ഫാദർ സ്റ്റാൻ സ്വാമിയുടെ ആത്മാവിന് സമാധാനത്തോടെ വിശ്രമിക്കാനാകുമോ? ദലിതുകളുടെയും ആദിവാസികളുടെയും അവകാശ സംരക്ഷണത്തിൽ പുലർത്തിയിരുന്ന ആത്മാർഥത വെച്ചുനോക്കുേമ്പാൾ നിലവിലെ പരിതഃസ്ഥിതി നിലനിൽക്കുവോളം അതിനാകുമെന്ന് തോന്നുന്നില്ല. എന്നാൽ, നാടിെൻറ നിലവിലെ കൈകാര്യകർത്താക്കൾക്ക് ഇനിയൽപം സമാധാനത്തോെടയിരിക്കാം. പാർക്കിൻസൻസ് രോഗം പെരുത്ത് നേരെചൊവ്വെ കൈകൊണ്ടൊരു സ്പൂൺ പോലുമെടുത്ത് പിടിക്കാൻ വയ്യാത്ത ആ പടുകിളവൻ ഇനി മഹാഭാരത ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനും വരില്ലല്ലോ! മേരാ ഭാരത് മഹാൻ!!
സ്റ്റാൻ സ്വാമിയുടെ വിയോഗം അകാലത്തിലാണെങ്കിലും ഞാൻ വിലപിക്കാനില്ല. ഈ മരണം അകാലത്തിലാണെന്ന് പറയാൻ കാരണം ആലോചനാലേശമില്ലാതെ കൊണ്ടുപോയി തടവറയിൽ തള്ളിയതാണ് അദ്ദേഹത്തിെൻറ മരണം വേഗത്തിലാക്കിയത് എന്നതുകൊണ്ടാണ്. കൂടുതൽ വ്യക്തമാക്കി പറഞ്ഞാൽ അദ്ദേഹത്തെ കൊന്നതാണ്. ഫാ. സ്റ്റാൻ സ്വാമിയെ ആരു കൊന്നുവെന്ന് ചോദിച്ചാൽ ഞാൻ ലിയോ ടോൾസ്റ്റോയിയെ ഉദ്ധരിക്കും.
'ഓരോരുത്തരും ചെയ്യേണ്ട ജോലികൾ വീതിച്ചു നൽകിക്കൊണ്ട് അതിക്രമങ്ങൾ ചെയ്യിപ്പിക്കാൻ ഭരണകൂടത്തിന് കഴിവുണ്ടെ'ന്ന് അദ്ദേഹം പറഞ്ഞതോർത്തു നോക്കൂ. സ്വാമിയെപ്പോലൊരു മനുഷ്യനെ ജയിലിൽ പൂട്ടിയിടാൻ നീതിയിൽ വിശ്വസിക്കുന്ന ഒരു ന്യായാധിപനും വ്യക്തിപരമായി ആഗ്രഹിക്കുന്നുണ്ടാവില്ല. സ്വാമിക്കെതിരെ ഘോരഘോരം വാദിക്കുന്ന വക്കീലിെൻറ മനസ്സാക്ഷി ഒരുപക്ഷേ ആ വാദങ്ങൾക്ക് എതിരായിരിക്കാം, ജയിലിലേക്ക് പിടിച്ചു കൊണ്ടുപോകുന്നത് സ്വന്തം ഉത്തരവാദിത്തമായിരുന്നുവെങ്കിൽ പൊലീസുദ്യോഗസ്ഥർ അങ്ങേയറ്റത്തെ ആത്മനിന്ദകൊണ്ട് നടുങ്ങിവിറച്ചുപോയേനെ.
എന്നാൽ, ഈ അതിക്രമങ്ങളെ പലപല ഉത്തരവാദിത്തങ്ങളായി ഭാഗിച്ച് വിവിധ ഏജൻസികളെക്കൊണ്ട് അവരുടെ 'കർത്തവ്യനിർവഹണം' നടത്തിക്കുന്നു ഭരണകൂടം. അങ്ങനെയാകുേമ്പാൾ അങ്ങേയറ്റത്തെ ആത്മാർഥതയോടെ, ദേശീയതയുടെ ഉൾപുളകത്തോടെ 'രാജ്യത്തിന് വേണ്ടി' ഉദ്യോഗസ്ഥർ ഇതെല്ലാം ചെയ്യുന്നു. ഞാനും ഈ കഠോര വ്യവസ്ഥയുടെ ഭാഗമാണെന്നിരിക്കെ, ഈ വൃദ്ധതാപസനെ ജയിലിലടച്ച് ഒരു വർഷത്തോളമായിട്ടും മൗനത്തിെലാളിച്ച എനിക്കെങ്ങനെ മരണത്തിൽ കണ്ണീർ പൊഴിക്കാനാവും?
മറ്റൊരു കാരണം അത്യന്തം ദുരിതം മുറ്റിയ ഒരു സാഹചര്യത്തിൽനിന്ന് മരണം വഴിയെങ്കിലും അദ്ദേഹത്തിന് വിടുതൽ കിട്ടിയെന്നതിൽ സമാധാനിക്കുന്നതു കൊണ്ടാണ്. ധൈര്യമുണ്ടെങ്കിൽ മനസ്സിൽ ഒന്ന് ആലോചിച്ചു നോക്കു, ഇത്ര പ്രായമേറിയ, അതിരോഗാതുരനായ ഒരു മനുഷ്യെൻറ ജയിൽജീവിതം, അവിടുത്തെ അവസ്ഥകൾ, അതിലേറെ തടവറ പകരുന്ന മാനസികാഘാതം, ഫാദറിനേക്കാൾ ആരോഗ്യവാന്മാരായിരുന്ന, ചെറുപ്പക്കാരായ സഹതടവുകാരുടെ ആരോഗ്യം പോലും ജയിലിനകത്ത് അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്ന സത്യം. അദ്ദേഹം തന്നെ പറയുകയുണ്ടായല്ലോ, ജയിലിലെ ഇപ്പോഴത്തെ അവസ്ഥയേക്കാൾ ഭേദം മരണമാണെന്ന്. ദയവോ നീതിയോ ലഭിക്കാൻ ഒരു സാധ്യതയുമില്ലാത്ത ഘട്ടത്തിൽ മരണത്തിെൻറ ദയാവായ്പിലൂടെ ഈ ദുരിതാനുഭവങ്ങളിൽനിന്നെല്ലാം മോചനം ലഭിച്ചുവെന്നോർത്ത് സന്തോഷിക്കാതിരിക്കുന്നതെങ്ങനെ?
അല്ലെങ്കിൽതന്നെ ഫാ. സ്റ്റാനിനെ ഓർത്തല്ല, നമ്മൾ നമ്മെയോർത്താണ് ദുഃഖാർഥരാവേണ്ടത്. ഭയത്തിെൻറ വിഷവായു രാജ്യമൊട്ടുക്കും വ്യാപിക്കവെ സ്റ്റാൻ നേരിട്ട കഷ്ടാവസ്ഥ കൃത്യമായ മുന്നറിയിപ്പാണ്. ജയിലിനകത്തും പുറത്തും കഴിയുന്നത് തമ്മിലെ വ്യത്യാസം തീർത്തും സാങ്കല്പികമാണ്.
ഹിറ്റ്ലറുടെ കാലത്തെ ജർമനിയിൽനിന്നുള്ള ഒരു സംഭവം ഇവിടെ ഓർമിക്കൽ പ്രസക്തമാണ്. സന്ദർശിക്കാനെത്തിയ അനുയായികളാരോ പാസ്റ്റർ മാർട്ടിൻ നിമോളറോട് തിരക്കി- അങ്ങ് എങ്ങനെയാണ് ജയിലിലടക്കപ്പെട്ടത്?
അദ്ദേഹം തിരിച്ചു ചോദിച്ചു: നിങ്ങൾ എന്തുകൊണ്ടാണ് ജയിലിലാവാത്തത്?
രാജ്യത്തിന് 'ഭീഷണിയാവുന്ന' ഫാദറെപ്പോലുള്ളവരെ അമർച്ചചെയ്യാൻ എൻ.ഐ.എ പുലർത്തുന്ന ദേശാഭിമാനപ്രേരിതമായ ശുഷ്കാന്തിയേക്കാളേറെ എന്നെ അമ്പരപ്പിക്കുന്നത് സഭാനേതൃത്വം പുലർത്തുന്ന പരുഷമായ അവധാനതയാണ്. മോദി ഭരണകൂടവും പള്ളിമേലാളൻമാരും തമ്മിലെ വ്യവഹാരങ്ങൾ ഒരാളും അറിയാത്ത കാര്യമല്ല. സന്യാസിനിയെ ബലാത്സംഗം ചെയ്ത കേസിൽ ആരോപിതനായ ഫ്രാങ്കോയെപ്പോലെ അവർക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിച്ചുനിർത്താൻ ഒളിഞ്ഞും തെളിഞ്ഞും സഭ എന്തെന്തെല്ലാം ചെയ്യുന്നുവെന്നും നമുക്കറിയാം. സിസ്റ്റർ അഭയ കൊലക്കേസിലെ കുറ്റാരോപിതരെ നിയമത്തിെൻറ കൈകളിൽനിന്ന് രക്ഷിച്ചെടുക്കാൻ മൂന്ന് പതിറ്റാണ്ടായി ചെയ്തുകൂട്ടുന്നതെല്ലാം നമ്മൾ കണ്ടതാണ്, എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്ര സമ്പത്താണ് അവരുടെ ആവശ്യത്തിനായി ചെലവഴിച്ചതെന്നും അറിയാത്തവരായി ആരുമില്ല. കേസിൽപ്പെട്ട ഇഷ്ടക്കാരുടെ രക്ഷക്കായി ഇത്രയേറെ താൽപര്യത്തോടെ ആവേശത്തോടെ ഇടപെട്ട സഭയും അതിെൻറ മേലാളരും ഫാ. സ്റ്റാൻ സ്വാമിയുടെ രക്ഷക്കായി, മോചനത്തിനായി എന്തെങ്കിലും ചെയ്തുവോ എന്ന് ആർക്കെങ്കിലും നിശ്ചയമുണ്ടോ? അവിഹിതമായി പിറന്ന കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച രക്ഷകർത്താവിനെപ്പോലെയല്ലേ അദ്ദേഹത്തെ കൈയൊഴിഞ്ഞു കളഞ്ഞത്?
ഫാ. സ്റ്റാനിെൻറ ദുരന്തം ചില സുപ്രധാന വിഷയങ്ങൾ ഉയർത്തുന്നുണ്ട്. കൃത്യമായ നിയമപ്രക്രിയകൾ കൂടാതെ കുറ്റം ചുമക്കാൻ വിധിക്കപ്പെട്ടയാളാണ് അദ്ദേഹം. യു.എ.പി.എ നിയമ പ്രകാരം നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതൻ കുറ്റവാളിയാണ്. മരണസമയത്ത് നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടില്ല. അതുകൊണ്ട് അടിയന്തരമായി ഈ കേസ് പരിശോധിച്ച് സത്യമോ അദ്ദേഹത്തിനെതിരായ ആരോപണങ്ങളോ ശരിയെന്ന് സ്ഥാപിച്ചെടുക്കണം. അല്ലാത്ത പക്ഷം. യു.എ.പി.എ ചുമത്തി പിടികൂടുന്നവരുടെ എണ്ണവും അവരുടെ വിചാരണ പൂർത്തിയാവാനുള്ള കാലവും ഏറെ കൂടുതലാകയാൽ ഫാദറിെൻറ ദുരവസ്ഥ മറ്റു പലർക്കും അനുഭവിക്കേണ്ടി വന്നേക്കും.
മറ്റൊരു മാനുഷിക പ്രശ്നം കൂടിയുണ്ട്. നിരാലംബരും നിർധനരുമായ മനുഷ്യരുടെ നീതിക്കായുള്ള നിലവിളിയെ സമാധാനത്തിനും സ്ഥിരതക്കുമെതിരായ വെല്ലുവിളിയായി തെറ്റിദ്ധരിക്കുന്ന പ്രവണതയുണ്ട് ഭരണകൂടത്തിന്. നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരമാണ് ഫാ. സ്റ്റാനിനെ തടങ്കലിലാക്കിയത് എന്നതിനാൽ ഒരു കാര്യം ചോദിക്കണം- മാനുഷികവും ഭരണഘടനാപരവുമായ അവകാശങ്ങൾക്കു വേണ്ടി പൊരുതുന്ന പൗരസമൂഹത്തോട് സഹാനുഭൂതി പുലർത്തുന്നത് 'നിയമവിരുദ്ധപ്രവർത്തന'മാണോ?
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആദിവാസി അവകാശങ്ങളെ സാക്ഷാത്കരിക്കാൻ രൂപപ്പെട്ട കൂട്ടായ്മയാണ് സ്റ്റാൻ സ്വാമി ഐക്യദാർഢ്യപ്പെട്ടിരുന്ന പതാൽഗഡി പ്രസ്ഥാനം. നീതിക്ക് വേണ്ടി പൊരുതുന്നവർക്കൊപ്പം നിലകൊള്ളുന്നത് മാനുഷികവും ആത്മീയവുമായ ദൗത്യമാണെന്നായിരുന്നു അദ്ദേഹത്തിെൻറ കാഴ്ചപ്പാട്. മാനുഷികമായ, ശ്ലാഘ്യമായ ആ നിലപാടെടുക്കൽ നിയമത്തിെൻറ കണ്ണിൽ അട്ടിമറി നീക്കവും ദേശവിരുദ്ധ പ്രവർത്തനവുമായി മാറുന്നു. ഭരിക്കുന്നവരും സ്വാധീനശക്തിയുള്ളവരുമായ വമ്പൻമാരുടെ താൽപര്യത്തിന് എതിരാണെങ്കിൽ നന്മചെയ്യുന്നതുപോലും അപകടകരമായിത്തീരുന്നു. മാനവിക പ്രവർത്തനങ്ങളിലൂടെ സഹജീവികൾക്ക് ആശ്വാസമരുളുന്നതിന് ഭരണകൂടത്തിെൻറ അനുമതിയോ ഓശാരമോ വേണ്ട അത് ദൈവദത്തമായ ദൗത്യമാണ്. പ്രായോഗിക ആത്മീയതയുടെ ഭൂമികയിലേക്ക് ഭരണകൂടം അതിക്രമിച്ചു കയറുന്നത് ആക്ഷേപകരമാണ്.
ഫാദർ സ്റ്റാൻ ഭരണകൂട ദുർവൃത്തിയുടെ മാത്രം ഇരയല്ല. നാം പുലർത്തിയ നിന്ദ്യമായ ഉപേക്ഷയുടേതു കൂടിയാണ്. നമ്മുടെ സഹജീവികൾക്കു നേരെ നടക്കുന്നതൊന്നും നമ്മെ അലോസരപ്പെടുത്തുന്നില്ലല്ലോ. നമ്മുടെ ദേഹത്ത് തട്ടുന്നില്ലെങ്കിൽ സഹജീവികളുടെ വേദനയും കരച്ചിലും നമ്മുടെ മനസ്സാക്ഷിയെ തരിമ്പ് വേദനിപ്പിക്കുന്നില്ല. പാസ്റ്റർ നിമോളറെ ഒരിക്കൽകൂടി കടമെടുക്കട്ടെ
ഇന്ന് അവർ സ്റ്റാൻ സ്വാമിയെ തേടിയെത്തി...നാളെ അവർ നിങ്ങളുടെ അയൽവാസിയെ തേടിയെത്തും..
അതിനടുത്തനാൾ....?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.