സുലൈഖ ബീഗത്തിന്റെ ഖബറിടം

സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ കഥ, പ്രണയത്തിന്റെയും

നൂറു കൊല്ലം മുമ്പ് മഹാത്മ ഗാന്ധിക്കും ഇന്ത്യൻ നാഷനൽ കോൺഗ്രസിനും മുന്നിൽ രണ്ടു മഹാലക്ഷ്യങ്ങളാണുണ്ടായിരുന്നത്. അക്രമരഹിത മാർഗങ്ങളിലൂടെയുള്ള സ്വാതന്ത്ര്യവും ഹിന്ദു-മുസ്‍ലിം മൈത്രിയും. ബ്രിട്ടീഷ് രാജിന്റെ ചില നിയമങ്ങളും ചെയ്തികളും 1919 ഏപ്രിൽ ആറിന് ദേശവ്യാപക ഹർത്താലിന് ആഹ്വാനം ചെയ്യാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചു. തുടർന്ന് ഉയർന്നുവന്ന അതിശക്തമായ നിസ്സഹകരണ പ്രസ്ഥാനം രാജ്യത്താകമാനം ആവേശമായി. 1919 ഏപ്രിൽ 13ലെ ജാലിയൻവാലാബാഗ് കൂട്ടക്കുരുതിക്കുശേഷം കൂടുതൽ ശക്തമായ ഈ മുന്നേറ്റം അടുത്ത രണ്ടു വർഷങ്ങളിൽ ഖിലാഫത്ത് വിഷയത്തിലും ഏകീഭവിപ്പിച്ചു. ലോകയുദ്ധത്തിൽ വിജയിച്ച യൂറോപ്യൻ ശക്തികൾ തുർക്കിയിലെ ഖിലാഫത്തിനോട് പുലർത്തുന്ന നിലപാട് തങ്ങളുടെ സാംസ്കാരികവും മതപരവുമായ പൈതൃകം അപകടത്തിലാക്കുമെന്ന ചിന്ത ഇന്ത്യയിലും മറ്റിടങ്ങളിലുമുള്ള മുസ്‍ലിംകളെ ആകുലപ്പെടുത്തിയിരുന്നു.

ഹിന്ദു-മുസ്‍ലിം ഐക്യം എന്ന ഗാന്ധിയുടെ ആദർശം ഏതാണ്ട് ഫലപ്രാപ്തിയിലെത്തിച്ച ഘട്ടത്തിൽ തന്നെ ഖിലാഫത്ത് പ്രസ്ഥാന നേതാക്കളായ മൗലാന മുഹമ്മദലിയും ഷൗക്കത്തലിയും കസ്റ്റഡിയിലാക്കപ്പെട്ടു. 1922ന്റെ തുടക്കത്തിൽ, 32 വയസ്സു മാത്രമുണ്ടായിരുന്ന മൗലാന അബുൽ കലാം ആസാദും അറസ്റ്റ് ചെയ്യപ്പെട്ടു. 1922 ഫെബ്രുവരി 23ന് ആസാദിനുള്ള ശിക്ഷാവിധി വന്നു- ഒരു വർഷത്തെ കഠിന തടവ്.

'വശ്യവും വിസ്തൃതവുമായ മിനുക്കം വരുത്തിയ ഉർദു'വെന്ന് ഗാന്ധി വിശേഷിപ്പിക്കുന്ന ഭാഷയിൽ അടുപ്പിച്ചടുപ്പിച്ചെഴുതിയ 33 മുഴുനീള കടലാസുകളിലായി ഖിലാഫത്തും ദേശീയതയും സംബന്ധിച്ച തന്റെ കാഴ്ചപ്പാട് അദ്ദേഹം തയാറാക്കിനൽകി. ആസാദിന്റെ കുടുംബം കൊൽക്കത്തയിലായിരുന്നു. ജയിലിലടക്കപ്പെടും മുമ്പ് ആ നഗരത്തിൽ കഴിയുന്ന ഭാര്യ സുലൈഖക്ക് ഒരു സന്ദേശമയക്കാൻ അദ്ദേഹത്തിനായി. അതിനു മറുപടിയായി അവർ ഗാന്ധിക്കയച്ച കത്ത് തന്റെ ഭർത്താവിന്റെ വീക്ഷണവുമായി തികച്ചും പൊരുത്തപ്പെടുന്നതോ അതിലേറെ കടന്നതോ ആയിരുന്നു. അതിങ്ങനെ:

''എന്റെ ഭർത്താവ് മൗലാന അബുൽ കലാം ആസാദിനെതിരായ കേസിൽ ഇന്ന് വിധി വന്നിരിക്കുന്നു. ഒരു വർഷത്തെ കഠിനതടവു മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നതിനെക്കാൾ എത്രയോ കുറവാണ്. അദ്ദേഹത്തിന്റെ അഭാവം നികത്താൻ എളിയ സേവനം ഞാൻ വാഗ്ദാനം ചെയ്യുന്നുവെന്ന് നിങ്ങളെ ധൈര്യസമേതം അറിയിക്കുന്നു. അദ്ദേഹം നിർവഹിച്ച എല്ലാ പ്രവർത്തനങ്ങളും സാധാരണ നിലയിൽ തുടരും. ഇന്നു മുതൽ ബംഗാൾ പ്രവിശ്യ ഖിലാഫത്ത് കമ്മിറ്റികളുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും ഞാൻ എന്റെ സഹോദരന്റെ സഹായത്തോടെ നിർവഹിക്കും.''

തുടർന്ന് യങ് ഇന്ത്യയിൽ എഴുതിയ ഒരു ലേഖനത്തിൽ പൊതുപ്രവർത്തനത്തിൽ തന്റെ പങ്കുവഹിക്കാൻ മുന്നോട്ടുവന്ന ബീഗം സുലൈഖയെ അഭിനന്ദനമറിയിക്കുന്നതായി ഗാന്ധി അറിയിച്ചു. അതേ ലക്കത്തിലെ കുഞ്ചിരോമം കുലുക്കുന്നു എന്ന ഐതിഹാസിക ലേഖനത്തിൽ അദ്ദേഹമെഴുതി: ബ്രിട്ടന്റെ പ്രതിനിധികൾ കലാപനാളുകളിലെ വിവരണാതീതമായ എല്ലാ രംഗങ്ങളും ഇരട്ടി ശക്തിയോടെ പുനർനിർമിച്ചാലും ഇല്ലെങ്കിലും ഒരു മാസമോ ഒരു വർഷമോ അനേകം മാസങ്ങളോ വർഷങ്ങളോ നീണ്ടുനിന്നാലും 1920ൽ ആരംഭിച്ച പോരാട്ടം അന്തിമമായ പോരാട്ടമാണ്. ഈ ലേഖനമാണ് ഗാന്ധിയുടെ മഹത്തായ വിചാരണക്കും ഇന്ത്യയിലെ ആദ്യ ജയിൽവാസത്തിനും കാരണമായത്. ആ ലേഖനമെഴുതുമ്പോൾ മൗലാനയും ബീഗം സുലൈഖയും അദ്ദേഹത്തിന്റെ ചിന്തകളിലുണ്ടായിരുന്നു എന്ന കാര്യത്തിൽ സംശയലേശമില്ല.

ഇനി 1942ലേക്ക് പോകാം. ആ വർഷം ആഗസ്റ്റ് എട്ടിന് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് തുടക്കമായിരുന്നു. രായ്ക്കുരാമാനം മുൻനിര ദേശീയ നേതാക്കളെയെല്ലാം ബ്രിട്ടീഷ് ഭരണകൂടം തടവിലാക്കി. ഗാന്ധിയെ പുണെയിലെ ആഗാഖാൻ പാലസ് ജയിലിലടച്ചു. ആസാദ്, നെഹ്റു, പട്ടേൽ, ജെ.ബി. കൃപലാനി തുടങ്ങിയവരെ പുണെക്കടുത്ത അഹ്മദ്നഗർ കോട്ടയിലും. അവർക്ക് മൂന്നു വർഷം ആ ജയിലിൽ കഴിയേണ്ടിവന്നു. ആ സുപ്രധാന സമ്മേളനത്തിൽ പങ്കെടുക്കാൻ ആസാദ് കൽക്കട്ടയിൽനിന്ന് ബോംബെയിലേക്ക് പുറപ്പെട്ട ദിവസം, വരാനിരിക്കുന്ന അറസ്റ്റും ജയിൽവാസവുമെല്ലാം ബീഗം സുലൈഖ മുൻകൂട്ടി കണ്ടിരുന്നു. അദ്ദേഹം വീട്ടിൽ നിന്നിറങ്ങവെ അവർ മുന്നിൽ ചെന്നുനിന്ന് നിശ്ശബ്ദമായി ഖുദാ ഹാഫിസ് പറഞ്ഞ് വിടചൊല്ലി. ഇനി അദ്ദേഹത്തെ തനിക്കൊരിക്കലും കാണാനാവില്ലെന്ന് അവർ ഉള്ളംകൊണ്ട് ഉറപ്പിച്ചിരുന്നു. സുലൈഖ അസുഖബാധിതയായി എന്ന വിവരമെത്തുമ്പോൾ ആസാദ് തടവറയിലെ രണ്ടാം വർഷത്തിലായിരുന്നു.

1943 ഏപ്രിൽ ഒമ്പതിന് ബീഗം ഇഹലോകത്തോട് വിടവാങ്ങി. ബീഗം സുലൈഖയുടെ ഖബറിടം കൊൽക്കത്തയിലാണ്. ആസാദിന്റേത് ഡൽഹിയിൽ ജമാ മസ്ജിദിന്റെ ചാരത്തും. അകലം അവരെ വേർപെടുത്തിയെങ്കിലും ഇന്ത്യയുടെ വിധിയിലുള്ള വിശ്വാസം അവരെ സ്നേഹം നിറഞ്ഞ ഗാഢാലിംഗനത്തിലാക്കുന്നു. നമുക്കും പ്രത്യാശയിൽ പ്രതീക്ഷയർപ്പിക്കാമോ? (രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ചെറുമകനായ ഗോപാൽകൃഷ്ണ ഗാന്ധി നയതന്ത്രജ്ഞനായും ഗവർണറായും പ്രവർത്തിച്ചു. ഇപ്പോൾ അശോക സർവകലാശാലയിൽ ചരിത്ര-രാഷ്ട്രതന്ത്ര പ്രഫസറാണ്)

കടപ്പാട്: Hindustan Times
Tags:    
News Summary - Gopalkrishna Gandhi writes the story of freedom struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.