പ്രവാസികളെ തിരിച്ചെത്തിക്കുക; ഗള്‍ഫ് നാടുകളെ പിണക്കാതിരിക്കുക

കുവൈത്തിൽ പഠിക്കുന്ന കാലം. സാമൂഹിക പാഠം പഠിപ്പിക്കുന്നത് ഈജിപ്തുകാരന്‍. ഗള്‍ഫ് നാടുകളിലെ  വിദേശ തൊഴിലാളികളുടെ ആധിക്യം ആ രാജ്യങ്ങൾക്ക് പ്രശ്നങ്ങള്‍ സൃഷ്​ടിക്കുമെന്ന് ക്ലാസിനിടയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. ഗള്‍ഫു രാജ്യങ്ങളുടെ മുഖച്ഛായ അവര്‍ മാറ്റി മറിക്കും. നിങ്ങൾ ദുബൈയിലെ നായിഫ് സ്ട്രീറ്റില്‍  പോയി നോക്കൂ.  ബോംബെ,  മദ്രാസ് തുടങ്ങി നഗരങ്ങളിൽ ചെന്നെത്തിയ പ്രതീതിയായിരിക്കും -അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു. 

യു.എ.ഇയിലേക്ക് ചേക്കേറിയ ശേഷം അബൂദബിയിലെയും ഷാര്‍ജയിലേയും വായനശാലകളിലിരുന്നു ഇത് സംബന്ധമായ പഠനങ്ങള്‍ വായിക്കാന്‍ അവസരമുണ്ടായി. ഗൾഫ് രാജ്യങ്ങളിലെ വിദേശികളുടെ ജനസംഖ്യ, ഏതേതു രാജ്യക്കാര്‍, സ്വദേശി-വിദേശി സംഖ്യാനുപാതം, വിദേശ തൊഴിലാളികള്‍ ഉളവാക്കുന്ന പ്രത്യാഘാതങ്ങള്‍, ഗള്‍ഫ് ജനസമൂഹത്തിന്  സംഭവിക്കാവുന്ന സാംസ്കാരിക അപഭ്രംശങ്ങൾ, കുറ്റകൃത്യങ്ങളുടെ വര്‍ദ്ധന, അറബി ഭാഷയുടെ അപചയം,  ഇവയൊക്കെ കേന്ദ്രീകരിച്ചായിരുന്നു  പഠനങ്ങളില്‍ പലതും. അതോടെ അധ്യാപകന്‍ പറഞ്ഞത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമല്ലെന്ന് ബോധ്യമായി. കൂട്ടത്തില്‍ സൂചിപ്പിക്കട്ടെ, മലേറിയ പോലുള്ള ഗൾഫ് സമൂഹത്തില്‍  വ്യാപകമല്ലാത്ത പകര്‍ച്ചവ്യാധികളുടെ വ്യാപനവും പഠനങ്ങളില്‍  സൂചിപ്പിച്ചിരുന്നു. വിദേശ തൊഴിലാളികള്‍ സിങ്കപ്പൂരില്‍ വര്‍ധിച്ചതാണ് ആ പ്രദേശം മലേഷ്യയില്‍ നിന്ന് വേര്‍പെട്ടു പോകാന്‍  കാരണമായതെന്നും ചിലര്‍ വിശകലനം നടത്തി. പഠനങ്ങളില്‍ പലതും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറത്തുള്ള  അറബ് ചിന്തകരുടെതായിരുന്നു.  

മേല്‍പ്പറഞ്ഞ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഗള്‍ഫ് നാടുകള്‍   വിദേശികളെ ഒഴിവാക്കാന്‍ കര്‍ശന നടപടികളെടുത്താല്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്‍റെ തൊഴില്‍ സാധ്യതയില്ലാതാകുമെന്നു ഞാന്‍ ആശങ്കിച്ചിരുന്നു. പക്ഷെ ഗള്‍ഫു രാജ്യങ്ങള്‍ പൊതുവെയും യു. എ. ഇ. വിശേഷിച്ചും നമ്മെ പടിക്ക് പുറത്ത് നിര്‍ത്തിയില്ല. യു. എ. ഇ. സമൂഹം അനുഭാവപൂര്‍വ്വമാണ് പ്രവാസികളെ സ്വീകരിച്ചത്.  യു.എ.ഇ. സ്വദേശികളില്‍ ഭൂരിഭാഗം ഇടപഴകാന്‍ കൂടുതല്‍ ഇഷ്​ടപ്പെടുന്നത് ഇന്ത്യക്കാരുമായാണ് എന്നും പഠനങ്ങള്‍ സൂചിപ്പിട്ടുണ്ട്. ഇതറിയാന്‍ ഒരു വിസക്ക് അപേക്ഷിച്ചാല്‍ മതി. മറ്റു പല രാജ്യക്കാര്‍ക്കും ലഭിക്കുന്നതിനേക്കാള്‍ വേഗത്തിൽ നമുക്കത്  ലഭിക്കുന്നു.

തൊഴിലില്ലായ്മ കൊണ്ട് വിഷമിച്ച, കൂടുതൽ നല്ല തൊഴിലും ജീവിതവും സ്വപ്​നം കണ്ട ലക്ഷക്കണക്കിന്‌ ഇന്ത്യക്കാരാണ്  ഈ നാടുകളിലേക്ക്​ പറന്നത്. അങ്ങനെ നാം അവിടത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായി. പ്രവാസിയുടെ വിയര്‍പ്പിന്‍റെ ഫലം  നാട്ടിലേക്കൊഴുകിയതിന്‍റെ സമൃദ്ധിയില്‍ ഇന്ത്യ, വിശേഷിച്ചും കേരളം വമ്പിച്ച വളര്‍ച്ച നേടി.  

ഇപ്പോള്‍, കോവിഡ് പകര്‍ച്ചവ്യാധി മൂലം യു.എ.ഇ. എടുത്ത ചില തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ മേല്‍ പറഞ്ഞ പഠനങ്ങള്‍ ഓര്‍മ വന്നു. സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ താൽപര്യപ്പെടുന്ന വിദേശകളെ  അതിനനുവദിക്കുന്ന നടപടി ക്രമങ്ങള്‍ യു. എ. ഇ. അധികൃതര്‍ ആരംഭിച്ചു. വിദേശ വിമാനങ്ങള്‍ക്ക് പ്രത്യേകാനുമതി നല്‍കി. ചില രാജ്യങ്ങളിലേക്ക് സ്വന്തം സര്‍വീസ് തുടങ്ങി. 

പക്ഷെ, സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ തല്‍ക്കാലം നിര്‍വാഹമില്ലെന്ന ഇന്ത്യൻ സർക്കാർ നിലപാട് മൂലം നേരത്തെ  സൂചിപ്പിച്ച പഠനങ്ങള്‍ അറബ് ചിന്തകര്‍ക്കിടയില്‍ വീണ്ടും വിഷയീഭവിച്ചുകൂടായ്കയില്ല.  സ്വന്തം നാട്ടുകാരെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന  രാജ്യങ്ങളോടുള്ള തൊഴില്‍ പരമായ നിലപാടുകൾ പുനപരിശോധിക്കുമെന്ന അവരുടെ പ്രഖ്യാപനം നാം ഗൗനിക്കേണ്ടതല്ലേ? തൊഴില്‍ കരാറുകളില്‍  'ക്വോട്ട സമ്പ്രദായം' – ഓരോ രാജ്യക്കാര്‍ക്കും നിശ്ചിത ശതമാനമായി നിജപ്പെടുത്തുന്നത് - ഗള്‍ഫ് നാടുകളില്‍ നേരത്തെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഈ സമ്പ്രദായം കര്‍ശനമായി നടപ്പാക്കിയാല്‍ നമ്മുടെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയില്ലേ?   

മറുവശത്ത്‌, സമ്പദ്​ വ്യവസ്ഥയുടെ നട്ടെല്ലായി നിലകൊണ്ട  പ്രവാസികളെ  അവരുടെ വിഷമഘട്ടത്തിൽ സഹര്‍ഷം സ്വീകരിക്കേണ്ടതല്ലേ? പോറ്റി വളര്‍ത്തിയ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ഉപേക്ഷിക്കുന്ന മക്കളുടെ സമീപനമാണോ അവരോട് പുലര്‍ത്തേണ്ടത്? പല രാജ്യങ്ങളും സ്വന്തം പൗരന്മാരെ സ്വീകരിച്ചു തുടങ്ങി. 22,900 വിദേശികള്‍ യു. എ. ഇയില്‍ നിന്ന് കഴിഞ്ഞാഴ്ച മടങ്ങി. അവയില്‍ പലതും സാമ്പത്തികമായും സാമൂഹികമായും നമ്മേക്കാള്‍ പിന്നിലെന്ന്​ നാം എണ്ണാറുള്ള രാജ്യങ്ങളിലെ പൗരന്മാരാണ്.  

യു.എ.ഇ നേതൃത്വം വിദേശികളെയും സ്വദേശികളെയും ഒരു പോലെ സംരക്ഷിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ അബൂദബി കിരീടാവകാശി ശൈഖ്​ മുഹമ്മദ്‌ ബിന്‍ സായിദ് ആല്‍  നഹ് യാന്‍ സ്വദേശി-വിദേശി ഭേദമന്യേ ഭക്ഷണം, ചികിത്സ എന്നിവയെക്കുറിച്ചു ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രഖ്യാപിച്ചു. ലോക്​ഡൗൺ കാലത്ത്​ വീട്ടു മുറ്റത്ത്​ ഭക്ഷണപ്പൊതികളെത്തിച്ചു നൽകി അധികൃതർ. ദുബൈ വേള്‍ഡ് സെന്‍റര്‍ കോവിഡ് രോഗ ചികിത്സാകേന്ദ്രമാക്കി മാറ്റി. അബൂദബിയിലെ  ഇൻറര്‍നാഷണല്‍ എക്സിബിഷന്‍  സ​െൻററിൽ പ്രത്യേക സൗകര്യമൊരുക്കി. മറ്റു പലയിടങ്ങളിലും വന്‍ സജ്ജീകരണമൊരുക്കി.   രാജ്യത്തിനകത്ത് കോവിഡ് ബാധിച്ചു മരിച്ച വിദേശികളുടെ കുടുംബത്തെ സംരക്ഷിക്കുമെന്നു യു. എ. ഇ. റെഡ് ക്രസൻറ്​ പ്രഖ്യാപിച്ചു. ഇങ്ങനെ പലതും ആ നാട് നല്‍കുന്നുണ്ട്. രോഗ പരിശോധന വ്യാപിപ്പിച്ചതിനാലാണ് രോഗ ബാധിതരുടെ എണ്ണത്തില്‍  അവിടെ വര്‍ദ്ധനവ് കാണിക്കുന്നത്. അത്തരം വ്യാപകമായ വൈദ്യ പരിശോധന നമ്മുടെ നാട്ടില്‍ നടക്കുന്നില്ലല്ലോ.  

കോവിഡ് പരിശോധനക്ക് വിധേയമാക്കി വൈറസ് ബാധയില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമേ യാത്രാനുമതി നല്‍കുകയുള്ളൂവെന്ന് യു. എ. ഇ. അധികൃതര്‍ തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. വൈറസ് ബാധിതരെ  യാത്ര ചെയ്യാന്‍ അനുവദിക്കില്ല; പകരം ചികിത്സ നല്‍കും. ആരെയും നിര്‍ബന്ധിച്ചു തിരിച്ചയക്കില്ലെന്നും, മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ കോവിഡ് പരിശോധന നടത്തി രോഗബാധിതനല്ലെന്നു ഉറപ്പ് വരുത്തുമെന്നും ഇക്കാര്യം യു. എ. ഇ. സര്‍ക്കാര്‍ എല്ലാ നയതന്ത്രാലയങ്ങളെയും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നുമാണ്​  ഇന്ത്യയിലെ യു. എ. ഇ അംബാസഡര്‍ ഡോ. അഹ്മദ് അബ്ദുറഹ്മാന്‍ അല്‍ ബന്ന അറിയിച്ചത്​.

തിരിച്ചു വരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ ഏറ്റവും വലിയ പ്രവാസി സമൂഹത്തി​​െൻറ ജൻമദേശമായ കേരളവും തുടക്കത്തിലേ പ്രഖ്യാപിച്ചിരുന്നു. മത സംഘടനകള്‍ തങ്ങളുടെ സ്ഥാപനങ്ങളും സ്രോതസ്സുകളും ഈ ആവശ്യത്തിനു വിട്ടു നല്‍കാന്‍ തയാറെന്ന് സന്നദ്ധതയും അറിയിച്ചിരുന്നു. നേരിടാന്‍ നമുക്ക് കരുത്തുണ്ട്. പുരാതന കാലം തൊട്ടേ വൈദ്യശാസ്ത്രത്തില്‍ കേള്‍വി കേട്ടവരാണ് നാം ഇന്ത്യക്കാര്‍, വിശിഷ്യാ അറബിക്കള്‍ക്കിടയില്‍. ആ കീര്‍ത്തിക്ക്  കോട്ടം തട്ടിയിട്ടില്ല. കോവിഡ് പ്രതിരോധത്തിനു വിദേശങ്ങളില്‍ പോലും സ്തുത്യര്‍ഹമായ സേവനം നല്‍കി ക്കൊണ്ടിരിക്കുന്ന നമ്മുടെ സാമര്‍ത്ഥ്യം നാം കുറച്ചു കാണണോ?      

പ്രവാസികളുടെ മാനസികാരോഗ്യം ഒരു പ്രധാന ഘടകമാണ്. പലരെയും ഏറെ അലട്ടുന്നത് മാനസിക പ്രശ്നങ്ങളാണെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അനുഭവപ്പെടുന്നുണ്ട്. പിറന്ന മണ്ണിനോട് പ്രത്യേക വൈകാരികത വെച്ച് പുലര്‍ത്തുന്ന പ്രവാസികള്‍  നാട്ടിലെത്തുന്നതോടെ അവരുടെ മാനസിക സമ്മര്‍ദ്ദത്തിനു അയവ് വരും.  എന്നാൽ എല്ലാ കടമ്പകളും പരിശോധനകളും നടത്തി നാട്ടിലെത്തിച്ച മൃതദേഹങ്ങൾ നിലത്തിറക്കാൻ അനുവദിക്കാതെ ഡൽഹി വിമാനത്താവളത്തിൽ നിന്ന്​ തിരിച്ചയച്ചതു പോലെയുള്ള നടപടികൾ പ്രവാസികളെ കോവിഡിനേക്കാളേറെ തളർത്തിക്കളയുമെന്ന്​ മറന്നു പോകാതിരിക്കുക. 

ഏറെ വൈകിയാണെങ്കിലും തിരിച്ചു പോരുവാനുള്ളവരുടെ വിവര ശേഖരണം തുടങ്ങാനെങ്കിലും ഇന്ത്യൻ സർക്കാർ തയ്യാറായത്​ നല്ല കാര്യം തന്നെ. കോളങ്ങളും ഫോറങ്ങളും പൂരിപ്പിച്ച്​  കാത്തിരിക്കുകയാണ്​ പ്രവാസികൾ ഇപ്പോൾ.

കോവിഡ് കാലത്തെ 'ലോക്ക് ഡൌണ്‍' കഴിഞ്ഞു ലോകം കാലെടുത്തു വെക്കുന്നത്  വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ്. ഐ. എം. എഫ്. മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.  പ്രതിസന്ധിയില്‍ നമ്മുടെ നാട് നട്ടം തിരിയും.  തൊഴിലില്ലായ്മ രൂക്ഷമാകും. അത്തരം അവസരത്തില്‍ മുന്‍പെന്ന പോലെ എളുപ്പത്തില്‍ നമുക്ക് എത്തിപ്പെടാവുന്ന തൊഴില്‍ കേന്ദ്രങ്ങളും സാമ്പത്തിക സ്രോതസ്സുകളുമാണ് ഗള്‍ഫ് നാടുകള്‍. അവിടത്തെ തൊഴിലിടങ്ങള്‍ ഭാവിയില്‍  'ഓണ്‍ലൈന്‍' സംവിധാനത്തിലേക്ക് മാറിയാല്‍ പോലും  സാങ്കേതിക മികവുള്ളതിനാല്‍ നമുക്ക് ധാരാളം സാധ്യതകളുണ്ട്. ഇത്തരം  സാധ്യതകളുള്ള സുഹൃദ് രാജ്യങ്ങളെ പിടിവാശി മൂലം പിണക്കാതിരിക്കുന്നത്​ സുപ്രധാനമാണ്​. ഇക്കാര്യം നമ്മുടെ അധികാര കേന്ദ്രങ്ങൾ ഒാർമിച്ചാൽ നന്ന്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT