അങ്ങനെ മെഹ്സാനയിലെ തീപ്പൊരിയണഞ്ഞു. എന്തൊക്കെയായിരുന്നു: മോദിയുടെ തട്ടകത്തിൽ ബി.ജെ.പിയെ വിറപ്പിക്കാനെത്തിയ 22കാരൻ; മോദിജിയുടെ അതേ വാക്ചാതുര്യം; കെജ്‍രിവാളിന്റെ സംഘാടന മികവ്. ഇതിനെല്ലാം പുറമെ, 60 ലക്ഷം വരുന്ന പട്ടേൽ സമുദായത്തിന്റെ പിന്തുണയും. രാഷ്ട്രീയഗോദയിൽ ഒരാൾക്ക് ചുവടുറപ്പിക്കാൻ ഇതിൽകൂടുതലെന്തു വേണം? എങ്കിലും, അധികാരയാത്രയുടെ വേഗംകൂട്ടാൻ മറുഭാഗത്തുള്ള കക്ഷികളുടെ പിന്തുണ വേണം. അതിനുവേണ്ടി മാത്രമാണ് കോൺഗ്രസിൽ ചേർന്നതും രാഹുലിനോട് കൂട്ടുകൂടിയതും. പക്ഷേ, തുടക്കത്തിലെ സ്നേഹവും പരിഗണനയുമൊന്നും പതിയെ പാർട്ടിക്കില്ലാതെ പോയിരിക്കുന്നു; അൽപം ഗൗരവപ്പെട്ട രാഷ്ട്രീയം ചർച്ചചെയ്യാമെന്നു കരുതി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാൽ നേതാക്കൾ കണ്ടഭാവം കാണിക്കുന്നില്ല. ഒന്നുമില്ലെങ്കിലും പാർട്ടിയുടെ സംസ്ഥാന വർക്കിങ് പ്രസിഡന്റല്ലേ. രണ്ടു വർഷം പാഴായതു മിച്ചം. അതിനാൽ, ഹാർദിക് പട്ടേൽ എന്ന ഭാഗ്യാന്വേഷി തൽക്കാലം പാർട്ടി വിടുകയാണ്. ഗുജറാത്തിലേക്കു മടങ്ങി, ഗുജറാത്തിനായി പ്രവർത്തിക്കുമെന്നാണ് പ്രഖ്യാപനം. ആ പ്രഖ്യാപനത്തിന്റെ അർഥമെന്തെന്ന് കാണാനിരിക്കുന്നതേയുള്ളൂ.
അറിയാമല്ലോ, കോൺഗ്രസിന്റേത് തുറന്ന വാതിലാണ്. ആർക്കു വേണമെങ്കിലും എപ്പോഴും കയറുകയും ഇറങ്ങുകയും ചെയ്യാവുന്നൊരു വാതിൽ. കൃത്യമായ ഇടവേളകളിൽ ചിന്തൻ ശിബിരമൊക്കെ നടക്കുമെങ്കിലും പാർട്ടിയും നേതാക്കളും അവരുടെ വഴിക്കു പോകും. ആ പോക്കിൽ ചിലർ കേറിവരും; അതിൽ പതിന്മടങ്ങാളുകൾ ഗേറ്റ് വഴി പുറത്തുചാടും. കമ്യൂണിസ്റ്റ് പാർട്ടിയിൽ മതസ്വാതന്ത്ര്യമില്ലെന്ന് കണ്ടെത്തി കോൺഗ്രസിലെത്തിയ അബ്ദുല്ലക്കുട്ടി മുതൽ ഇപ്പോഴും കോൺഗ്രസുകാരനായി തുടരുന്ന കെ.വി. തോമസ് വരെയുള്ളവർ ആ ഗേറ്റ് ചാടിയിട്ടുണ്ട്. അങ്ങനെ വിട്ടുപോയവർക്കൊക്കെ രാഷ്ട്രീയ ന്യായങ്ങളുണ്ടായിരുന്നു. മോദിയുടെ ഗുജറാത്ത് മോഡലാണ് അബ്ദുല്ലക്കുട്ടിയെ ആകർഷിച്ചതെങ്കിൽ, തോമസ് മാഷിന്റെ വിയോജിപ്പ് പാർട്ടിയുടെ ഒടുക്കത്തെ വികസനവിരുദ്ധ നയങ്ങളിലായിരുന്നു. കുറച്ചുകാലംകൂടി പാർലമെന്റിൽ ഇരുത്താത്തതിന്റെ നിരാശയുമുണ്ട് മാഷിന്. മോദിഭക്തിയും അധികാരമോഹവുമൊക്കെയാണ് ഏറെപ്പേർക്കും പാർട്ടിവിടാനുള്ള പ്രേരണയെങ്കിൽ ഹാർദിക്കിന്റേത് തീർത്തും വിചിത്രമായ മറ്റൊരു ന്യായമാണ്, ഇന്നോളം കോൺഗ്രസിനെതിരെ ആരും ഉന്നയിക്കാത്തത്. മുതലാളിമാരെ ബഹുമാനിക്കാനറിയാത്ത പാർട്ടിയാണത്രെ കോൺഗ്രസ്! അംബാനിയോടും അദാനിയോടുമൊക്കെ ഒടുക്കത്തെ കലിപ്പാണ് നേതാക്കൾക്ക്. ഇത് ശരിയല്ല. ഇക്കാര്യത്തിൽ മോദിയുടെ കോർപറേറ്റ് സംസ്കാരമാണ് ശരി. മുതലാളിമാരെ കൂടുതൽ വളരാനനുവദിച്ച്, അത് നാടിന് മുതൽക്കൂട്ടാക്കാവുന്നൊരു സവിശേഷ സോഷ്യലിസ്റ്റ് വ്യവസ്‍ഥയാണ് ഹാർദിക്കിന്റെ സ്വപ്നം. അങ്ങനെയൊരു വികസനസങ്കൽപമേ കോൺഗ്രസിനില്ല. ആ നിരാശയിലാണ് പാർട്ടിവിട്ടത്.
ഈ ന്യായം കേട്ടാൽ ആരും ചിരിക്കും. ഇത്രയും കോർപറേറ്റ് വിരുദ്ധരായ കോൺഗ്രസിനെയാണോ തങ്ങളിത്രയും നാൾ 'ക്രോണി കാപിറ്റലിസ'ത്തിന്റെ വക്താക്കൾ എന്ന് വിമർശിച്ചതെന്ന് പരിതപിച്ചുകൊണ്ടിരിക്കുകയാണ് കമ്യൂണിസ്റ്റ് ബുദ്ധിജീവികൾ. ഹാർദിക്കിന്റെ പ്രസ്താവന കണ്ട് കോൺഗ്രസുകാരും ചിരിക്കുകയാണ്. ടിയാൻ പാർട്ടി വിട്ടത് നന്നായി എന്നാണ് എ.ഐ.സി.സി ആസ്ഥാനത്തുനിന്നുള്ള മുറുമുറുപ്പ്. പട്ടേൽ സമുദായത്തിന്റെ പിന്തുണയൊക്കെ ഉണ്ടെങ്കിലും ഹാർദിക് വേണ്ടവിധം പാർട്ടിക്ക് വിധേയനാകുന്നില്ല എന്ന പരാതി സംസ്ഥാന നേതൃത്വത്തിനുണ്ട്. മാത്രവുമല്ല, സമുദായ പിന്തുണയിൽ അധികാരക്കസേര മാത്രമാണ് ലക്ഷ്യം. അതേ ലക്ഷ്യത്തോടെ വേറെയും പട്ടേലർ പാർട്ടിയിലുണ്ട്. പണ്ട് ഹാർദിക്കിന് സമുദായത്തിലുണ്ടായിരുന്ന സ്വീകാര്യത ഇപ്പോൾ നരേഷ് പട്ടേൽ എന്ന മറ്റൊരു തീപ്പൊരിക്കാണ്. നരേഷിനായി ബി.ജെ.പിയും കോൺഗ്രസും ഒരുപോലെ രംഗത്തുണ്ട്. നരേഷ് കോൺഗ്രസിൽ വരുമെന്ന പേടിയിലാണ് ഹാർദിക് പാർട്ടിവിട്ടതെന്നാണ് സമുദായക്കാരും പാർട്ടിക്കാരും അടക്കംപറയുന്നത്. പാർട്ടി പ്രസിഡന്റ് ജഗദീഷ് ഠാകുറിനും ഹാർദിക്കിനോട് താൽപര്യമില്ല; ടിയാന്റെ താൽപര്യം ചിക്കൻ സാൻഡ്‍വിച്ചിലാണ്. കോൺഗ്രസ് പാർട്ടിയിൽ ഏതാണ്ട് കേരളത്തിലെ അതേ അവസ്ഥതന്നെയാണ് ഗുജറാത്തിലും. രണ്ടിടത്തും പി.സി.സി പ്രസിഡന്റും വർക്കിങ് പ്രസിഡന്റും കണ്ടുമുട്ടിയാൽ പിന്നെ മുട്ടൻ ഇടിയാണ്. ഇപ്പോൾ രണ്ടിടത്തും വർക്കിങ് പ്രസിഡന്റുമാർ പാർട്ടിവിട്ടിരിക്കുന്നു.
80കളിൽ വലിയ സംവരണപ്രക്ഷോഭങ്ങൾ നടന്ന നാടാണ് ഗുജറാത്ത്. ആ സമരചരിത്രമൊന്നും പഠിച്ചായിരുന്നില്ല ഹാർദിക്കിന്റെ രംഗപ്രവേശം. പല 'ജനപ്രിയ സിനിമ'കളിലും സ്ഥിരമായി കേൾക്കാറുള്ള സംവരണവിരുദ്ധ ഡയലോഗുകളിൽനിന്നാണ് (അതെ, അതുതന്നെ: മാർക്ക് കുറഞ്ഞ കീഴ്ജാതിക്കാരന് അഡ്മിഷനും ജോലിയും കിട്ടുന്നു, ഉന്നത വിജയം നേടിയ മേൽജാതിക്കാരൻ പെരുവഴിയിലായി ജോലിതേടുന്നു) ഊർജം കണ്ടെത്തിയത്. അതിനൊത്തൊരു അനുഭവവും ടിയാനുണ്ടായത്രെ. സ്വന്തം സഹോദരി മോണിക്ക സംസ്ഥാന സർക്കാറിന്റെ സ്കോളർഷിപ്പിന് അപേക്ഷിച്ചിട്ട് കിട്ടിയില്ല. പക്ഷേ, മോണിക്കയുടെ അത്രയും മാർക്കില്ലാത്ത ഒ.ബി.സി വിഭാഗത്തിൽപെട്ട കൂട്ടുകാരിക്ക് സ്കോളർഷിപ്. ഒരാളെ സംവരണവിരുദ്ധനാക്കാൻ ഇത്രയും പോരേ. പക്ഷേ, ഹാർദിക് സംവരണവിരുദ്ധനായില്ല. തങ്ങളുടെ പട്ടേൽ സമുദായത്തിനും 10 ശതമാനം സംവരണം വേണമെന്ന് ആവശ്യപ്പെട്ടു. അതുവരെയും ചില്ലറ സാമുദായിക പ്രവർത്തനങ്ങൾക്കായി സർദാർ പട്ടേൽ ഗ്രൂപ്പിൽ (എസ്.പി.ജി) പ്രവർത്തിച്ചിരുന്ന ഹാർദിക് മറ്റൊരു പ്രസ്ഥാനത്തിന് രൂപം നൽകി- പട്ടീദാർ അനാമത്ത് ആന്തോളൻ സമിതി (പാസ്).
പാസിന്റെ ബാനറിൽ 2015ൽ അഹ്മദാബാദിലും മറ്റും നടന്ന സംവരണറാലികളിൽ ജനലക്ഷങ്ങളാണ് പങ്കെടുത്തത്. രണ്ടു വർഷം കഴിഞ്ഞ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോഴാണ് ഈ സമരകോലാഹലങ്ങൾ. ബി.ജെ.പിയാകട്ടെ, കേന്ദ്രത്തിൽ അധികാരം പിടിച്ചെടുത്തതിന്റെ ബലത്തിൽ ഗുജറാത്തിൽ ഈസി വാക്കോവർ പ്രതീക്ഷിച്ച് നിൽക്കുകയുമാണ്. ഹാർദിക് എന്ന ചെറുപ്പക്കാരൻ അക്ഷരാർഥത്തിൽതന്നെ കത്തിക്കയറി. സംവരണമില്ലെങ്കിൽപിന്നെ 2017ൽ താമരയുണ്ടാകില്ലെന്ന് കട്ടായം പറഞ്ഞു. ഹാർദിക്കിനെ കൂടെക്കൂട്ടിയ കോൺഗ്രസ് പട്ടേൽ സമുദായക്കാർക്ക് 10 ശതമാനം സംവരണവും പ്രഖ്യാപിച്ചു. പക്ഷേ, തെരഞ്ഞെടുപ്പിൽ വീണ്ടും ബി.ജെ.പി തന്നെ ജയിച്ചു. തെരഞ്ഞെടുപ്പാനന്തര ചർച്ചകളെത്തുടർന്ന് ഹാർദിക് കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ലോക്സഭയുടെ കളമൊരുങ്ങുന്ന സമയമായിരുന്നു അത്. പക്ഷേ, സമരവുമായി ബന്ധപ്പെട്ട ഒന്നുരണ്ട് ക്രിമിനൽ, രാജ്യദ്രോഹക്കുറ്റങ്ങളിൽപെട്ട ഹാർദിക്കിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ല. ആ നിരാശ മാറ്റാനാണ് വർക്കിങ് പ്രസിഡന്റ് സ്ഥാനം നൽകി പാർട്ടി ആദരിച്ചത്. രണ്ടു വർഷത്തിനിപ്പുറം അതെല്ലാം വലിച്ചെറിഞ്ഞ് മടങ്ങിയിരിക്കുകയാണ് ഹാർദിക്.
വീണ്ടുമൊരു നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലിലെത്തിനിൽക്കെയാണ് ഹാർദിക്കിന്റെ മടക്കം. അതെങ്ങോട്ടായിരിക്കുമെന്നാണ് ഈ നിമിഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഭാഗ്യാന്വേഷിയായ ഹാർദിക് ബി.ജെ.പിയിലേക്ക് കൂടുമാറുമെന്നാണ് കോൺഗ്രസുകാരുടെ പ്രവചനം. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സംവരണം, പൗരത്വ നിയമം, ജി.എസ്.ടി തുടങ്ങി മോദിജിയുടെ സകല പരിഷ്കാരങ്ങളെയും ഇതിനകംതന്നെ ഹാർദിക് സ്വാഗതംചെയ്തിട്ടുണ്ട്. മിക്ക രാഷ്ട്രീയ പണ്ഡിറ്റുകളും ഇതിനോട് യോജിക്കുമ്പോഴും അതെല്ലാം കിംവദന്തി മാത്രമാണെന്ന് ഹാർദിക്. പണ്ട്, പാസിന്റെ വേദിയിൽ 'കെജ്‍രിവാൾ പ്രഭാവ'ത്തെക്കുറിച്ച് ഹാർദിക് വാചാലനായിട്ടുണ്ട്. കെജ്‍രിവാൾ ഇന്ദ്രപ്രസ്ഥത്തിൽ സൃഷ്ടിച്ച കുറ്റിച്ചൂൽ വിപ്ലവത്തിന് സമാനമായൊരു 'പട്ടീദാർ വിപ്ലവ'മാണല്ലോ ടിയാന്റെ ആത്യന്തിക ലക്ഷ്യം. ഇപ്പോൾ പഞ്ചാബും കടന്ന് ആപ് ഗുജറാത്തിൽ നോട്ടമിട്ട സ്ഥിതിക്ക് അങ്ങനെയൊരു സഖ്യസാധ്യതയും തള്ളാനാവില്ല. വയസ്സിപ്പോൾ 28 ആയിട്ടുള്ളൂ. രാഷ്ട്രീയത്തിൽ ഒരു തുടക്കക്കാരൻപോലുമാകാനുള്ള പ്രായമായിട്ടില്ല. എന്നിട്ടും, സർവകക്ഷികളും മുന്നണികളും കാത്തിരിക്കുന്നത് അയാൾ ഇനി പോകുന്ന വഴിയേതെന്നറിയാനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.