ഉമർ ഖാലിദ്

സത്യത്തിൽ എന്താണ് ഉമർ ഖാലിദിന്റെ കുറ്റം?

ഉത്കണ്ഠപ്പെട്ടതുപോലെത്തന്നെ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ മാസം 18ന് ഡൽഹി ഹൈകോടതി തള്ളി. 2020 ഫെബ്രുവരിയിൽ അരങ്ങേറിയ ഡൽഹി വർഗീയ കലാപത്തിനുവേണ്ടി ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2020 സെപ്റ്റംബറിൽ ജയിലിലടച്ചതാണ് ഉമറിനെ.കോടതികളിൽനിന്ന് നീതി ലഭിക്കുക എന്നത് അപൂർവതയായി മാറിയിരിക്കുന്നു, നീതി തേടുന്നത് മുസ്‍ലിംകളോ സർക്കാർ വിമർശകരോ ആണെങ്കിൽ പ്രത്യേകിച്ച്. അത്തരക്കാരുടെ കാര്യത്തിൽ ജയിലല്ല, ജാമ്യമാണ് നിയമം എന്ന നീതിപാഠംതന്നെ കോടതികൾ മാറ്റിമറിച്ചിരിക്കുന്നു. അവർക്കും 'ജാമ്യമാണ് നിയമം' എന്ന മാനദണ്ഡം ബാധകമാക്കണമെങ്കിൽ ജഡ്ജിക്ക് അസാധാരണമായ ധൈര്യംതന്നെ വേണം.

വിദ്യാർഥി നേതാക്കളായ നതാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരുടെ കേസിൽ ജഡ്ജിമാർ ആ ധീരത പുലർത്തിയപ്പോൾ 'ഇതൊരു ശീലമാക്കണ്ട' എന്ന മുന്നറിയിപ്പ് നൽകി സുപ്രീംകോടതി.നതാഷ, ദേവാംഗന, തൻഹ എന്നിവർക്ക് ജാമ്യം അനുവദിക്കുന്ന വിധിയെഴുതിയ അതേ ജഡ്ജി ജസ്റ്റിസ് സിദ്ധാർഥ് മൃദുലാണ് ഉമറിന് ജാമ്യം നിഷേധിച്ചിരിക്കുന്നത്. എല്ലാവർക്കുമെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കേസിന്റെ പശ്ചാത്തലം ഒന്നുതന്നെയാണു താനും.

ആത്യന്തികമായി ഉമറിന് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിൽ കലാശിച്ച നടപടികൾ നോക്കിയാൽ, ജാമ്യാപേക്ഷ തീർപ്പാക്കുമ്പോൾ, ഒരു വ്യക്തിയെ വിചാരണക്കു വിധേയനാക്കേണ്ടതില്ലെന്ന കാര്യം കോടതികൾ മറന്നുപോയോ എന്ന് തോന്നിപ്പോകും. കുറ്റാരോപിതരെ പുറത്തുവിട്ടാൽ തുടരന്വേഷണത്തിലോ വിചാരണയിലോ ഇടപെടുകില്ലെന്ന് ഉറപ്പാക്കുക മാത്രമാണ് ജാമ്യാപേക്ഷ തീർപ്പാക്കുമ്പോൾ ജുഡീഷ്യറി ചെയ്യേണ്ടത്.

തെളിവുകൾ ഹാജരാക്കാതെതന്നെ കുറ്റം ചുമത്താൻ പ്രോസിക്യൂട്ടർക്ക് അനുവാദമുണ്ട്, ഇത് കുറ്റാരോപിതർക്ക് ഏറെ പ്രതികൂലമായിത്തീരും. വിചാരണവേളയിൽ ഹാജരാക്കാനാവുന്ന തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞുകൊണ്ടേയിരിക്കും. എന്നാൽ, ആ സമയം ഒരിക്കലും വരുന്നുമില്ല. അഡ്വ. ഗൗതം ഭാട്ടിയയുടെ വാക്കുകൾ കടമെടുത്താൽ 'പൊലീസിന്റെ സ്റ്റെനോഗ്രാഫർ' എന്നപോലെ പ്രോസിക്യൂഷൻ പറയുന്ന കാര്യങ്ങൾ അപ്പാടെ സ്വീകരിക്കുന്നു കോടതി.

ജാമ്യം കൊടുത്തുവെന്നിരിക്കട്ടെ, ഉമർ എവിടേക്കെങ്കിലും ഓടിപ്പോയി ഒളിച്ചുകളയുമോ? പൊലീസിന്റെ ഇംഗിതങ്ങൾക്കും ഭാവുകങ്ങൾക്കും അനുസൃതമായി നടക്കുന്ന വിചാരണയെ സ്വാധീനിക്കാൻ അയാൾക്കു കഴിയുമോ? അതോ പൊലീസ് നെയ്തെടുത്ത അതിശയകരമായ ഒരു കഥയെ അടിസ്ഥാനമായി നടക്കുന്ന വിചാരണ കാത്ത് ജയിലിൽ കിടക്കാനാണോ അവന്റെ വിധി? ഡൽഹി സർവകലാശാല അധ്യാപകനായിരുന്ന പ്രഫ. ജി.എൻ. സായിബാബയെ കുറ്റമുക്തനാക്കിയ ബോംബെ ഹൈകോടതി വിധി ഒറ്റ ദിവസംകൊണ്ട് മരവിപ്പിക്കാൻ സുപ്രീംകോടതി കാണിച്ച ശുഷ്കാന്തി വ്യക്തമാക്കുന്നത് എന്താണ്?- പൗരജനങ്ങളുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിനല്ല, മറിച്ച് സമൂഹത്തിന് സ്വാതന്ത്ര്യബോധം നഷ്ടപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണ് ജുഡീഷ്യറി നിലനിൽക്കുന്നതെന്നല്ലേ.

ഭരണകൂട വിമർശകർക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും, അത് പ്രകടിപ്പിച്ചശേഷവും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള സാഹചര്യവും നിലനിൽക്കുമ്പോൾ മാത്രമേ ഒരു ജനാധിപത്യ വ്യവസ്ഥയിൽ സ്വാതന്ത്ര്യത്തിന്റെ ആത്മാവ് പരിലസിക്കുകയുള്ളൂ.സർക്കാറിനെ പരിഹസിക്കാനോ വിമർശിക്കാനോ കഴിയില്ലെന്ന് കബീർ കലാ മഞ്ച് ഗായിക ജ്യോതി ജഗ്താപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഒക്ടോബർ 17ന് ബോംബെ ഹൈകോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിനു പിന്നാലെയാണ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയത്.

ജ്യോതി ജഗ്തപ്

അവ ചേർത്തുവായിക്കുമ്പോൾ, ഭൂമിശാസ്ത്രപരമായി അകലെയാണെങ്കിലും മനസ്സുകൾ തമ്മിൽ ഒരു അടുപ്പമുണ്ടെന്ന് വ്യക്തമാകും. ഇത് ജനാധിപത്യത്തിനെതിരായ ഗൂഢാലോചനയാണോ എന്ന് ചോദിച്ചാൽ ദൈവനിന്ദയാകുമോ?സായിബാബക്കും ജ്യോതി ജഗ്‌താപിനും എതിരായ വിധികൾക്കുശേഷവും, നീതി എന്ന ആശയം ഇപ്പോഴും നീതിന്യായ വ്യവസ്ഥയിൽ എവിടെയെങ്കിലും നിലനിൽക്കുന്നുണ്ടാവും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു, അതും ഇപ്പോൾ അസ്ഥാനത്തായി.

ഉമർ ഖാലിദിന്റെ ഹരജി തള്ളാൻ കോടതി പറഞ്ഞ കാരണം യുക്തിക്ക് നിരക്കുന്നതേയല്ല. മഹാരാഷ്ട്രയിലെ അമരാവതിയിൽ ഇയാൾ നടത്തിയ പ്രസംഗമാണ് രാജ്യതലസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെടാൻ കാരണമെന്ന ഡൽഹി പൊലീസിന്റെ വാദം കോടതി അംഗീകരിച്ചു. എന്താണ് അതിനുള്ള തെളിവ്? ഈ നിഗമനത്തിലെത്താൻ, ഉമർ തന്റെ പ്രസംഗത്തിൽ ഉപയോഗിച്ച 'ഇൻക്വിലാബ്' അഥവാ വിപ്ലവം എന്ന വാക്ക് കോടതി കണ്ടെടുത്തു.

ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് എന്തിനാണ് ഉമർ വിപ്ലവാഭിവാദ്യം അർപ്പിച്ചതെന്ന് അതിശയിപ്പിക്കുന്ന നിഷ്കളങ്കതയോടെ കോടതി ചോദിക്കുന്നു. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ വിപ്ലവം അതിരുവിട്ട കാര്യമാണെന്ന് ജവഹർലാൽ നെഹ്‌റുവിന്റെ വരികളും ഓർമിപ്പിക്കുന്നു. വിപ്ലവം ചുവപ്പാണ്. ചുവപ്പ് രക്തത്തിന്റെ നിറമാണ്. അതിനാൽ, ഒരാൾ 'ഇൻക്വിലാബ് സിന്ദാബാദ്' എന്നു പറയുമ്പോൾ, കോടതി അത് രക്തച്ചൊരിച്ചിലായി കേൾക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രധാന കുത്തിയിരിപ്പ് സമരം നടന്ന ശാഹീൻബാഗിലെയും മറ്റിടങ്ങളിലെയും സ്ത്രീകൾ അങ്ങകലെ അമരാവതിയിൽനിന്ന് ഉമർ ഖാലിദ് നടത്തിയ വിപ്ലവാഹ്വാനത്തിന്റെ രഹസ്യം ഡീകോഡ് ചെയ്ത് ഡൽഹിയിൽ അക്രമം നടത്തുകയായിരുന്നുവെന്ന് കോടതി വിലയിരുത്തി. വിപ്ലവാഭിവാദ്യങ്ങൾ എന്നു പറയാതെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു സമ്മേളനവും ആരംഭിക്കാറില്ല. കോടതിയുടെ ലോജിക് വെച്ച് നോക്കുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടികളുടെ എല്ലാ നേതാക്കളും ജയിലിൽ കിടക്കേണ്ടിവരുമല്ലോ.

ശഹീൻ ബാഗിൽ പൗരത്വ പ്രക്ഷോഭം നടത്തിയ വനിതകൾ

ഉമർ വിപ്ലവം എന്ന വാക്കിനൊപ്പം രക്തരഹിതം എന്നു ചേർക്കാതിരിക്കുന്നത് രക്തച്ചൊരിച്ചിൽ ഉദ്ദേശിച്ചാണെന്ന് കോടതി കരുതി. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവ ശേഷം നടന്ന അനവധി വിപ്ലവങ്ങളെക്കുറിച്ച് കോടതികളെ ഓർമിപ്പിക്കേണ്ടതുണ്ടോ? 2014ൽ യുക്രെയ്നിൽ നടന്ന മൈദാൻ വിപ്ലവവും 1989ൽ അർമീനിയയിൽ നടന്ന വെൽവെറ്റ് വിപ്ലവവും മുതൽ 2010ലെ അറബ് വസന്തം വരെ രക്തരഹിതവും ജനപങ്കാളിത്തം നിറഞ്ഞതുമായ നിരവധി വിപ്ലവങ്ങൾ ഉണ്ടായിട്ടുണ്ട്.

'വിപ്ലവം' എന്ന വാക്കിന്റെ ഉപയോഗത്തെക്കുറിച്ച് സ്വാതന്ത്ര്യസമരസേനാനി ഭഗത് സിങ് എഴുതിയത് വായിച്ചുനോക്കാൻ കോടതികളോട് പറയേണ്ടതുണ്ടോ? 'വിപ്ലവം' എന്ന വാക്ക് അർഥമാക്കുന്നത് പിസ്റ്റളുകളോ ബോംബുകളോ അല്ലെന്നും അത് അടിസ്ഥാനപരമായി ആശയസംബന്ധിയാണെന്നുമാണ് അദ്ദേഹം വിവരിച്ചത്.ഗാന്ധി, നെഹ്‌റു, പട്ടേൽ, സരോജിനി നായിഡു തുടങ്ങിയ സ്വാതന്ത്ര്യസമരസേനാനികളുടെ രചനകളിലും പ്രസംഗങ്ങളിലും 'വിപ്ലവം' എന്ന വാക്ക് ഉപയോഗിച്ചതിന്റെ ഉദാഹരണങ്ങൾ കോടതികൾക്ക് നൽകേണ്ടതുണ്ടോ? ഇൻക്വിലാബ് സിന്ദാബാദ് (വിപ്ലവം നീണാൾ വാഴട്ടെ) എന്ന മുദ്രാവാക്യം കോടതികളെ ഓർമിപ്പിക്കേണ്ടതുണ്ടോ?

ഈ കേസിൽ ഉമർ ഖാലിദിന്റെ പ്രസംഗം നിർണായകമാണെന്ന് കോടതി കരുതുന്നുവെങ്കിൽ മൂവർണക്കൊടി കൈയിലേന്തി അക്രമത്തിനെതിരെ പ്രതികരിക്കാൻ അദ്ദേഹം ആവശ്യപ്പെടുന്ന പ്രസംഗഭാഗങ്ങൾ അവഗണിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ്? അക്രമത്തിനു മുന്നിൽ അഹിംസാത്മകമായി നിലകൊള്ളണമെന്ന് പൗരജനങ്ങളോട് ആവശ്യപ്പെട്ടത് ആത്മാർഥതയോടെയായിരുന്നുവെന്ന് കോടതിക്ക് ബോധ്യപ്പെടാത്തത് എന്തുകൊണ്ടാണ്? പ്രസംഗിച്ച ആളുടെ പേര് ഉമർ ഖാലിദ് എന്നായതുകൊണ്ടാണോ? ആയുധമേന്തണമെന്ന് മറയേതുമില്ലാതെ പറഞ്ഞ ഹിന്ദുത്വ നേതാവ് അതുകൊണ്ട് അക്രമം ഉദ്ദേശിച്ചില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നത് എങ്ങനെയാണ്?

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം ഒരു സാധാരണ പ്രതിഷേധമല്ലെന്ന് കോടതി കരുതുന്നു. ഒരു സാധാരണ പ്രതിഷേധം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച് കോടതിയുടെ സങ്കൽപം എന്താണ്? ഡൽഹിയിലെ കൊടുംശൈത്യത്തെ അവഗണിച്ച് സ്ത്രീകൾ നടത്തിയ പ്രതിഷേധസമരത്തിൽ എന്താണ് സംശയാസ്പദമായുള്ള കാര്യം? മുസ്‍ലിം സ്ത്രീകളുടെ മുൻകൈയിൽ നടന്നു എന്നതാണോ ആ സമരത്തെ സംശയാസ്പദമാക്കുന്നത്. സ്ത്രീകൾക്ക് പൊതുവായും, മുസ്‍ലിം സ്ത്രീകൾക്ക് വിശേഷിച്ചും സ്വതന്ത്രമായ മനസ്സ് ഉണ്ടാവില്ലെന്നും അക്രമാസക്തരായ പുരുഷന്മാർക്ക് മറയായിരിക്കാൻ മാത്രമേ കഴിയൂ എന്നും ഭാരതീയ ജനതാ പാർട്ടിയെപ്പോലെ കോടതിയും വിശ്വസിക്കുന്നുണ്ടോ?

പൊലീസ് അന്വേഷണ രീതിയിൽനിന്ന് വ്യക്തമാവുന്ന ദുരന്തമെന്തെന്നാൽ, ഡൽഹി കലാപത്തിന്റെ യഥാർഥ കാരണമോ അതിന്റെ ആസൂത്രകരെയോ കണ്ടെത്തുന്നതിൽ ഡൽഹി പൊലീസിന് ഒരു താൽപര്യവുമില്ല എന്നതാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഒരു ക്രിമിനൽ പ്രവൃത്തിയും രാജ്യത്തിനെതിരായ ഗൂഢാലോചനയുമാണെന്ന് ഡൽഹി പൊലീസ് വിശ്വസിക്കുന്നു. ആ പ്രതിഷേധവുമായി ബന്ധമുള്ള സകലരെയും ഗൂഢാലോചനക്കാരോ അക്രമപങ്കാളികളോ ആയി കാണുന്നു.

അക്രമഭീഷണി മുഴക്കിയ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് ഇതേ കോടതിയിലെ ജഡ്ജിമാരിൽ ഒരാൾ പൊലീസിനോട് ആവർത്തിച്ചു ചോദിച്ചു. ഒക്ടോബർ 11ന്, ബി.ജെ.പിയുടെ എം.എൽ.എയായ നന്ദ് കിഷോർ ഗുർജാർ കലാപത്തിൽ തനിക്ക് പങ്കുണ്ടെന്ന് സൂചിപ്പിച്ചിരുന്നു (പിന്നീട് തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് ഇയാൾ അവകാശപ്പെട്ടു). അയാളെ നാളിതുവരെ ചോദ്യംചെയ്തിട്ടുണ്ടോ?ഉമർ ഖാലിദിന്റെ ഒരേ ഒരു കുറ്റം അവന്റെ പേരാണ്. ഉമർ ഖാലിദായി നിന്നുകൊണ്ട് സർക്കാറിനെ ചോദ്യംചെയ്യാൻ ധാർഷ്ട്യം കാണിച്ചതാണ്.

(രാഷ്ട്രീയ നിരീക്ഷകനും ഡൽഹി സർവകലാശാലയിലെ ഹിന്ദി അധ്യാപകനുമായ ലേഖകൻ scroll.inൽ എഴുതിയത്) 

Tags:    
News Summary - exactly What is Umar Khalid's crime?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.