തമിഴ്നാട് നിയമസഭയിൽ ഗവർണർ ആർ.എൻ. രവി നയപ്രഖ്യാപന പ്രസംഗം നടത്തുമ്പോൾ ഉയർന്ന പ്രതിഷേധം

ഇറങ്ങിപ്പോയ ഗവർണറും ഉറങ്ങിപ്പോകാഞ്ഞ സ്റ്റാലിനും

പാർട്ടിക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് കരുനീക്കി ആവുന്നത്ര കുത്തിത്തിരിപ്പുണ്ടാക്കുന്നുണ്ട് ബി.ജെ.പി. കേന്ദ്രസർക്കാറിന്‍റെയും സംഘ്പരിവാറിന്റെയും നിക്ഷിപ്ത താൽപര്യങ്ങൾ കുറുക്കുവഴിയിലൂടെ നടപ്പാക്കുന്നതിനെതിരെ പടപൊരുതുന്നകാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾക്കൊക്കെയും കണ്ടുപഠിക്കാനുണ്ട് തമിഴ്​നാട്ടിൽനിന്ന്.

പദവി മറന്ന് സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഗവർണർ ആർ.എൻ. രവിയെ ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രതിരോധിക്കുന്നു ഇവിടെ എം.കെ. സ്റ്റാലിൻ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ. ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാറും നിയമസഭയും പാസാക്കുന്ന ബില്ലുകളും ഓഡിനൻസുകളും ഒപ്പുവെക്കാതെ തടഞ്ഞുവെക്കൽ ഈ ഗവർണറുടെ പതിവായിരുന്നു.

സംസ്ഥാനത്തെ 13 സർവകലാശാലകളിൽ വൈസ്​ ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം ഗവർണറിൽനിന്ന് നീക്കി സംസ്ഥാന സർക്കാറിൽ നിക്ഷിപ്തമാക്കുന്ന ബിൽ എങ്ങനെ ഒപ്പുവെക്കാനാണെന്ന് ചോദിച്ചേക്കും ചിലർ. പക്ഷേ, ഓൺലൈൻ ചൂതാട്ട നിരോധന ബില്ല് പിടിച്ചുവെച്ചിരിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണ്?

സുപ്രീംകോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ രാജീവ്​ ഗാന്ധി വധക്കേസിലെ പ്രതികളെ ജയിൽമോചിതരാക്കാനുള്ള തമിഴ്​നാട്​ സർക്കാറിന്‍റെ പ്രമേയവും ഗവർണർ തടഞ്ഞുവെച്ചിരുന്നു. പിന്നീട് നടപടിയെടുക്കാതെ ഫയൽ രാഷ്ട്രപതിക്ക്​ അയച്ചുകൊടുത്തു.

ഭരണഘടനയുടെ 142ാം അനുച്ഛേദത്തിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച്​ പേരറിവാളൻ ഉൾപ്പെടെ മുഴുവൻ പ്രതികളെയും സുപ്രീംകോടതി വിട്ടയച്ചത്​ ഗവർണർക്ക്​ തിരിച്ചടിയായിരുന്നു. അങ്ങനെ പല കാരണങ്ങളാൽ തമിഴ്​നാട്​ സർക്കാറും ഗവർണറും തമ്മിൽ അസ്വാരസ്യമുണ്ട്.

രാജ്യത്തിന്റെ മതേതര സങ്കൽപത്തിനും സംസ്ഥാന സർക്കാറി​ന്‍റെ പ്രഖ്യാപിത ദ്രാവിഡ മാതൃകയിലുള്ള പ്രവർത്തനങ്ങൾക്കുമെതിരെ പൊതുവേദികളിൽ പരസ്യപ്രസ്താവനകൾ നടത്തുന്നതും ഗവർണർക്ക് ഹരമാണ്​.

ലോകത്തിലെ മറ്റു രാജ്യങ്ങളെപോലെ ഇന്ത്യയിലും ഏക മതമാണുള്ളതെന്ന ഭരണഘടനാവിരുദ്ധ പ്രസ്താവന നടത്തിയ അദ്ദേഹം ‘തമിഴ്​നാട്​’ എന്നുകേട്ടാൽ ഒരു രാജ്യമായി തോന്നുമെന്നും സംസ്ഥാനത്തിന്‍റെ പേര്​ ‘തമിഴകം’ എന്നാക്കണമെന്നും വരെ പ്രസംഗിച്ചു. അതും കഴിഞ്ഞാണ്​ തിങ്കളാഴ്ച നിയമസഭയിൽ സംസ്ഥാന സർക്കാറിന്‍റെ നയപ്രഖ്യാപന പ്രസംഗം ‘എഡിറ്റ്​’ ചെയ്തത്​.

തമിഴ്ജനത കണ്ണിലെ കൃഷ്ണമണിപോലെ കരുതുന്ന പെരിയാർ, അംബേദ്​കർ, കാമരാജ്​, അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ പേരുകളും ദ്രാവിഡ മാതൃക, സാമൂഹികനീതി, സാമുദായിക സൗഹാർദം, സ്ത്രീ അവകാശം ഉൾപ്പെടെയുള്ള പരാമർശങ്ങളും ഒഴിവാക്കിയാണ്​ ഗവർണർ വായിച്ചത്​. ക്രമസമാധാനപാലനത്തിൽ സംസ്ഥാനം മികച്ചുനിൽക്കുന്നുവെന്ന വരിയും വിട്ടുകളഞ്ഞു.

ഗവർണറുടെ നടപടി കണ്ട് മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപ്പെടെ സഭയിലുണ്ടായിരുന്ന സകലരും ഞെട്ടി. പക്ഷേ, കോടതി പിരിഞ്ഞശേഷം ​വാദം പറയാമെന്നുവെച്ച് കാത്തിരുന്നില്ല, ഉറക്കംനടിച്ച് വിട്ടുകളഞ്ഞില്ല; പകരം ഉടനടി മറുമരുന്ന് പ്രയോഗിച്ചു.

പ്രസംഗത്തിന്‍റെ തമിഴ്​ പതിപ്പ്​ മുഴുവനായി സ്പീക്കർ അപ്പാവു സഭയിൽ വായിച്ചിരുന്നു. ഗവർണർക്ക്​ പരിരക്ഷ നൽകുന്ന നിയമസഭാചട്ടം 17ൽ ഇളവ് വരുത്തി സ്പീക്കർ വായിച്ച അച്ചടിക്കപ്പെട്ട തമിഴ് പതിപ്പ്​ മാത്രം നിയമസഭയിൽ രേഖപ്പെടുത്തിയാൽ മതിയെന്ന്​ പ്രമേയം കൊണ്ടുവന്നു സ്റ്റാലിൻ.

ഇത്തരമൊരു അപ്രതീക്ഷിത നടപടി ഗവർണറും പ്രതീക്ഷിച്ചില്ല. പ്രകോപിതനായ അദ്ദേഹം നടപടിക്രമത്തിന്റെ ഭാഗമായ ദേശീയ ഗാനാലാപനത്തിനുപോലും കാത്തുനിൽക്കാതെ സഭയിൽനിന്ന്​ ഇറങ്ങിപ്പോയി. ഈസമയത്ത്​ പ്രസംഗിച്ചുകൊണ്ടിരുന്ന സ്റ്റാലിൻ ഗവർണറെ മന്ദഹാസത്തോടെയാണ്​ നോക്കിനിന്നത്​.

ഭരണഘടനാമാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമാണ്​ സർക്കാർ പ്രവർത്തിച്ചതെന്നും ദ്രാവിഡ മാതൃകാതത്ത്വങ്ങൾക്ക് വിരുദ്ധമായ ഗവർണറുടെ നിലപാട്​ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട്​ നേരത്തെ ഗവർണർക്ക്​ അയച്ചുകൊടുക്കുകയും ഗവർണർ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തതാണ്​.

സഭയിൽ പ്രസംഗം വായിക്കുമ്പോൾ ചിലഭാഗങ്ങൾ ഒഴിവാക്കിയത് ​നിയമസഭാചട്ടങ്ങൾക്ക്​ വിരുദ്ധമാണെന്ന് തീർത്തുപറഞ്ഞു സ്റ്റാലിൻ. കേന്ദ്രസർക്കാറിന്റെ വർഗീയനീക്കങ്ങളെയും വളഞ്ഞവഴിയിലുള്ള തന്ത്രങ്ങ​ളെയും നേരിടാൻ തങ്ങൾക്ക് മാത്രമേ കഴിയൂ എന്ന് വീമ്പുപറയാറുണ്ട് കോൺഗ്രസും ഇടതുപാർട്ടികളും മറ്റനേകം പ്രതിപക്ഷ പാർട്ടികളും.

പക്ഷേ, ഒരുപരിധിവരെ പോരാട്ടവും മറുപകുതിയിൽ ഒത്തുതീർപ്പുമാണ് ഇവരുടെ രീതി. ഡി.എം.കെയെപ്പോലുള്ള പ്രാദേശിക പാർട്ടി സർക്കാറുകൾ ഇല്ലായിരുന്നുവെങ്കിൽ ചോദ്യംചെയ്യാൻ ആർജവമുള്ള പ്രതിപക്ഷം പോലും അവശേഷിപ്പില്ലെന്ന് വിശ്വസിച്ച് ഒന്നുകൂടി അഹങ്കരിച്ചേനെ ഫാഷിസ്റ്റ് ശക്തികൾ. 

Tags:    
News Summary - governor and the chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.