ദേശീയ വിദ്യാഭ്യാസ നയ (എൻ.ഇ.പി 2020) ചട്ടക്കൂടിന് അനുസൃതമായി, വരുന്ന അധ്യയന വർഷം മുതൽ നാല് വർഷത്തെ ബിരുദ പ്രോഗ്രാമുകൾ (FYUP) നടപ്പാക്കാൻ കേരളം തയാറെടുക്കവെ ഏറെ ആശങ്കയിലാണ് അധ്യാപക വിദ്യാർഥി സമൂഹം. ലോകമെമ്പാടുമുള്ള സർവകലാശാലകൾ മൂന്ന് വർഷത്തെയും നാല് വർഷത്തെയും ബിരുദകോഴ്സുകൾ നടത്തുന്ന സാഹചര്യത്തിൽ, ആഗോള നിലവാരം പുലർത്തുംവിധം നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ പരിഷ്കരിക്കുക എന്നത് സ്വാഗതാർഹം തന്നെ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഉപോൽപന്നമായ പുതിയ ചട്ടക്കൂട് സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം വ്യക്തമായ നിർബന്ധം ചെലുത്തുന്നുണ്ട്. വികസനഫണ്ട് നിഷേധം ഉൾപ്പെടെയുള്ള സമ്മർദതന്ത്രങ്ങളും കേന്ദ്രസർക്കാർ പ്രയോഗിക്കുന്നതിനാൽ വിദ്യാഭ്യാസ കാര്യങ്ങളിൽ സംസ്ഥാന സർവകലാശാലകൾക്കുള്ള സ്വയംഭരണാവകാശം വിനിയോഗിച്ച് സ്വന്തമായി തീരുമാനമെടുത്തു മുന്നോട്ട് പോകാൻ സംസ്ഥാനങ്ങൾക്ക് സാധിക്കാതെ വരുന്നു. കേന്ദ്രസർവകലാശാലകളാവട്ടെ ഈ ചട്ടക്കൂടിനനുസൃതമായി ഏറെ മുന്നോട്ടുപോയിരിക്കുന്നു.
2009 മുതൽ കേരളത്തിലെ ബിരുദ കോഴ്സുകൾക്ക് ചോയ്സ്-ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റർ സമ്പ്രദായത്തിലാണ്. ഉന്നത വിദ്യാഭ്യാസത്തിൽ ഗുണപരമായ പുരോഗതി കൊണ്ടുവരുന്നതിനായി വിദ്യാർഥികൾക്ക് താൽപര്യമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഓരോ ആറുമാസവും പരീക്ഷയും മൂല്യനിർണയവും നടത്തപ്പെടുമ്പോൾ അത് ഗുണനിലവാരം ഉയർത്തുന്നതിൽ സഹായിക്കും എന്ന അവകാശവാദങ്ങൾ പക്ഷേ സർവകലാശാലകളുടെ സംവിധാനത്തെ തകിടം മറിക്കുകയാണ് യഥാർഥത്തിൽ ചെയ്തിട്ടുള്ളത്. ഓരോ സർവകലാശാലയുടെയും കീഴിൽ പ്രവർത്തിക്കുന്ന അഫിലിയേറ്റഡ് കോളജുകളുടെ എണ്ണപ്പെരുപ്പവും ഈ പരിഷ്കാരങ്ങൾക്ക് വെല്ലുവിളിയായി. പരീക്ഷകളുടെ ആധിക്യം അധ്യാപനത്തെ സാരമായി ബാധിച്ചു. താളംതെറ്റി പരീക്ഷകൾ നടത്തുന്നു എന്ന അപഖ്യാതി നമ്മുടെ സർവകലാശാലകൾക്ക് പണ്ടേയുണ്ട്. ഒരു അക്കാദമിക് കലണ്ടർ എന്ന ആശയം ഒരിക്കലും യാഥാർഥ്യമാക്കാൻ നമുക്ക് കഴിഞ്ഞില്ല. 400-ലധികം അഫിലിയേറ്റഡ് കോളജുകളുള്ള കാലിക്കറ്റ് പോലുള്ള സർവകലാശാലകളിൽ കേന്ദ്രീകൃത പരീക്ഷകളും മൂല്യനിർണയവും അധ്യാപകർക്കും വിദ്യാർഥികൾക്കും തീരാ തലവേദനയായി.
സമാനമായ വിധിയാണ് FYUP-യേയും കാത്തിരിക്കുന്നത്. ഇപ്പോൾ തന്നെ സർവകലാശാലകൾ കൃത്യസമയത്ത് പരീക്ഷകൾ നടത്താൻ പാടുപെടുമ്പോൾ, മൂന്നു തരം ബിരുദങ്ങൾക്ക് (നിലവിലുള്ള മൂന്ന് വർഷത്തെ ബിരുദം, നാല് വർഷത്തെ ഓണേഴ്സ്, നാല് വർഷത്തെ ഗവേഷണ ബിരുദം) കൂടുതൽ പരീക്ഷകൾ ആവശ്യമായി വരും. നാല് വർഷത്തെ ബിരുദം പൂർത്തിയാക്കുന്നവർക്ക് പി.ജി പ്രോഗ്രാമിലേക്ക് ലാറ്ററൽ എൻട്രി എടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും, അതുവഴി ഒരു വർഷത്തിനുള്ളിൽ പി.ജി പൂർത്തിയാക്കാൻ അവർ പ്രാപ്തരാകും. പി.ജി പ്രോഗ്രാമുകളുടെ അവസാനവർഷത്തെ സിലബസ് മൂന്നുവർഷവും നാലുവർഷവുമുള്ള ബിരുദധാരികൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്തിരിക്കണം എന്നാണ് യു.ജി.സി നിർദേശം. സിലബസ് പരിഷ്കരണത്തിനുള്ള കൃത്യമായ നടപടികൾ ബോർഡ് ഓഫ് സ്റ്റഡീസ് ഇതുവരെ ആരംഭിച്ചിട്ടില്ല. ഡിസംബറിനകം പൂർണ സിലബസ് തയാറാകണമെന്നും അത് നിലവിലെ സിലബസിന്റെ ആവർത്തനമാവരുത് എന്നുള്ള നിർദേശവുമുണ്ട്. കുറഞ്ഞ സമയം കൊണ്ട് ഇത് എങ്ങനെ സാധ്യമാവും? തിരക്ക് പിടിച്ചു പരിഷ്കരിക്കേണ്ട ഒന്നല്ല സിലബസ്. മുഴുവൻ പ്രോഗ്രാമിന്റെയും രൂപരേഖ രൂപപ്പെടുത്തുകയും വിശദമായ ഉള്ളടക്കത്തെ കുറിച്ച് (മറ്റ് പല സംസ്ഥാനങ്ങളിലും ചെയ്തത് പോലെ) പിന്നീട് ആലോചിക്കുകയും ചെയ്യുന്നതും ഒട്ടും ആശാസ്യമല്ല. ഇത്തരത്തിൽ കഷണം മുറിച്ചു ഭാഗികമായി സിലബസ് പരിഷ്കരിക്കുന്നത് അശാസ്ത്രീയമാണ്. സമൂലമായ പരിഷ്കരണത്തിന് തയാറെടുക്കുമ്പോൾ വേണ്ട സമഗ്ര ആസൂത്രണവും തയാറെടുപ്പും കാണുന്നില്ല. FYUP ആരംഭിക്കുകയും വിദ്യാർഥികൾ അവരുടെ നാലു വർഷം പൂർത്തിയാകുമ്പോഴേക്കും പി.ജി പ്രോഗ്രാമുകൾ പരിഷ്കരിക്കുക എന്നതും ഒട്ടും അഭികാമ്യമല്ല. കൂടാതെ, മൾട്ടി-ഡിസിപ്ലിനറിറ്റി വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി കൊണ്ടുവന്ന മൾട്ടി-ഡിസിപ്ലിനറി കോഴ്സുകൾക്കായി ഓരോ ഫാക്കൽറ്റിയുടെ കീഴിൽ പ്രത്യേകമായി സംയുക്ത ബോർഡുകൾ രൂപവത്കരിച്ചാണ് സിലബസ് രൂപകൽപന ചെയ്യേണ്ടത്.
FYUP ഗവേഷണ ബിരുദം ബിരുദതലത്തിൽ തന്നെ വിദ്യാർഥികളിൽ ഒരു ഗവേഷണ സംസ്കാരം വികസിപ്പിക്കാൻ വിഭാവനം ചെയ്യുന്നു. പ്രാരംഭഘട്ടത്തിൽ ഗവേഷണ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നതിന് നിലവിലുള്ള ഗവേഷണ കേന്ദ്രങ്ങൾക്കാണ് മുൻഗണന. തങ്ങളുടെ ഗവേഷക വിദ്യാർഥികൾക്ക് മാത്രം സൗകര്യമുള്ള നിലവിലുള്ള ഗവേഷണ കേന്ദ്രങ്ങൾ യു.ജി വിദ്യാർഥികളെ ഉൾക്കൊള്ളാൻ പര്യാപ്തമല്ല. യഥാർഥ ലക്ഷ്യം നിറവേറ്റുന്നതിനായി ലാബുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിക്കുന്നതിന് നിക്ഷേപം ആവശ്യമാണ്.
പഠിതാക്കളെ കേന്ദ്രീകരിച്ചുള്ള അധ്യാപനരീതിയിലേക്കുള്ള മാറ്റമാണ് നിർദിഷ്ട പരിഷ്കാരങ്ങളുടെ ഏറ്റവും വലിയ മികവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിലുള്ള കോമൺ ഇംഗ്ലീഷ് ക്ലാസ് മുറികളിൽ നൂറിലധികം വിദ്യാർഥികളാണ് പഠിക്കുന്നത്. ശാസ്ത്രീയമായ അധ്യാപക-വിദ്യാർഥി അനുപാതം നിലനിർത്തിയില്ലെങ്കിൽ നൈപുണ്യത്തെ ഊന്നിയുള്ള പാഠ്യപദ്ധതിയെന്നത് വെറും അവകാശവാദമായി മാറും.
എബിലിറ്റി എൻഹാൻസ്മെന്റ് കോഴ്സുകൾ, സ്കിൽ കോഴ്സുകൾ, വാല്യൂ അഡിഷൻ കോഴ്സുകൾ എന്നിവ ആരംഭിച്ചതോടെ പരമ്പരാഗത ഭാഷാ കോഴ്സുകൾക്ക് കനത്ത തിരിച്ചടിയായി. ഇംഗ്ലീഷ്, മലയാളം, അറബി, ഉർദു, തമിഴ് തുടങ്ങിയ ഭാഷാ അധ്യാപനത്തിന് അനുവദിച്ചിരിക്കുന്ന സമയം പുതിയ സംവിധാനത്തിൽ ഗണ്യമായി കുറയും. കൂടാതെ ഭാഷാപഠനത്തിന്റെ യഥാർഥ ലക്ഷ്യം നിറവേറ്റപ്പെടില്ല. മാത്രമല്ല തൊഴിലവസരത്തിന്റെ വീക്ഷണകോണിൽനിന്ന് ആവശ്യമായതും എന്നാൽ ഭാഷാ വിദ്യാഭ്യാസത്തിന്റെ അഗാധമായ ലക്ഷ്യങ്ങൾ നിറവേറ്റാത്തതുമായ കമ്പോളത്തെ അടിസ്ഥാനമാക്കിയുള്ള നൈപുണ്യ വികസനത്തിന് അതിന്റേതായ പരിമിതികളുണ്ട്.
NEP-2020 ന്റെ ത്രിഭാഷാ സമ്പ്രദായം ഓരോ കുട്ടിയും മൂന്ന് ഭാഷകൾ പഠിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു - ഒരു പ്രാദേശിക ഭാഷ, ഒരു ദേശീയ ഭാഷ, ഒരു അന്തർദേശീയ ഭാഷ. കൗതുകകരമെന്നു പറയട്ടെ, 23 രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയായ അറബി അന്താരാഷ്ട്ര ഭാഷകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. ദേശീയ, പ്രാദേശിക ഭാഷകളുടെ പട്ടികയിൽ ഇടം പിടിക്കാൻ സാധ്യതയില്ല താനും. എബിലിറ്റി എൻഹാൻസ്മെന്റ് കോഴ്സുകൾ ഇംഗ്ലീഷിലും മറ്റ് ആധുനിക ഇന്ത്യൻ ഭാഷകളിലുമാണ് രൂപകൽപന ചെയ്യേണ്ടത് എന്ന കേരള ഫ്രെയിംവർക്കിന്റെ നിബന്ധന NEP യുടെ തനിപ്പകർപ്പാണെന്ന് തോന്നുന്നു. നിലവിലെ സമീപനം തുടർന്നാൽ അടുത്ത ദശാബ്ദത്തിനുള്ളിൽ അറബി പഠനം നിലച്ചേക്കുമെന്ന ന്യായമായ ആശങ്കയുണ്ട്.
ഫാക്കൽറ്റിയുടെ വിശദമായ ജോലിഭാര നിർണയം FYUP നടപ്പിൽ വരുത്തുന്നതിന് മുമ്പ് നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. പി.ജി വെയ്റ്റേജ് എടുത്തു കളഞ്ഞത് (ഒരു മണിക്കൂർ പി.ജി അധ്യാപനം ഒന്നര മണിക്കൂർ യു.ജി അധ്യാപനത്തിന് തുല്യമാണ് എന്ന വ്യവസ്ഥ), അസോസിയേറ്റ് പ്രഫസർമാരുടെയും പ്രഫസർമാരുടെയും ജോലിഭാരം യു.ജി.സി മാനദണ്ഡങ്ങൾക്ക് അനുസൃതമായി നടപ്പാക്കാതിരിക്കൽ , റിസർച് സൂപ്പർവിഷൻ വർക്ക് ലോഡിൽ ഉൾപ്പെടുത്താതിരിക്കൽ, ചോദ്യപേപ്പർ പ്രിന്റിങ് അടക്കമുള്ള അധ്യാപകരുടെ ക്ലറിക്കൽ ജോലികളുടെ ആധിക്യം എന്നിവ അധ്യാപനത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അധ്യാപകരുടെ ജോലിഭാരത്തിൽ യു.ജി വിദ്യാർഥികളുടെ റിസർച് ഗൈഡൻസ് ഉൾപ്പെടുത്തിയാൽ മാത്രമെ ബിരുദ വിദ്യാർഥികൾക്കിടയിൽ ഗവേഷണ സംസ്കാരം വളർത്തിയെടുക്കുക എന്ന യഥാർഥ ലക്ഷ്യം കൈവരിക്കാനാകൂ.
FYUP വിദ്യാർഥികൾക്ക് കൂടുതൽ ചോയ്സുകളും അക്കാദമിക സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, വിവിധ മേജർ- മൈനർ കോമ്പിനേഷനുകളെ സംബന്ധിച്ച് വ്യക്തത കൊണ്ടുവരണം, വിവിധ സർവകലാശാലകളിലെ സമാനമായ കോഴ്സുകൾക്ക് തുല്യത നൽകുന്നതിൽ സർവകലാശാലകൾ ലിബറൽ മനോഭാവം സ്വീകരിക്കണം. പുതിയ കോമ്പിനേഷനുകൾ ആവേശത്തോടെ അവതരിപ്പിക്കപ്പെടുമ്പോൾ, സർവകലാശാലകൾ വിവിധ കോഴ്സുകൾക്ക് തുല്യത നൽകുന്നതിൽ പരമ്പരാഗത അളവുകോലുകളിൽ ഉറച്ചു നിന്നാൽ വിദ്യാർഥികൾക്ക് അവരുടെ അർഹതപ്പെട്ട അവസരങ്ങൾ നഷ്ടപ്പെടുത്തുകയും അവരുടെ അക്കാദമിക് ഭാവി അവതാളത്തിലാക്കുകയും ചെയ്യും.
യു.ജി തലത്തിൽ ഇന്റേൺഷിപ് ആരംഭിക്കുന്നത് പ്രവൃത്തിപരിചയം വളർത്താനും സിലബസും ഇൻഡസ്ട്രിയും തമ്മിലുള്ള വിടവ് നികത്താനും സാധിക്കും എന്നത് തീർച്ച. എന്നാൽ ലക്ഷക്കണക്കിന് കുട്ടികൾ പഠിക്കുന്ന നമ്മുടെ അഫിലിയേഷൻ സമ്പ്രദായത്തിൽ ഇത് അർഥവത്തായ രീതിയിൽ നടപ്പാക്കാൻ സാധിക്കുമോ എന്നത് കണ്ടറിയണം. പരിഷ്കാരങ്ങൾ നടപ്പാക്കുമ്പോൾ നിലവിലുള്ള സമ്പ്രദായത്തിലെ അപര്യാപ്തതകളും വെല്ലുവിളികളും ഉൾക്കൊണ്ടേ മതിയാവൂ. നിലവിലെ സാഹചര്യത്തിൽ, വിദ്യാർഥികൾ തങ്ങളുടെ ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാൻ താൽപര്യപ്പെടുമ്പോൾ, പരിഷ്കാരങ്ങൾക്ക് വിദ്യാർഥികളെ ആകർഷിക്കാനും അവരെ നിലനിർത്താനും കഴിയണം. ഇത്രയേറെ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളെ നമ്മുടെ നാട്ടിൽ നിലനിർത്താൻ ഈ പരിഷ്കാരങ്ങൾക്കു സാധിക്കുമോ എന്നത് വലിയ ചോദ്യചിഹ്നമായി നമ്മുടെ മുന്നിൽ നിലനിൽക്കുന്നു.
(കാലിക്കറ്റ് സർവകലാശാല സെനറ്റ്
അംഗമാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.