ഭക്ഷണ സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്

പൊതുപരിപാടികളിൽ ഭക്ഷണം സാധ്യമാക്കുമ്പോൾ എല്ലാവിധ മനുഷ്യരെയും പരിഗണിക്കേണ്ടതുണ്ട്. എന്താണ് ഇഷ്ടത്തോടെ കഴിക്കുന്നത് എന്നതാണ് പ്രധാനം, മറ്റു പ്രേരണകളാൽ എന്തൊക്കെ കഴിക്കേണ്ടതുണ്ട് എന്നതല്ല. ഭക്ഷണശാലകളിലോ മറ്റു പൊതുഇടങ്ങളിലോ കിട്ടുന്ന ഭക്ഷണങ്ങൾ കഴിക്കുക എന്നതിൽനിന്ന് നമുക്ക് ആവശ്യമായ ഭക്ഷണത്തിലേക്ക് സമൂഹത്തിലെ ഓരോ ഇടങ്ങളെയും എത്തിക്കേണ്ടതുണ്ട്

ഭക്ഷണ സ്വാതന്ത്ര്യം രാഷ്ട്രീയമല്ല, ഒരു മനുഷ്യന്റെ അവകാശമാണ്. എന്നാൽ, വിശപ്പിന്റെ രാഷ്ട്രീയത്തിന് ചരിത്രത്തോളം പ്രാധാന്യവുമുണ്ട്. ഭക്ഷ്യക്ഷാമങ്ങളുടെ കാലങ്ങളെ അത്ര പെട്ടെന്നൊന്നും മറക്കാൻ ഒരു നാടിനുമാകില്ല. പഴയ കാലങ്ങളുടെ ദുരിതവർഷങ്ങളിലേക്കും പോകേണ്ടതില്ല, ഇക്കഴിഞ്ഞ അല്ലെങ്കിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന യുക്രെയ്ൻ യുദ്ധാന്തരീക്ഷം വരുത്തിവെച്ച ഭക്ഷ്യക്ഷാമവും വിലക്കയറ്റവും തന്നെയാണ് വർത്തമാനകാലത്തിന്റെ ഉദാഹരണം. 2022 അവസാനത്തിൽ ഗോതമ്പുവില അതിന്റെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയിരിക്കുന്നു.

തൊണ്ണൂറുകളുടെ ആദ്യത്തിൽതന്നെ ഇന്ത്യയിൽനിന്നുള്ള ധാന്യവിളകളുടെ കയറ്റുമതി ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപാരാടിസ്ഥാനത്തിൽ എത്തിത്തുടങ്ങിയിരുന്നു. ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിൽ സുലഭമായിരുന്ന ധാന്യങ്ങൾ ലോകവിപണിയിലേക്ക് എത്തിയതോടെ അതിന്റെ ലഭ്യത നിയന്ത്രിക്കപ്പെടുകയും വില കൂടുകയും ചെയ്തു. ഇന്നും, ഭക്ഷണക്കയറ്റുമതിയിൽ ഇന്ത്യയെ ആശ്രയിക്കുന്ന അമേരിക്കയടക്കമുള്ള നിരവധി രാജ്യങ്ങളുണ്ട്. എന്നാൽ, നമ്മുടെ രാജ്യത്തിപ്പോഴും ഭക്ഷണ സ്വാതന്ത്ര്യത്തിന്റെ അലയൊലികൾ തീർന്നിട്ടില്ല, രാഷ്ട്രീയമായും മതപരമായും സാമൂഹികമായും അതിന്റെ കലഹങ്ങൾ തുടരുന്നു.

ഓരോ വ്യക്തിയുടെയും ഭക്ഷണരീതികൾക്ക് വ്യത്യാസമുണ്ട്. പല മതവിഭാഗങ്ങളും അവരുടെ വിശ്വാസമനുസരിച്ച് ചില ഭക്ഷണങ്ങളെ മാറ്റിനിർത്തുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ, തൊഴിൽപരമായ ആവശ്യങ്ങളാൽ അങ്ങനെ പല നിയന്ത്രണങ്ങൾക്ക് വിധേയമായി, അല്ലെങ്കിൽ അനുശാസിച്ച് ഒരു വ്യക്തി ഭക്ഷണത്തെ ക്രമീകരിക്കുന്നുണ്ട്. ഒരു മനുഷ്യൻ എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടതും ആ വ്യക്തി മാത്രമാണ്.

പൊതുഇടങ്ങളിൽ എല്ലാതരം ഭക്ഷണങ്ങളും സാധ്യമാക്കേണ്ടതും അതുകൊണ്ടുതന്നെയാണ്. അലർജികളും രോഗാവസ്ഥകളും കൂടിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് ആഹാരം വളരെ പ്രാധാന്യത്തോടെ നൽകേണ്ടതുമുണ്ട്. കടലവർഗങ്ങൾ, പാൽ, ചേന, ഇലക്കറികൾ തുടങ്ങി പലതും അലർജിക്ക് കാരണമാകുന്ന മനുഷ്യരെ എല്ലായിടത്തും നമുക്ക് കാണാം. സസ്യാഹാരം-മാംസാഹാരം എന്നതിലേക്ക് മാത്രം ഭക്ഷണത്തെ ഒതുക്കാൻ കഴിയുകയുമില്ല.

പൊതുപരിപാടികളിൽ ഭക്ഷണം സാധ്യമാക്കുമ്പോൾ എല്ലാവിധ മനുഷ്യരെയും പരിഗണിക്കേണ്ടതുണ്ട്. എന്താണ് ഇഷ്ടത്തോടെ കഴിക്കുന്നത് എന്നതാണ് പ്രധാനം, മറ്റു പ്രേരണകളാൽ എന്തൊക്കെ കഴിക്കേണ്ടതുണ്ട് എന്നതല്ല. ഭക്ഷണശാലകളിലോ മറ്റു പൊതുഇടങ്ങളിലോ കിട്ടുന്ന ഭക്ഷണങ്ങൾ കഴിക്കുക എന്നതിൽനിന്ന് നമുക്ക് ആവശ്യമായ ഭക്ഷണത്തിലേക്ക് സമൂഹത്തിലെ ഓരോ ഇടങ്ങളെയും എത്തിക്കേണ്ടതുണ്ട്, അതിൽ ആരെയും മാറ്റിനിർത്തിക്കൂടാ.

സഞ്ചാരികൾ നിരന്തരമെത്തുന്ന പല രാജ്യങ്ങളിലെയും ഭക്ഷണശാലകളിൽ അല്ലെങ്കിൽ ടൂറിസ്റ്റ് സ്പോട്ടുകളിൽ വിവിധങ്ങളായ ഭക്ഷണങ്ങളും പാനീയങ്ങളും ഉണ്ടായിരിക്കും. ആ നാട്ടിലെ രീതിയനുസരിച്ചുള്ള ഭക്ഷണമാണെങ്കിൽകൂടിയും സസ്യാഹാരവും മാംസാഹാരവുമടക്കമുള്ളവ, ഇച്ഛയനുസൃതമായതെല്ലാം കിട്ടുകയും ചെയ്യും. വിൽക്കുന്നവന്റെ അല്ലെങ്കിൽ വിളമ്പുന്നവന്റെ ഇഷ്ടമല്ല പ്രധാനം, ഉപഭോക്താവിന്റെയോ ആവശ്യക്കാരന്റെയോ താൽപര്യങ്ങളാണ്.

1863ൽ സ്ത്രീകളും കൗമാരക്കാരുമടങ്ങിയ സംഘം വിർജീനിയയിൽ നടത്തിയ ‘ബ്രഡ് ഓർ ബ്ലഡ്’ എന്ന സമരം സുപ്രധാനമായ നിയമനിർമാണത്തിലേക്ക് വഴിതെളിച്ചു. പൗരതാൽപര്യങ്ങൾക്കനുസരിച്ച് ഗവൺമെന്റ് പ്രവർത്തിക്കേണ്ടതുണ്ട് എന്നതിനെ ഊട്ടിയുറപ്പിച്ച സമരമായിരുന്നു അത്.

അമിതമായ വിലക്കയറ്റത്തിനും ദാരിദ്ര്യത്തിനും ധാന്യപ്പൊടികളുടെ പൂഴ്ത്തിവെപ്പിനുമെതിരെ 1837ൽ ന്യൂയോർക്കിൽ നടന്ന കലാപം, പത്തു ലക്ഷത്തിലധികം മരണത്തിന് കാരണമായ എൺപതുകളുടെ മധ്യത്തിലുണ്ടായ അയർലൻഡിലെ ‘ഗ്രേറ്റ് ഹംഗർ’, ഭക്ഷണസാധനങ്ങളുടെ അമിതമായ വിലക്കയറ്റത്തിലും ദാരിദ്ര്യത്തിലും അർജന്റീനയിലെ റൊസാരിയോ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപം, 2016ലെ വെനിസ്വേലൻ ദാരിദ്ര്യാവസ്ഥ, 2019 കോവിഡ് മഹാമാരിക്കു ശേഷം ശ്രീലങ്കയിൽ അതിരൂക്ഷമാക്കപ്പെട്ട ഭക്ഷ്യസമ്പത്തിന്റെ അപര്യാപ്തത തുടങ്ങി നമുക്കു മുന്നിൽ ചരിത്രങ്ങളേറെയുണ്ട്.

അമേരിക്കയിലേക്കുള്ള ജർമൻ കുടിയേറ്റത്തിന്റെ ഏറ്റവും മുഖ്യകാരണംപോലും ഭക്ഷ്യക്ഷാമമാണ്. ഇപ്പോൾ ഇറാനിൽ നടക്കുന്ന ആഭ്യന്തര കലാപം ഭക്ഷ്യമേഖലയെ രൂക്ഷമായാണ് ബാധിച്ചിട്ടുള്ളത്. അവയുടെ ആവർത്തനങ്ങൾ ഭാവിയിലുണ്ടാകില്ല എന്ന ഉറപ്പ് ഒരു ഭരണാധികാരിക്കും നൽകാനുമാകില്ല. ഇത്രയും ചരിത്രമുഹൂർത്തങ്ങളും വർത്തമാനകാല പ്രതിസന്ധികളും നമുക്കു മുന്നിലുണ്ടായിട്ടും വിശപ്പിനപ്പുറം ഭക്ഷണത്തിന്റെ രാഷ്ട്രീയം അത്രയേറെ രൂക്ഷമായി സമൂഹത്തെ ബാധിക്കുകയാണ്.

ഭക്ഷ്യസമ്പത്തിന്റെ കലവറയായാണ് ഇന്ത്യയെ മറ്റു നാടുകൾ കാണുന്നത്. അതിന്റെ അഭിമാനബോധം ചിട്ടയായ സാമൂഹിക രീതിയായി ബോധപൂർവം വളർത്തിയെടുക്കേണ്ടതുണ്ട്. മാംസാഹാരമോ സസ്യാഹാരമോ എന്നതിനപ്പുറം ഒരുപാട് വളർന്നുകഴിഞ്ഞ ലോകത്തിനു മുന്നിൽ യാഥാസ്ഥിതിക മനോഭാവത്തിലേക്ക് നമ്മുടെ സമൂഹം ഇനിയും പോകേണ്ടതില്ല. വിശ്വാസങ്ങൾക്കും നിയമങ്ങൾക്കും വ്യക്തിതാൽപര്യങ്ങൾക്കുമനുസരിച്ച് മനുഷ്യൻ അവന്റെ ഭക്ഷണത്തെ സ്നേഹിക്കട്ടെ. അതിലൂടെയുണ്ടാക്കിയെടുക്കാവുന്ന സാമൂഹികവും സാംസ്കാരികവുമായ സമത്വം ഏറെ വിലപ്പെട്ടതാണ്.

ഭക്ഷണ സ്വാതന്ത്ര്യം വ്യക്തിയുടേതാകുമ്പോൾ ഗവൺമെന്റ് അതിനനുസരിച്ച് പ്രവർത്തിക്കേണ്ടതുണ്ട്, കുറഞ്ഞപക്ഷം ജനാധിപത്യ രാജ്യത്തെങ്കിലും. സാമൂഹികമായ പുരോഗതിയുടെ തുടക്കം മുതലേ ഭക്ഷ്യസമ്പത്ത് സുപ്രധാന പങ്കുവഹിക്കുന്ന നമ്മുടെ നാട്ടിൽ ഭൂരിപക്ഷ സമൂഹത്തിന്റെ താൽപര്യമോ വർഷങ്ങളായി തുടരുന്ന രീതിയോ എന്ന നിലക്ക് ഭക്ഷണ വിതരണത്തെ അല്ലെങ്കിൽ ലഭ്യതയെ എവിടെയും കൊണ്ടുനടക്കേണ്ടതില്ല. കേരളമിന്ന് സഞ്ചാരികളുടെ നാടുകൂടിയാണ്. ഭക്ഷണശാലകളും അതിന്റെ ഗുണമേന്മയും പോഷകസമൃദ്ധിയും വൈവിധ്യങ്ങളുമെല്ലാം കൂടുതൽ ജനകീയമാകേണ്ടതുണ്ട്.

ഒരു വ്യക്തിയുടെ ഭക്ഷണത്തിന്റെ തെരഞ്ഞെടുപ്പിനെ അല്ലെങ്കിൽ ഇഷ്ടത്തെ മറ്റൊരാൾ പുച്ഛിക്കേണ്ടതുമില്ല, മനുഷ്യന്റെ വിശപ്പിനെ മാത്രം നമുക്ക് അവഗണിക്കാതെയിരിക്കാം. ഭക്ഷണത്തിന്റെ പേരിൽ കലഹിക്കുന്നതിനു മുമ്പ് നാമോർക്കേണ്ടൊരു കാര്യമുണ്ട്, ഭക്ഷണം മനുഷ്യന്റെ ജന്മാവകാശമാണ്. ആ അവകാശത്തെ ബഹുമാനത്തോടെ കാണേണ്ടതുണ്ട്, ഗവൺമെന്റുകളും സമൂഹവും.

priyapushpakam@gmail.com

Tags:    
News Summary - Food freedom is a human right

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT