ജി എം വഴുതനക്കെതിരെ നടന്ന പ്രതിഷേധത്തിൽ നിന്ന് (ഫയൽ ചിത്രം)

ജി.എം വിളകൾ; ദുരന്തത്തെ നട്ടുവളർത്തരുത്

രാജ്യത്തെ 18 സംസ്ഥാനങ്ങളിൽനിന്നുള്ള കർഷക തൊഴിലാളികൾ, കർഷകർ, പശു വളർത്തുന്നവർ, പാട്ടകൃഷിക്കാർ, ആദിവാസികൾ, തേനീച്ച വളർത്തുന്നവർ തുടങ്ങി കാർഷിക രംഗത്തെ വ്യത്യസ്‌ത മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരും, കർഷക സംഘടന നേതാക്കളും അവകാശപ്പോരാളികളും ചണ്ഡ‌ിഗഢിലും ഹൈദരാബാദിലുമായി ഒത്തുകൂടിയിരുന്നു. ജനിതക സാങ്കേതിക വിദ്യ നമ്മുടെ നാട്ടിലെ കാർഷിക ഭക്ഷ്യ വ്യവസ്ഥയിലേക്ക് കടന്നുവരുമ്പോൾ ഉണ്ടാകേണ്ട മുൻകരുതലുകൾ സംബന്ധിച്ച്​ സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹരജിയിന്മേൽ ജൂലൈ 23ന് സുപ്രീംകോടതിയിലെ രണ്ടംഗ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ച പശ്ചാത്തലത്തിലായിരുന്നു ഈ കൂടിയിരിപ്പ്. കർഷക പ്രതിനിധികളടക്കം എല്ലാ വിഭാഗങ്ങളുമായും സംസ്ഥാനങ്ങളുമായും പൊതുചർച്ച നടത്തി നാലു മാസത്തിനുള്ളിൽ, ജനിതകമാറ്റം വരുത്തിയ വിളകൾക്കായി (ജി.എം) ഒരു ദേശീയ നയം രൂപപ്പെടുത്താനാണ്​ സുപ്രീംകോടതി ഇന്ത്യയിലെ പരിസ്ഥിതി മന്ത്രാലയത്തോട് നിർദേശിച്ചിരിക്കുന്നത്​.

കോടതി നിർദേശത്തെ സ്വാഗതംചെയ്ത കർഷക പ്രതിനിധികൾ ജി.എം വിളകളെക്കുറിച്ചുള്ള ന്യായമായ ആശങ്കകളും കടുത്ത വി​യോജിപ്പും രേഖപ്പെടുത്തിയാണ്​ മടങ്ങിയത്​. സ്ഥായിയായി നിലനിൽക്കാനും കാലാവസ്ഥ മാറ്റത്തെ അതിജീവിക്കാനും കെൽപുള്ള കാർഷിക ജൈവവൈവിധ്യം അടിസ്ഥാനമാക്കിയ നമ്മുടെ കാർഷിക ഉപജീവനത്തെ ജി.എം വിളകളാൽ മലിനീകരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും കർഷക നേതാക്കൾ വ്യക്തമാക്കുകയുണ്ടായി.

കൈപൊള്ളിയ അനുഭവങ്ങൾ

30 വർഷങ്ങൾക്കു മുമ്പ് അമേരിക്കയിൽ പ്രയോഗത്തിൽ വന്ന ജി.എം വിളകളുടെ കൃഷിക്ക്​ ഇന്നും മിക്ക രാജ്യങ്ങളും അനുമതി നൽകിയിട്ടില്ല. പല ലോകരാജ്യങ്ങളും ഇത്തരം വിളകൾക്കെതിരെ നിയന്ത്രണങ്ങൾ കടുപ്പിച്ചുവരുകയാണ്. കുറച്ചു കാലത്തേക്ക് ജി.എം വിളകൾ കൃഷി ചെയ്യാൻ അനുവദിച്ച ചില രാജ്യങ്ങൾ ദുരനുഭവങ്ങളെത്തുടർന്ന്​ അതിൽനിന്ന് പിന്നോട്ട് പോകുകയും ഈ സാങ്കേതിക വിദ്യതന്നെ നിരോധിക്കുകയും ചെയ്ത അനുഭവവുമുണ്ട്.

ജി.എം സാങ്കേതിക വിദ്യയെപ്പറ്റി കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണിപ്പോൾ. അടുത്ത കാലത്തായി കാര്യമായ നിയന്ത്രണങ്ങളില്ലാതെ ഇന്ത്യയിൽ വികസിപ്പിക്കാൻ നോക്കുന്ന ജിനോം എഡിറ്റിങ് സാങ്കേതിക വിദ്യയടക്കമുള്ള എല്ലാ ജനിതകമാറ്റ രീതികളും നമ്മുടെ ജീവിതങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. തന്മാത്രാ തലത്തിലെ മാറ്റങ്ങൾപോലും ഗുരുതര പാരിസ്ഥിതിക ആരോഗ്യ പ്രത്യാഘാതങ്ങൾക്ക്​ വഴിവെക്കുമെന്നത്​ ഏറെ ഉത്കണ്ഠജനകമാണ്​. ഈ പ്രത്യാഘാതങ്ങൾ ഇന്ത്യയിലെ സർക്കാർ ഗവേഷണ സ്ഥാപനങ്ങളിൽ വികസിപ്പിച്ചെടുക്കുന്ന വിളകൾക്കും ബാധകമാണ്.

ജി.എം വിളകൾ കൃഷിചെയ്യാൻ അനുവദിക്കുന്നത്​ ഇന്ത്യയുടെ ആഗോള കാർഷിക വിപണിയെയും കാർഷികാനുബന്ധ ഉപജീവനത്തെയും ഗുരുതരമായ രീതിയിൽ പ്രതികൂലമായി ബാധിക്കുമെന്നതും അവിതർക്കിതമാണ്​.

ബി.ടി പരുത്തി എന്ന പാഠം

പ്രശ്നപരിഹാരമെന്ന രീതിയിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട്​ വൻ ദുരന്തമായി മാറിയ ബി.ടി പരുത്തി സാങ്കേതികവിദ്യ നമ്മുടെ മുന്നിലെ ഒരു ചിത്രമാണ്. പരുത്തിപ്പാടങ്ങളാൽ സമ്പുഷ്​ടമായിരുന്ന പഞ്ചാബിൽ മാത്രം ഈ വർഷം പരുത്തിക്കൃഷിയുടെ വിസ്തൃതി 46 ശതമാനമാണ് കുറഞ്ഞത്. പിങ്ക് ബോൾവേം അടക്കമുള്ള കീടങ്ങളെ നിയന്ത്രിക്കുന്നതിലും ബി.ടി സാങ്കേതികവിദ്യ പരാജയപ്പെട്ടു. പരുത്തികൃഷിയിലെ രാസവസ്തുക്കളുടെ ഉപയോഗം കൂടി, എന്നാൽ വിളവ് കുറയുകയോ അതേപോലെ നിൽക്കുകയോ ചെയ്തു. അതേസമയം, പരുത്തി വിത്തിന്റെ കുത്തക കൈയിലാക്കിയ ബെയർ/മൊൻസാന്റോ അന്താരാഷ്ട്ര കമ്പനി വിത്ത് വിൽപനയിലൂടെയും രാസവസ്തുക്കളുടെ വിൽപനയിലൂടെയും കോടികൾ കൊയ്യുകയും ചെയ്തു. ഏറ്റവും കൂടുതൽ ആത്മഹത്യയും പരുത്തി കർഷകർക്കിടയിലാണ്. കേന്ദ്ര സർക്കാർതന്നെ ഒരു കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.

ജനിതകമാറ്റ സാങ്കേതികവിദ്യയുടെ സുരക്ഷ പ്രശ്‌നങ്ങൾ, കൃത്യതയോ സുതാര്യതയോ ഇല്ലാത്ത പരീക്ഷണങ്ങൾ, ജൈവ സുരക്ഷ റിപ്പോർട്ടുകൾ രഹസ്യമായി സൂക്ഷിക്കുന്നതിനു പിന്നിലെ ദുരൂഹത തുടങ്ങി പല പ്രശ്‌നങ്ങളും ഈ സാങ്കേതിക വിദ്യയുടെ വികസനവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. വിവിധ വകുപ്പുകളും ഏജൻസികളും നിയന്ത്രണ സംവിധാനങ്ങളും തമ്മിലെ വിരുദ്ധ താൽപര്യങ്ങളും (Conflict of Interest) പകൽപോലെ വ്യക്തമാണ്​. കളനാശിനികളെ അതിജീവിക്കാൻ കഴിവുള്ള വിളകൾ (HT വിളകൾ) ഗ്രാമീണ തൊഴിൽമേഖലയെയും ജൈവവൈവിധ്യത്തെയും നെഗറ്റിവായി ബാധിക്കാനിടയു ണ്ടെന്ന ഉത്കണ്ഠ‌ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഉൾ​ ​െപ്പടെ പല സമിതികളും പ്രകടിപ്പിച്ചിരുന്നു എന്നതും ഓർമിക്കേണ്ടതുണ്ട്​. ജൈവസുരക്ഷക്കായി രാജ്യത്ത് ഒരു നിയമംതന്നെ വേണമെന്നാണ് അവർ ആവശ്യപ്പെട്ടത്.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങൾക്കും ജി.എം വിളകളോട് വളരെ ജാഗ്രതയോടുകൂടിയ സമീപനമാണുള്ളത്. ഈ സാങ്കേതിക വിദ്യ കൃഷിയിടത്തിൽ വേണ്ടെന്ന നയംപോലും പല സംസ്ഥാനങ്ങൾക്കുമുണ്ട്. കേന്ദ്ര സർക്കാർ ജി.എം വിളകൾക്കുവേണ്ടി സമ്മർദം ചെലുത്തുന്നപക്ഷം സംസ്ഥാനങ്ങൾക്ക് കൃഷിയുടെയും ആരോഗ്യത്തിന്റെയും മേലുള്ള ഭരണപരമായ അധികാരം വിനിയോഗിക്കാൻ സാധിക്കാതെവരും. ജി.എം വിളകൾക്കുവേണ്ടി പ്രോത്സാഹനം നൽകുമ്പോൾ അതിന്റെ പ്രത്യാഘാതം നേരിടുന്നവരുടെ ബാധ്യത ഏറ്റെടുക്കാൻ നിലവിൽ ഒരു സംവിധാനവുമില്ല.

​േകന്ദ്രത്തി​ന് ഇരട്ട നിലപാട്​

അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം കേന്ദ്ര സർക്കാറിന്റെ പരസ്പര വിരുദ്ധ നിലപാടാണ്. ഒരുവശത്ത് പ്രകൃതികൃഷിയും ജൈവകൃഷിയും വേണമെന്ന് പറയുന്ന ഭരണകൂടം അടുത്ത ശ്വാസത്തിൽ ജി.എം വിളകളും ആകാമെന്ന് പറയുന്നു. ജൈവസുരക്ഷയും സാമൂഹിക-സാമ്പത്തിക സുരക്ഷയും പരിഗണിക്കുന്ന ജൈവ സുരക്ഷ സംരക്ഷണ നയമാണ്​ സർക്കാറിൽനിന്ന്​ രാജ്യം പ്രതീക്ഷിക്കുന്നത്​. വിത്തുകളുടെയും ജനിതക വസ്തുക്കളുടെയും മേൽ ബൗദ്ധിക സ്വത്തവകാശം കൊണ്ടുവരാൻ കോർപറേറ്റുകളെ അനുവദിക്കില്ലെന്ന് ഉറപ്പും സർക്കാർ നൽകേണ്ടതുണ്ട്.

2010ൽ ബി.ടി വഴുതനങ്ങക്കെതിരെ രാജ്യത്ത് എതിർപ്പുയർന്നപ്പോൾ അനുമതി നൽകണോ എന്ന് തീരുമാനിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഏഴിടത്തുവെച്ച് പൊതു ചർച്ചകൾ നടത്തി. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ്​ ഈ ഏഴ് ചർച്ചകളിലും പങ്കെടുക്കുകയും ഏഴായിരത്തോളം ആളുകളെ കേൾക്കുകയും ചെയ്തു. കർഷകരുടെയും വിദഗ്​ധരുടെയും വാക്കുകളിൽനിന്നും പഠനങ്ങളിൽനിന്നും അപകടം തിരിച്ചറിഞ്ഞ സർക്കാർ അനിശ്ചിത കാലത്തേക്ക് ബി.ടി വഴുതനക്കെതിരെ മോറട്ടോറിയം പ്രഖ്യാപിക്കുകയാണുണ്ടായത്​.

പ്രകൃതിക്കും മനുഷ്യർക്കും എതിരായ, അശാസ്ത്രീയമായ, ഉത്തരവാദിത്തമില്ലാത്ത രീതിയിൽ ജി.എം വിളകൾക്കുവേണ്ടി കേന്ദ്ര സർക്കാറും തൽപരകക്ഷികളും സമ്മർദം ചെലുത്തിയിട്ടും ബി.ടി പരുത്തിക്കൊഴികെ മറ്റൊരു വിളകൾക്കും അനുമതി നൽകാനോ ജി.എം വിത്തുകളോ ഭക്ഷണമോ ഇറക്കുമതി ചെയ്യാനോ കഴിയാത്തത്​ രാജ്യത്തുയർന്ന പ്രതിരോധങ്ങളുടെ ഫലമായാണ്. രാജ്യത്ത് നടപ്പാക്കിവരുന്ന കടുംകൃഷിയെപ്പറ്റി കേന്ദ്ര സർക്കാർ വിശകലനം ചെയ്യേണ്ടതുണ്ട്. അഗ്രോ ഇക്കോളജിക്കലായ പ്രകൃതി/ജൈവകൃഷിയിലൂടെ അതിലെ പ്രശ്‌നങ്ങളെ പരിഹരിക്കാൻ ശ്രമിക്കുകയും കൂടുതൽ അപകടകരമായ സാങ്കേതിക വിദ്യകൾ കാർഷിക മേഖലയിലേക്ക് ഇനിയും കൊണ്ടുവരാതിരിക്കുകയും വേണം.

കാലാവസ്ഥമാറ്റം, സാമ്പത്തിക തകർച്ച തുടങ്ങി വ്യാപക പ്രശ്‌നങ്ങൾ നേരിടുന്ന കാർഷിക മേഖലയുടെ പുനരുജ്ജീവനം രാജ്യത്തിന്റെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്. കർഷകർക്കും ഉപഭോക്താക്കൾക്കും പരിസ്ഥിതിക്കും ഗുണകരമായ നയങ്ങളും പ്രവർത്തനങ്ങളുമാണ് ഇനിയിവിടെ ആവശ്യം. കാർഷിക ജൈവവൈവിധ്യത്തിന്മേൽ അടിസ്ഥാനപ്പെടുത്തിയ കർഷകരുടെ അറിവും പങ്കാളിത്തവുംകൂടി ഉൾച്ചേർന്ന ഒരു പുതിയ കാർഷിക വികസനമാണ് ഇവിടെ ഉയർന്നുവരേണ്ടത്. ജനിതകമാറ്റം വരുത്തിയ വിളകൾ ഇതിനൊരു പ്രധാന തടസ്സവും ഭീഷണിയുംതന്നെയാണ്.

(കർഷക ഉന്നമനവും ഭക്ഷ്യസുരക്ഷയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ‘ആഷ കിസാൻ സ്വരാജ്’ കൂട്ടായ്​മയുടെ ഭാഗമാണ്​ ലേഖിക)

Tags:    
News Summary - Genetically modified crops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.