ഇന്ത്യാ ചരിത്രത്തിലെ ഒരു സുവർണദിനമായി 2024 ഫെബ്രുവരി 15 രേഖപ്പെടുത്തപ്പെടും. ഭരണഘടനയുടെ അടിസ്ഥാനഘടനയായി കണക്കാക്കപ്പെടുന്ന ജനാധിപത്യത്തിന്റെ പേരിൽ സുപ്രീംകോടതി നിർണായകമായ ഒരു അടിയാണടിച്ചത്. ഇലക്ടറൽ ബോണ്ട് കേസിൽ അഞ്ചംഗ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച ഏകകണ്ഠമായ വിധിയിൽ, പദ്ധതി ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു.
ഇലക്ടറൽ ബോണ്ടുകൾ പുറത്തിറക്കുന്നത് അടിയന്തരമായി നിർത്തിവെക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ഉത്തരവിടുകയും ഇക്കാലമത്രയും വിറ്റ ബോണ്ടുകളുടെ സകല കണക്കുകളും സംഭാവന നൽകിയവരുടെയും കൈപ്പറ്റിയവരുടെയും വിവരങ്ങളും തെരഞ്ഞെടുപ്പ് കമീഷനിൽ സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. അറിയാനുള്ള അവകാശം ഈ പദ്ധതിയിൽ ലംഘിക്കപ്പെടുന്നതായി കോടതി പറഞ്ഞു. കടുത്ത പരാമർശങ്ങളുയർത്തി സർക്കാർ അഭിഭാഷകരുടെ ഏതാണ്ടെല്ലാ വാദങ്ങളെയും കോടതി നിരാകരിച്ചു.
‘കള്ളപ്പണം തടയുക എന്നത് മാത്രമല്ല ഇലക്ടറൽ ബോണ്ടുകളുടെ അടിസ്ഥാനം’. പിൻതിരിഞ്ഞു നോക്കുമ്പോൾ, 2017 ലെ യൂനിയൻ ബജറ്റിലൂടെ ഈ പദ്ധതി ആരംഭിച്ചതുതന്നെ അമ്പരപ്പിക്കുന്നതായിരുന്നു. ‘രാഷ്ട്രീയ ഫണ്ടിങ്ങിൽ സുതാര്യതയില്ലാതെ, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് സാധ്യമല്ല’, ‘കഴിഞ്ഞ 70 വർഷമായി, ഇത്തരമൊരു സുതാര്യത കൈവരിക്കുന്നതിൽ നാം പരാജയപ്പെട്ടു’- എന്നിങ്ങനെ രണ്ട് വാഗ്ദാന പ്രസ്താവനകളുടെ അകമ്പടിയോടെയാണ് യശഃശരീരനായ ധനമന്ത്രി അരുൺ ജെയ്റ്റ്ലി അന്നീ പദ്ധതി അവതരിപ്പിച്ചത്. നാം ലക്ഷ്യം കൈവരിക്കും എന്നാവും അദ്ദേഹത്തിെൻറ മൂന്നാമത്തെ പ്രസ്താവന എന്നാണ് നാം സ്വാഭാവികമായും പ്രതീക്ഷിച്ചത്.
എന്നാൽ അതിനുപകരം അതാര്യത നിറഞ്ഞ രഹസ്യാത്മകമായ ഒരു പദ്ധതിയാണ് അദ്ദേഹം അവതരിപ്പിച്ചത്. സംഭാവന നൽകുന്നവർ പ്രതികാരനടപടികളെ ഭയക്കുന്നതിനാൽ (ഇത് ഭരണവിഭാഗത്തിൽ നിന്നാകുമെന്ന് വ്യക്തം) രഹസ്യസ്വഭാവം വേണം എന്നതാണ് അതിനു പറഞ്ഞ ഒഴികഴിവ്. ഇലക്ടറൽ ബോണ്ടുകൾ മുഖേന കണക്കിൽപ്പെടാത്ത പണം സംഭാവനയായി നൽകുന്ന കോർപറേറ്റുകൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ സൂക്ഷ്മ പരിശോധനയിൽനിന്ന് പ്രതിരോധം നൽകാനായി 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷൻ 29(സി)ൽ വരുത്തിയ ഭേദഗതിയും ഇതോടൊപ്പം ചേർക്കുക. ഇലക്ടറൽ ബോണ്ടുകളുടെ അവതരണം ഒറ്റപ്പെട്ട നടപടിയായിരുന്നില്ല. ഇലക്ടറൽ ബോണ്ടുകൾക്ക് വഴിയൊരുക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, കമ്പനി നിയമം, ആദായ നികുതി നിയമം 1961, ജനപ്രാതിനിധ്യ നിയമം, വിദേശ സംഭാവന നിയന്ത്രണ നിയമം എന്നിവ ഉൾപ്പെടെ നിരവധി നിയമങ്ങളിൽ 2017ലെ ധനകാര്യ നിയമം ഭേദഗതികൾ കൊണ്ടുവന്നു.
ചില സുപ്രധാന മാറ്റങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഒരു കമ്പനിക്ക് ലാഭത്തിന്റെ 7.5 ശതമാനം വരെയേ സംഭാവന ചെയ്യാനാകൂ എന്ന നിയന്ത്രണപരിധി ഉയർത്തുക മാത്രമല്ല, പൂർണമായും എടുത്തുകളഞ്ഞു. ഒരു കമ്പനിക്ക് അതിന്റെ ലാഭത്തിന്റെ 100 ശതമാനവും ഒരു രാഷ്ട്രീയ പാർട്ടിക്ക് സംഭാവന ചെയ്യാമെന്ന് അനുവദിക്കപ്പെട്ടു. നഷ്ടത്തിലോടുന്ന കമ്പനികൾക്ക് പോലും രാഷ്ട്രീയ സംഭാവന നൽകാൻ കഴിയുമെന്നുവന്നത് ചങ്ങാത്ത മുതലാളിത്തത്തെ നിയമവിധേയമാക്കും. ഇതേക്കുറിച്ച് പരമോന്നത നീതിപീഠം അഭിപ്രായപ്രകടനം നടത്തിയത് ഹൃദ്യമായി തോന്നി.
ജനപ്രാതിനിധ്യ നിയമത്തിെൻറ സെഷൻ 29-ബി വിദേശസ്രോതസ്സുകളിൽനിന്ന് സംഭാവനകൾ സ്വീകരിക്കുന്നതിൽനിന്ന് രാഷ്ട്രീയ പാർട്ടികളെ വിലക്കിയിരുന്നു. 2010 ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിലെ സെക്ഷൻ 3, സ്ഥാനാർഥികൾ, നിയമനിർമാണ സഭാംഗങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, പാർട്ടി ഭാരവാഹികൾ എന്നിവർക്കുള്ള വിദേശ സംഭാവനകളെ നിയന്ത്രിക്കുകയും ചെയ്തിരുന്നു. 1976ലെ വിദേശസംഭാവന നിയന്ത്രണ ചട്ടം (FCRA) ലംഘിച്ച് കോൺഗ്രസും ബി.ജെ.പിയും വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന് 2014ൽ ഡൽഹി ഹൈകോടതി കണ്ടെത്തിയപ്പോൾ, 2016ലെ ധനകാര്യ ബിൽ വഴി ബി.ജെ.പി സർക്കാർ ഒരു മുൻകാല ഭേദഗതി പാസാക്കി, 1976 ലെ നിയമത്തിനുപകരം 2010ലെ ചട്ടം ഭേദഗതി ചെയ്തു.
ഈ നീക്കം വഴി തെരഞ്ഞെടുപ്പുകളിലെ വിദേശ ധനസഹായത്തെ സൂക്ഷ്മപരിശോധനയിൽനിന്ന് ഫലപ്രദമായി മറച്ചുവെക്കാനായി. ഇത് രാജ്യത്തിന് വലിയതോതിൽ ഉത്കണ്ഠ സൃഷ്ടിക്കുന്ന ഒരു സംഗതിയാണ്.റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇലക്ഷൻ കമീഷൻ ഓഫ് ഇന്ത്യ പോലുള്ള സ്വതന്ത്ര സ്ഥാപനങ്ങൾ പദ്ധതി ആരംഭിക്കുന്നതിന് മുമ്പുതന്നെ ഗുരുതര സംശയങ്ങൾ ഉന്നയിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.
ഹഫിങ്ടൺ പോസ്റ്റ് ലഭ്യമാക്കിയ രേഖകൾ പ്രകാരം, ‘ഇത് അനധികൃതവും പരമാധികാരമില്ലാത്തതുമായ സ്ഥാപനങ്ങളെ ബെയറർ ബോണ്ടുകൾ ഇഷ്യൂ ചെയ്യാൻ അനുവദിക്കും’എന്നും ‘സെൻട്രൽ ബാങ്കിങ് നിയമനിർമാണത്തിന്റെ അടിസ്ഥാന തത്ത്വത്തെ തുരങ്കം വെക്കും’എന്നും ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ഈ പദ്ധതി സംബന്ധിച്ച് സർക്കാറിനോട് ആശങ്ക അറിയിച്ചിരുന്നു.
ഇതിനുപുറമെ ഈ പദ്ധതി കള്ളപ്പണം വെളുപ്പിക്കലിനെ പ്രോത്സാഹിപ്പിക്കുമെന്നും ‘നിലവിലെ ബാങ്കിങ് ഉപകരണങ്ങളായ ചെക്കും ഡിമാൻഡ് ഡ്രാഫ്റ്റുകളും’വഴി ഇതേ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നിരിക്കെ ഇലക്ടറൽ ബോണ്ടുകൾ അവതരിപ്പിക്കുന്നത് വിലപ്പോകില്ലെന്നുമറിയിച്ചു. എന്നിരുന്നാലും, അതാര്യതയാർന്ന രാഷ്ട്രീയ ധനസഹായം നേടിയെടുക്കാനുള്ള പാതയിൽ ഗവൺമെൻറ് അചഞ്ചലമായി തുടർന്നു. സുതാര്യതയുടെ വേഷമണിഞ്ഞായിരുന്നു ഇതെന്നതാണ് വിരോധാഭാസകരം.
2017ൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്ര നിയമ മന്ത്രാലയത്തിന് അയച്ച കത്തിൽ, അനധികൃത സംഭാവനകൾ മറയ്ക്കാൻ ഇലക്ടറൽ ബോണ്ടുകൾ സഹായിക്കുമെന്നും കള്ളപ്പണം വെളുപ്പിക്കാൻ ഷെൽ കമ്പനികൾ കൂണുപോലെ മുളച്ചുപൊങ്ങുമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ, സർക്കാർ ഈ ആശങ്കകളെ അവഗണിച്ച് തള്ളിക്കളഞ്ഞു. നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ തങ്ങളുടെ സാമ്പത്തിക ഇടപാടുകളും ക്രിമിനൽ കേസുകളും വെളിപ്പെടുത്തണമെന്ന് 2003ൽ പരമോന്നത കോടതി സ്ഥാനാർഥികളെ നിർബന്ധിച്ചപ്പോൾ പൗരജനങ്ങളുടെ അറിയാനുള്ള അവകാശം പരിഗണിച്ച് തീർപ്പാക്കിയത് ഇവിടെ ഓർമിക്കേണ്ടതുണ്ട്. പൊതുസേവകരെക്കുറിച്ച് അറിയാനുള്ള അവകാശം ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനപരമായ അവകാശത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.
നാമിപ്പോൾ വീണ്ടും തുടങ്ങിയേടത്തുതന്നെ തിരിച്ചെത്തിയിരിക്കുന്നു, തെരഞ്ഞെടുപ്പ് ഫണ്ടിങ് ശുദ്ധീകരിക്കാൻ ലഭ്യമായ ഓപ്ഷനുകൾ എന്തുണ്ടെന്ന് നോക്കാം. സ്വകാര്യ ഫണ്ടിങ് പൂർണമായും ഒഴിവാക്കി രാഷ്ട്രീയ പാർട്ടികൾക്ക് പൊതു ഫണ്ടിങ് ഏർപ്പെടുത്തുകയാണ് ഒരു പോംവഴി. എല്ലാ ദാതാക്കൾക്കും സംഭാവന ചെയ്യാൻ കഴിയുംവിധത്തിൽ ഒരു ദേശീയ തെരഞ്ഞെടുപ്പ് ഫണ്ടിന് രൂപംനൽകലാണ് മറ്റൊരു വഴി. തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടികൾക്ക് ഫണ്ട് അനുവദിക്കാം. ഇങ്ങനെ വരുേമ്പാൾ പ്രതികാര നടപടികളെക്കുറിച്ചുള്ള ദാതാക്കളുടെ ആശങ്കകൾ ഇല്ലാതാക്കും. വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി ഒരു പുതിയ വിഷയവുമുയർത്തി- രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന പണം തീവ്രവാദത്തിന്, അല്ലെങ്കിൽ അക്രമാസക്ത പ്രതിഷേധങ്ങൾ പോലുള്ള പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യാനുള്ള സാധ്യത. അന്തിമ ഉപയോഗത്തിന് അതിന് എന്തെങ്കിലും നിയന്ത്രണമുണ്ടോ എന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) സമർപ്പിച്ച ഹരജിയിൽ ഇലക്ടറൽ ബോണ്ട് പദ്ധതി സ്റ്റേ ചെയ്യാൻ നേരത്തേ രണ്ടുതവണ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഇത് കേസിന്റെ ഗതിയെക്കുറിച്ച് നിരാശയും ആശങ്കയും സൃഷ്ടിച്ചു. പദ്ധതിയോട് നേരത്തേ എതിർപ്പറിയിച്ചിരുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇലക്ഷൻ കമീഷൻ ഓഫ് ഇന്ത്യ പോലുള്ള സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങൾ പൊടുന്നനെ കടകവിരുദ്ധമായ നിലപാട് സ്വീകരിച്ചതും അസ്വസ്ഥതയുളവാക്കി. ദാതാക്കളുടെ/ സ്വീകർത്താക്കളുടെ ഐഡൻറിറ്റി അറിയാൻ പൗരജനങ്ങൾക്ക് അവകാശമില്ലെന്ന സോളിസിറ്റർ ജനറലിന്റെ വാദം കേട്ട് ഞാൻ ഞെട്ടിപ്പോയി. പൗരജനങ്ങളുടെ അറിയാനുള്ള അവകാശം ‘ന്യായമായ’നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നാണ് അറ്റോണി ജനറൽ തന്റെ രേഖാമൂലം സുപ്രീംകോടതിയെ ബോധിപ്പിച്ചത്. ദാതാക്കളും സർക്കാറും തമ്മിലെ കൈമാറ്റങ്ങൾ പൊതുജനങ്ങളിൽനിന്ന് രഹസ്യമായി സൂക്ഷിക്കുന്നത് എങ്ങനെയാണ് ‘ന്യായമായ’നിയന്ത്രണമാകുന്നത്? ഈ പ്രസ്താവനകൾ ഒരു ബനാന റിപ്പബ്ലിക്കിൽ പറ്റുമായിരിക്കും, പക്ഷേ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് ചേരുന്നതല്ല.
നമ്മുടെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ ദീർഘകാല സ്വാധീനം ചെലുത്തുന്ന വളരെ പ്രാധാന്യമർഹിക്കുന്ന വിധിയാണിത്. ഇലക്ടറൽ ബോണ്ട് സ്കീം മാത്രമല്ല, അത് പ്രാബല്യത്തിൽ കൊണ്ടുവരാൻ ആദായനികുതി നിയമം, കമ്പനി നിയമം മുതലായവയിൽ ഉണ്ടാക്കിയ എല്ലാ വ്യവസ്ഥകളും കോടതി റദ്ദാക്കിയിട്ടുണ്ട്.
നമ്മുടെ ജനാധിപത്യത്തിന്റെ കാവൽ മാലാഖയായാണ് എന്നും എപ്പോഴും ഞാൻ സുപ്രീംകോടതിയെ വിശേഷിപ്പിച്ചിരുന്നത്. ഈ വിശ്വാസത്തിന് ഈയിടെയായി മങ്ങലേറ്റിരുന്നു. ഗുരുതരാവസ്ഥയിലായ ജനാധിപത്യത്തിന്റെ അവസാനത്തെ അഭയകേന്ദ്രമാണിതെന്ന് ഇപ്പോൾ ഞാൻ കൂട്ടിച്ചേർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.