ഭൂമിയുടെ അവകാശം സംബന്ധിച്ച കേസിൽ ഉത്തരാഖണ്ഡ് ഹൈകോടതിയിൽ ഈ മാസം 14ന് (ഇന്ന്) വാദം തുടരാനിരിക്കെ പള്ളിയും മദ്റസയും ‘അനധികൃത’കൈയേറ്റമാണെന്ന് ആരോപിച്ച് ഫെബ്രുവരി എട്ടിന് വൻ പൊലീസ് സംഘവുമായി എത്തിയ ഹൽദ്വാനി നഗര ഭരണകൂടം പൊളിച്ചതോടെയാണ് മാലിക് കാ ബഗീചയുടെ മുഖംമാറിയത്
പള്ളിയിലെത്തുന്ന വിശ്വാസികളും മദ്റസക്കുട്ടികളും അങ്ങാടിയിലെ കച്ചവടക്കാരുമെല്ലാം ചേർന്ന് സദാ സജീവമായിരുന്ന ‘മാലിക് കാ ബഗീച’യിൽ ഇപ്പോൾ ആളാരവങ്ങളില്ല, ഭീതിമുറ്റിയ നിശ്ശബ്ദത മാത്രം. തകർക്കപ്പെട്ട പള്ളിയുടെയും മദ്റസയുടെയും അവശിഷ്ടങ്ങളും നഗരസഭയുടെ തീവെക്കപ്പെട്ട വാഹനങ്ങളും അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുമൊക്കെയായി ഉത്തരാഖണ്ഡ് ഹൽദ്വാനി ബൻഫൂൽപുരയിലെ ഈ പ്രദേശത്തിനിപ്പോൾ മറ്റൊരു മുഖമാണ്. പ്രദേശത്ത് ആളനക്കമില്ലെന്ന് പറഞ്ഞുകൂടാ; വൻ പൊലീസ് സന്നാഹമുണ്ട്, പ്രായമായവരും ശാരീരിക ശേഷിയില്ലാത്തവരുമായ മനുഷ്യരും കുട്ടികളും ബാക്കിയുണ്ട്.
ഭൂമിയുടെ അവകാശം സംബന്ധിച്ച കേസിൽ ഉത്തരാഖണ്ഡ് ഹൈകോടതിയിൽ ഈ മാസം 14ന് (ഇന്ന്) വാദം തുടരാനിരിക്കെ പള്ളിയും മദ്റസയും‘അനധികൃത’കൈയേറ്റമാണെന്ന് ആരോപിച്ച് ഫെബ്രുവരി എട്ടിന് വൻ പൊലീസ് സംഘവുമായി എത്തിയ ഹൽദ്വാനി നഗര ഭരണകൂടം പൊളിച്ചതോടെയാണ് മാലിക് കാ ബഗീചയുടെ മുഖംമാറിയത്. പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് വെടിവെച്ചു, അഞ്ചുപേർക്ക് ജീവൻ നഷ്ടപ്പെട്ടു, പൊലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പ്രദേശത്താകമാനം കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. മേഖലയിൽ വിന്യസിക്കപ്പെട്ട പൊലീസുകാർ ആളുകളെ കടത്തിവിടാൻ വിസമ്മതിക്കുന്നു, മാധ്യമ പ്രവർത്തകർക്കാണ് കടുത്ത നിയന്ത്രണം. മറ്റൊരു ജേണലിസ്റ്റിനൊപ്പം ഈ കുറിപ്പുകാരൻ ഏതൊക്കെയോ വിധേനെ അവിടെയെത്തുമ്പോൾ ജനാല വിരിക്ക് പിന്നിലൂടെ ഭയപ്പാടോടെ നോക്കുന്ന കണ്ണുകളാണ് എതിരേറ്റത്. പൊലീസ് റെയ്ഡുകളും പീഡനവും മൂലം ചെറുപ്പക്കാർ ഏതാണ്ടെല്ലാവരും വീടുകൾ വിട്ടുപോയിരിക്കുന്നു. പ്രായമായവരുടെ ചുമ ശബ്ദം മാത്രമാണ് വീടുകളിൽനിന്ന് പുറത്തുവന്നത്. ഞങ്ങൾ പള്ളി അവശിഷ്ടങ്ങളുടെ ചിത്രമെടുക്കുന്നതിനിടെ ചില സ്ത്രീകൾ കരഞ്ഞുകൊണ്ട് സങ്കടം തുറന്നുപറഞ്ഞു. അന്വേഷണത്തിന് എന്ന പേരിൽ വീടുകളിൽ അതിക്രമിച്ചു കയറിയ പൊലീസ് അഴിച്ചുവിട്ട നാശങ്ങളെക്കുറിച്ച് വിശദീകരിച്ചു. കാറുകളും ഓട്ടോറിക്ഷകളും ഉൾപ്പെടെ വാഹനങ്ങളും കടകളുടെ ജനാലകളുമെല്ലാം നിയമപാലകർ തകർത്ത രീതിയും വിവരിച്ചു. പൊലീസ് കടന്നുപോയ വഴികളിലൊന്നും തന്നെ വീടുകളോ വാഹനങ്ങളോ പഴയപടിയല്ല എന്നാണ് ഒരു വീട്ടമ്മ കുറ്റപ്പെടുത്തിയത്. തന്റെ ഭിന്നശേഷിക്കാരനായ മകനെപ്പോലും പൊലീസ് മർദിച്ചുവെന്ന് ഒരുമ്മ വിവരിച്ചത് പൊലീസ് അതിക്രമത്തിന്റെ ചിത്രങ്ങൾ.
നൂറിലേറെ ആളുകളെ പൊലീസ് പിടിച്ചുകൊണ്ടുപോയെന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാൽ, ഇതു സംബന്ധിച്ച് കുടുംബങ്ങൾക്ക് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ടൂറിസ്റ്റ് കേന്ദ്രമായ നൈനിറ്റാളിന്റെ പ്രവേശന കവാടമാണ് ഹൽദ്വാനി. മൂന്നു ലക്ഷത്തോളമാണ് ജനസംഖ്യ.
നൈനിറ്റാൾ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് പ്രമോദ് കുമാർ പറഞ്ഞത് ആളുകൾക്ക് അവശ്യവസ്തുക്കൾ വാങ്ങാൻ സൗകര്യത്തിനായി കർഫ്യൂ ഇളവ് നൽകുന്നുണ്ട് എന്നാണ്. മുസ്ലിംകൾ കൂടുതൽ താമസിക്കുന്ന ഇടങ്ങളിൽ കർഫ്യൂ തുടരുകയാണെങ്കിലും അവർ ഒരു പ്രയാസവും നേരിടുന്നില്ല എന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കുന്നതായും നഗരം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതായും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അക്രമത്തിന്റെ പേരിൽ വീടുകളിൽനിന്ന് പുരുഷന്മാരെ പൊലീസ് പിടിച്ചുകൊണ്ടുപോയതിന്റെ സങ്കടമാണ് മറ്റു പല സ്ത്രീകൾക്കും പറയാനുള്ളത്. കൂലിപ്പണിക്കാരനായ റിയാസ് പ്രതിഷേധങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല, എങ്കിലും അധികാരികൾ പിടിച്ചുകൊണ്ടുപോയി. കർഫ്യൂവിൽ ഇളവ് വരുത്തിയെങ്കിലും കുഞ്ഞുകുട്ടികളുമടങ്ങുന്ന കുടുംബത്തിന് ഭക്ഷണത്തിനുപോലും മാർഗമില്ല.
പുരുഷന്മാരില്ലാത്ത വീടുകളിൽ പൊലീസുകാർ വലിയ കൂട്ടമായി വീടുകളിൽ കയറിവന്ന് സ്ത്രീകളെയും പെൺമക്കളെയും വടികൊണ്ട് അടിച്ചെന്നും പൊലീസ് പിടിച്ചു കൊണ്ടുപോയ ഷാറൂഖ് എന്ന 30 വയസ്സുകാരന്റെ മാതാവ് ആരോപിക്കുന്നു.
തകർക്കപ്പെട്ട മദ്റസക്ക് സമീപത്തെ ഏതാണ്ടെല്ലാ വീടുകളിൽനിന്നും ആളുകൾ ഒഴിഞ്ഞുപോയിരിക്കുന്നു. വീടുകൾ പൂട്ടിയിട്ടിരിക്കുകയാണ്. ആ വീട്ടുകാരുടെ കാറുകളും ഇരുചക്രവാഹനങ്ങളുമെല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ഇതെല്ലാം ചെയ്തു കൂട്ടിയത് പൊലീസുകാരാണെന്ന് സ്ത്രീകൾ ആരോപിക്കുന്നു.
പുറമെ നിന്നെത്തിയ ആളുകളാണ് കുഴപ്പങ്ങളുണ്ടാക്കിയത് എന്നാണ് പ്രദേശവാസികളായ സ്ത്രീകൾ ചൂണ്ടിക്കാട്ടുന്നത്. പുറമെനിന്നെത്തിയ മുഖംമറച്ച ആളുകളാണ് നഗരസഭാ വാഹനങ്ങൾക്ക് തീയിട്ടത്. എന്നാൽ, പൊലീസ് ഇന്നാട്ടുകാരെ ഉന്നമിടുകയും ദ്രോഹിക്കുകയും ചെയ്യുന്നുവെന്ന് അവർ കുറ്റപ്പെടുത്തുന്നു.
സർക്കാർ വാഹനങ്ങൾ കത്തിച്ചുവെന്ന് പറഞ്ഞാണ് പൊലീസ് ഞങ്ങളുടെ ആളുകളെ പിടിച്ചു കൊണ്ടുപോയത്, സ്വന്തം വീടിനു മുന്നിൽ ആരെങ്കിലും തീവെപ്പ് നടത്തുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? -സൈനബ് എന്ന സ്ത്രീ ചോദിക്കുന്നു.
(എഴുത്തുകാരനും ഇന്ത്യാ ടുമോറോ-ഹിന്ദി പത്രാധിപരുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.