ആഗസ്റ്റ് പതിനാറിന് സുപ്രീംകോടതി, ദേശീയ അന്വേഷണ ഏജൻസിയോട് ഹാദിയ കേസ് ലവ് ജിഹാദുമായി ബന്ധപ്പെട്ടതാണോ എന്ന് അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു. അതിനു കേരള ഗവൺമെൻറിെൻറ അനുമതി നൽകുകയും ചെയ്തു. ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ കേരള ഹൈകോടതി വിധിക്കെതിരെ ഹാദിയയുടെ ഭർത്താവ് ശഫിൻ ജഹാൻ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് ഈ വിധി.
ഇരുപത്തിനാലുകാരിയായ ഹാദിയയെ 2016 ഡിസംബർ 19 നാണ് ശഫിൻ ജഹാൻ വിവാഹം ചെയ്തത്. അതേദിവസം തന്നെ ഹാദിയയുടെ രക്ഷിതാക്കൾ ഹേബിയസ് കോർപസ് ഫയൽ ചെയ്തിരുന്നു. തുടർന്ന്, ഡിസംബർ 21നു കോടതിയിൽ ഹാജരായ ഹാദിയയെ കൊച്ചിയിെല എസ്.എൻ.വി ഹോസ്റ്റലിൽ താമസിപ്പിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. മാതാപിതാക്കൾക്ക് മാത്രം സന്ദർശനാനുമതി നൽകിക്കൊണ്ട്, പുറം ലോകവുമായി ബന്ധമില്ലാതെ ഹാദിയയെ അവിടെ താമസിപ്പിക്കാനായിരുന്നു കോടതി നിർദേശം. 2017 മേയ് 25ലെ ഹൈകോടതി വിധിയിലാണ് ഹാദിയയെ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള അനുമതി രക്ഷിതാക്കൾക്ക് ലഭിച്ചത്. ‘രക്ഷിതാവിെൻറ’ അഭാവത്തിലും സമ്മതവുമില്ലാതെയുള്ള വിവാഹം ആയതിനാലാണ് വിവാഹം അസാധുവാക്കിയതെന്നു കോടതി പ്രസ്താവിച്ചു. മാത്രമല്ല, ആതിര എന്ന മറ്റൊരു പെൺകുട്ടിയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട കേസും കോടതിയിൽ നിലനിൽക്കുന്നതിെൻറ പശ്ചാത്തലത്തിൽ ഈ കാര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് കോടതി ഉത്തരവിടുകയും ചെയ്തു.
ഈ കോടതി വിധിക്കെതിരെ, തെൻറ അഭിപ്രായത്തിനു ഒരു പരിഗണനയും ഇല്ലേ എന്ന് ഹാദിയ പ്രതികരിച്ചിരുന്നു. ഇത് സ്ത്രീകളുടെ സ്വാതന്ത്യം, കർതൃത്വം, തെരഞ്ഞെടുപ്പ്, സമ്മതം തുടങ്ങിയ രാഷ്ട്രീയ അവകാശങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണ് എന്ന നിരീക്ഷണങ്ങൾ ഇപ്പോൾ ഏറെ ശക്തമാണ്. ആറു മാസത്തെ ഇടവേളക്കുശേഷമാണെങ്കിലും ഫെമിനിസ്റ്റ് രാഷ്ട്രീയത്തിെൻറ മേഖലയിൽനിന്ന് ഇപ്പോൾ ശക്തമായ പ്രതികരണങ്ങൾ വന്നുതുടങ്ങിയിരിക്കുന്നു.
നിയമവ്യവഹാരങ്ങളും സ്ത്രീകളും
മാതാപിതാക്കളുടെ സമ്മതമില്ലാതെയുള്ള മതവും ജാതിയും മാറിയുമുള്ള വിവാഹങ്ങളും പൊതുവ്യവഹാരങ്ങളിൽ പറയുന്നപോലെ ‘ഒളിച്ചോട്ടവുമായി‘ ബന്ധപ്പെട്ടുകൊണ്ടും ഒക്കെ കോടതി വ്യവഹാരങ്ങളിൽ മുമ്പ് എങ്ങനെയാണ് വിശകലനത്തിന് വിധേയമായത് എന്ന ഒരു അന്വേഷണത്തിനുകൂടി ഹാദിയ കേസ് പ്രസക്തി നൽകുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ ഫെമിനിസ്റ്റ് അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ ഫ്ലാവിയ ആഗ്നസ് ചൂണ്ടിക്കാട്ടുന്നതുപോലെ നിരവധി കേസുകളിൽ പെൺകുട്ടിയുടെ തെരഞ്ഞെടുപ്പിന് പ്രാധാന്യം നൽകുന്ന നിലപാടാണ് കോടതി മുമ്പൊക്കെ സ്വീകരിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പ്രണയിച്ചു ഒളിച്ചോടുന്ന സന്ദർഭത്തിൽ, പ്രണയിച്ച യുവാവിനും കുടുംബത്തിനുമെതിരെ മാതാപിതാക്കൾ ക്രിമിനൽ കേസ് ഫയൽചെയ്യുന്നത് പതിവാണ്. ഒരാളുടെ തീരുമാനാധികാരം നിർണയിക്കുന്നതിൽ തീർച്ചയായും പ്രായം ഒരു പരിഗണന അർഹിക്കുന്ന വിഷയമാണ് എന്ന നിയമവ്യവഹാരത്തിെൻറ ചുവടുപിടിച്ചാണ് ഈ കേസുകൾ ഫയൽ ചെയ്യാറുള്ളത്. അങ്ങനെയുള്ള സാഹചര്യങ്ങളിൽപോലും കോടതി പെൺകുട്ടികളുടെ കോടതിക്കുമുമ്പാകെയുള്ള മൊഴിക്കായിരുന്നു മുൻഗണന നൽകിയിരുന്നത്. എന്നാൽ, ഹാദിയയുടെ കാര്യത്തിൽ അസാധാരണമായത് ചിലത് സംഭവിച്ചു. പതിവ് കീഴ്വഴക്കങ്ങളിൽനിന്ന് മാറി ഹാദിയയുടെ മൊഴി പരിഗണിക്കാതെ, വിവാഹം റദ്ദാക്കുന്നതിന് കോടതി നൽകിയ കാരണം എന്നത് രക്ഷിതാക്കളുടെ സമ്മതമില്ല എന്നതാണ്. ‘രക്ഷിതാക്കളുടെ സമ്മതം’ ഹാദിയ എന്ന ഇരുപത്തഞ്ചുകാരിക്ക് മാത്രം ബാധകമാകുന്ന സവിശേഷ രാഷ്ട്രീയ സാഹചര്യം എന്താണ്?
മതപരിവർത്തന ഭീതിയും ലവ്ജിഹാദും
മറ്റു കേസുകളിൽനിന്നും ഹാദിയ കേസിനെ വ്യത്യസ്തമാക്കുന്നത് മതപരിവർത്തനം എന്ന വിഷയം ഇതിലേക്ക് കൂട്ടിചേർക്കപ്പെടുന്നതുകൊണ്ടാണ്. ഹാദിയയുടെ ജീവിതത്തിൽ ആദ്യം നടന്ന തെരഞ്ഞെടുപ്പ് സ്വന്തം പ്രണയമോ വിവാഹമോ അല്ലായിരുന്നു. മറിച്ച്, ഇസ്ലാമിലേക്കുള്ള മതപരിവർത്തനമായിരുന്നു. കോടതി രേഖകൾ തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്.
ഹാദിയയുടെ മതംമാറ്റത്തിനെതിരെ പിതാവ് നൽകിയ ഒരു കേസ് കോടതിയിൽ നിലനിൽക്കുന്ന സന്ദർഭത്തിലാണ്, ശഫിൻ ജഹാനുമായുള്ള വിവാഹം നടക്കുന്നത്. അതുകൊണ്ടുതന്നെ, ലവ് ജിഹാദ് എന്ന ആരോപണത്തിനു ഇവിടെ പ്രസക്തിയില്ല. ഒരു വെബ്പോർട്ടലിൽ വിവാഹപരസ്യം കണ്ടു ഹാദിയയെ വിവാഹം ചെയ്യുകയായിരുന്നു ശഫിൻ. ഈ വിവാഹം ലവ് ജിഹാദ് ആണെന്ന് സംശയിച്ചുകൊണ്ട് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു കോടതി. ഇതിനു മുമ്പ് സമാനമായ കേസുകളിൽ പെൺകുട്ടികളുടെ അഭിപ്രായത്തിനു മുൻഗണന നൽകിയ കോടതി, എന്തുകൊണ്ടാണ് ഹാദിയ കേസിനെ വ്യത്യസ്തമായി സമീപിക്കുന്നത്? 2016 ജനുവരി മുതൽ കോടതിയുടെ പരിഗണനയിൽ തന്നെയുള്ള കേസ് ആയിരുന്നിട്ടുപോലും ഇസ്ലാമിക ഭീകരതയെപ്പറ്റിയും ഇല്ലാത്ത ലവ് ജിഹാദിനെപ്പറ്റിയുമുള്ള സംശയങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? തീർച്ചയായും സംഘ്പരിവാറിേൻറതായ ജാതിസമുദായ രാഷ്ട്രീയം ഇതിൽ വളരെ പ്രധാനപ്പെട്ട ഘടകമാണ്.
സംഘ്പരിവാറിെൻറ വിലക്കുകൾ
ഹാദിയയുടെ ഇസ്ലാമിലേക്കുള്ള മതപരിവർത്തനവും വിവാഹവും ദശാബ്്ദങ്ങളായി ആധുനിക ഇന്ത്യയിൽ നിലനിൽക്കുന്ന ഹിന്ദു ദേശീയവാദത്തിെൻറയും ബ്രാഹ്മണ ജാതി അധികാരത്തിെൻറയും തീർപ്പുകളെ മറികടക്കാൻ ശ്രമിക്കുന്നുണ്ട്. ഈ വിലക്കുകൾ ഇന്ത്യൻ സാഹചര്യത്തിൽ സമൂഹമായും ഭരണകൂടമായും വ്യക്തിയായും നിലനിൽക്കുന്ന അധീശ അധികാരമാണ്. സംഘ്പരിവാറിെൻറ ഗവൺമെൻറ് കേന്ദ്രം ഭരിക്കുന്നു എന്ന സാഹചര്യംകൂടിയാകുമ്പോൾ ഈ വിലക്കുകളെ മറികടക്കുന്നവർ കൊടുക്കേണ്ട വില വളരെ വലുതാണ്. ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾ വർഷങ്ങളായി നിയമവ്യവഹാരങ്ങളും തെരുവ് അധികാരവും സമന്വയിപ്പിച്ചാണ് ഈ കാര്യങ്ങൾ ചെയ്തുപോരുന്നത്. അതിെൻറ ഒരു മൂർത്ത രാഷ്ട്രീയ പ്രകാശനമായിട്ടുകൂടിയാണ് ഹാദിയയുടെ അനുഭവത്തെ മനസ്സിലാക്കാൻ കഴിയുന്നത്. പ്രത്യക്ഷത്തിലുള്ള ഈ കാരണങ്ങൾപോലെതന്നെ പ്രധാനമാണ് ഹാദിയ കേസിെൻറ പൊതുരാഷ്ട്രീയപരമായ മാനങ്ങൾ. സംഘ്പരിവാർ അധികം വേരൂന്നിയിട്ടില്ലാത്ത കേരളത്തിെൻറ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ ചില കാര്യങ്ങൾ പ്രധാനമാണ്.
സമുദായങ്ങളും അധികാര വ്യത്യാസങ്ങളും
പലപ്പോഴും മുസ്ലിം സ്ത്രീകളുടെ നിയന്ത്രണ അധികാരത്തിെൻറ കാര്യത്തിൽ, അതിെൻറ സവിശേഷതകളെയും സങ്കീർണതകളെയും ഒട്ടും കാണാതെ, മൊത്തം സമുദായം തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിൽനിന്നും വ്യത്യസ്തമാണ് ഹാദിയ കേസിൽ നടക്കുന്നത്. ഹിന്ദു ജാതിസമുദായങ്ങളുടെ മൊത്തം പ്രശ്നമായോ മതേതര നിയമ/മാധ്യമ രാഷ്ട്രീയത്തിെൻറ ആൺകോയ്മ ഘടനയുടെ പ്രശ്നമായോ ഹാദിയയുടെ അനുഭവത്തെ കൂട്ടിവായിക്കാൻ ശ്രമിക്കാത്തത് എന്താണ്? പൊതുമലയാളികളുടെ ചില മനോഭാവങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം.
ഒന്ന്) എല്ലാ മതങ്ങളിലുമുള്ള ആൺകോയ്മയുടെ പ്രശ്നമായി ഹാദിയ കേസിനെ ചുരുക്കുന്നു. ഇത് ഹിന്ദു ജാതി അധികാരത്തിെൻറ പ്രശ്നം ചർച്ചചെയ്യുമ്പോൾ ഉണ്ടാകുന്ന മതേതര വിമർശന രീതിയാണ്. അങ്ങനെ ചർച്ചയെ ന്യൂട്രലൈസ് ചെയ്യാൻ എളുപ്പം സാധിക്കുന്നു.
രണ്ട്) ‘ഒറ്റപെട്ട ഒരു കേസ്‘ ആയി മാത്രം ഇങ്ങനെയുള്ള കേസുകളെ കണക്കാക്കുകയാണ് ചെയ്യുന്നത്. മതേതര നിയമ വ്യവഹാരങ്ങളിൽ സംഭവിക്കുന്ന അപൂർവ വ്യതിയാനമായി ഇതിനെ കാണുന്നു. അങ്ങനെ സമുദായത്തിെൻറ നിയമത്തിെൻറ സ്വാധീനത്തിെൻറ ഉത്തരവാദിത്തത്തിൽനിന്ന് ‘ഹിന്ദുജാതി‘ സ്ഥാനത്തിനു അദൃശ്യമാകാൻ കഴിയുന്നു.
മൂന്ന്) മതപരിവർത്തനം എന്നതുതന്നെ ഒരു പിന്തിരിപ്പൻ ആശയമാണെന്ന് പറയുക. അതിലൂടെ മൂർത്തമായും പ്രായോഗികമായും നിലനിൽക്കുന്ന ജാതി/മത അധികാര വ്യത്യാസങ്ങളെ അവഗണിക്കാൻ കഴിയുന്നു.
നാല്) അതുപോലെതന്നെ പ്രധാനമാണ് ഈ കേസിൽ മറുവശത്തുനിൽക്കുന്നത് മുസ്ലിം പുരുഷനാണ് എന്ന പ്രശ്നം. ആൺകോയ്മക്കെതിരായ വ്യവഹാരങ്ങൾ ഏറെ ശക്തമാകുന്നത് മുസ്ലിം പുരുഷെൻറ അമിത ആണത്തത്തെ മുന്നിൽനിർത്തിയാണല്ലോ. ഹിന്ദു സവർണ പുരുഷെൻറ അധികാരം അപൂർവമായി മാത്രമേ ചർച്ച ചെയ്യാറുള്ളൂ. രാഹുൽ ഈശ്വറിനെപ്പോലുള്ളവർക്ക് മലയാളി സവർണസ്ത്രീ വ്യവഹാരങ്ങളിലുള്ള സ്വാധീനമൊക്കെ വളരെ വ്യക്തമാണല്ലോ.
തീർച്ചയായും നിയമരാഷ്ട്രീയത്തെയും വസ്തുതകളെയും തെളിവുകളെയും അതിർനിർണയിക്കുന്ന ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയം ഈ പ്രക്രിയയിൽ തെളിഞ്ഞുകാണാം. ഇസ്ലാമിക സ്റ്റേറ്റ്, ലവ് ജിഹാദ്, ഇസ്ലാമിക രാഷ്ട്രീയം തുടങ്ങിയ വാക്കുകൾ കേട്ടാൽതന്നെ പതിവുനിയമ കീഴ്വഴക്കങ്ങളും നൈതിക ബോധ്യങ്ങളും മാറ്റിവെച്ച് കോടതികളും മാധ്യമങ്ങളും ‘സുരക്ഷയുടെ ഭാഷ’ സംസാരിക്കുന്നതായാണ് 9/11നു ശേഷമുള്ള ഇന്ത്യൻ അനുഭവം. അതിെൻറ അനന്തരഫലമായാണ് രാഷ്ട്രീയ പ്രവർത്തകരായ അനേകം മുസ്ലിംകൾ ഇപ്പോഴും നീതിയും പ്രതീക്ഷയും ഇല്ലാതെ ജയിലിൽ കഴിയുന്നത്. കാര്യങ്ങളുടെ ഗൗരവം ഇവിടെ ഒതുങ്ങുന്നില്ല.
ഇത് മുസ്ലിംകളുമായി ബന്ധപ്പെട്ട ഭരണകൂട വ്യവഹാരങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള അച്ചടക്ക/അനുശീലന ഉപകരണമായും സാങ്കേതിക വിദ്യയായും മാറിയിരിക്കുന്നു. നേരത്തേ ഭീകരവാദം, തീവ്രവാദം എന്നു പേരിട്ടിട്ടുള്ള കേസുകളിൽ മുസ്ലിം യുവാക്കളുടെ നേരെ പ്രയോഗിച്ച അച്ചടക്ക/അനുശീലന രീതികളുടെ വികാസമാണ്. പ്രത്യേകമായ രീതിയിൽ സുരക്ഷപ്രശ്നമാക്കി മാറ്റിക്കൊണ്ട് രാഷ്ട്രീയ പ്രശ്നങ്ങളെ മറികടക്കാൻ ഇതിലൂടെ സാധിക്കുന്നു. അതേ ചട്ടക്കൂട് ഇപ്പോൾ മതപരിവർത്തനം, മതപ്രബോധനം, മതപരമായ വസ്ത്ര ധാരണം തുടങ്ങിയ മേഖലകളിലേക്കുകൂടി വ്യാപിച്ചിരിക്കുന്നു. ഇസ്ലാമോഫോബിയയുടെ ഭാഗമായി പുതിയൊരു ഭരണമനോഭാവത്തിെൻറ രാഷ്ട്രീയം (politics of governmentality) ഈ അർഥത്തിൽ വികസിച്ചിരിക്കുന്നുവെന്നാണ് ഹാദിയ കേസ് കാണിക്കുന്നത്.
•
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.