മൂന്നുപേർ ഒരു വഴിയുടെ തുടക്കത്തിൽ നിൽക്കുകയാണ്. പൊലീസുകാർ അവരെ തടഞ്ഞ് ജാതി തിരക്കി. ഓരോരുത്തരായി മറുപടി പറഞ്ഞു. ‘ഞാൻ പുലയനാണ്‘, ‘ഞാൻ ഈഴവൻ‘, ‘ഞാൻ നായർ....‘ ‘നായർക്ക് മാത്രം കടന്നുപോകാം; മറ്റവർക്ക് അനുവാദമില്ല- ഇതായിരുന്നു തീർപ്പ്. തിരുവിതാംകൂർ രാജ്യത്തിലെ വൈക്കം മഹാക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ കൃത്യം നൂറുവർഷം മുമ്പ് 1924 മാർച്ച് 30ന് ആയിരുന്നു ആ സംഭവം. സി.കേശവന്റെ ഭാഷയിൽ ‘വൈക്കത്ത് ഒരു വലിയ ബോംബ് വീണ് പൊട്ടിയ ദിവസം’.
1910 കാലത്തെ തിരുവിതാംകൂർ. പൂണൂലിട്ട നമ്പൂതിരിമാരും കോയിത്തമ്പുരാക്കന്മാരുമൊക്കെ എഴുന്നള്ളുമ്പോൾ അധ:കൃതരെ വഴിമാറ്റാൻ നേരിട്ടോ ഭൃത്യന്മാരോ അത്യുച്ചത്തിൽ ‘ഹോയി’ എന്നാട്ടിക്കൊണ്ടിരിക്കും. വഴിമാറിപ്പോയില്ലെങ്കിൽ തല്ലോ കോടതി വക ശിക്ഷയോ ഉറപ്പാണ്.
അന്ന് പൊതു റോഡുകളിൽക്കൂടി പുലയർ, പറയർ തുടങ്ങിയ ദലിത് വിഭാഗക്കാർ നടന്നു തുടങ്ങിയിട്ടില്ലാത്തതിനാൽ ഇതിന്റെ ദുരിതം ഈഴവരാണ് ഏറെയും അനുഭവിച്ചിരുന്നത്. എസ്.എൻ.ഡി.പി യോഗം 1903ൽ സ്ഥാപിതമായശേഷം ഈഴവ സമുദായം സംഘടനാശേഷി നേടിക്കൊണ്ടിരിക്കുന്ന കാലമാണ്.
നാരായണ ഗുരുവിന്റെ പ്രഭാവത്താൽ വിദ്യാഭ്യാസപരമായും തൊഴിൽപരമായും സാമൂഹികമായും സമുദായം മുന്നോട്ടുവരുന്ന കാലം. ഉന്നതവിദ്യാഭ്യാസം നേടിയവരും തിരുവിതാംകൂറിനുപുറത്ത് ഉന്നത ഉദ്യോഗം വഹിക്കുന്നവരുമായി നിരവധി പേർ. കുമാരനാശാന്റെ വിവേകോദയം, ടി.കെ. മാധവന്റെ ദേശാഭിമാനി, സി. കൃഷ്ണന്റെ മിതവാദി തുടങ്ങി സമുദായാംഗങ്ങളുടെ പ്രസിദ്ധീകരണങ്ങൾ.
അങ്ങനെ നവോത്ഥാനത്തിലേക്ക് കാലൂന്നിയ ഈഴവ സമുദായത്തിന് ഈ ‘ഹോയി’ വിളിയും വഴിമാറിക്കൊടുക്കലും അപമാനമാണെന്ന ബോധ്യമുണ്ടായി. ഡോ.പൽപുവിന്റെ ഈഴവ മെമ്മോറിയൽ മുതൽ തുടങ്ങിയതാണ് മനുഷ്യാവകാശങ്ങൾക്കായുള്ള സമുദായത്തിന്റെ മുറവിളി.
എസ്.എൻ.ഡി.പി സമ്മേളനങ്ങളിൽ സഞ്ചാരസ്വാതന്ത്ര്യത്തിനായി നിരവധി പ്രമേയങ്ങൾ പാസാക്കിവന്നു. ശ്രീമൂലം പ്രജാസഭയിൽ ഈഴവ പ്രതിനിധികൾ ചോദ്യങ്ങൾ ചോദിക്കുകയും മഹാരാജാവിന് നിവേദനം നടത്തുകയും ചെയ്തു. പക്ഷേ, ഈഴവരാദികൾക്ക് പൊതുവഴി നിഷേധിക്കുന്ന തീണ്ടൽ പലകകൾ അവിടെത്തന്നെ നിലനിൽക്കുകയും ചെയ്തു. ടി.കെ. മാധവൻ എസ്.എൻ.ഡി.പി നേതൃത്വത്തിലേക്ക് വന്നതോടെയാണ് നിവേദനരൂപം മാറി സഞ്ചാരസ്വാതന്ത്ര്യ പ്രക്ഷോഭത്തിലേക്ക് കാര്യങ്ങൾ പുരോഗമിച്ചത്.
ടി.കെ. മാധവൻ പത്രാധിപരായ ദേശാഭിമാനിയിൽ സി.വി. കുഞ്ഞുരാമൻ എഴുതിയ മുഖപ്രസംഗത്തിലാണ് ഈഴവരാദി പിന്നാക്കക്കാരുടെ ക്ഷേത്രപ്രവേശനം എന്ന വാദം ഔദ്യോഗികമായി ഉയരുന്നത്. തൊഴുംതോറും തൊഴിക്കുകയും തൊഴിക്കുംതോറും തൊഴുകയും, രണ്ടും വളരെക്കാലം ഇനി നടന്നുകൂടാ എന്നവസാനിച്ച ആ കുറിപ്പ് 1093 ധനു ഒന്നിന് അച്ചടിച്ചുവന്നപ്പോൾ അതിന്റെ അസാധ്യതയോർത്ത് ആളുകൾ ചിരിച്ചതേയുള്ളു.
ഈഴവർ മുതലായവർക്ക് പൊതുവഴികളും സ്കൂളുകളും തിരുവിതാംകൂർ രാജഭരണകൂടം അതിനു മുമ്പുതന്നെ തത്ത്വത്തിൽ തുറന്നു കൊടുത്തിരുന്നെങ്കിലും പ്രയോഗത്തിൽ വരുന്നത് പല ഉപായങ്ങളാലും തടയപ്പെട്ടിരുന്നു. ആയിടക്ക് ചിറയിൻകീഴ് താലൂക്കിലെ കടയ്ക്കാവൂരിൽ ഒരു നമ്പൂതിരിയുടെ വക ക്ഷേത്രത്തിൽ ഏതാനും ഈഴവ യുവാക്കൾ കയറുകയും, തുടർന്നുണ്ടായ കേസിൽ കോടതി അവരെ ശിക്ഷിക്കുകയും ചെയ്തു.
ക്ഷേത്രങ്ങളിൽ ഈഴവർ പ്രവേശിച്ചാൽ, അവർ ഹിന്ദുമത വിശ്വസികൾ ആയാലും, ബ്രാഹ്മണർ, നായന്മാർ തുടങ്ങിയ സവർണ ഹിന്ദുക്കളുടെ മതബോധത്തിന് ക്ഷോഭകാരണവും അവർക്കും ദേവനും അശുദ്ധകരവുമാണെന്ന ബ്രാഹ്മണമത സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ആയിരുന്നു കോടതി വിധി.
ഈ വ്യാഖ്യാനം തങ്ങളുടെ ആത്മാഭിമാനത്തെ കെടുത്തുന്നതാണെന്നും, അതിനാൽ തീണ്ടൽ നിർത്തുന്നതായി വിളംബരം ചെയ്യണമെന്നും ശ്രീമൂലം പ്രജാസഭയിൽ ടി.കെ. മാധവൻ ശക്തിയായി വാദിച്ചു. ദിവാൻ സർ. എം.കൃഷ്ണൻ നായർ വാദങ്ങൾ ശ്രദ്ധാപൂർവം കേട്ടെങ്കിലും മറുപടി അനുകൂലമായിരുന്നില്ല. ഇതര അംഗങ്ങളാകട്ടെ സഭയുടെ സമയം കളയുന്ന അത്യാഗ്രഹം എന്ന മട്ടിലാണ് പ്രതികരിച്ചത്.
1096ൽ കൃഷ്ണൻ നായർ മാറി ടി. രാഘവയ്യ ദിവാനായി. അക്കൊല്ലവും ക്ഷേത്രപ്രവേശന വിഷയം പ്രജാസഭയിൽ പ്രമേയമായി അവതരിപ്പിക്കുന്നതിന് മാധവൻ അനുമതി തേടി. എന്നാൽ, മതവുമായി നേരിട്ടു ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കാൻ സഭാ ചട്ടങ്ങൾ അനുവദിക്കുന്നില്ലെന്നുകാട്ടി പ്രമേയത്തിന് അനുമതി നിഷേധിച്ചു.
ഈ വിഷയം സഭയിൽ വരേണ്ട ദിവസം ഈഴവ മെംബർമാർ കുമാരനാശാന്റെ നേതൃത്വത്തിൽ രാഘവയ്യയെക്കണ്ട്, ഉത്തരവ് പിൻവലിച്ച് പ്രമേയം അനുവദിക്കാത്തപക്ഷം യോഗത്തിൽനിന്ന് ഇറങ്ങിപ്പോക്ക് നടത്തുമെന്ന് അറിയിച്ചു. അടുത്തകൊല്ലം സഭാചട്ടങ്ങൾ ഭേദഗതി ചെയ്ത് പ്രമേയം അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് അവരെ പിന്തിരിപ്പിച്ചു ദിവാൻ.
ദിവാൻ രാഘവയ്യയുടെ ഉറപ്പ് വെറുംവാക്കായി കലാശിച്ചു. മാധവൻ സമ്മർദം തുടർന്നപ്പോൾ ‘‘നിങ്ങളുടെ സങ്കട നിവർത്തിക്ക് തിരുവിതാംകൂറിന് വെളിക്ക് പൊയ്ക്കൊള്ളുക’’ എന്ന് രാഘവയ്യ കോപത്തോടെ പറഞ്ഞു. ആയിടെയാണ് മഹാത്മാഗാന്ധി 1921ൽ തിരുനെൽവേലി സന്ദർശിച്ചത്. ടി.കെ. മാധവൻ പത്രലേഖകൻ എന്ന നിലയിൽ ഗാന്ധിജിയെ സന്ദർശിച്ച് സംഭാഷണം നടത്തി.
ക്ഷേത്രപ്രവേശനത്തെക്കുറിച്ച് സംസാരിച്ച മാധവനോട്, പൊതുകിണറുകളിൽനിന്ന് വെള്ളമെടുക്കാനാണ് നിങ്ങൾ ആദ്യം പ്രക്ഷോഭം നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തിരുവിതാംകൂറിലെ പൊതുസ്ഥിതിയും വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ സമുദായ പുരോഗതിയും വിശദമായി ധരിപ്പിച്ചപ്പോൾ, നിങ്ങൾ ക്ഷേത്രപ്രവേശനത്തിന് പാകമായവർത്തന്നെ എന്ന് പ്രതികരിച്ച മഹാത്മജി സിവിൽ അനുസരണക്കേട് സ്വീകരിക്കാൻ ഉപദേശിച്ചു.
തിരുവിതാംകൂറിലെ അവർണർക്ക് ക്ഷേത്ര, വിദ്യാലയ പ്രവേശനം നൽകണമെന്നും കോൺഗ്രസ് കമ്മിറ്റി അതിനെ പിന്തുണക്കണമെന്നും കാണിച്ച് ഗാന്ധിജി ഒരു സന്ദേശം എഴുതിനൽകുകയും ചെയ്തു.
ഗാന്ധിയുമായുള്ള സംഭാഷണവും സന്ദേശവും ഹിന്ദു അടക്കം പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതോടെ കേരളത്തിലെ പൊതുമണ്ഡലത്തിലും അനുകൂല പ്രതികരണങ്ങൾ വന്നുതുടങ്ങി. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടുനിന്ന സവർണ സമുദായാംഗങ്ങൾ ക്ഷേത്രപ്രവേശന വാദത്തെ പിന്തുണക്കാൻ തയാറായി.
ക്ഷേത്രപ്രവേശന വിഷയത്തിൽ കോൺഗ്രസിൽനിന്ന് അനുകൂല തീരുമാനം സമ്പാദിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സർദാർ കെ.എം. പണിക്കർ, കെ.പി. കേശവമേനോൻ എന്നിവരൊന്നിച്ച് ടി.കെ. മാധവൻ 1923ൽ കാക്കിനഡയിൽനടന്ന സംഘടനയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തു. കേശവമേനോന്റെ സഹായത്തോടെ സമ്മേളന വിഷയ നിർണയ കമ്മിറ്റിയിലെ നാനൂറോളം അംഗങ്ങൾക്ക് മാധവൻ അയിത്തജാതിക്കാർക്കുവേണ്ടി ഒരപേക്ഷാപത്രം എന്ന രേഖ തയാറാക്കി വിതരണം ചെയ്തു.
കെ.എം. പണിക്കരുടെ സഹായത്തോടെ കോൺഗ്രസ് പ്രസിഡന്റ് മൗലാന മുഹമ്മദാലിയെ നേരിൽക്കണ്ട് കോൺഗ്രസ് പ്രത്യേക അഖിലേന്ത്യ അയിത്തോച്ചാടന കമ്മിറ്റി രൂപവത്കരിക്കണം തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനവും നൽകി. നിവേദനം ഒരു പ്രമേയമായി വിഷയനിർണയ കമ്മിറ്റിയിൽ കൊണ്ടുവരാൻ കോൺഗ്രസ് അംഗമല്ലാത്ത മാധവനെ പ്രസിഡന്റിന്റെ വിശേഷാൽ അധികാരം ഉപയോഗിച്ച് മുഹമ്മദാലി അനുവദിച്ചു. അയിത്തോച്ചാടനം ഒരു കോൺഗ്രസ് പരിപാടിയായി കാക്കിനഡ സമ്മേളനം അംഗീകരിക്കുകയും ചെയ്തു.
തിരിച്ചുവന്ന മാധവൻ സമ്മേളനത്തെക്കുറിച്ച് വലിയ പ്രചാരണം നടത്തുകയും പൊതുവേ കോൺഗ്രസിനെക്കുറിച്ച് ഈഴവർക്കുണ്ടായിരുന്ന അവിശ്വാസവും സംശയവും നീക്കുന്നതിന് സ്വയം സംഘടനയിൽ അംഗമാവുകയും ചെയ്തു.
1924 ജനുവരിയിൽ എറണാകുളത്ത് ചേർന്ന കെ.പി.സി.സി യോഗം കെ. കേളപ്പൻ നായർ കൺവീനറും ടി.കെ. മാധവൻ, കുറൂർ ശങ്കരൻ നമ്പൂതിരിപ്പാട്, ടി.ആർ. കൃഷ്ണസ്വാമി അയ്യർ, കെ. വേലായുധ മേനോൻ എന്നിവർ അംഗങ്ങളായും കേരള അയിത്തോച്ചാടന കമ്മിറ്റി രൂപവത്കരിച്ചു. കൊല്ലത്ത് ചേർന്ന ഈ അയിത്തോച്ചാടന കമ്മിറ്റിയുടെ പൊതുയോഗമാണ് സഞ്ചാരസ്വാതന്ത്ര്യ പ്രക്ഷോഭ വേദികളിൽ ഒന്നായി വൈക്കത്തെ തിരഞ്ഞെടുത്തത്.
പ്രക്ഷോഭവേദി സ്വദേശമായ ഹരിപ്പാട് വേണമെന്ന് മാധവന് അഭിപ്രായമുണ്ടായിരുന്നു. എന്നാൽ, സർദാർ കെ.എം. പണിക്കരും മറ്റ് നേതാക്കളും കൂടിയാലോചിച്ച് വൈക്കം തിരഞ്ഞെടുക്കുകയായിരുന്നു.
രണ്ട് യുഗപ്രഭാവന്മാർ നേരിട്ടു പങ്കെടുത്ത പ്രക്ഷോഭമായിരുന്നു വൈക്കത്തേത്. മഹാത്മാഗാന്ധിയും നാരായണഗുരുവും. ഇരുവരും വൈക്കത്തെത്തുകയും സത്യഗ്രഹികളിൽ ആവേശം നിറക്കുകയും ചെയ്തു. ഇരുവരും തങ്ങളുടെ ചിന്താപദ്ധതികളിൽ വിരുദ്ധ ധ്രുവങ്ങളിൽ നിന്നവരാണെന്നതും ശ്രദ്ധേയമാണ്.
വർണാശ്രമധർമത്തെ ഗാന്ധിജി ഒരിക്കലും എതിർത്തില്ല. ആ സമ്പ്രദായം പൂർണമായും ഇല്ലാതാകണമെന്ന അഭിപ്രായക്കാരനായിരുന്നു ഗുരു. ഇരുവരും തമ്മിലെ വിഖ്യാതമായ കൂടിക്കാഴ്ചയിലും ഈ ഭിന്നത പ്രകടമായി. സത്യഗ്രഹികളുടെ തപോബലത്തെക്കുറിച്ചും വർണാശ്രമധർമത്തെ ന്യായീകരിച്ചും ഗാന്ധിജി വൈക്കത്ത് ചെയ്ത പ്രസംഗത്തെയും ഗുരു രൂക്ഷമായി വിമർശിച്ചിരുന്നു.
പക്ഷേ, ഈ രണ്ട് മഹാത്മാക്കളും പ്രതിനിധാനം ചെയ്ത വഴികളുടെ സമ്മിളിത സൃഷ്ടിയാണ് വൈക്കത്തെ തീണ്ടൽ പലകകൾ സംരക്ഷിച്ചുനിൽക്കുന്ന പൊലീസുകാരുടെ മുന്നിലേക്ക് 1924 മാർച്ച് 30നെത്തിയ മൂന്ന് സത്യഗ്രഹികൾ. ഗാന്ധിജിയുടെ മുൻകൈയിൽ ദേശീയതലത്തിൽ കോൺഗ്രസ് സ്വീകരിച്ച അയിത്തോച്ചാടന നയമാണ് സത്യഗ്രഹം സാധ്യമാക്കിയത്. സത്യഗ്രഹ വേദി ഇങ്ങ് കേരളത്തിലെ വൈക്കം ആയത് നാരായണഗുരു ഇവിടെ ഒരുക്കിയ നവോത്ഥാന അന്തരീക്ഷത്താലും.
മന്നത്ത് പത്മനാഭൻ നേതൃത്വം നൽകിയ സത്യഗ്രഹാനുകൂല സവർണജാഥ സാധ്യമാക്കിയത് പ്രക്ഷോഭം കോൺഗ്രസിന്റെ ഔദ്യോഗിക കാര്യപരിപാടി ആയിരുന്നതിനാലാണ്. ദലിത് വിഭാഗക്കാർക്ക് സമരപ്പന്തിയിലേക്ക് കടന്നിരിക്കാനായതും അതുകൊണ്ടുതന്നെ. ഏറ്റവും വലിയ ഹിന്ദു വിഭാഗമായിരുന്ന ഈഴവർ ഒന്നടങ്കം പങ്കുചേർന്ന് സത്യഗ്രഹത്തെ വമ്പിച്ച പ്രക്ഷോഭമാക്കിയത്, അവർ ആത്മീയാചാര്യനായി വരിച്ചിരുന്ന നാരായണഗുരുവിന്റെ സർവാത്മനായുള്ള പിന്തുണ അതിനുണ്ടായിരുന്നതുകൊണ്ടു മാത്രമാണ്.
പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കർ അടക്കം ദേശീയ നേതാക്കൾ വൈക്കത്തെത്തിയതും പഞ്ചാബിൽനിന്ന് അകാലികളെത്തി ഭോജനശാല തുറന്നതും ദേശീയതലത്തിൽ പ്രക്ഷോഭം ശ്രദ്ധയാകർഷിച്ചതും കോൺഗ്രസ് നടത്തുന്ന സമരം എന്നതിനാലാണ്. സവർണ ഗുണ്ടകൾ വലിയ അക്രമം അഴിച്ചുവിട്ടിട്ടും സമരം അക്രമപാതയിലേക്ക് നീങ്ങാഞ്ഞത് ഗാന്ധിയുടെ സത്യഗ്രഹവഴി സമരഭടന്മാർ പിന്തുടർന്നതിനാലും.
സത്യഗ്രഹം തുടങ്ങി ഒരുവർഷം പിന്നിട്ട് 1925 ഏപ്രിൽ ഏഴിന് മഹാത്മാഗാന്ധിയും തിരുവിതാംകൂർ പൊലീസ് മേധാവി പിറ്റുമായുള്ള കരാർ പ്രകാരം സത്യഗ്രഹം പിൻവലിച്ചു. പൊലീസ് തടസ്സങ്ങൾ നീക്കുമെന്നും തീണ്ടൽ പലക മാറ്റുമെന്നും, പക്ഷേ സർക്കാർ ഉത്തരവിറക്കുംവരെ സത്യഗ്രഹികൾ വഴികളിൽ പ്രവേശിക്കില്ലെന്നുമായിരുന്നു ഗാന്ധി-പിറ്റ് കരാർ.
അധികം വൈകാതെ കിഴക്കെനട ഒഴികെ മറ്റ് മൂന്ന് നടകളിലെയും വഴികൾ സർക്കാർ തുറന്നുകൊടുത്തു. കുറച്ചു മാസത്തിനുശേഷം കിഴക്കെ നടയിലെ പരദേശ ബ്രാഹ്മണരുടെ സമൂഹംവക സ്ഥലവും മറ്റ് സ്വകാര്യ വ്യക്തികളുടെ സ്ഥലവും ഏറ്റെടുത്ത് കിഴക്കെ നടയിൽ സർക്കാർ പുതിയ റോഡ് നിർമിച്ചതോടെയാണ് സത്യഗ്രഹം പൂർണമായും അവസാനിച്ചത്.
ധർമഭടന്മാരെ പിരിച്ചുവിടുന്ന ദിവസം പരദേശബ്രാഹ്മണർ പുതിയ വഴി വേലികെട്ടി അടച്ചെങ്കിലും ടി.കെ. മാധവൻ ഏതാനും മണിക്കൂർ നേരത്തെ ആലോചനക്കുശേഷം ഒറ്റക്ക് അത് എടുത്തുമാറ്റിയതോടെ വൈക്കം സത്യഗ്രഹത്തിന് സമ്പൂർണ സമാപനമായി.
കേവലം നൂറുവർഷങ്ങൾക്കപ്പുറം ഹിന്ദു എന്ന് വിളിക്കപ്പെട്ടിരുന്ന വലിയൊരു വിഭാഗം ജനതക്ക് വിദ്യാഭ്യാസം, സഞ്ചാര സ്വാതന്ത്ര്യം, ആരാധന സ്വാതന്ത്ര്യം, തൊഴിൽ തുടങ്ങി എല്ലാവിധ പൗരാവകാശങ്ങളും, ഹിന്ദുധർമ പ്രകാരം ഭരണം നടത്തിയിരുന്ന ഒരു സർക്കാർ നിഷേധിച്ചിരുന്നുവെന്ന് ഇപ്പോൾ വിശ്വസിക്കുക വളരെ പ്രയാസമാണ്. എന്നാൽ, കേവലസത്യം അതായിരുന്നു. അത് മൂടിവെക്കാൻ താൽപര്യമുള്ളവർ എക്കാലത്തുമുണ്ടായിരുന്നു.
ഇന്നുമുണ്ട്. വഴിതടഞ്ഞുനിന്ന ആചാരങ്ങളെ, സംഹിതകളെ വലിച്ചെറിഞ്ഞുകൊണ്ടാണ് നവോത്ഥാന കേരളത്തിലേക്ക് നടന്നടുത്തത്. വൈക്കത്ത് മാത്രമല്ല, തുടർന്ന് അമ്പലപ്പുഴയിൽ, തിരുവാർപ്പിൽ, പറവൂർ കണ്ണങ്കുളങ്ങര അഗ്രഹാര വഴികളിൽ, മറ്റ് നിരവധിയിടങ്ങളിൽ സഞ്ചാരസ്വാതന്ത്ര്യ സമരങ്ങൾ നടന്നു. ആ വഴികളിൽ നിശ്ചയമായും ചോരവീണിരുന്നു. പക്ഷേ, സത്യഗ്രഹികൾ അവരെ നയിച്ച ആചാര്യന്മാരുടെ സമാധാനവഴി പിന്തുടർന്നു.
ഞങ്ങൾ ആചാരങ്ങൾക്കൊപ്പം എന്ന് ബോർഡുകൾ സ്ഥാപിക്കുന്ന ഒരു ചെറുസമൂഹം ഇന്നും കേരളത്തിലുണ്ട്. എന്തായിരുന്നു ഈ നാട്ടിൽ നടപ്പുണ്ടായിരുന്ന ആചാരം എന്നറിയാതെ അതുംപിടിച്ച് കുറെപ്പേർ നിൽക്കുന്നുമുണ്ട്. അവർക്കുവേണ്ടി വൈക്കത്തെ സത്യഗ്രഹ വഴികളെ ഓർത്തേ തീരൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.