കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി അനുദിനം മൂർച്ഛിച്ച് വരുകയാണ്. അത് പൊതുസേവനങ്ങളുടെ അളവിനെയും ഗുണനിലവാരത്തെയും മാത്രമല്ല, സമ്പദ്വ്യവസ്ഥയുടെ വളർച്ചയെയും ബാധിച്ചുതുടങ്ങിയിരിക്കുന്നു. കേന്ദ്രത്തെ പഴിച്ച് കാലം പോക്കുന്നതിനപ്പുറം ഈ പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങൾ വസ്തുനിഷ്ഠമായി പരിശോധിച്ച് തിരുത്തൽ നടപടികളിലേക്ക് പോകേണ്ട കാലമായിരിക്കുന്നു.
1983-84 മുതൽ കേരളത്തിന്റെ റവന്യൂ ചെലവുകൾക്ക് റവന്യൂ വരുമാനം തികയുന്നില്ല. റവന്യൂ വരുമാനം കൂട്ടിയോ ചെലവ് കുറച്ചോ കമ്മി പരിഹരിക്കുന്നതിനുപകരം കടമെടുത്താണ് ചെലവ് നടത്തിപ്പ്. നികുതി നൽകൽ ശേഷിയിൽ ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയ സംസ്ഥാനത്താണിതെന്നോർക്കണം. ആളോഹരി ഉപഭോഗത്തിൽ 1972-73ൽ പ്രധാന സംസ്ഥാനങ്ങളെയെടുത്താൽ കേരളം എട്ടാമതായിരുന്നു.
1983 ആയപ്പോൾ മൂന്നാം സ്ഥാനത്തേക്കും 1999-2000 ആയപ്പോൾ ഒന്നാംസ്ഥാനത്തേക്കും ഉയർന്നു. ഗാർഹിക ഉപഭോഗത്തെ സംബന്ധിച്ച അവസാന സർവേ നടന്ന 2011-12ലും കേരളം ഒന്നാംസ്ഥാനത്തായിരുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭക്ഷ്യേതര വസ്തുക്കളുടെ പ്രത്യേകിച്ച് ആഡംബര വസ്തുക്കളുടെ ഉപഭോഗം ഇവിടെ വളരെ കൂടുതലാണ്. ഉയർന്ന നിരക്കിൽ നികുതി ചുമത്തപ്പെടുന്നവയാണ് ഇവയെന്നോർക്കണം.
ഇതൊന്നും പക്ഷേ, വിഭവസമാഹരണത്തിൽ പ്രതിഫലിച്ചില്ല. 1957-58 മുതൽ 1966-67 വരെയുള്ള പത്തുവർഷത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ സമാഹരിച്ച തനത് വരുമാനത്തിൽ കേരളത്തിന്റെ ഓഹരി 4.45 ശതമാനമായിരുന്നു. ഏറ്റവും പുതിയ കണക്കുകൾ ലഭ്യമായ 2021-22 (പുതുക്കിയ എസ്റ്റിമേറ്റ്)ൽ ഇത് 3.87ശതമാനമായി താഴ്ന്നിരിക്കുന്നു. തനത് വിഭവസമാഹരണത്തിലെ നീതീകരിക്കാനാവാത്ത പരാജയമാണ് ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം.
മദ്യം, ഭാഗ്യക്കുറി, മോട്ടോർവാഹനങ്ങൾ, പെട്രോൾ എന്നീ നാലിനങ്ങളിൽനിന്നാണ് കേരളം തനത് വരുമാനത്തിന്റെ 61 ശതമാനത്തിനുമേൽ സമാഹരിക്കുന്നത്. മദ്യവും ഭാഗ്യക്കുറിയും തനത് വരുമാനത്തിന്റെ 14.77 ശതമാനം മാത്രമേ 1972-73ൽ സംഭാവന ചെയ്തിരുന്നുള്ളൂ. ഇന്നത് 36 ശതമാനത്തിന് മുകളിലാണ്. പൊതുവിഭവസമാഹരണത്തിന്റെ ഭാരം മധ്യവർഗത്തിന്റെയും സമ്പന്നരുടെയും പുറമ്പോക്കിൽ കിടക്കുന്നവരുടെയും ചുമലുകളിലേക്ക് മാറി.
പിരിക്കേണ്ടിയിരുന്ന, പിരിക്കാമായിരുന്ന നികുതിക്ക് പകരം കടമെടുപ്പിനെ അമിതമായി ആശ്രയിച്ചതിന്റെ അനിവാര്യമായ പരിണതിയാണ് ഇന്നത്തെ പ്രതിസന്ധി. കടമെടുപ്പിന് കടിഞ്ഞാൺവന്നപ്പോൾ നികുതി പിരിവിന് ഇറങ്ങാൻ വയ്യാത്ത സ്ഥിതിയായി. സംസ്ഥാനങ്ങളുടെ മുഖ്യ വരുമാനസ്രോതസ്സ് പരോക്ഷ നികുതികളാണ്.
അവ കാലാകാലങ്ങളിൽ പിരിക്കാതിരുന്നാൽ എന്നേക്കുമായി നഷ്ടപ്പെടുകയാണ്. വർഷങ്ങളായി കുറഞ്ഞ നികുതിഭാരവുമായി തഴക്കം വന്നുപോയ ജനങ്ങളിൽനിന്ന് ഒറ്റയടിക്ക് അധിക വിഭവസമാഹരണം ഏറക്കുറെ അസാധ്യമാണ്.
ഇന്നത്തെ പ്രതിസന്ധി ഇത്ര രൂക്ഷതരമാക്കിയത് 2016 മുതലുള്ള ധനകാര്യ മാനേജ്മെന്റിലെ പാളിച്ചകളാണ്. ചരക്ക് സേവന നികുതി നിലവിൽ വരുമ്പോൾ 20-25 ശതമാനം വർധന പ്രതീക്ഷിച്ചിരുന്നു ധനശാസ്ത്രജ്ഞനായ ധനമന്ത്രി. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ ലേഖകനും അനിതാ കുമാരിയെന്ന സഹപ്രവർത്തകയും ചേർന്ന് 2015ൽ തന്നെ ചരക്ക് സേവന നികുതി കേരളത്തിന് പ്രതീക്ഷിക്കുന്നപോലെ നേട്ടം ഉണ്ടാക്കുകയില്ല എന്നു തെളിയിച്ചതാണ്.
അതിനെ തള്ളിയ ധനമന്ത്രി തന്റെ കണക്കുകൂട്ടലുകൾ പിഴച്ചത് മനസ്സിലാക്കിയത് 2018ലാണ്. വിഭവ സമാഹരണത്തിനു പകരം കടമെടുപ്പിൽ അമിതമായി ആശ്രയിക്കാൻ രണ്ടു പ്രളയങ്ങളും കോവിഡ് മഹാമാരിയും ഒഴികഴിവായി. കിഫ്ബിയും പെൻഷൻ കമ്പനിയും ആരംഭിച്ച് ബജറ്റിന് പുറത്ത് പരമാവധി കടമെടുത്തുകൂട്ടി. സമാഹരിക്കുന്ന വിഭവങ്ങളുടെ നല്ലൊരു ഭാരം കടത്തിന്റെ പലിശയായി പോയി.
ധനകാര്യ മാനേജ്മെന്റിലെ ഏറ്റവും വലിയ പിഴവായിരുന്നു 2020-21ലെ ശമ്പള-പെൻഷൻ പരിഷ്കരണം. 2020-21ൽ 46,751.71 കോടി രൂപയായിരുന്ന ശമ്പള-പെൻഷൻ ചെലവ് 71,523.97 കോടിയായി വർധിച്ചു. ഒറ്റയടിക്ക് 24,770.26 കോടിയുടെ വർധന. സമൂഹത്തിലെ വെറും നാലുശതമാനം പേർക്ക് മൊത്തം വരുമാനത്തിന്റെ 61.32 ശതമാനം.
പ്രളയവും കോവിഡും പത്തുവർഷം കൂടുമ്പോൾ ശമ്പള-പെൻഷൻ പരിഷ്കരണം മതിയെന്ന മുൻ ശമ്പള പരിഷ്കരണ കമീഷന്റെ ശിപാർശയുമടക്കം എന്തെല്ലാം കാരണങ്ങൾ ഉണ്ടായിരുന്നു അത് മാറ്റിവെക്കാൻ? പക്ഷേ, തുടർഭരണത്തിനുവേണ്ടിയുള്ള അത്യാർത്തി ആനപിടിച്ചാലും തടുക്കാനാവില്ലല്ലോ.
കേന്ദ്രം ഇവിടെനിന്ന് ഒരു രൂപ പിരിക്കുമ്പോൾ 57 പൈസയേ തിരികെ തരുന്നുള്ളൂ. ഉത്തർപ്രദേശിൽനിന്നും ബിഹാറിൽനിന്നും ഒരു രൂപ പിരിക്കുമ്പോൾ യഥാക്രമം രണ്ടു രൂപ 73 പൈസയും ഏഴു രൂപ ആറു പൈസയും കൊടുക്കുന്നു. കേൾക്കുമ്പോൾ എന്തൊരു അനീതി? നമ്മുടെ ഇവിടെനിന്ന് പിരിക്കുന്ന പണം വെറുതെ ദീവാളി കുളിക്കുന്നു.
ഫെഡറലിസത്തിന്റെ യുക്തി ഗ്രഹിക്കാത്ത സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ എളുപ്പമാണ്. സത്യമെന്താണ്? എല്ലാ സംസ്ഥാനങ്ങളും ഏറക്കുറെയെങ്കിലും ഒരുപോലെ വികസിക്കണം എന്നത് ഇന്ത്യയെന്ന സങ്കൽപം നിലനിൽക്കുന്നതിന് ആവശ്യമാണ്.
കൂടുതൽ വികസിതമായ സംസ്ഥാനങ്ങളിൽനിന്ന് വിഭവങ്ങൾ സമാഹരിച്ച് വികസനത്തിൽ പിന്നിൽനിൽക്കുന്ന സംസ്ഥാനങ്ങൾക്ക് നൽകുകതന്നെ വേണം. മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽനിന്ന് പിരിക്കുന്ന ഓരോ രൂപയിൽനിന്നും യഥാക്രമം എട്ടുപൈസ, 15 പൈസ, 28 പൈസ, 29 പൈസ എന്നിങ്ങനെയാണ് തിരികെ കൊടുക്കുന്നത്.
ചരക്ക് സേവന നികുതി നഷ്ടപരിഹാരം നിർത്തിയതാണ് മറ്റൊരു കാരണമായി പറഞ്ഞുവരുന്നത്. സത്യത്തിൽ അഞ്ചുവർഷത്തെ നഷ്ടപരിഹാരം എന്നത് പൊയ്ക്കാലുപോലെയാണ്. അഞ്ചുവർഷംകൊണ്ട് സ്വന്തം കാലിൽ നിൽക്കാനുള്ള പ്രോത്സാഹനം.
അതിനെ അമിതമായി ആശ്രയിച്ച് നികുതി പിരിവിൽ അലംഭാവം കാണിക്കാതിരുന്നെങ്കിൽ ഇന്നത്തെ പ്രതിസന്ധി കുറെയെങ്കിലും ഒഴിവാക്കാമായിരുന്നു. നഷ്ടപരിഹാരം നിർത്തിയതോടെ ചരക്കു സേവന നികുതി 23 ശതമാനം കണ്ട് വർധിച്ചതുതന്നെ ഇതിനുള്ള തെളിവാണ്.
ഏറ്റവും വലിയ തമാശ റവന്യൂ കമ്മി ഗ്രാന്റ് നിർത്തിയതിനെച്ചൊല്ലിയുള്ള വിവാദമാണ്. യഥാർഥത്തിൽ റവന്യൂ കമ്മി ഗ്രാന്റ് ധനകാര്യ കമീഷന്റെ വിവേചനാധികാരത്തിൽ പെട്ടതാണ്. അവകാശമൊന്നുമല്ല. പിടിച്ച് ചെലവ് ചെയ്യുകയും ചെലവ് നികത്തത്തക്കവിധം വരുമാനം സമാഹരിക്കുകയും ചെയ്യുന്ന ‘നിഷ്കളങ്കന്മാർക്ക്’ റവന്യൂ കമ്മി ഗ്രാന്റ് ലഭിക്കുകയില്ല. 14ഉം 15ഉം ധനകാര്യ കമീഷനുകൾ ഉദാരമായി റവന്യൂ കമ്മി ഗ്രാന്റ് നൽകിയ സംസ്ഥാനമാണ് കേരളം.
അക്കാദമിക രംഗത്തെ തന്റെ ബന്ധങ്ങളും മറ്റും ഉപയോഗിച്ച് 53,000 കോടി രൂപയോളമാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് 15ാം ധനകാര്യ കമീഷനിൽനിന്ന് വാങ്ങിയെടുത്തത്. അതിൽ അദ്ദേഹം പ്രയോഗിച്ച അസാമാന്യമായ കൗശലം വിഭവസമാഹരണത്തിൽ പ്രദർശിപ്പിച്ചിരുന്നെങ്കിൽ പ്രതിസന്ധി ഒരു പരിധിവരെ ഒഴിവാക്കാമായിരുന്നു. ഓർക്കേണ്ട മറ്റൊരു കാര്യം ഒഡിഷ, ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് റവന്യൂ കമ്മിറ്റി ഗ്രാന്റേ ഇല്ല എന്നതാണ്.
കേന്ദ്രം ചെയ്യുന്നത് എല്ലാം ശരിയാണ് എന്ന് വാദിക്കുകയല്ല. സെസുകളും സർചാർജുകളും കൂടുതലായി ചുമത്തി സംസ്ഥാനങ്ങളുമായി പങ്കിടേണ്ട പൊതുവിഭവങ്ങൾ കുറയാൻ കേന്ദ്ര നടപടികൾ കാരണമാവുന്നുണ്ട്. പക്ഷേ, അങ്ങനെ സമാഹരിക്കുന്ന വിഭവങ്ങൾ കേന്ദ്രം വേറെ എങ്ങോട്ടോ കടത്തിക്കൊണ്ടുപോകാൻ മാത്രം കേന്ദ്രവും സംസ്ഥാനങ്ങളും ഇരുമ്പുഭിത്തികൊണ്ട് മറച്ച രണ്ടു പ്രദേശങ്ങൾ ഒന്നുമല്ല.
രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളായ റെയിൽവേ, റോഡ്, വൈദ്യുതി, തുറമുഖങ്ങൾ, വ്യോമയാനം എന്നിവയിലെ കേന്ദ്ര പദ്ധതികൾ സംസ്ഥാനങ്ങളുടെ ആളോഹരി വരുമാനവും നികുതി വരുമാനവും വർധിപ്പിക്കും. സംസ്ഥാനമായാലും കേന്ദ്രമായാലും പൊതുവിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കുന്നുണ്ടോ എന്നതാണ് മുഖ്യമായ കാര്യം.
കേരളം ഇന്ന് അകപ്പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്തിന്റെ ധനകാര്യത്തിൽ അടിസ്ഥാനപരമായ പൊളിച്ചെഴുത്തുകൊണ്ട് മാത്രമേ കഴിയുകയുള്ളൂ. സർക്കാർ ജീവനക്കാരുടെ കുടിശ്ശികയായി 23,000 കോടി, കരാറുകാർക്കുള്ള കുടിശ്ശികയായി 16,000 എന്നിങ്ങനെ പല മേഖലകളിലായി സർക്കാർ കൊടുത്തുതീർക്കാനുള്ള മൊത്തം തുക 45,000 കോടിയോളമാണ്. അതിനർഥം കേന്ദ്രം ഒരു 15,000 കോടി കൂടി കടമെടുക്കാൻ അനുവദിച്ചാൽപോലും പ്രതിസന്ധി മറികടക്കാനാവില്ല എന്നതാണ്.
സമ്പദ്ഘടനയുടെയും നികുതിവരുമാനത്തിന്റെയും വളർച്ചയെ പരിപോഷിപ്പിക്കുംവിധം സംസ്ഥാനത്തിന്റെ പൊതു ചെലവുകളുടെ ഘടനയിലും ഉള്ളടക്കത്തിലും മാറ്റങ്ങൾ കൊണ്ടുവരുക മാത്രമാണ് പരിഹാരം. മൊത്തം വരുമാനത്തിന്റെ 61.32 ശതമാനം ശമ്പളത്തിനും പെൻഷനുമാണ് പോകുന്നത്. രാജ്യത്തെ 17 പ്രധാന സംസ്ഥാനങ്ങളുടെ ശരാശരി ശമ്പള-പെൻഷൻ ചെലവ് 40.63 ശതമാനം മാത്രമാണ്.
ശമ്പളയിനത്തിലുള്ള ചെലവിനേക്കാൾ വളരെ പെട്ടെന്ന് മാറ്റങ്ങൾ വരുത്താവുന്നതാണ് പെൻഷൻ ചെലവുകൾ. ഇന്ത്യയിലെ 17 പ്രധാന സംസ്ഥാനങ്ങളുടെ പെൻഷൻ ചെലവ് 2021-22ൽ (ആർ.ഇ) മൊത്തം വരുമാനത്തിന്റെ 12.22 ശതമാനം ആയിരിക്കുമ്പോൾ കേരളത്തിന്റേത് 23.06 ശതമാനമാണ്. ക്ഷേമ പെൻഷൻ, പങ്കാളിത്ത പെൻഷൻ, സ്റ്റാറ്റ്യൂട്ടറി പെൻഷൻ എന്നിങ്ങനെ പല തട്ടിലുള്ള വയോജനങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്ന സമഗ്രമായ പെൻഷൻ പദ്ധതിയിലേക്ക് മാറിയാൽ പെൻഷൻ ബാധ്യത ഗണ്യമായി കുറക്കാനാകും.
ഇതോടെ ഇപ്പോൾ 1600 രൂപ പ്രതിമാസ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പെൻഷൻ 4400 രൂപയിലേക്ക് വർധിപ്പിക്കാനുമാകും എന്ന് ഈ ലേഖകൻ കണ്ടെത്തിയിട്ടുണ്ട്. വർധിപ്പിക്കുന്ന പെൻഷൻ ഉടൻതന്നെ വിപണിയിലെത്തി സാമ്പത്തിക പ്രവർത്തനങ്ങളെ ദ്രുതഗതിയിലാക്കും. ഇതോടെ നികുതിവരുമാനവും വർധിക്കും.
ഇതിനുപകരം നിലവിലെ വ്യവസ്ഥകൾ അതേപടി തുടരാൻ കൂടുതൽ കടംകൊള്ളാനാണ് ശ്രമിക്കുന്നതെങ്കിൽ കേരള സമ്പദ്വ്യവസ്ഥ നാശത്തിന്റെ പടുകുഴിയിലേക്കാവും പതിക്കുക. ധനകാര്യ സംബന്ധമായ മുഴുവൻ വസ്തുതകളും ജനങ്ങളുടെ മുമ്പാകെ തിരുത്തി സമൂഹത്തിലാകെ ആരോഗ്യകരമായ സംവാദങ്ങൾ ഉയർത്തുകയാണ് ഇന്നത്തെ പ്രതിസന്ധി മറികടക്കാനുള്ള ആദ്യപടി.
(ലേഖകൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ ഫാക്കൽറ്റിയംഗമാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.