ഉന്നത വിദ്യാഭ്യാസരംഗത്തെ ജനാധിപത്യവത്കരണം പ്രാതിനിധ്യ ജനാധിപത്യത്തിെൻറ അടിസ്ഥാനത്തിൽ ഉയിർക്കൊള്ളുന്ന ദേശരാഷ്ട്രത്തിെൻറ ആധാരശിലയാണ്. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉൾക്കൊള്ളൽ സ്വാഭാവികമായ രാഷ്ട്രീയപ്രക്രിയയായി മാറിത്തീരുേമ്പാഴാണ് പ്രാതിനിധ്യ ജനാധിപത്യം പുഷ്കലമാവുക. നിർഭാഗ്യവശാൽ ഉന്നതമായ സാമൂഹികനീതിയുടെ തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രവർത്തിക്കേണ്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിന് വിരുദ്ധമായി നിലയുറപ്പിക്കുന്ന സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്.
അതികഠിനമായ ദുരിതപർവങ്ങൾ താണ്ടിയാണ് പലപ്പോഴും ദലിത്-പിന്നാക്ക-മുസ്ലിം ജനവിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസമാർജിക്കുന്നതിനായി സർവകലാശാലകളിൽ എത്തിച്ചേരുന്നത്. വിപുലമായ സ്വപ്നസാക്ഷാത്കാരങ്ങൾക്കായി എത്തിച്ചേരുന്ന അരികുവത്കരിക്കപ്പെട്ട സമൂഹത്തിലെ വിദ്യാർഥികളോട് സമത്വപൂർണമോ അനുഭാവപൂർണമോ ആയ സമീപനമല്ല അധികാരകേന്ദ്രങ്ങളിൽനിന്നുമുണ്ടാവുന്നത്.
ഗവേഷണം കൃത്യസമയത്ത് മികവാർന്ന രീതിയിൽ പൂർത്തിയാക്കിയാൽ മാത്രമേ തൊഴിൽരംഗങ്ങളിലേക്ക് അപരവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് കടന്നുചെല്ലാൻ കഴിയൂ. എന്നാൽ, കൃത്യമായ സമയത്ത് ഗവേഷണം പൂർത്തീകരിക്കാനനുവദിക്കാതെ സാങ്കേതികത്വത്തിെൻറയും മറ്റും പേരുകളിൽ ഫെലോഷിപ്പുകളും മറ്റും തടഞ്ഞുവെച്ചുകൊണ്ട് ഗവേഷണത്തിനുതന്നെ വിഘാതമേർപ്പെടുത്തുന്നതോടെ കഠിനദുഃഖത്തിെൻറയും നിരാശയുടെയും പ്രതിസന്ധിയുടെയും ലോകത്തേക്കാണ് പാർശ്വവത്കൃതർ തള്ളിയിടപ്പെടുന്നത്.
ഗവേഷണം മികവാർന്ന രീതിയിൽ പൂർത്തീകരിച്ച് അക്കാദിക യോഗ്യതകൾ മുഴുവൻ കരസ്ഥമാക്കിയാലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തൊഴിൽസ്ഥാനങ്ങളിൽനിന്നും പ്രത്യേകിച്ച് അധ്യാപക തസ്തികയിൽനിന്നും ദലിത് ജനവിഭാഗങ്ങൾ പുറന്തള്ളപ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്. അധ്യാപക തസ്തികകളിലെ ബാക്-ലോഗ് നികത്തണമെന്ന് യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷന് സർവകലാശാലകളെ നിരന്തരം ഓർമിപ്പിക്കേണ്ടിവരുന്ന സാഹചര്യമിതാണ്. എന്നിരുന്നാലും യു.ജി.സിയുടെ ഈ നിർദേശങ്ങളൊന്നുംതന്നെ പരിഗണിക്കുന്ന അവസ്ഥാവിശേഷം സർവകലാശാലകളിൽനിന്ന് പൊതുവെ ഉണ്ടാകുന്നില്ല.
ഗവേഷണരംഗത്താവട്ടെ സർവകലാശാലകൾ സംവരണം അട്ടിമറിക്കുന്നുവെന്ന വാർത്ത നിരന്തരം ആവർത്തിക്കപ്പെടുന്നു. ഓപൺ മെറിറ്റിൽ അഡ്മിഷൻ ലഭിക്കാൻ യോഗ്യതയുള്ള ദലിത് ആദിവാസി വിദ്യാർഥികളും പുറന്തള്ളപ്പെടുന്നു. ഗവേഷണത്തിലേക്ക് പ്രവേശിക്കുന്നതോടെ വലിയരീതിയിലുള്ള ജാതിഹിംസകൾക്കും പുറന്തള്ളൽ ഹിംസകൾക്കും ദലിത്-ഗവേഷണ വിദ്യാർഥികൾ വിധേയപ്പെടേണ്ടിയും വരുന്നു. രോഹിത് വെമുലയുടെ ആത്മാഹുതി ഇത്തരം അക്കാദമിക വരേണ്യതക്കെതിരായ ജീവിതസമരമായിരുന്നു.
ദലിത് വിദ്യാർഥികളുടെ ജീവൻ കരുവാക്കിയുള്ള അക്കാദമിക നവവരേണ്യരുടെ ഹിംസ പുതിയ രൂപത്തിലും ഭാവത്തിലും ഇന്നും തുടരുകയാണ്. മഹാത്മാ ഗാന്ധിയുടെ പേരിലുള്ള സർവകലാശാലയിൽ സ്വന്തം ജീവൻ പണയംവെച്ചുകൊണ്ട് ദീപ പി. മോഹനനെന്ന ദലിത് ഗവേഷകക്ക് നിരാഹാര സത്യഗ്രഹമനുഷ്ഠിക്കേണ്ട സാഹചര്യം നിലനിൽക്കുന്നു എന്നത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദലിതരോട് പുലർത്തുന്ന സ്ഥാപനപരമായ ഹിംസയുടെ ഉത്തമ ദൃഷ്ടാന്തമാണ്. ജ്ഞാനാത്മകമായി പ്രതികരിക്കുകയും വൈജ്ഞാനികമായി ഇടപെടുകയും സാമൂഹികശാസ്ത്ര കാഴ്ചപ്പാടോടെ നിലപാട് കൈക്കൊള്ളുകയും ചെയ്തുകൊണ്ട് അക്കാദമിക ജീവിതം നയിക്കാനാഗ്രഹിക്കുന്ന ദലിത് ഗവേഷകരും വിദ്യാർഥികളും ഹിംസാത്മകമായ ജാതീയ പുറന്തള്ളലിന് വിധേയപ്പെടേണ്ടിവരുന്നു എന്നാണ് ദീപയുടെ അനുഭവങ്ങൾ ബോധ്യപ്പെടുത്തുന്നത്.
സർവകലാശാല ദീപയോടു മാത്രമല്ല, ദലിത് സമൂഹത്തോട് പുലർത്തുന്ന അക്കാദമിക വരേണ്യതയുടെതന്നെ ഉത്തമ നിദർശനമാണിത്. 10 വർഷത്തോളം ദീപയുടെ ഗവേഷണം സ്തബ്ധമാക്കിയ സർവകലാശാല അധികാരികൾ മാപ്പർഹിക്കാത്ത കൊടുംകുറ്റമാണ് ചെയ്തിരിക്കുന്നത്. ഏറ്റവും സമർഥയായ ഒരു ദലിത് ഗവേഷകയുടെ അപഹരിക്കപ്പെട്ട 10 വർഷങ്ങൾക്കു പകരമായി സർവകലാശാലക്ക് എന്തു നൽകിയാണ് ഈ മാപ്പർഹിക്കാത്ത തെറ്റ് തിരുത്താനാവുക എന്ന ചോദ്യം അവശേഷിക്കുന്നു. സാമൂഹികനീതി എന്നത് പ്രബന്ധരചനക്കുള്ള വിഷയം മാത്രമല്ലെന്ന് അക്കാദമിക സമൂഹവും സർവകലാശാല അധികാരികളും ഇടക്കെങ്കിലും ഓർത്തെടുക്കേണ്ടതാണ്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.