ഹിന്ദുക്കളും മുസ്ലിംകളും തമ്മിൽ യഥാർത്ഥ സ്നേഹമില്ലെന്ന് ഗാന്ധിജി

ഖിലാഫത്ത് പ്രസ്ഥാനത്തേയും മലബാർ കലാപത്തേയും പറ്റിയുള്ള ഗാന്ധിജിയുടെ കാഴ്ചപ്പാടുകൾ ഒന്നിലേറെ പുസ്തകങ്ങളിൽ വരുന്നുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആലോചനകളെക്കുറിച്ചും നിസ്സഹകരണ സമരം രൂപപ്പെട്ടു വരുന്നതിനെക്കുറിച് ചും ആത്മകഥയിലാണുള്ളത്. ആ പ്രസ്ഥാനങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ടാണ് ''എന്റെ സത്യാന്വേഷണ പരീക്ഷണ കഥ '' അവസാനിപ്പ ിക്കുന്നത്. പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ പരീക്ഷണത്തിനുള്ള ത്വര മുസ്ലിംകളുമായുള്ള സഹകരണ ത്തിലും കാണാം.

ദക്ഷിണാഫ്രിക്കയിൽ നിന്ന് 1915 - ലാണല്ലോ ഗാന്ധിജി തിരിച്ചെത്തുന്നത്. ബാലഗംഗാധര തിലകന്റെ നിർദ് ദേശപ്രകാരം ഇന്ത്യയെ കണ്ടറിയാനുള്ള യാത്രയിലാണ് പിന്നീട്. ഇതിനിടയിൽ 1918 അവസാനത്തോടെ യുദ്ധകാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനുള്ള ഒരു യോഗത്തിലേക്ക് ഇന്ത്യൻ നേതാക്കളെയെല്ലാം വൈസ്രോയി ക്ഷണിക്കുന്നു. ക്ഷണമനുസരിച്ച് ഡൽഹിയി ൽ പോയതുമുതലാണ് മുസ്ലിം നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ച് ആത്മകഥയിൽ കടന്നു വരുന്നത്. ഇരുപത്തി ആറാമത്തെ അദ് ധ്യായത്തിൽ. ഐക്യാവേശം എന്നാണ് തലക്കെട്ട്.

വൈസ്രോയി ചെംസ്ഫോർഡ് പ്രഭുവുമായി ഹാർദ്ദമായ ബന്ധമായിരുന്നുവെന്ന ് ആ അദ്ധ്യായത്തിന്റെ തുടക്കത്തിലും ഗാന്ധിജി ആവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ക്ഷണം അനുസരിച്ച് ഡൽഹിയിൽ പോ യെങ്കിലും യോഗത്തിൽ പങ്കെടുക്കാൻ ആദ്യം ഗാന്ധിജിക്ക് സമ്മതമല്ലായിരുന്നു. ''അലി സഹോദരന്മാരെപ്പോലുള്ള നേതാക്കള െ അതിൽ നിന്നൊഴിവാക്കി എന്നതായിരുന്നു മുഖ്യകാരണം.''

അവരെക്കുറിച്ച് ധാരാളം കേട്ടിരുന്നു എങ്കിലും അവരെ അടുത് തു പരിചയപ്പെട്ടിരുന്നില്ല. ഹക്കീം അജ്മൽ ഖാനേയും അങ്ങനെ തന്നെ. "മി. ഷ്വേയിബ് ഖുറേഷിയേയും മി. ഖ്വാജായേയും ഞാൻ കൽക് കത്താ മുസ്ലിംലീഗിൽ വെച്ച് കണ്ടിരുന്നു. ഡോ. അൻസാരിയുമായും ഡോ. അബ്ദുർ റഹിമാനമായും ഞാൻ പരിചയപ്പെട്ടിട്ടുണ്ടായിര ുന്നു. നല്ല മുസൽമാൻമാരുടെ സൗഹൃദം ഞാൻ കാംക്ഷിച്ചു. സംശുദ്ധരും ഉത്തമ ദേശാഭിമാനികളുമായ പ്രതിനിധികളോടുള്ള അടുപ്പ ത്തിലൂടെ മുസൽമാന്റെ മനസ് അറിയാൻ ഞാൻ കൊതിച്ചു.'' -എന്നാണ് പരീക്ഷണ കുതുകിയായ ഗാന്ധിജിയുടെ വാക്കുകൾ.

'' അതിനാൽ അവ രുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ ആഗ്രഹിച്ചതുകൊണ്ട് അവർ പോകുന്നിടത്തൊക്ക ചെല്ലാൻ എന്നെ നിർബന്ധിക്കേണ്ട യാതൊര ാവശ്യവും ഒരിക്കലും ഉണ്ടായില്ല". എന്ന് വിവരിക്കുന്നുണ്ട്. എങ്കിലും ഹിന്ദു - മുസ്ലിം ബന്ധത്തെക്കുറിച്ച് സ്വന്തമായൊരു കാഴ്ചപ്പാട് അതിനു മുമ്പേ ഗാന്ധിജയുടെ ഉള്ളിൽ വേരുപിടിച്ചിരുന്നു. അത് തൊട്ടടുത്ത ഖണ്ഡികയിൽ വ്യക്തമാക്കുന്നുണ്ട്:

''ഹിന്ദുക്കളും മുസ്ലിംകളും തമ്മിൽ യഥാർത്ഥ സ്നേഹം ഇല്ലെന്ന് പണ്ടേ ദക്ഷിണാഫ്രിക്കയിൽ വെച്ചു തന്നെ ഞാൻ മനസിലാക്കിയിരുന്നു. ഐക്യത്തിന്റെ വഴിയിലെ പ്രതിബന്ധങ്ങൾ നീക്കുന്നതിനു കിട്ടിയ യാതൊരവസരവും ഞാനൊരിക്കലും പാഴാക്കിയിട്ടില്ല. മുഖസ്തുതികൊണ്ടോ ആത്മാഭിമാനം നഷ്ടപ്പെടുത്തിയോ ആരെയെങ്കിലും പ്രീണിപ്പിക്കുകയെന്നത് എന്റെ സ്വഭാവത്തിന്റെ ഭാഗമായിരുന്നില്ല. എന്നാൽ എന്റെ 'അഹിംസ ' ഏറ്റവും കടുത്ത പരീക്ഷണത്തിന് വിധേയമാകുന്നത് ഹിന്ദു - മുസ്ലിം ഐക്യ പ്രശ്നത്തിലാണെന്നും അത് എന്റെ അഹിംസാ പരീക്ഷണങ്ങൾക്ക് ഏറ്റവും വ്യാപ്തിയുള്ള മണ്ഡലം നൽകുമെന്നും ദക്ഷിണാഫ്രിക്കയിലെ അനുഭവങ്ങൾ എന്നെ ബോധ്യപ്പെടുത്തിയിരുന്നു. ആ ബോദ്ധ്യം ഇപ്പോഴുമുണ്ട്‌. ഈശ്വരൻ എന്നെ പരീക്ഷിക്കുകയാണെന്ന് എന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും ഞാൻ തിരിച്ചറിയുന്നു.''

വൈസ്രോയിയുമായി നീണ്ട ആശയ വിനിമയം നടത്തിയശേഷം പിന്നീട് ഗാന്ധിജി ആ യോഗത്തിൽ പങ്കെടുത്തു. പട്ടാളത്തിൽ ആളെ ചേർക്കുന്നതിനുള്ള പ്രമേയത്തെ ഗാന്ധിജി പിന്തുണക്കണമെന്ന് വൈസ്രോയി താൽപര്യപ്പെട്ടു. ''എന്റെ ഉത്തരവാദിത്തം പൂർണമായി ഗ്രഹിച്ചുകൊണ്ട് ഞാൻ ഈ പ്രമേയത്തെ പിന്താങ്ങുന്നു '' -എന്ന് ഗാന്ധിജി പ്രഖ്യാപിക്കുകയും ചെയ്തു.

ആ യോഗത്തിൽ താൻ ഹിന്ദി - ഹിന്ദുസ്ഥാനിയിലാണ് സംസാരിച്ചത് എന്ന് ഗാന്ധിജി എടുത്തുപറയുന്നുണ്ട്. ആ ഹിന്ദുസ്ഥാനിയുടെ പ്രാധാന്യം പിന്നീട് തെളിഞ്ഞു വരുന്നത് ഖിലാഫത്തുമായി ബന്ധപ്പെട്ട ചർച്ചകളിലും അതിനായി പ്രമേയങ്ങൾ തയ്യാറാക്കുന്നിടത്തും ഒക്കെയാണ്. ഹിന്ദിയും ഉറുദുവും ചേർന്ന ''ഹിന്ദുസ്ഥാനിക്കു മാത്രമേ ഇന്ത്യയുടെ ദേശീയ ഭാഷയാകാൻ കഴിയൂ'' എന്ന് ഒരിടത്ത് ഗാന്ധിജി വ്യക്തമാക്കുന്നുണ്ട്.

യുദ്ധകാര്യങ്ങൾക്കുള്ള യോഗത്തിൽ പട്ടാളത്തിൽ ചേരുന്നതിനെ പിന്തുണക്കുക മാത്രമല്ല അതിനായി ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തു.'' പട്ടാളത്തിൽ ആളെച്ചേർക്കൽ പ്രചാരണവുമായി നടന്ന് ഞാൻ എന്റെ ആരോഗ്യം ഏറെക്കുറേ നശിപ്പിച്ചു'' - എന്ന് ഗാന്ധിജി തന്നെ പരിതപിക്കുന്നുണ്ട്. ഒന്നാം ലോകയുദ്ധമാണല്ലോ. യുദ്ധത്തിൽ ബ്രിട്ടനും തർക്കിയും ശത്രു പാളയങ്ങളിലാണ്. മുസ്ലിംകളൊക്കെയും ആശങ്കയിലാണ്. അക്കാര്യവും ഗാന്ധിജിക്ക് ഓർമയുണ്ട്. വൈസ്രോയിക്ക് അയച്ച ഒരുകത്ത് ഗാന്ധിജി ഇതിൽ ചേർത്തിട്ടുണ്ട്:

'' മുഹമ്മദീയ രാജ്യങ്ങളുടെ കാര്യത്തിൽ നിയതമായ ഉറപ്പുതരാൻ ചക്രവർത്തിയുടെ മന്ത്രിമാരോട് താങ്കൾ ആവശ്യപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ മുഹമ്മദീയരും അതിൽ അഗാധ താൽപര്യമുള്ളവരാണെന്ന് താങ്കൾക്കറിയാമല്ലോ. ഒരു ഹിന്ദുവെന്ന നിലക്ക് അവരുടെ കാര്യത്തിൽ എനിക്ക് ഉദാസീനനാകാൻ സാദ്ധ്യമല്ല. അവരുടെ സങ്കടങ്ങൾ ഞങ്ങളുടെ സങ്കടങ്ങളാണ്. ആ രാജ്യങ്ങളുടെ അവകാശങ്ങൾ പരമാവധി നിഷ്കർഷതയോടെ ആദരിക്കുന്നതിലും അവരുടെ ആരാധനാസ്ഥലങ്ങളോടുള്ള ഭക്ത്യാദരങ്ങളെ മാനിക്കുന്നതിലും ഇന്ത്യയുടെ സ്വയംഭരണാവകാശം നീതിയുക്തമായും വേണ്ട സമയത്തും താങ്കൾ പരിഗണിക്കുന്നതിലുമാണ് സാമ്രാജ്യത്തിന്റെ രക്ഷ നിലകൊള്ളുന്നത്.

ഇംഗ്ലീഷുകാരെ എനിക്ക് ഇഷ്ടമായതുകൊണ്ടാണ് ഞാനിതെഴുതുന്നത്. ഇംഗ്ലീഷുകാർക്കുള്ള രാജഭക്തി ഇന്ത്യാക്കാരിലും ഉണർത്താൻ ഞാനാഗ്രഹിക്കുന്നു." - എന്നു പറഞ്ഞു കൊണ്ടാണ് ആ കത്ത് അവസാനിക്കുന്നത്.

ഇതിനൊക്കെ ശേഷമാണ് ഖിലാഫത്ത് പ്രശ്നത്തെപ്പറ്റി കൂടിയാലോചിക്കാൻ ഡൽഹിയിൽ ചേരുന്ന ഹിന്ദു - മസ്ലിം സമ്മേനത്തിലേക്ക് ക്ഷണക്കത്ത് കിട്ടുന്നത്. അതിൽ ഒപ്പിട്ടവരുടെ കൂട്ടത്തിൽ ഹക്കീം അജ്മൽ ഖാനും ആസഫ് അലിയും ഉണ്ടായിരുന്നു. സ്വാമി ശ്രദ്ധാനന്ദൻ പങ്കെടുക്കുമെന്നും കത്തിൽ പറഞ്ഞിരുന്നു.

'' ഖിലാഫത്തു കാര്യം മാത്രമല്ല ഗോസംരക്ഷണ കാര്യവും മറ്റു പലതിനോടുമൊപ്പം ചർച്ച ചെയ്യപ്പെടുമെന്നും അതിനാൽ അത് ഗോപ്രശ്നത്തിനു തീർപ്പുണ്ടാക്കാൻ പറ്റിയ ഒരു സുവർണാവസരം പ്രദാനം ചെയ്യുമെന്നും ക്ഷണക്കത്തിൽ പറഞ്ഞിരുന്നു. ഗോപ്രശ്നത്തെ സംബന്ധിച്ച ഈ പരാമർശം എനിക്ക് ഇഷ്ടമായില്ല. അതു കൊണ്ട് ക്ഷണക്കത്തിനുള്ള മറുപടിയിൽ, രണ്ടു പ്രശ്നങ്ങളും കൂട്ടിക്കലർത്തുകയോ വിലപേശലിന് ഇടയാക്കുകയോ ചെയ്യരുതെന്നും അവയെ തനതു ഗുണമേന്മയുടെ ബലത്തിൽ പ്രത്യേകം പ്രത്യേകം പരിഗണിച്ചു തീർപ്പാക്കിയാൽ മതിയെന്നും ഞാൻ അഭിപ്രായപ്പെട്ടു.'' എന്ന് ഗാന്ധിജി വിശദീകരിക്കുന്നുണ്ട്.

യോഗത്തിൽ സ്വാമി ശ്രദ്ധാനന്ദനും ഉണ്ടായിരുന്നു. അദ്ദേഹത്തോടും ഹക്കീം അജ്മൽ ഖാനോടും ആലോചിച്ച് അജണ്ടയിൽ നിന്ന് ഗോസംരക്ഷണം ഒഴിവാക്കിച്ചെന്നും ഗാന്ധിജി വിവരിക്കുന്നുണ്ട്.

''സർക്കാർ യഥാർത്ഥത്തിൽ വലിയൊരനീതി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ഖിലാഫത്ത് സങ്കടപരിഹാരത്തിനാവശ്യപ്പെടുന്ന മുസൽമാൻമാരോടൊപ്പം നിൽക്കേണ്ടത് ഹിന്ദുക്കളുടെ കടമയാണെന്ന് ഞാൻ സമ്മേളനത്തിൽ വാദിച്ചു. ഇതോടു ബന്ധപ്പെടുത്തി ഗോസംരക്ഷണം ഉന്നയിക്കുകയോ മുസൽമാൻമാരുമായി ഒരു ധാരണയിലെത്താൻ ഈ അവസരം ഉപയോഗിക്കുകയോ ചെയ്യുന്നത് അനുചിതമാണ്. അതുപോലെ, ഖിലാഫത്ത് പ്രശ്നത്തെ ഹിന്ദുക്കൾ പിന്താങ്ങിയതിന്റെ വിലയായി മുസൽമാന്മാർ ഗോവധം നിർത്താമെന്നു വെക്കുന്നത് അവർക്കും യോജിച്ച പ്രവൃർത്തിയല്ല''- അങ്ങനെ നീണ്ടു ഗാന്ധിജിയുടെ വാദം.

"ഈ സമ്മേളനത്തിലെ പര്യാലോചനകൾ ഖിലാഫത്ത് പ്രശ്നത്തിൽ മാത്രമായി ഒതുങ്ങണം എന്ന എന്റെ വാദം അവിടെ ഉണ്ടായിരുന്നവർക്ക് ആകർഷകമായിതോന്നി. തത്ഫലമായി ഗോ സംരക്ഷണ പ്രശ്നം ആ സമ്മേളനത്തിൽ പരിഗണിക്കപ്പെട്ടില്ല".

ആ യോഗത്തിൽ പങ്കെടുത്ത മൗലാനാ ഹസ്രത്ത് മൊഹാനിയെ ഗാന്ധി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. വിദേശ വസ്ത്ര ബഹിഷ്കരിക്കുന്ന കാര്യത്തിൽ മൊഹാനിയും ഗാന്ധിജിയും തർക്കിച്ചു. വിദേശ വസ്ത്രങ്ങളെല്ലാം ബഹിഷ്കരിക്കുകയും പകരം ഖാദിശീലമാക്കുകയും വേണം എന്നായിരുന്നു ഗാന്ധിജിയുടെ വാദം. ബ്രിട്ടീഷുകാരെ പാഠം പഠിപ്പിക്കാൻ അവരുടെ ഉൽപന്നങ്ങൾ മാത്രം ബഹിഷ്ക്കരിച്ചാൽ മതിയെന്നായിരുന്നു ഹസ്രത്ത് മൊറഹാനിയുടെ വാദം.

ഇതെല്ലാം കഴിഞ്ഞ് ആത്മകഥ അവസാനിപ്പിക്കാറായപ്പോൾ 'നിസ്സഹകരണത്തിന്റെ വേലിയേറ്റം' എന്ന അദ്ധ്യായം വരുന്നു. അദ്ധ്യായം 42. '' ഇനി നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കഥയിലേക്ക് മടങ്ങാം. അലി സഹോദരന്മാർ ആരംഭിച്ച ശക്തമായ ഖിലാഫത്ത് പ്രസ്ഥാനം നല്ലപോലെ പുരോഗമിച്ചപ്പോൾ ഞാൻ മൗലാനാ അബ്ദുൾ ബാരിയുമായും മറ്റ് ഉലമകളുമായും ഈ വിഷയത്തെപ്പറ്റി ദീർഘമായി ചർച്ച ചെയ്യിരുന്നു. വിശേഷിച്ചും മുസൽമാന് അഹിംസാവ്രതം എത്രമാത്രം ആചരിക്കാൻ കഴിയും എന്നതിനെ പറ്റി. അഹിംസയെ ഒരു നയമായി ആചരിക്കുന്നതിൽ നിന്നും ഇസ്ലാം അതിന്റെ അനുയായികളെ വിലക്കിയിട്ടില്ലെന്നും അതൊരു വ്രതമായെടുത്തു കഴിഞ്ഞാൽ വിശ്വസ്തതയോടെ അതു പാലിക്കാൻ അവർ ബാദ്ധ്യസ്ഥരാണെന്നും അവസാനം എല്ലാവരും സമ്മതിച്ചു. ഒടുവിൽ നിസ്സഹകരണ പ്രമേയം ഖിലാഫത്ത് കോൺഫറൻസിൽ അവതരിപ്പിക്കുകയും നീണ്ട പര്യാലോചനകൾക്ക് ശേഷം പാസാക്കുകയും ചെയ്തു. അലഹബാദിൽ ഒരിക്കലൊരു രാത്രി മുഴുവൻ ഈ വിഷയത്തെപ്പറ്റി ആലോചിച്ചത് എനിക്കോർമയുണ്ട് ".

ഈ പ്രശ്നത്തെ ക്കുറിച്ച് ആലോചിക്കുന്നതിനാണ് 1920 സെപ്തംബറിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ സമ്മേളനം കൽക്കത്തയിൽ ചേർന്നത്. മൗലാനാ ഷൗക്കത്തലിയുടെ അഭ്യർത്ഥനയനുസരിച്ച് തീവണ്ടിയിൽ വെച്ച് നിസ്സഹകരണ പ്രമേയത്തിന്റെ നക്കൽ തയ്യാറാക്കിയ കാര്യം ഗാന്ധിജി രസകരമായി വിശദീകരിക്കുന്നുണ്ട്. അക്രമരഹിതം, നിസ്സഹകരണം എന്നീ വാക്കുകൾക്ക് മുസ്ലിംകൾക്ക് മനസ്സിലാകുന്ന പദങ്ങൾ കണ്ടെത്താൻ ഗാന്ധിജി മൗലാനാ അബുൽ കലാം ആസാദിനോട് അഭ്യർത്ഥിക്കുകയാണ്.

മൗലാന അഹിംസാ എന്നതിന് ബാ- അമൻ എന്നും നിസ്സഹകരണം എന്നതിന് തർക്കേമുവാലാത്ത് എന്നും നിർദ്ദേശിക്കുന്നു.

ഇങ്ങനെയൊക്കെയായിട്ടും " ആദ്യത്തെ നക്കലിൽ 'ആക്രമരഹിതം' എന്ന വാക്കു ചേർക്കാൻ ഞാൻ വിട്ടുപോയിരുന്നു. അതു ശ്രദ്ധിക്കാതെ നക്കൽ അതേ കമ്പാർട്ടുമെന്റിൽ യാത്ര ചെയ്തിരുന്ന മൗലാനാ ഷൗക്കത്തലിക്ക് ഞാൻ കൈമാറി. രാത്രിയിൽ ഞാനാ തെറ്റ് കണ്ടു പിടിച്ചു. നക്കൽ പ്രസ്സിലേക്ക് അയക്കും മുമ്പ് തെറ്റുതിരുത്തണമെന്ന സന്ദേശവുമായി രാവിലേ ഞാൻ മഹാദേവിനെ അയച്ചു. തെറ്റുതിരുത്താൻ കഴിയും മുമ്പേ അച്ചടിച്ചു പോയെന്നാണ് എന്റെ ഓർമ്മ." -എന്ന് ഓരോ വാക്കിലും സൂക്ഷ്മതയോടെയാണ് ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനവുമായുള്ള ബന്ധം വിശദീകരിക്കുന്നത്.

ഓരോ വാക്കിനും നൽകിയ ശ്രദ്ധയും ഊന്നലും പ്രധാനമായിരുന്നുവെന്ന് കാലം മുന്നോട്ടു പോകുമ്പോൾ ബോധ്യമാകും.

---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------ഗുജറാത്തി വാരികയായ നവജീവനിലും യങ്ങ് ഇന്ത്യയിലുമാണ് ഗാന്ധിജിയുടെ ആത്മകഥ ആദ്യം പ്രസിദ്ധീകരിക്കുന്നത്. മഹാദേവ ദേശായിയാണ് ഇംഗ്ലീഷിലാക്കിയത്. 1927 ൽ നവജീവൻ ട്രസ്റ്റ് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു.

1920 നു ശേഷമുള്ള സംഭവങ്ങൾ ആത്മകഥയിൽ വരുന്നില്ല. ''ഇവിടം മുതൽ മുമ്പോട്ടുള്ള എന്റെ ജീവിതം തികച്ചും പരസ്യമാകയാൽ ജനങ്ങൾക്ക് അറിയാൻ വയ്യാത്ത ഒന്നും കാണില്ല. 1921 മുതൽ ഞാൻ കോൺഗ്രസ് നേതാക്കളുമായി വളരെ അടുത്ത ബന്ധത്തിൽ പ്രവർത്തിച്ചു പോരുന്നതിനാൽ അവിടം മുതൽക്കുള്ള എന്റെ ജീവിതത്തിലെ യാതൊരു സംഭവവും അവരുമായുള്ള എന്റെ ബന്ധത്തെപ്പറ്റി പറയാതെ വിവരിക്കാനാവില്ല''- എന്ന പ്രസ്ഥാവനയോടെയാണ് ആത്മകഥ ഗാന്ധിജി അവസാനിപ്പിക്കുന്നത്.

നിരവധി ഇന്ത്യൻ ഭാഷകളിൽ നവജീവൻ ട്രസ്റ്റ് ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാവർക്കും ലഭ്യമാക്കണം എന്നതിനാൽ തുച്ഛമായ വിലയാണ് നിശ്ചയിച്ചിട്ടുള്ളത്. പൂർണോദയ ബുക് ട്രസ്റ്റാണ് മലയാളം പതിപ്പ് വിതരണം ചെയ്യന്നത്. വില നാല്പത് രൂപ.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.