ഹിജാബും ഹിന്ദുത്വവലയിലെ ലിബറലുകളും

കർണാടകയിൽ മുസ്​ലിം വിദ്യാർഥിനികളുടെ ഹിജാബിനെതിരെ രംഗത്തുവന്ന ഹിന്ദുത്വ ശക്തികൾ അത്​ മതേതര-പുരോഗമനപരമായ ഒരു നീക്കമാണെന്ന വാദമുയർത്തുന്നുണ്ട്​. കൃത്യമായ വർഗീയ അജണ്ടയിൽ നീങ്ങുന്ന ആ വാദത്തിന്​ ഒരു വിഭാഗം ലിബറലുകളുടെയും പിൻബലം കിട്ടുന്നു. ഈ വാദങ്ങളെ ഇഴകീറി പരിശോധിക്കുകയാണ്​ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒഫ്​ പീസ്​ ആൻഡ്​ കോൺഫ്ലിക്​ട്​സ്​ സ്​റ്റഡീസിൽ ഗവേഷകനായ ആംഗ്​ശുമാൻ ചൗധരിയും നാഷനൽ യൂനിവേഴ്​സിറ്റി ഓഫ്​ സിംഗപ്പൂരിൽ ​ഗവേഷകനായ സൂരജ്​ സൂരജ് ഗൊഗോയിലും

ആദ്യംതന്നെ വ്യക്തമാക്കട്ടെ, ഹിജാബ് ധരിക്കാനും ധരിക്കാതിരിക്കാനുമുള്ള അവകാശം മുസ്​ലിം സ്ത്രീകളിൽ നിക്ഷിപ്​തമായിരിക്കണം. കൂടുതൽ കൃത്യമായി പറഞ്ഞാൽ, ആ തെരഞ്ഞെടുപ്പ് അവരുടെ മാത്രം അവകാശമായിരിക്കണം. സ്‌കൂളുകളിലോ കോളജുകളിലോ മറ്റേതെങ്കിലും പൊതു ഇടങ്ങളിലോ തട്ടം ധരിക്കുന്നതു സംബന്ധിച്ച ഏതൊരു ബൗദ്ധിക ചർച്ചയുടെയും ആദ്യവും അവസാനവും ഇതായിരിക്കണം.

മുസ്​ലിം വിദ്യാർഥികൾ ഹിജാബ്​ ധരിക്കുന്നതിനെതിരായ നിലവിലെ പ്രചാരണം ആരംഭിക്കുന്നത്​ കർണാടക തീരദേശ ജില്ലയായ ഉഡുപ്പിയിലെ ഒരു കോളജിൽനിന്നാണ്​. തുടർന്ന്, അതേ ജില്ലയിലെ കുന്ദാപൂരിലെ മറ്റൊരു കോളജിൽ പർദ ധരിച്ച ഒരു കൂട്ടം വിദ്യാർഥികളെ തടഞ്ഞു. കൈയേറ്റ ഭീഷണിയും വിഭാഗീയ മുദ്രാവാക്യങ്ങളും നിറഞ്ഞ ആ തടയിടൽ ക്രമേണ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനെതിരായ ഒരു വലിയ പ്രസ്ഥാനമായി രൂപം പ്രാപിക്കുന്നു.

ഏതാനും ആഴ്‌ചകൾ മുമ്പുവരെ പ്രശ്‌ന​മേ അല്ലാതിരുന്ന (അല്ലെങ്കിൽ ചില സ്ഥലങ്ങളിൽ മാത്രമൊതുങ്ങിയിരുന്ന) വിഷയം ഇപ്പോൾ ദേശീയ അടിയന്തരാവസ്ഥയായി മാറിയിരിക്കുന്നു. വിഷയം കർണാടക ഹൈകോടതി മുമ്പാകെ എത്തുകയും ക്ലാസ്മുറികളിൽ ഹിജാബ് (മറ്റു മതപരമായ വസ്ത്രങ്ങളും) ധരിക്കുന്നത് ഒഴിവാക്കാൻ നിർദേശം വരുകയും ചെയ്​തിരിക്കുന്നു.

ഹിജാബിന് എതിരായ ഈ ആക്രമണത്തിന് ഹിന്ദുത്വ ശക്തികൾ എങ്ങനെയാണ് രൂപം നൽകുന്നതെന്ന് മനസ്സിലാക്കുന്നത് പരമപ്രധാനമാണ്. അതിനൊപ്പം വലതുപക്ഷ ഭീരുത്വത്തിനെതിരെ നിലകൊള്ളുന്നതിനുപകരം ഇത്രയധികം ലിബറലുകൾ ഭൂരിപക്ഷ മേൽക്കോയ്​മക്കൊപ്പം അണിചേരുന്നത് എന്തുകൊണ്ടാണെന്നുകൂടി മനസ്സിലാക്കണം. മുഴുവൻ പ്രശ്​നവും പിന്നീട്​ ന്യൂനപക്ഷ വിരുദ്ധ ചിന്ത അതിശക്തമായി വേരാഴ്​ത്തിയ നരേന്ദ്ര മോദിയുടെ ഇന്ത്യയുടെ സാംസ്കാരിക ഭൂരിപക്ഷവാദത്തിലേക്ക് മാറുന്നു.

മതേതരമായി മാറുന്ന ഹിന്ദുത്വം

ഹിന്ദുത്വർ ഹിജാബ് വിരുദ്ധ വ്യവഹാരത്തെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന്​ ഇരട്ടരീതിയിലാണ്​. കർണാടകയിലെ തെരുവുകളിൽ, മുഖ്യമായും വിദ്യാർഥികളുടെ നേതൃത്വത്തിൽ നടക്കുന്നതിന്​ പ്രത്യക്ഷമായ വിഭാഗീയ നിറമുണ്ട്​. കാവി ഷാൾ ധരിച്ച്​, ജയ് ശ്രീരാം വിളിച്ച്​ അവരെത്തുന്നു. ഷിമോഗയിലെ ഒരു കോളജിൽ ത്രിവർണ ദേശീയ പതാകക്കായി നാട്ടിയിരിക്കുന്ന കൊടിമരത്തിൽ ആൾക്കൂട്ടം കാവിക്കൊടി ഉയർത്തുന്നതിന്റെ ദൃശ്യങ്ങളുണ്ട്.

മറുവശത്ത്, പ്രൈംടൈം ടി.വി സംവാദങ്ങളിലും മുൻനിര പത്രങ്ങളുടെ കോളങ്ങളിലും കുടിയിരിക്കുന്ന ഹിന്ദുത്വ അനുകൂല നിരീക്ഷകർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാ മതചിഹ്നങ്ങളിൽനിന്നും മുക്തമാകണമെ​ന്നോ, ഹിജാബ് സ്ത്രീവിരുദ്ധമാണെന്നോ വാദിച്ചുകൊണ്ട് 'പുരോഗമന' നിലപാടെടുക്കുന്നു. രാഷ്​ട്രവ്യവസ്ഥയെത്തന്നെ മോദി സർക്കാർ പ്രത്യക്ഷമായി ഹൈന്ദവീകരിക്കുന്നതൊന്നും ഈ നിരീക്ഷകർ​ ഒരിക്കലും പ്രശ്നവത്​കരിച്ചിട്ടില്ല എന്നതൊക്കെ വേറെ കാര്യം. സങ്കുചിതവും പക്ഷപാതപരവുമായി പോകുമായിരുന്ന വാദത്തിന് വിശാലമായ സ്വീകാര്യത നേടുന്നതിനായി ഇത്തരമൊരു സമ്മിശ്ര സമീപനം രൂപകൽപന ചെയ്‌തിരിക്കുന്നത്​ ബോധപൂർവമാണ്.

പൊതു ഇടങ്ങളിൽ മതപരമായ പ്രതീകങ്ങളെ നിരോധിക്കുന്നതിന്​ ഹിന്ദുത്വരിലെ ഒരു വിഭാഗം പൊടുന്നനെ നൽകാൻ തുടങ്ങിയ പിന്തുണ ഭരണകൂടവും മതവും തമ്മിൽ കൃത്യമായ അന്തരം മുന്നോട്ടുവെക്കുന്ന ഫ്രഞ്ച് സെക്കുലറിസത്തി​ന്റെ പതിപ്പായി തോന്നാം.

യഥാർഥത്തിൽ, മതേതരത്വത്തിന്റെ പേരിൽ അത്രവേഗം തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ഫ്രഞ്ച് മുസ്​ലിംകളെ (വിശിഷ്യാ മുസ്​ലിം കുടിയേറ്റക്കാരെ) ഉന്നമിടുന്ന, പ്രസിഡന്റ്​ ഇമ്മാനുവൽ മാക്രോണി​ന്റെ നിലപാടിനെയാണ്​ ഹിന്ദുത്വർ ഏറ്റെടുക്കുന്നത്​. മാക്രോണി​ന്റെ പുതിയ വലതുപക്ഷ നിലപാടുകളെയും 'ജിഹാദികൾ', 'അനധികൃത കുടിയേറ്റക്കാർ' എന്നിവയോടുള്ള കടുത്ത വാക്കുകളെയും പ്രശംസിക്കാനും തുടങ്ങിയിട്ടുണ്ട്​ അവർ.

ഹിജാബിനെതിരായ മതേതരമെന്നു തോന്നിക്കുന്ന ഈ നീക്കത്തിന് പിന്നിൽ മുസ്​ലിം ജീവിതരീതിയെ പൊതു ഇടത്തിൽനിന്ന് മായ്‌ച്ചുകളയുക എന്ന അത്യന്തം ദുഷിച്ച ഒറ്റ പോയന്റ്​ അജണ്ടയാണുള്ളത്​. ഹിന്ദുത്വമെന്നത്​ അക്ഷരാർഥത്തിൽ മതേതരത്വമല്ലാതെ മറ്റെന്തുമാണ്​. മതത്തെയും രാഷ്ട്രീയത്തെയും അതിഗംഭീരമായ രീതിയിൽ ഒരുമിച്ചു കൊണ്ടുവരുന്ന പ്രസ്ഥാനം.

വമ്പിച്ച ക്ഷേത്രോദ്ഘാടന ചടങ്ങുകൾക്ക്​ പ്രധാനമന്ത്രി നേതൃത്വം നൽകുന്ന, ഹൈന്ദവ ആചാരങ്ങളിൽ മുഖ്യമന്ത്രിമാർ ​പതിവായി പങ്കെടുക്കുന്ന ഇന്ത്യയിൽ ഇന്ന്​ മതേതര ഭരണഘടന ഒരു കൂട്ടിലടച്ച പക്ഷിയെപ്പോലെ തോന്നിക്കുന്ന മട്ടിൽ ഭരണ രാഷ്ട്രീയ വർഗത്തി​ന്റെ മതപരമായ ചായ്‌വ്​ സ്​പഷ്​ടമായിരിക്കുന്നു. ഹിജാബിനെപ്പറ്റി മതേതര വാദം ഉന്നയിക്കുന്ന ഹിന്ദുത്വ പക്കമേളക്കാരുടെ വിരോധാഭാസം ചൂണ്ടിക്കാണിക്കുന്നതുപോലും അത്യന്തം പഴഞ്ചനും വിരസവുമായിത്തോന്നിപ്പോകും.

അതിനാൽ, ഇന്നത്തെ ഇന്ത്യയിൽ, വസ്​ത്രങ്ങളുൾപ്പെടെ മുസ്​ലിം ചിഹ്നങ്ങൾക്കെതിരായ ഏതെങ്കിലും വാചാടോപം, സാർവലോക വീക്ഷണങ്ങളിലൂടെ കാണാൻ കഴിയില്ല. ഭരണകക്ഷിയുടെ നേരിട്ടുള്ള പരിരക്ഷയുള്ള ഹിന്ദുത്വ ദേശീയതയുടെയും സാംസ്കാരിക ഭൂരിപക്ഷവാദത്തി​ന്റെയും രാഷ്ട്രീയമാണ്​ അതിനുള്ളത്​.

എന്തുതന്നെയായാലും, ഇന്ത്യയിൽ പൊതുസ്ഥലങ്ങളിൽ മതചിഹ്നങ്ങൾക്ക് നിരോധനമില്ല -ക്ലാസ്മുറികളിൽ ഹിജാബിന് മൊറട്ടോറിയം ഏർപ്പെടുത്തിയ കർണാടക ഹൈകോടതി ബെഞ്ച് പോലും ഒഴിവാക്കിയ അടിസ്ഥാന ഭരണഘടന മാനദണ്ഡം. ഭരണകൂടം നിശ്ചയിച്ച അത്തരം പരിധികളുടെ അഭാവത്തിൽ, വിദ്യാർഥികൾക്ക് എവിടെയും അവ ധരിക്കാൻ സ്വാതന്ത്ര്യമുണ്ട്.

ഏതൊരു പൊതു ഇടത്തെയും പോലെ, സ്കൂളുകളും സർവകലാശാലകളും കുട്ടികൾക്കും വിദ്യാർഥികൾക്കും ആശയപരമായും മതപരമായും രാഷ്ട്രീയമായും തങ്ങളെ പ്രതിനിധാനം ചെയ്യാനുള്ള അവസരം നൽകണം. വസ്​ത്രമോ മറ്റെന്തുമാവ​ട്ടെ, അവ തിരഞ്ഞെടുക്കാനുള്ള അവകാശം പരിമിതപ്പെടുത്തുന്നത് ഒരാളുടെ മൗലികാവകാശങ്ങളുടെയും ഇന്ത്യൻ പാലിക്കുന്ന രീതികളുടെയും കടുത്ത ലംഘനമല്ലേ?

മുസ്‌ലിംകളോട് ഹിജാബ് അഴിക്കാനും ധരിക്കാതിരിക്കാനും ആവശ്യപ്പെടുന്നത് അവരെ പൊതു ഇടങ്ങളിൽ ഗുരുതരമാംവിധം പരിമിതപ്പെടുത്തുന്നു. തലയിലെ തട്ടം ഒഴിവാക്കുക വഴി ഒരാളും നിഷ്പക്ഷരാവുന്നില്ല, അസമത്വവും അസ്വാതന്ത്ര്യവും മാത്രം. അതിനെല്ലാമുപരിയായി സ്‌കൂളുകളും സർവകലാശാലകളും, സാംസ്‌കാരികവും മതപരവുമായ ചിഹ്നങ്ങൾ വെച്ചുപൊറുപ്പിക്കാത്ത ഇടങ്ങളായി മാറാനും പാടില്ല.

(തുടരും)

Tags:    
News Summary - hijab and liberals who trapped in hindutva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.