ന്യൂജൻ സ്ഥാപനങ്ങളിലും നിയമനത്തിന് ഫ്യൂഡൽ രീതി

സർക്കാർ പണം ഉപയോഗിച്ച് ശമ്പളം നൽകുന്നിടത്തെല്ലാം അർഹർക്ക് സംവരണം നൽകേണ്ടത് അനിവാര്യമാണ്. സർക്കാർ സർവിസിൽ നേരിട്ട് നിയമിക്കുന്നത് നാലര ലക്ഷം പേരെയാണെങ്കിൽ അതിന്‍റെ അനേകമിരട്ടിയാണ് സർക്കാർ ഫണ്ടുപയോഗിച്ച് ശമ്പളം നൽകുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്. സ്ഥിരമോ താൽക്കാലികമോ ഏതുതരത്തിലുള്ള നിയമനമാണെങ്കിലും അതിൽ സംവരണം പാലിക്കാത്തതിന് നീതീകരണമില്ല. വളഞ്ഞ വഴിയിൽ നിയമിക്കുമ്പോൾ സമൂഹത്തിൽനിന്ന് പിന്നാക്കംനിൽക്കുന്ന വിഭാഗങ്ങൾ പൂർണമായും മാറ്റിനിർത്തപ്പെടുന്നു. സ്വാധീനമില്ലാത്ത അവർ ബഹിഷ്കൃതരാകുന്നു

സർക്കാർ ശമ്പളം കൊടുക്കുന്ന പുത്തൻതലമുറ സ്ഥാപനങ്ങൾ നൂറിലേറെ വരും. അവിടെയൊന്നും നിയമനം പി.എസ്.സി വഴിയോ എംപ്ലോയ്മെന്‍റ് വഴിയോ അല്ല. ഇഷ്ടക്കാരെ സ്വാധീനത്തിൽ നിയമിക്കലാണ് പതിവ്. ഒരുദാഹരണം -സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന സർക്കാർ സ്ഥാപനത്തിൽ വൻ തുക ശമ്പളത്തിൽ നിയമിച്ചതുതന്നെ.

മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപ്ന ഹാജരാക്കിയത് വ്യാജ ബിരുദ സർട്ടിഫിക്കറ്റ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന്‍റെ സ്വാധീനമെന്നാണ് സ്വപ്ന തന്നെ പറഞ്ഞത്.

പുത്തൻതലമുറ സ്ഥാപനങ്ങളിലും ഒരുവിഭാഗം പൊതുമേഖല സ്ഥാപനങ്ങളിലും ചില ബോർഡുകളിലും സ്പെഷൽ പർപ്പസ് വെഹിക്കിളുകളിലും (എസ്.പി.വി), വിവിധ മിഷനുകളിലുമൊക്കെ ഏതാണ്ട് സമാനമാണ് സ്ഥിതി. ലക്ഷക്കണക്കിന് രൂപയാണ് ഇവിടെ ഓരോ ജീവനക്കാരന്റെയും ശമ്പളം. അവരുടെ നിയമനത്തിന് മെറിറ്റില്ല. സംവരണമില്ല. നിയമന മാനദണ്ഡം മറ്റ് പലതുമാണ്.

ജോലിയിലെത്തി ഏതാനും വർഷം കഴിയുമ്പോൾ സ്ഥിരപ്പെടുത്തലായി. പി.എസ്.സി വഴിയോ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയോ നിയമനം നടത്തിയാൽ കുറെയൊക്കെ അർഹർ വരും. സംവരണ തത്ത്വം പാലിക്കേണ്ടിവരും. പൊതുപണമെടുത്താണ് ശമ്പളവും ആനുകൂല്യവും നൽകുന്നത്. അതിനാൽ എല്ലാ വിഭാഗത്തിനും അതിൽ പങ്കാളിത്തം ലഭിക്കേണ്ടതുമുണ്ട്.

ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ നൂറുകണക്കിന് വരും. ഇവയിൽ നിയമത്തിനായി വിജ്ഞാപനം വരുന്നതോ ഒഴിവുകൾ ഉണ്ടാകുന്നതോ എല്ലാവരും അറിയുന്നില്ല. അറിയേണ്ടവർ മാത്രം അറിയുന്നു. അപേക്ഷാവസരമോ നിഷ്പക്ഷ തെരഞ്ഞെടുപ്പോ ഇല്ല. ഇതെല്ലാം പിന്നീട് കടലാസ് പണികൾ നടത്തി ശരിപ്പെടുത്തും.

കോടികൾ അമ്മാനമാടുന്ന കിഫ്ബിയിൽ ആളെ നിയമിക്കുന്നത് നിലവിൽ സർക്കാർ നിയമന മാനദണ്ഡങ്ങൾ പാലിച്ചല്ല. അവിടത്തെ ശമ്പളക്കണക്ക് കേട്ടാൽ സാധാരണക്കാരന് തലകറങ്ങും. കിഫ്ബി, കിറ്റ്കോ, റോഡ് ഫണ്ട് ബോർഡ്, കെ.എസ്.ടി.പി ഉൾപ്പെടെ സ്ഥാപനങ്ങൾ ഏറെയുണ്ട്.

പല സ്ഥാപനങ്ങളിലും നിയമനം പി.എസ്.സിക്ക് വിട്ടെങ്കിലും അവിടെ സ്പെഷൽ റൂൾ തയാറാക്കാത്തതിനാൽ നിയമന നടപടികൾ കമീഷന് തുടങ്ങാനായിട്ടില്ല. എത്രയോ തവണ ഇക്കാര്യത്തിൽ നിയമസഭ സമിതി മുന്നറിയിപ്പ് നൽകിയിരിക്കുന്നു. അനങ്ങില്ല ഫയലുകൾ. അതുകൊണ്ടുതന്നെ നിയമനവും സ്ഥിരപ്പെടുത്തലും മറ്റു വഴികളിൽ യഥേഷ്ടം നടക്കുന്നു.

അനവധി മിഷനുകളിൽ (ഐ.ടി മിഷൻ, ഹെൽത്ത് മിഷൻ, ശുചിത്വ മിഷൻ, ഹോർട്ടികൾചർ മിഷൻ തുടങ്ങി) നിരവധിപേർ ജോലി ചെയ്യുന്നു. വൻ തുക ശമ്പളം നൽകുന്നു. നിശ്ചിത കാലത്തേക്കാണ് നിയമനമെന്ന പേരിൽ പി.എസ്.സിയെ പടിക്കുപുറത്ത് നിർത്തിയിരിക്കുന്നു.

കമീഷനുകൾ, പാർക്കുകൾ, എൻജി മാനേജ്മെന്‍റ് സെന്‍റർ, ജലനിധി, അക്കാദമികൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, നിർമിതികേന്ദ്രം തുടങ്ങി എണ്ണിയാൽ തീരാത്തത്ര സ്ഥാപനങ്ങളുണ്ട്. ഖജനാവിൽനിന്ന് ശമ്പളം നൽകുന്ന അവിടെയൊക്കെ നിയമനം സംവരണം പാലിച്ചുതന്നെ നടത്തേണ്ടതുണ്ട്. പക്ഷേ അങ്ങനെയല്ല നടക്കുന്നത്.

തിരുവനന്തപുരം കോർപറേഷനിൽ ജീവനക്കാരെ നിയമിക്കുന്നതിന് മേയർ പാർട്ടിക്ക് നൽകിയ കത്ത് പുറത്ത് വന്നതിൽനിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണ്. മുമ്പും കാര്യങ്ങൾ അങ്ങനെയൊക്കെയാണ് നടന്നുവന്നിരുന്നത്. സർക്കാർ മേഖലയിലും സർക്കാർ നിയന്ത്രിത മേഖലയിലും ഇത്തരത്തിൽ ആയിരക്കണക്കിന് പേരെയാണ് താൽക്കാലികമായി നിയമിക്കുന്നത്.

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് നിലനിൽക്കുമ്പോഴും ഇഷ്ടക്കാരാണ് നിയമനം നേടുന്നത്. അവിടെയും ഒരുവിധ സംവരണവും പാലിക്കുന്നില്ല. സംവരണം പാലിക്കാതെ സ്ഥിരം/താൽക്കാലിക/കരാർ/ദിവസ /മണിക്കൂർ കൂലി രീതിയിൽ നിയമിക്കപ്പെടുന്നവർ അനേകമാണ്. വേതനം സർക്കാറിൽനിന്നായിട്ടും അവിടെയൊന്നും സംവരണം പാലിക്കപ്പെടുന്നില്ല.

സർവകലാശാലകളിലെ ചില തസ്തികകൾ പി.എസ്.സിക്ക് വിട്ടിട്ടുണ്ട്. എന്നാൽ, മറ്റ് തസ്തികകളിൽ നിയമനം എന്നും വിവാദമാണ്. അക്കാദമിക് സ്വാതന്ത്ര്യം പറഞ്ഞ് ഈ നിയമനങ്ങൾ സർവകലാശാലകൾ കൈവശം വെക്കുന്നു. കെ.എ.എസിൽ വരെ നിയമനം നടത്തുന്ന പി.എസ്.സിക്ക് പ്രഫസർമാരെയും മറ്റും റിക്രൂട്ട് ചെയ്യാൻ ഒരു പ്രയാസവുമില്ല. അതും പി.എസ്.സിക്ക് വിടുകതന്നെ വേണം.

സംവരണം വേണം, പൊതുപണം ശമ്പളമായി നൽകുന്നിടത്തെല്ലാം

സർക്കാർ പണം ഉപയോഗിച്ച് ശമ്പളം നൽകുന്നിടത്തെല്ലാം അർഹർക്ക് സംവരണം നൽകേണ്ടത് അനിവാര്യമാണ്. സർക്കാർ സർവിസിൽ നേരിട്ട് നിയമനം ലഭിക്കുന്നവർ നാലരലക്ഷം പേരാണെങ്കിൽ അതിന്‍റെ അനേകമിരട്ടിയാണ് സർക്കാർ ഫണ്ടുപയോഗിച്ച് ശമ്പളം നൽകുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്.

സ്ഥിരമോ താൽക്കാലികമോ ഏത് തരത്തിലുള്ള നിയമനമാണെങ്കിലും അതിൽ സംവരണം പാലിക്കാത്തതിന് നീതീകരണമില്ല. വളഞ്ഞ വഴിയിൽ നിയമിക്കുമ്പോൾ സമൂഹത്തിൽനിന്ന് പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ പൂർണമായും മാറ്റിനിർത്തപ്പെടുന്നു. സ്വാധീനമില്ലാത്ത അവർ ബഹിഷ്കൃതരാകുന്നു.

സർക്കാർ ജീവനക്കാർക്ക് സമാന സേവന-വേതന വ്യവസ്ഥകളുള്ള എയ്ഡഡ് നിയമനത്തിൽ സംവരണം പാലിക്കുകയും മെറിറ്റ് പാലിക്കുകയും വേണം. പൊതുമേഖലയിലും മിഷനുകളിലും ബോർഡുകളിലും മാത്രമല്ല, പൊതുപണം ഉപയോഗിച്ച് ശമ്പളം നൽകുന്നിടത്തെല്ലാം സംവരണ വ്യവസ്ഥകൾ പാലിക്കുകതന്നെ വേണം. അതിനായി ശബ്ദമുയരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Tags:    
News Summary - Feudal system of appointment in new institutions also

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.