യരാശിയെ അലട്ടിക്കൊണ്ടേയിരിക്കും!
ആയിരങ്ങൾ കൂട്ടമായി കുടുംബസമേതം വീടും നാടും ഉപേക്ഷിച്ച് നിരാലംബരായി പലായനം ചെയ്യുന്ന ഹൃദയഭേദകമായ കാഴ്ച നടുക്കമുളവാക്കുന്നു. അതിർത്തിയിലെത്തുന്ന തൊലികറുത്തവരുടെ കഥയാണ് കഷ്ടം. വെളുത്തവർ കടന്നുപോയ ശേഷം കറുത്തവർ ദിവസങ്ങളോളം അതിർത്തിയിൽ കാത്തിരിക്കുന്നു. കറുത്ത സ്ത്രീകളെയും കുഞ്ഞുങ്ങളെയും വണ്ടിയിൽനിന്ന് പുറത്തേക്ക് തള്ളിവിടുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. പലപ്പോഴും, ആഫ്രിക്കൻ വംശജരേക്കാൾ പരിഗണന ലഭിച്ചത് മൃഗങ്ങൾക്കാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കോളജ് വിദ്യാർഥികളും കായികതാരങ്ങളും ഇതേവിധം പീഡനങ്ങൾക്ക് വിധേയരായെന്ന് പറയപ്പെടുന്നു. യുദ്ധവേളയിൽ യുക്രെയ്നിലകപ്പെട്ട അമേരിക്കൻ ബാസ്കറ്റ്ബാൾ താരം മോറിസ് ക്രീക് (Maurice Creek) മൈകോലാവിലെ (Mykolaiv) അഭയ കേന്ദ്രത്തിലായിരുന്നെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നീട് വളരെ പ്രയാസപ്പെട്ടാണവർ രക്ഷപ്പെട്ടത്. ബ്രിട്ടനിൽ താമസിക്കുന്ന സിംബാബ്വെ സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയുടെ വിശദീകരണമനുസരിച്ച് മനുഷ്യരെ അവർ തട്ടുകളായി തിരിച്ചിരുന്നു. പാശ്ചാത്യ ലോകത്ത് എല്ലാ ശാസ്ത്ര സാങ്കേതിക സൗകര്യങ്ങളും ഉണ്ടെന്ന വസ്തുത അംഗീകരിച്ചുകൊണ്ടുതന്നെ അവർക്ക് മാനുഷിക ഐക്യം അജ്ഞാതമാണെന്ന കാര്യം ചൂണ്ടിക്കാട്ടാതെ വയ്യ!
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.