കോവിഡ്-19 ഒന്നാംതരംഗം കത്തിനിൽക്കുന്ന ദിവസങ്ങളിലാണ് കരിപ്പൂരിൽ വിമാനാപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ 17 പേരെയുംകൊണ്ട് രക്ഷാപ്രവർത്തകർ കുതിച്ചത് മഞ്ചേരി മെഡിക്കൽ കോളജിലേക്കായിരുന്നു. സൗകര്യങ്ങളുടെ അപര്യാപ്തത മൂലം കോവിഡല്ലാത്ത കാലത്തുപോലും രോഗികളെ പുറത്തേക്ക് റഫർ ചെയ്ത് 'മടക്കൽ' കോളജെന്ന് പേരു വന്നിട്ടുള്ള മഞ്ചേരിയിൽനിന്ന് ഈ 17 പേരെയും കോഴിക്കോട്ടേക്ക് റഫർ ചെയ്ത് മടക്കുകയും അതിൽ രണ്ടു പേർ വഴിയിൽവെച്ച് മരിക്കുകയുമുണ്ടായി. ഒരു വിമാനദുരന്തമായതുകൊണ്ട് മാത്രമല്ല ഈ മരണങ്ങൾ സംഭവിച്ചത്.
കേരളത്തിലെ മറ്റ് ഏതു ജില്ലകളെയുമപേക്ഷിച്ച് റോഡപകടമടക്കമുള്ള ദുരന്തങ്ങളുണ്ടായാൽ മലപ്പുറം ജില്ലയിൽ മരണനിരക്ക് നേരെ ഇരട്ടിയാണെന്ന് കണക്കുകൾ പറയുന്നു. അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ വേണ്ട സുസജ്ജമായ ട്രോമാകെയർ സംവിധാനമുള്ള ഒരൊറ്റ സർക്കാർ ആശുപത്രിയും ജില്ലയിലില്ല എന്നതാണ് കാരണം. പരാധീനതകൾ മാത്രം നിറഞ്ഞതാണ് മലപ്പുറത്തിെൻറ ആരോഗ്യമേഖല. സംസ്ഥാനത്തെ ശിശുമരണത്തിെൻറ അഞ്ചിലൊന്നും മാതൃമരണത്തിെൻറ നാലിലൊന്നും ഇവിടെയാണെന്ന് സർക്കാർ കണക്കുകൾ തന്നെ പറയുന്നു (അവലംബം- Sample Registration System/Directorate of Health Services ഡേറ്റ).
കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലക്ക് (2011 സെൻസസിൽ 41 ലക്ഷം) അതിനാനുപാതികമായത് പോയിട്ട് നാലിലൊന്ന് ജനസംഖ്യയുള്ള (11 ലക്ഷത്തിനടുത്ത്) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ആരോഗ്യസംവിധാനങ്ങൾപോലുമില്ല എന്ന കണക്കുകൾ ഞെട്ടിക്കുന്നതാണ്. ആശുപത്രി ബെഡുകളുടെ കാര്യത്തിൽ എല്ലാ ജില്ലകളേക്കാളും പിറകിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യഥാക്രമം 677, 615, 1012 രോഗികൾക്ക് സർക്കാർ മേഖലയിൽ ഒരു ആശുപത്രി ബെഡ് ഒരുക്കപ്പെട്ടിരിക്കുമ്പോൾ മലപ്പുറത്ത് 1643 പേർക്ക് ഒരു ആശുപത്രി ബെഡാണ് ലഭ്യമായുള്ളത്.
സംസ്ഥാന ശരാശരിയനുസരിച്ച് ജില്ലകളിൽ 39,000 ആളുകൾക്ക് ഒരു പ്രാഥമിക ആരോഗ്യകേന്ദ്രവും (പി.എച്ച്.സി) 1,40,000 പേർക്ക് ഒരു സാമൂഹിക ആരോഗ്യകേന്ദ്രവും (സി.എച്ച്.സി) ഉള്ളപ്പോൾ മലപ്പുറത്ത് 53,500 പേർക്ക് ഒരു പി.എച്ച്.സിയും 2,40,000 പേർക്ക് ഒരു സി.എച്ച്.സിയുമാണുള്ളത്. ആരോഗ്യകേന്ദ്രങ്ങളുടെയും ബെഡുകളുടെയും എണ്ണംകുറയുേമ്പാൾ അവിടെ നിയമിതരാകേണ്ടത്ര ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും തസ്തികകൾകൂടി ജില്ലക്ക് നഷ്ടപ്പെടുന്നു.
സർക്കാർ ആശുപത്രികളിൽ പ്രസവം നടക്കുന്ന കാര്യത്തിലും മലപ്പുറം ഏറെ പിറകിലാണ്. തിരുവനന്തപുരത്ത് 49 ശതമാനവും തൊട്ടടുത്തുള്ള കോഴിക്കോട് 42 ശതമാനവും പ്രസവങ്ങൾ സർക്കാർ ആശുപത്രികളിൽ നടക്കുമ്പോൾ മലപ്പുറം ജില്ലയിലത് 16.5 ശതമാനം മാത്രമാണ്. പൊതുമേഖലയിലെ സൗകര്യങ്ങളുടെ അപര്യാപ്തതതന്നെയാണ് ഇതിെൻറ അടിസ്ഥാന കാരണം.
പേരിൽ മാത്രം താലൂക്ക് എന്നു ചേർത്തിട്ടുള്ള ആശുപത്രികളിൽ മിക്കവയിലും പ്രസവംപോലും നടത്താനുള്ള സ്റ്റാഫോ സൗകര്യങ്ങളോ ഇല്ലതാനും. മികവിെൻറ കേന്ദ്രങ്ങളാകേണ്ട ഇവിടത്തെ ജില്ല ആശുപത്രികളുടെ അവസ്ഥയും ദയനീയമാണ്. പെരിന്തൽമണ്ണ, തിരൂർ, നിലമ്പൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജില്ല ആശുപത്രികളിൽ 176, 166, 140 എന്നിങ്ങനെയാണ് ബെഡുകളുടെ എണ്ണം. 200ൽ താഴെ അഡ്മിഷനുള്ള ജില്ല ആശുപത്രികൾ മലപ്പുറത്തിെൻറ മാത്രം പ്രത്യേകതയാണ്. കേരളത്തിലെ മറ്റു ജില്ല ആശുപത്രികൾ മിക്കവയും 300 മുതൽ 500 വരെ ബെഡുകളുള്ളവയാണ്.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റിയത് കോവിഡേതര രോഗികളുടെ ചികിത്സയിൽ വൻ പ്രതിസന്ധിയാണുണ്ടാക്കിയത്. ഈ രോഗികൾ മുഴുവൻ ലോക്ഡൗൺ സൃഷ്ടിച്ച കഠിന സാമ്പത്തിക പ്രതിസന്ധിക്കും യാത്രാപരിമിതികൾക്കും നടുവിൽ സർജറിയടക്കമുള്ള ചികിത്സകൾക്ക് സ്വകാര്യ ആശുപത്രികളെയോ അയൽ ജില്ലകളിലെ സർക്കാർ സംവിധാനങ്ങളെയോ ആശ്രയിക്കാൻ നിർബന്ധിതരാവുകയാണ് ചെയ്തത്. മറ്റെല്ലാ ജില്ലകൾക്കുമുള്ളതുപോലെ ഒരു ജനറൽ ആശുപത്രി മലപ്പുറം ജില്ലക്ക് മാത്രമില്ലാത്തതാണ് കോവിഡ്കാലത്ത് കാര്യങ്ങൾ ഇത്രയും വഷളാക്കിയത്.
ജനറൽ ആശുപത്രികളിൽ മാത്രം അനുവദിക്കപ്പെടുന്ന സൂപ്പർ സ്പെഷാലിറ്റി തസ്തികകളായ കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി, യൂറോളജി മറ്റെല്ലാ ജില്ലകൾക്കും അനുവദിച്ചപ്പോൾ ജനറൽ ആശുപത്രിയില്ല എന്ന പേരിൽ മലപ്പുറത്തിന് അതും വിലക്കപ്പെട്ടതായി.
ജില്ലക്ക് ആകെയുണ്ടായിരുന്ന ജനറൽ ആശുപത്രിയുടെ ബോർഡ്മാത്രം മാറ്റിവെച്ചാണ് മഞ്ചേരി മെഡിക്കൽ കോളജ് നിലവിൽവന്നത്. അതുവഴി ജില്ലക്ക് നഷ്ടങ്ങൾ മാത്രമാണുണ്ടായത്. നാട്ടുകാർ പിരിവെടുത്ത് പടുത്തുയർത്തി ഉദ്ഘാടനത്തിന് തയാറാക്കിയിരുന്ന 300ഓളം കിടക്കകളുള്ള മാതൃശിശു ആശുപത്രിയാണ് ഒരു രോഗിക്കുപോലും ചികിത്സ നൽകാൻ കഴിയാത്ത മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനു മാത്രമായുള്ള അക്കാദമിക് േബ്ലാക്കായി ചുരുങ്ങിയത്. മറ്റെല്ലാ ജില്ലകൾക്കും ഇത്തരത്തിൽ നഷ്ടപ്പെട്ട ജനറൽ ആശുപത്രികൾക്കു പകരം സംവിധാനങ്ങൾ വന്നപ്പോൾ 10 വർഷമായിട്ട് മലപ്പുറത്തിനു മാത്രം പുതിയൊരു ജനറൽ ആശുപത്രി അനുവദിക്കപ്പെട്ടില്ല.
ഇവിടത്തെ ജില്ല ആശുപത്രികളിൽ ഒരിടത്തും അപകടം സംഭവിച്ചു വരുന്നവരെ രക്ഷിക്കാൻ ട്രോമാകെയർ സംവിധാനമില്ല. ഒരിടത്തും ഐ.സി.യുവോ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഓപറേഷൻ തിയറ്ററോ ഇല്ല. മഞ്ചേരി മെഡിക്കൽ കോളജിലടക്കം സർക്കാർ മേഖലയിൽ ഒരിടത്തും എം.ആർ.ഐ, സി.ടി സ്കാൻ എന്നിവയില്ല. മഞ്ചേരിയിലൊഴികെ ഒരിടത്തും ചെലവുകുറഞ്ഞ അൾട്രാസൗണ്ട് സ്കാൻ സൗകര്യംപോലുമില്ലയെന്നത് മലപ്പുറം ജില്ലയുടെ മാത്രം ദൗർഭാഗ്യമാണ്. ഇതിനെല്ലാം സ്വകാര്യ ആശുപത്രികൾ മാത്രമാണ് സാധാരണക്കാരായ രോഗികൾക്ക് ആശ്രയം.
പൊന്നാനിയിൽ മാതൃശിശു ആശുപത്രി തുടങ്ങിയിട്ടുണ്ടെങ്കിലും ഇതടക്കമുള്ള പ്രധാന ആശുപത്രികളിൽ രക്തബാങ്ക് സൗകര്യം ലഭ്യമല്ലാത്തതിനാൽ കിലോമീറ്ററുകൾ താണ്ടി ജില്ലയുടെ മറ്റേ അറ്റത്തെ മഞ്ചേരിയിലേക്ക് പൂർണ ഗർഭിണികളെ റഫർചെയ്യൽ നിത്യസംഭവമാണ്.
അടിസ്ഥാന മനുഷ്യവിഭവശേഷിയുടെ കാര്യത്തിലും മറ്റെല്ലാ ജില്ലകളെയുമപേക്ഷിച്ച് ഏറെ പിറകിലാണ് മലപ്പുറം. ജനസംഖ്യയിൽ 5000 പേർക്ക് ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് അടക്കമുള്ള ഫീൽഡ്സ്റ്റാഫ് വേണ്ടിടത്ത് മലപ്പുറത്ത് 15,000 മുതൽ 20,000 പേർക്ക് ഒരു ഫീൽഡ്സ്റ്റാഫ് എന്നതാണ് അവസ്ഥ. പ്രതിരോധ കുത്തിവെപ്പ്, കൗമാരക്കാരുടെ ശാരീരിക-മാനസിക ആരോഗ്യം, ജീവിതശൈലീരോഗങ്ങളുടെ നിയന്ത്രണം, കുടുംബാസൂത്രണം തുടങ്ങി എല്ലാ സർക്കാർ ആരോഗ്യപദ്ധതികളും സമൂഹത്തിെൻറ അടിത്തട്ടുവരെ എത്തിക്കാൻ വേണ്ട അടിസ്ഥാന ജീവനക്കാരാണ് ഈ ഫീൽഡ് വർക്കർമാർ.
അതുകൊണ്ടുതന്നെ അവരുടെ ദൗർലഭ്യം സാമൂഹിക ആരോഗ്യത്തിന്മേൽ വലിയ ആഘാതമാണ് സൃഷ്ടിക്കുക. ദേശീയ കുടുംബാരോഗ്യ സർവേയനുസരിച്ച് ഇമ്യൂണൈസേഷൻ കവറേജ് ജില്ലയിൽ കഴിഞ്ഞവർഷം മൂന്നു ശതമാനം കുറഞ്ഞു. കുട്ടികളിലും ഗർഭിണികളിലും വിളർച്ച കൂടുകയും ചെയ്യുന്നു. കുട്ടികളിൽ ഒന്നുകിൽ അമിതവണ്ണമോ അല്ലെങ്കിൽ ഭാരക്കുറവോ വർധിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യവിഭവശേഷി വിതരണത്തിലെ അസന്തുലിതത്വം ആരോഗ്യ ഫണ്ടിങ്ങിലും തുടരുന്നു. അരക്കോടിയോളം ജനങ്ങളുള്ള മലപ്പുറം ജില്ലക്കും അതിെൻറ നാലിലൊന്ന് ജനമുള്ള ജില്ലകൾക്കും വീതിച്ചുനൽകുന്ന ഫണ്ടുകൾ ഒരു അളവിലാണ്. സ്വന്തമായി ഒരു മാനസികാരോഗ്യകേന്ദ്രമില്ലാത്തതിനാൽ മറ്റു ജില്ലകളെ ആശ്രയിക്കേണ്ടിവരുന്നു.
മഞ്ചേരി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് കേവലം ജില്ല ആശുപത്രിയുടേതിെൻറ നിലവാരമേയുള്ളൂ, 800 ആളുകളെ നോക്കാൻ മാത്രം സൗകര്യമുള്ള ഒ.പി വിഭാഗം പ്രതിദിനം 3200 ആളുകളെ നോക്കുമ്പോൾ വരുന്ന തിരക്ക് വിവരണാതീതമാണ്. സൂപ്പർ സ്പെഷാലിറ്റി ഡിപ്പാർട്മെൻറുകളില്ല, അത്യാഹിതവിഭാഗത്തോട് ചേർന്ന് ഓപറേഷൻ തിയറ്ററുകളില്ല, ആവശ്യമുള്ളതിെൻറ നാലിലൊന്ന് അധ്യാപകർപോലും മിക്ക ഡിപ്പാർട്മെൻറുകളിലുമില്ല.
ജനറൽ ആശുപത്രി തിരികെ കൊണ്ടുവന്ന് പുതിയൊരിടത്ത് മെഡിക്കൽ കോളജ് നിർമിക്കാൻ ഇനി വൈകിക്കൂടാ. സർക്കാർ ആശുപത്രിയില്ലെങ്കിൽ സ്വകാര്യ ആശുപത്രിയിൽ ചെന്നാണെങ്കിലും ചികിത്സ തേടാൻ ഇവിടത്തെ മനുഷ്യർ മടികാണിച്ചിരുന്നില്ല. കൈയിൽനിന്നെടുത്തും കടം വാങ്ങിച്ചും പിരിച്ചുകൊടുത്തുമെല്ലാം അവർ ആശുപത്രി ബില്ലടച്ചു.
നിതാഖാത്തും തൊഴിൽനഷ്ടവും കോവിഡ് പ്രതിസന്ധിയുമെല്ലാം മൂലം രണ്ടു ലക്ഷത്തിലേറെ പ്രവാസികൾ തിരിച്ചെത്തിയ സ്ഥിതിക്ക് ഇനി അത് അസാധ്യമാണ്. മലപ്പുറത്തെ മനുഷ്യരെ സ്നേഹിക്കുന്നുവെന്നവകാശപ്പെടുന്ന ഓരോ കക്ഷികളും സംഘടനകളും നേതാക്കളും ഈ നേർച്ചിത്രം തിരിച്ചറിയണം, അവിടത്തെ ജനങ്ങളുടെ ആരോഗ്യം എന്ന മൗലികാവകാശം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.