അമേരിക്കൻ പ്രസിഡൻറുമാരെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഒരു അതിവിദഗ്ധനായി മാറിക്കഴിഞ്ഞിരിക്കുന്നു മോദിയിപ്പോൾ. വരകൾക്കിടയിൽ നിരനിരയായി തന്റെ പേരെഴുതിയ കോട്ടുമിട്ടിറങ്ങിയ ‘ബറാക്ക് ബറാക്ക്’ കാലത്തുനിന്ന് ഇന്ന് ബഹുദൂരം മുന്നോട്ടുപോയി അദ്ദേഹം. 2019ൽ ഹ്യൂസ്റ്റനിൽ നടന്ന ‘ഹൗഡി-മോദി’ പരിപാടിയിൽ അന്നത്തെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ തോളിൽ കൈയിട്ട് ‘അബ് കി ബാർ ട്രംപ് സർക്കാർ’ എന്ന് പ്രഖ്യാപിക്കാനുള്ള സാഹസം കാണിച്ചു മോദി
ഡൽഹിയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിന്റെയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിന്റെയും അഭാവം ‘ഗ്ലോബൽ സൗത്തിന്റെ’ ഒരേയൊരു ശബ്ദം എന്നമട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇറങ്ങിക്കളിക്കാനുള്ള കളം തുറന്നുകൊടുക്കുന്നു. പാട്ടിനൊത്ത് ആടാനുള്ള പാടവം വെച്ചുനോക്കുമ്പോൾ അദ്ദേഹം അവസരത്തിനൊത്ത് ഉയരുമെന്ന കാര്യം ഉറപ്പ്. സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ ചെങ്കോട്ടയിലെ ചുട്ടുപൊള്ളുന്ന ചുവന്ന പരവതാനിയിലൂടെ കായികതാരത്തിന്റെ മികവോടെ ഇറങ്ങിനടക്കുന്ന അദ്ദേഹം ഇക്കുറി കാര്യങ്ങൾ അതിനേക്കാൾ ഗംഭീരമാക്കും.
അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാക്കൾ പാടുപെടുക മറ്റൊരു കാര്യത്തിലായിരിക്കും. മോദിയുടെ ഏകാംഗ പ്രകടനവും വീണുപോകാതിരിക്കാൻ പെടാപ്പാടുപെടുന്ന, ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയുടെ, യു.എസ് പ്രസിഡൻറ് ജോ ബൈഡന്റെ ഔദ്യോഗിക സന്ദർശനവും എങ്ങനെ സന്തുലിതമാക്കാനാവും എന്ന വിഷയത്തിൽ. ജി20 ബൈഡന്റെ കൂടി പരിപാടിയാണല്ലോ.
രണ്ട് സുപ്രധാന വാർത്താ സംഭവങ്ങളുണ്ടാവുക എന്നത് മുൻകാലങ്ങളിൽ എഡിറ്റർമാരുടെ പേടിസ്വപ്നമായിരുന്നു.
യു.എസ് പ്രസിഡൻറായിരുന്ന ജോൺ എഫ്. കെന്നഡി ഡാളസിൽ വെടിയേറ്റു മരിച്ച അതേ ദിവസമാണ് അഞ്ച് ഇന്ത്യൻ കരസേന ജനറൽമാർക്ക് ഒരു കോപ്ടർ അപകടത്തിൽ ജീവഹാനി സംഭവിച്ചത്. ഏത് വാർത്തക്ക് പ്രഥമ പരിഗണന നൽകണം എന്നോർത്ത് എഡിറ്റർമാർ വല്ലാതെ വിഷമിച്ചുപോയി അന്ന്.
അത്തരം ആവലാതികളൊന്നും ഇന്നത്തെ എഡിറ്റർമാർക്കില്ല. ചാനലുകൾ അവരുടെ നിലവാരം കെടുത്തിക്കളഞ്ഞു. ‘മുഖ്യ ആട്ടക്കാര’ന്റെ കിങ്കരന്മാരിൽനിന്ന് ചാനലുകൾക്ക് നിർദേശങ്ങൾ ലഭിക്കും. വാർത്താ അവതാരകർ തങ്ങളുടെ സേവകഭാവം മറച്ചുപിടിക്കാൻ ശ്രമിക്കുന്നതെങ്ങനെയെന്ന് നോക്കിയിരിക്കാൻ രസമായിരിക്കും.
ജി20യുടെ തിരക്കൊഴിഞ്ഞുകഴിഞ്ഞാൽ മോദിയും ബൈഡനും 2024ൽ നടക്കാനിരിക്കുന്ന തങ്ങളുടെ തെരഞ്ഞെടുപ്പ് സാധ്യതകളിലേക്ക് തിരിയും. ബൈഡന്റെ സമയപരിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നു; അടുത്ത വർഷം നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പ് വരെയാണത്. ബൈഡന് വീണ്ടും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർഥിത്വം ലഭിക്കുമോ എന്നതേ അറിയാനുള്ളൂ.
അമേരിക്കൻ പ്രസിഡൻറുമാരെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഒരു അതിവിദഗ്ധനായി മാറിക്കഴിഞ്ഞിരിക്കുന്നു മോദിയിപ്പോൾ. വരകൾക്കിടയിൽ നിരനിരയായി തന്റെ പേരെഴുതിയ കോട്ടുമിട്ടിറങ്ങിയ ‘ബറാക്ക് ബറാക്ക്’ കാലത്തുനിന്ന് ഇന്ന് ബഹുദൂരം മുന്നോട്ടുപോയി അദ്ദേഹം.
2019ൽ ഹ്യൂസ്റ്റനിൽ നടന്ന ‘ഹൗഡി-മോദി’ പരിപാടിയിൽ അന്നത്തെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ തോളിൽ കൈയിട്ട് ‘അബ് കി ബാർ ട്രംപ് സർക്കാർ’ എന്ന് പ്രഖ്യാപിക്കാനുള്ള സാഹസം കാണിച്ചു മോദി. 2020ലെ തെരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും ജയിക്കണം എന്ന തന്റെ മോഹമാണ് അദ്ദേഹമവിടെ പ്രകടിപ്പിച്ചത്, പക്ഷേ ആ മോഹം പൊലിഞ്ഞുപോയി.
ട്രംപിനെ തോൽപിച്ച് തെരഞ്ഞെടുപ്പിൽ വിജയം കണ്ട ബൈഡൻ മോദിയോട് തണുപ്പൻ ബന്ധമാവും പുലർത്തുകയെന്ന് പ്രവചിച്ച രാഷ്ട്രീയ നിരീക്ഷകർ പോലുമുണ്ടായിരുന്നു. അഫ്ഗാനിസ്താനിൽനിന്ന് അമേരിക്ക നാണംകെട്ട് മടങ്ങിയതും യുക്രെയ്ൻ വിഷയത്തിലെ തെറ്റായ കണക്കുകൂട്ടലുമുൾപ്പെടെയുള്ള ആഗോള അധികാരക്കളിയുടെ വിന്യാസം ഒരേസമയം അമേരിക്കയും റഷ്യയും വശീകരിക്കാൻ ശ്രമിക്കുന്നത്ര ശ്രദ്ധേയ സ്ഥാനത്ത് ഇന്ത്യയെ കൊണ്ടെത്തിച്ചു.
റഷ്യയും ചൈനയും തമ്മിൽ അപരിമിതമായ സൗഹൃദം ആണയിടുന്ന സാഹചര്യത്തിൽ ചൈനയുമായി തൽക്കാലം അൽപം റിസ്ക് എടുക്കാൻ പോലും മോദി പ്രലോഭിതനായേക്കാം. ബൈഡന്റെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ അന്തരം ഏറിയാൽപോലും അവർക്കിടയിൽ പാലമായി വർത്തിക്കാൻ റഷ്യ മുന്നോട്ടുവന്നേക്കും.
ഉച്ചകോടിയുടെ അന്തിമ പ്രമേയത്തിൽ യുക്രെയ്നിനെക്കുറിച്ച് ഒരു പരാമർശമെങ്കിലും വേണമെന്ന കാര്യം അമേരിക്കയുടെ ആഗ്രഹപ്പട്ടികയിലുണ്ടാവും. നേരിട്ടെത്തിയില്ലെങ്കിൽപോലും വൊളോദിമർ സെലെൻസ്കിയുടെ ഒരു പ്രസ്താവനയെങ്കിലും അവതരിപ്പിക്കാനായാൽ ബ്രിക്സിനും ക്വാഡിനും ഇടയിൽ ചൈനയെ വലയം ചെയ്യാൻ രൂപകൽപന ചെയ്തിരിക്കുന്ന ഗ്രൂപ്പിൽ മോദിയുടെ സാമർഥ്യത്തിന് കുതിപ്പേകും.
ബെയ്ജിങ്ങിൽ യു.എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ ന്യൂഡൽഹി സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. തൊട്ടുപിന്നാലെ എത്തിയ വാണിജ്യ സെക്രട്ടറി ഗിന റൈമാൻഡോ തന്റെ ചൈനീസ് എതിരാളിയുമായി ഇടപഴകിയത് അതി ദയനീയമായാണ്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലവർലിയുടെ സന്ദർശനവും കാണാതെ പോകരുത്. ബെയ്ജിങ്-വാഷിങ്ടൺ വാണിജ്യം കുതിക്കുകയാണ്. സൈനിക താൽപര്യങ്ങളൊന്നും പ്രകടമല്ല.
അപ്പോൾ, ചൈനക്കെതിരായ സൈനിക നടപടിയുടെ ഭാഗമാകുമെന്ന് സങ്കൽപിക്കുന്നെങ്കിൽ, അമേരിക്ക ഇന്ത്യക്കുമേൽ മോശം വാതുവെപ്പ് നടത്തുകയാണെന്ന ഉത്കണ്ഠ യു.എസ് തിങ്ക് ടാങ്കുകളിൽനിന്ന് പുറത്തുവരുന്നു. ‘സഖ്യം’ എന്ന വാക്ക് ന്യൂഡൽഹിക്ക് അനിഷ്ടകരമാണ് എന്നതാണ് യു.എസ് വൃത്തങ്ങളിലെ പരിഭവം. മറുവശത്ത്, വാഷിങ്ടണിനാകട്ടെ ‘പങ്കാളിത്തം’ പോലുള്ള പദങ്ങളിൽ വേണ്ടത്ര സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല, അതിനുള്ളിൽ പരസ്പര പ്രവർത്തനക്ഷമത പോലും മോശംവാക്കാണ്. ഏറെ പ്രലോഭിപ്പിച്ച് സഹശയനത്തിന് കൂട്ടാക്കാതെ പിന്മാറിയേക്കുമെന്ന പേടിയാണ് ന്യൂഡൽഹിയെക്കുറിച്ച്.
എന്താണ് സംഭവിക്കുന്നത് എന്നതിനെ ആശ്രയിച്ചല്ല, മറിച്ച് പാശ്ചാത്യ മാധ്യമങ്ങൾ എപ്രകാരം അവതരിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചാവും ഉച്ചകോടിയുടെയും നിർണായകമായ ഉഭയകക്ഷി സന്ദർശനത്തിന്റെയും ഫലപ്രാപ്തി. ഒരു സഞ്ചി നിറയെ സമ്മാന സാധനങ്ങളുമായി ബൈഡൻ എത്തുന്നു എന്ന മട്ടിലാണ് അവർക്ക് ഇതിനെ അവതരിപ്പിക്കേണ്ടത്, എന്താണ് അതിലുള്ളത്?
മോദിയെ ഏതുരീതിയിലാണ് അവതരിപ്പിക്കുക?
ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കളുമായി അനായാസം ഇടപഴകുന്ന ചിരപരിചിതനായ സമീപകാലത്തെ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി അദ്ദേഹത്തെ മാധ്യമങ്ങൾ കാണുമോ? 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ഗുണകരമാം വിധത്തിലെ തകർപ്പൻ പ്രകടനവുമായി അദ്ദേഹം എത്തുമോ? അങ്ങനെ വന്നാൽ നാല് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങളെ തലനാരിഴക്ക് ഒഴിവാക്കാൻ അദ്ദേഹത്തിന് സാധിച്ചേക്കും.
രണ്ടാം ലോകയുദ്ധശേഷം, ലോകത്തെ അതിശക്തരായ ആളുകളുടെ തലക്ക് ചുറ്റുനിന്നും പ്രഭാവലയം ഇല്ലാതാകുന്ന ആദ്യസന്ദർഭമായിരിക്കുമിതെന്നത് മറ്റൊരു കാര്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.