കാര്യസാധ്യത്തിനായി കേരളത്തില്‍നിന്ന് വരുന്ന ബി.ജെ.പി നേതാക്കള്‍ ഡല്‍ഹിയില്‍ വെറുതെ വാര്‍ത്താസമ്മേളനം വിളിക്കുന്ന ഒരു പതിവുണ്ട്. വന്നകാര്യം മറ്റെന്തെങ്കിലുമായിരിക്കുമെങ്കിലും ഓടിക്കിതെച്ചത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ സമകാലീന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കപ്പുറം ഇവര്‍ക്കൊന്നും പറയാനുണ്ടാവില്ല. കഴിഞ്ഞ വെള്ളിയാഴ്ച ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ഹരിയാനഭവനില് അത്തരമൊരു വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. കാസര്‍കോട് റിയാസ് വധക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ തീരുമാനിച്ച ശേഷമായിരുന്നു സുരേന്ദ്രെൻറ വാര്‍ത്താസമ്മേളനം. സ്വന്തം തട്ടകത്തില്‍ ഒരു മനുഷ്യനെ പള്ളിയില്‍ കഴുത്തറുത്തുകൊന്നതിന് സ്വന്തം പാര്ട്ടിക്കാര് മൂന്നുപേര്‍ അറസ്റ്റിലാകുന്ന നേരത്ത് മാധ്യമങ്ങളെ വിളിച്ചുചേര്‍ത്താല്‍ അതേക്കുറിച്ച് എന്തെങ്കിലുമാണ് സുരേന്ദ്രന് പറയുകയെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. മലപ്പുറത്ത് മുസ്ലിംലീഗ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിയെ ജയിപ്പിക്കാന്‍ എല്‍.ഡി.എഫ്, യു.ഡി.എഫുമായി ഗൂഢാലോചനയിലാണ് എന്ന് ആരോപിക്കാനായിരുന്നു സുരേന്ദ്രെൻറ വിളി. കാസര്‍കോട് റിയാസ് വധത്തിലെ പ്രതികള്‍ക്കുമേല്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ഇല്ലാതാക്കാന്‍ കേരള പൊലീസ് പാടുപെടുമ്പോഴാണ് സംഘ്പരിവാര്‍ നടത്തിയ നിഷ്ഠുരമായ കൊലപാതകത്തെ, മലപ്പുറത്തെ ഇല്ലാത്ത രാഷ്ട്രീയ ഗൂഢാലോചനകൊണ്ടടക്കാന് ഡല്‍ഹിയില്‍ ഓടിയെത്തി സുരേന്ദ്രന് ശ്രമിച്ചത്.
യാസിര്‍ വധക്കേസിലെ സുപ്രീംകോടതി വിധി
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് സുപ്രീംകോടതിയില്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍മാരുടെ മാറ്റത്തിെൻറ തിരക്കിനിടയിലാണ് കോളിളക്കം സൃഷ്ടിച്ച, രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കൊലക്കേസ് ജസ്റ്റിസുമാരായ വി. ഗോപാല്‍ ഗൗഡയുടെയും ആദര്‍ശ് കുമാര്‍ ഗോയലിെൻറയും ബെഞ്ച് മുമ്പാകെ വന്നത്. പ്രതികളെ വിട്ടയക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ച് അതിനുള്ള കാരണങ്ങള്‍ പിന്നീട് കെണ്ടത്തിയെന്ന് മഞ്ചേരിയിലെ വിചാരണകോടതിയെ കേരള ഹൈകോടതി അതിരൂക്ഷമായി വിമര്‍ശിച്ച തിരൂരിലെ യാസിര്‍ വധമാണ് കേസ്. പ്രതികളായ മുഴുവന്‍ ആര്.എസ്.എസ് പ്രവര്‍ത്തകരെയും വിചാരണകോടതി വെറുതെവിട്ടത് റദ്ദാക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ച കേരള ഹൈകോടതിയുടെ വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലാണ് പരിഗണനയില്‍. അതിവൈകാരികമായ ഇത്തരം കേസുകളില്‍ സാധാരണഗതിയില്‍ സ്റ്റാന്‍ഡിങ് കോണ്സലിനെക്കൊണ്ട് കേസ് വാദിപ്പിക്കാറില്ല. കിട്ടാവുന്നതിലേറ്റവും മുതിര്‍ന്ന അഭിഭാഷകനെവെച്ച് പ്രതികള്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കുകയാണ് ചെയ്യാറ്്. എന്നാല്‍, കേരളത്തിലെ മതസ്വാതന്ത്ര്യത്തിനും നേരെയുള്ള വെല്ലുവിളിയായിരുന്ന കുറ്റകൃത്യത്തില്‍ മുതിര്‍ന്ന അഭിഭാഷകനെവെച്ച് പ്രതികള്‍ക്ക് ഹൈകോടതി വിധിച്ച ശിക്ഷയെങ്കിലും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ആര്.എസ്.എസ് നിയോഗിച്ച മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനെ പ്രതിരോധിക്കാന്‍ പുതുതായി ചുമതലയേറ്റ സ്റ്റാന്‍ഡിങ് കോണ്‍സലിന് എഴുന്നേറ്റുനില്ക്കേണ്ടിവന്നു.
കാര്യമായ ഗൃഹപാഠത്തിന് സ്റ്റാന്‍ഡിങ് കോണ്‍സലിന് സമയം കിട്ടിയിട്ടില്ലെന്ന് അന്തിമവാദം തുടങ്ങിയപ്പോള്‍തന്നെ ബോധ്യപ്പെട്ടു. ആര്.എസ്.എസിെൻറ അഭിഭാഷകന് നിരത്തിയ വാദങ്ങള്‍ക്കുമുന്നില്‍ വസ്തുതയറിയാതെ സര്‍ക്കാര്‍ അഭിഭാഷകന് നിസ്സഹായനായി. എന്നിട്ടും ജിഷ വധക്കേസിലെ പുനഃപരിശോധന ഹരജിയിലടക്കം ചെയ്തതുപോലെ മുതിര്‍ന്ന അഭിഭാഷകരെ വാദത്തിന് കൊണ്ടുവരാനോ കേസ് കൂടുതല്‍ പഠിച്ചുവരാനോ കേരളം കോടതിയോട് സമയവും ആവശ്യപ്പെട്ടില്ല. ജസ്റ്റിസുമാരായ വി. ഗോപാല്‍ ഗൗഡയും ആദര്‍ശ് കുമാര്‍ ഗോയലും അടങ്ങുന്ന ബെഞ്ച് കേവലം രണ്ടുദിവസത്തിനപ്പുറം ഈ കേസിെൻറ അന്തിമവാദം നീട്ടിക്കൊണ്ടുപോയതുമില്ല. കേവലം 12 പേജുള്ള ഒരുത്തരവിലൂടെ കേരള ഹൈകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ആസൂത്രകനായ നേതാവ് അടക്കമുള്ള മുഴുവന്‍ ആര്.എസ്.എസ് പ്രവര്‍ത്തകരെയും വെറുതെ വിട്ടു.
തിരൂരിലെ യാസിര്‍ വധക്കേസിലെ ഏറ്റവും പ്രബലമായ തെളിവ് കേസന്വേഷിച്ച കേരള പൊലീസ് ദുര്ബലമാക്കിയതെങ്ങനെയെന്ന് 2016 ജൂലൈ 21ൽ പുറപ്പെടുവിച്ച വിധിയില്‍ ജസ്റ്റിസുമാരായ വി. ഗോപാല്‍ ഗൗഡയും ആദര്‍ശ് കുമാര്‍ ഗോയലും പറഞ്ഞിട്ടുണ്ട്. 1998 ആഗസ്റ്റ് 17ന് മതംമാറി യാസിറായ സ്വര്ണപ്പണിക്കാരന് അയ്യപ്പനെ ആര്.എസ്.എസുകാര്‍ വെട്ടിക്കൊല്ലുന്നത് കൂടെയുണ്ടായിരുന്ന ഇസ്ലാം സ്വീകരിച്ച അദ്ദേഹത്തിെൻറ സുഹൃത്ത് അബ്ദുല്‍ അസീസ് നേരിട്ടുകണ്ടതാണ്. യാസിറിനൊപ്പം വെട്ടേറ്റ അസീസിനെയും കൂടെ ആശുപത്രിയിലേക്ക് കൊണ്ടുപോയതുമാണ്. ആ നിലക്ക് യാസിര്‍ വധക്കേസ് തെളിയിക്കാനും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും ഈ ദൃക്സാക്ഷിയേക്കാര് മറ്റൊരു തെളിവും ആവശ്യമില്ലായിരുന്നു.
എന്നാല്‍, മുഖ്യപ്രതി മഠത്തില്‍ നാരായണനും കൂട്ടാളര്ക്കുംവേണ്ടി അഭിഭാഷകന് നടത്തിയ പ്രധാന വാദമായി 12 പേജുള്ള ഉത്തരവിെൻറ രണ്ടാം പേജില്‍ സുപ്രീംകോടതി പറയുന്നത് നോക്കുക: ‘‘കൊല്ലപ്പെട്ട യാസിറിനൊപ്പം വെട്ടേറ്റ് അതേ രാത്രി ആശുപത്രിയിലായിട്ടുണ്ടെങ്കിലും രണ്ടാം സാക്ഷിയുടെ മൊഴി സ്വീകരിക്കാനാവില്ല. കാരണം, ആശുപത്രിയിലായ ഉടന്‍തന്നെ കൃത്യം നടത്തിയവര്‍ ആരെന്ന് ദൃക്സാക്ഷി അന്വേഷേണാദ്യോഗസ്ഥനോട് പറഞ്ഞിട്ടില്ല. സാക്ഷിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് 10 ദിവസം കഴിഞ്ഞാണ് മൊഴിയെടുത്തത്. അപ്പോഴേക്കും പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തിരുന്നു’’. ഇതുകൂടാതെ, മൂന്നാമത്തെ സാക്ഷിയുടെ മൊഴി ദുര്‍ബലമാണെന്ന് സ്ഥാപിക്കാന്‍ പ്രതികളുന്നയിച്ച എതിര്‍വാദവും സുപ്രീംകോടതി നിരത്തുന്നു. ‘‘കൊല്ലപ്പെട്ട യാസിറിെൻറ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയാറാക്കിയ ഡോക്ടറോട് അജ്ഞാതരുടെ വെട്ടേറ്റുണ്ടായ മുറിവുകളാണെന്നാണ് മൂന്നാം സാക്ഷി പറഞ്ഞത്. അതിനാല്‍ ഈ സാക്ഷിയുടെ മൊഴി സ്വീകാര്യമല്ലെന്ന വിചാരണകോടതിയിലെ സെഷന്‍സ് ജഡ്ജിയുടെ നിലപാടാണ് അംഗീകരിക്കേണ്ടത്’’.
പ്രതികള്‍ക്ക് രക്ഷപ്പെടാവുന്ന തരത്തില്‍ കുറ്റപത്രത്തില്‍ വിരുദ്ധ മൊഴികള്‍ രേഖപ്പെടുത്തിയ പൊലീസാണ് ഇവിടെ പ്രതി. തെളിവുകള്‍ കോര്‍ത്തിണക്കിയതില്‍ ഹൈകോടതിയേക്കാള് തങ്ങള്‍ക്ക് വിശ്വാസംതോന്നിയത് മഞ്ചേരി കോടതിയെ ആണെന്ന സുപ്രീംകോടതി നിലപാട് അംഗീകരിച്ചുകൊടുത്താല്‍ പ്രമാദമായ ഒരു ക്രിമിനല്‍കേസില്‍ ദൃക്സാക്ഷി തെളിവായുണ്ടായിട്ടും അത് ശരിയായരീതിയില്‍ കേസിന് ഉപയോഗപ്പെടുത്താന്‍ അന്വേഷണ സംഘം തയാറായില്ലെന്ന ഗുരുതരമായ ആരോപണമാണ് സുപ്രീംകോടതി നടത്തുന്നതെന്ന് നാം സമ്മതിക്കേണ്ടിവരും. ആര്.എസ്.എസ് നേതാവ് മഠത്തില്‍ നാരായണനും അദ്ദേഹത്തിെൻറ കൂട്ടാളികള്‍ക്കുമെതിരായ തെളിവുകള്‍ കോര്ത്തിണക്കുന്നതിന് പകരം അവ ദുര്‍ബലപ്പെടുത്താനാണ് കേരള പൊലീസ് ശ്രമിച്ചെതന്നാണ് വിധിയില്‍നിന്ന് മനസ്സിലാക്കേണ്ടത്. പ്രതികളായ ആര്.എസ്.എസുകാരെ രക്ഷിച്ചെടുക്കാന്‍ രണ്ട് പതിറ്റാണ്ടുമുമ്പ് കേരള പൊലീസ് നടത്തിയ ആസൂത്രിത നീക്കങ്ങളുടെ സാക്ഷ്യപത്രമാണ് ഇവരെ കുറ്റവിമുക്തരാക്കി പുറപ്പെടുവിച്ച സുപ്രീംകോടതി ഉത്തരവ്. യാസിര്‍ കൊല്ലപ്പെട്ട നാളുകളില്‍ പൊലീസിെൻറ പക്ഷപാതപരമായ സമീപനങ്ങള്‍ക്കെതിരെ തിരൂരിലും മലപ്പുറത്തും ഉയര്‍ന്ന പ്രതിഷേധങ്ങളുടെ ഓര്‍മകളിലേക്കാണ് സുപ്രീംകോടതി വിധി നമ്മെ കൊണ്ടുപോവുക. മഠത്തില്‍ നാരായണനടക്കമുള്ള പ്രതികളെ തിരിച്ചറിഞ്ഞിട്ടും തെളിവുകള്‍ സമാഹരിക്കാനും മൊഴിയെടുക്കാനും ജാഗ്രതകാണിക്കാതെ അന്വേഷണം തുമ്പില്ലാതാക്കാനാണ് നീക്കമെന്ന് കണ്ടതോടെ നാട്ടുകാര്‍ക്കന്ന് കര്‍മ സമിതിയുണ്ടാക്കി പ്രക്ഷോഭ രംഗത്തിറങ്ങേണ്ടി വന്നിരുന്നു.
ഫൈസല്‍ വധത്തിൽ തനിയാവര്‍ത്തനം
മഠത്തില്‍ നാരായണനെ ശിക്ഷിച്ച ഹൈകോടതിയല്ല, വെറുതെവിട്ട മഞ്ചേരി കോടതിയാണ് ശരിയെന്നുപറഞ്ഞ് രാജ്യത്തിെൻറ പരമോന്നത നീതിപീഠം ഇറക്കിയ ഉത്തരവിലെ മഷിയുണങ്ങിക്കാണില്ല. നാലുമാസം കഴിഞ്ഞ് സ്വാഭീഷ്ടപ്രകാരം മതംമാറി ഫൈസല്‍ എന്ന പേര് സ്വീകരിച്ച കൊടിഞ്ഞിയിലെ അനില്‍കുമാറിനെയാണ് രണ്ട് പതിറ്റാണ്ടുമുമ്പ് യാസിറിനെ ചെയ്തതുപോലെ അതേ മഠത്തില്‍ നാരായണെൻറ ആസൂത്രണത്തില്‍ നടുറോഡില്‍ വെട്ടിക്കൊന്നത്. യാസിര്‍ വധം അനുസ്മരിപ്പിച്ച് ബോധപൂര്‍വമായ അലംഭാവം കൊടിഞ്ഞിയിലെ ഫൈസല്‍ വധക്കേസിലും കേരള പൊലീസ് ആവര്‍ത്തിച്ചപ്പോഴാണ് ആസൂത്രകരെ പിടിക്കണമെന്നാവശ്യപ്പെട്ട് ജനമൊന്നടങ്കമിറങ്ങി ദേശീയപാത ഉപരോധിച്ചത്. തീവ്രമായി ചിന്തിക്കുന്ന വിഭാഗങ്ങളുടെ നിയന്ത്രണത്തിലേക്ക് കാര്യങ്ങള്‍ എത്തിപ്പോകാതിരിക്കാന് ഫൈസലിെൻറ മയ്യിത്തുപോലും വിട്ടുകൊടുക്കാതെ അങ്ങേയറ്റം ശുഷ്ക്കാന്തി കാണിച്ച ഒരു പ്രദേശത്തുകാരെ മുഴുവന്‍ ആ ഉപരോധത്തിെൻറ പേരില്‍ വര്‍ഗീയതയുടെ ചാപ്പകുത്തുകയാണ് കേരളം ഭരിക്കുന്ന പാര്‍ട്ടി ചെയ്തത്. ഭരണകക്ഷിയല്ല, കൊടിഞ്ഞിയിലെ ജനങ്ങളായിരുന്നു ശരിയെന്ന് ദിവസങ്ങള്‍ക്കകം തെളിഞ്ഞു.
ഫൈസല്‍ വധത്തില്‍ കോടതിയില്‍ ഹാജരാക്കിയ മുഴുവന്‍ പ്രതികളെയും ജാമ്യത്തിലൂടെ ജയില്‍മോചിതരാക്കുകയാണെന്ന് മഞ്ചേരി വിചാരണകോടതി വിധിച്ചു. ‘‘കൊലപാതകം നടന്ന് 80 ദിവസമായിട്ടും അന്വേഷണം പൂര്‍ത്തിയാകാത്തത് പ്രതികളുടെ കുറ്റമല്ല’’ എന്നുപറഞ്ഞാണ് മഞ്ചേരി കോടതിയുടെ ഉത്തരവ്. ‘‘കേസുകള്‍ പല കാരണങ്ങളാല്‍ െവെകാരികമാകാമെന്നും അതൊന്നും കോടതിക്ക് പരിഗണിക്കേണ്ട കാര്യമില്ലെന്നും ക്രമസമാധാനപ്രശ്നത്തിെൻറ പേരില്‍ ജാമ്യം നല്കാതിരിക്കാനാവില്ലെന്നും’’ കൂടി പറഞ്ഞു മഞ്ചേരി കോടതി. കീഴ്കോടതിയുടെ ഈ ഉത്തരവിനെതിരെ മേല്‍കോടതിയിൽ പോയി വിധിവാങ്ങി ആര്.എസ്.എസുകാരായ പ്രതികളെ ജയിലിലെത്തിക്കാന്‍ ഫൈസല്‍ വധക്കേസിലും സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല.
തിരൂരിലേതുപോലെ ആര്.എസ്.എസ് ആസൂത്രണംചെയ്ത കൊലപാതകമല്ല ഇതെന്ന് വരുത്താനാണ് കൊടിഞ്ഞിയിലും കാസര്‍കോട്ടും കേരള പൊലീസിെൻറ ശ്രമം. ഫൈസലിേൻറത് ഭാര്യാസഹോദരനുമായി ബന്ധപ്പെട്ട ഒരു കുടുംബവിഷയമാണെന്ന് വരുത്തുമ്പോള്‍ കാസർകോെട്ട റിയാസ് മൗലവിയുടേത് മദോന്മത്തരായ മൂന്ന് ചെറുപ്പക്കാരുടെ വിക്രിയയാക്കി മാറ്റാനാണ് നോക്കുന്നത്. ആസൂത്രകരെ ഇവ്വിധം രക്ഷിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആര്.എസ്.എസ് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത്. ആര്.എസ്.എസ് കൊലപാതകങ്ങളുടെ ആസൂത്രകരെ പിടിക്കുന്നതില്‍ കേരള പൊലീസ് കാണിക്കുന്ന അമാന്തം സൂക്ഷ്മതയാണെന്ന് വ്യാഖ്യാനിക്കുന്നവര്‍ ഇനിയുമുണ്ടെങ്കില്‍ ഈ രണ്ട് കോടതി വിധികളും രണ്ടാവര്‍ത്തി വായിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.