ഭിന്നശേഷിക്കാരെ ഒപ്പം നിർത്താൻ നാം ഇനിയുമെത്ര ദൂരം സഞ്ചരിക്കണം

ഡിസംബർ മൂന്ന് ലോകഭിന്നശേഷി ദിനമായി ലോകരാജ്യങ്ങൾ മുഴുവൻ ആചരിക്കുന്നു. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും അവരുടെ പ്രശ്നങ്ങൾ ലഘൂകരിക്കുവാൻ ആഗോളതലത്തിൽ സ്വീകരിച്ചു വരുന്ന നൂതന സാങ്കേതിക വിദ്യകളും സംവിധാനങ്ങളും പരിചയപ്പെടുത്താനും ഇത്തരം പ്രവർത്തനങ്ങൾ വളരെ സഹായകമാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. 1992 മുതലാണ് നാം ഈ ദിനം ആചരിച്ചു വരുന്നത്.

ഭിന്നശേഷിക്കാരുടെ അവസ്ഥനിർണ്ണയം, നേരത്തേയുള്ള ഇടപെടൽ, ചികിത്സ, കൃത്രിമ സഹായ ഉപകരണങ്ങളുടെ നിർണ്ണയവും ലഭ്യതയും, പ്രത്യേക ചികിത്സയും പരിശീലനവും, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, തൊഴിൽ ലഭ്യത, സാമൂഹിക ഉൾച്ചേരൽ, ആജീവനാന്ത സംരക്ഷണം, സാമൂഹിക അവബോധം, ഭിന്നശേഷി സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തൽ എന്നിവയുടെ കാര്യത്തിൽ നാം ഇനിയും എത്രയോ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.

2016 വർഷാവസാനം നിലവിൽ വന്ന Rights of Persons with Disabilities Act 2016 നിയമപ്രകാരം 21 തരം ഭിന്നശേഷിക്കാരുടെ അവകാശങ്ങളും അർഹതകളും എന്തൊക്കെയെന്ന് പ്രസ്തുത നിയമത്തിൽ പ്രതിപാദിക്കുന്നു. 40 ശതമാനവും അതിനുമുകളിലും ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഏതൊരു വ്യക്തിക്കും പ്രസ്തുത നിയമത്തിൻ്റെ സംരക്ഷണം ലഭിക്കേണ്ടതാണ്. 40% (Bench Mark Disability) അതായത് ലഘുവായ പ്രയാസങ്ങൾ അനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ കൂടാതെ ഗുരുതര പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കുവേണ്ടി ( Persons with High Support Needs) ജില്ലാതലത്തിൽ പ്രത്യേകം കമ്മിറ്റികൾ രൂപീകരിക്കണമെന്നും തീവ്ര ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ വിലയിരുത്തി പരിഹാര നടപടികൾ സ്വീകരിക്കണമെന്നും RPD Act 2016 ൽ പ്രത്യേക നിർദ്ദേശങ്ങൾ ഉണ്ട്. എന്നാൽ നാളിതുവരെ അത്തരമൊരു കമ്മിറ്റി ഏതെങ്കിലും ജില്ലയിൽ പ്രവർത്തിച്ചു തുടങ്ങിയതായി അറിവില്ല. ഇത്തരം പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ജില്ലാതലത്തിൽ RPD Act 2016 പ്രകാരം രൂപീകരിക്കപ്പെടുന്ന ജില്ലാതല കമ്മിറ്റികൾക്ക് കഴിയേണ്ടതാണ്. എന്നാൽ നമ്മുടെ സംസ്ഥാനത്ത് ഇതുവരെ അത്തരം കമ്മികളും രൂപീകരിച്ചിട്ടില്ല.




2009 ൽ നടപ്പിലായ വിദ്യാഭ്യാസ അവകാശ നിയമം ഭിന്നശേഷിക്കാരുടെ കാര്യത്തിൽ നിർദ്ദേശിച്ച കാര്യം പോലും നിയമം പ്രാബല്യത്തിൽ വന്ന് ദശകം കഴിഞ്ഞിട്ടും നടപ്പിലായിട്ടില്ല. ഭിന്നശേഷിക്കാരുടെ താമസസ്ഥലത്തുനിന്നും ഒന്നു മുതൽ മൂന്ന് കി.മീ വരെ അകലത്തിൽ പ്രാഥമിക, സെക്കണ്ടറി വിദ്യാഭ്യാസം സൗകര്യപ്പെടുത്തിയിരിക്കണം എന്ന നിർദ്ദേശം ഇന്നും നിയമ പുസ്തകത്തിന്‍റെ താളുകളിൽ മാത്രം ഉറങ്ങിക്കിടക്കുന്നു. പ്രത്യേക പരിശീലനം ലഭിച്ച ടീച്ചർമാരുടെ (Resource Teacher) സഹായത്തോടുകൂടി സാധാരണ ക്ലാസ്സുകളിൽ തന്നെ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം നടത്തുവാനും അത്തരം കാര്യങ്ങളിൽ സാധാരണ ടീച്ചർമാർക്ക് ഉപദേശ - നിർദ്ദേശങ്ങൾ നൽകുവാനും പര്യാപ്തമായ വിധത്തിൽ സ്പെഷ്യൽ അധ്യപകരെ പരിശീലനം നൽകി സ്കൂളുകളിൽ സ്ഥിര സംവിധാനം ഏർപ്പെടുത്തുവാനും നാളിതുവരെ മാറി മാറി ഭരിച്ച സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. സ്കൂൾ പ്രവൃത്തിദിവസങ്ങളിൽ എല്ലാ ദിവസവും തുടർച്ചയായി സ്പെഷ്യൽ ടീച്ചറുടെ സേവനം എന്നത് ഭിന്നശേഷി വിദ്യാർഥികൾക്ക് ഇന്നും വിദൂരസ്വപ്നം മാത്രമാണ്.

എത്രയും നേരത്തേ ഭിന്നശേഷി സാധ്യത കണ്ടെത്തിക്കഴിഞ്ഞാൽ അത്തരക്കാർക്ക് താലൂക്ക്/ ജില്ല ആശുപത്രികളിൽ ഒരിക്കിയിട്ടുള്ള മെഡിക്കൽ ബോർഡ് വഴി ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുക എന്നതു തന്നെ ഇന്ന് രക്ഷിതാക്കളുടെ ഉറക്കം കെടുത്തുന്ന നടപടികളാണ്. ബുദ്ധിവികാസ കാലതാമസം നിർണ്ണയിച്ച് IQ (Intelligence Quotient) സർട്ടിഫിക്കറ്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റിൽ നിന്നും നേടിയെങ്കിൽ മാത്രമേ അത്തരക്കാർക്ക് ഇൻ്റലക്ച്വൽ ഡിസബിലിറ്റി എത്ര ശതമാനമുണ്ടെന്നുള്ള ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു. മിക്ക താലൂക്ക്/ജില്ല ആശുപത്രികളിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്‍റെ സേവനം കൃത്യമായി ലഭിക്കാതായിട്ട് വർഷങ്ങൾ പിന്നിടുന്നു. സ്വകാര്യ സ്ഥാപനങ്ങളെയാണ് ഇത്തരം സർട്ടിഫിക്കറ്റുകൾക്കു വേണ്ടി രക്ഷിതാക്കൾ സമീപിക്കുന്നത്. ഇതിനായി 1500 രൂപ വരെ രക്ഷിതാക്കൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾക്ക് ഫീസിനത്തിൽ നൽകേണ്ടിവരുന്ന അവസ്ഥ നിലനിൽക്കുന്നു. ഒരു വയസ്സ് പൂർത്തിയായ ഏതൊരു ഭിന്നശേഷി വ്യക്തിക്കും പ്രസ്തുത സർട്ടിഫിക്കറ്റിന് അപേക്ഷിക്കാവുന്നതാണ്.




ഡിസബിലിറ്റി പെൻഷൻ, സ്കോളർഷിപ്പ്, പരിചാരക ബത്ത (ആശ്വാസകിരണം പദ്ധതി ), നിരാമയ ഇൻഷുറൻസ് (ഒരു ലക്ഷം രൂപ വാർഷിക ചികിത്സാസഹായം ലഭിക്കുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതി), മറ്റ് വിദ്യാഭ്യാസ സഹായപദ്ധതികൾ തുടങ്ങി മറ്റനേകം സർക്കാർ സഹായപദ്ധതികൾക്കും അപേക്ഷിക്കണമെങ്കിൽ ഡിസബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതുപോലെ ഭിന്നശേഷിയുമായി ബന്ധപ്പെട്ട മറ്റ് സങ്കീർണ്ണ പ്രശ്നങ്ങൾ (ഓട്ടിസം, വിവിധ ജനിതക സംബന്ധമായ അവസ്ഥകൾ, മറ്റ് ഞരമ്പ് സംബന്ധമായ പ്രശ്നങ്ങൾ) എന്നിവ നിർണ്ണയിച്ച് സർട്ടിഫിക്കറ്റ് നൽകുവാൻ ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രാവീണ്യമുള്ള ഡോക്ടർമാരുടെ അഭാവം രക്ഷിതാക്കളെ ആശുപത്രികളിൽ മാറി മാറി സമീപിക്കേണ്ടി വരുന്ന സാഹചര്യവും നിലവിലുണ്ട്. കിടപ്പുരോഗികളായ കുട്ടികളേയും കൊണ്ട് പലതവണ ആശുപത്രികളിൽ പോയി മണിക്കൂറുകൾ ക്യൂ നിന്നുകൊണ്ട് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുക എന്നത് സാധാരണ രക്ഷിതാക്കൾക്ക് വളരെയധികം പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം കുട്ടികളേയും കൊണ്ട് പൊതുഗതാഗതം ഉപയോഗിക്കാൻ പ്രയാസമുള്ളതുകൊണ്ട് പല രക്ഷിതാക്കളും സാമ്പത്തികശേഷി ഇല്ലെങ്കിലും നാലുചക്രവാഹനങ്ങൾ സ്വന്തമാക്കാറുണ്ട്. ഇത് ഈ വ്യക്തികളെ സുരക്ഷിതമായി ആശുപത്രികളിലും മറ്റ് സഹായകേന്ദ്രങ്ങളിലും എത്തിക്കുവാൻ അനിവാര്യമാണ്. എന്നാൽ നാലുചക്രവാഹനം സ്വന്തമായുണ്ടെങ്കിൽ മറ്റ് പല സഹായപദ്ധതികളിൽ നിന്നും മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി സഹായങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥയും നിലനിൽക്കുന്നു. (റേഷൻകാർഡ് BPL ആക്കി മാറ്റുന്നതുൾപ്പടെ) ഇത്തരം മാനദണ്ഡങ്ങൾ തീവ്ര ഭിന്നശേഷിത്വമുള്ള വ്യക്തികളുടെ കാര്യത്തിൽ (ഇൻ്റലക്ച്വൽ ഡിസബിലിറ്റി, ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസബിലിറ്റി തുടങ്ങിയവ) അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണ്.

കേരളത്തിലെ വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുമ്പോൾ ഭിന്നശേഷിക്കാരുടെ ഉൾച്ചേർന്ന വിദ്യാഭ്യാസ (Inclusive Education) സൗകര്യങ്ങൾ പഞ്ചായത്ത് നിലവാരത്തിലെങ്കിലും ഉയർത്തുവാൻ അധികൃതർ തയ്യാറാകുമെന്നത് രക്ഷിതാക്കൾക്ക് സ്വപ്നം കാണാൻ കഴിയുമോ?

വികസിത രാജ്യങ്ങളിൽ ഭിന്നശേഷിക്കാരുടെ നേരത്തേയുള്ള ഇടപെടൽ (Early Intervention) അത്യാധുനിക സൗകര്യങ്ങളോടെ സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കുമ്പോൾ അത്തരം വ്യക്തികളുടെ ആജീവനാന്ത സംരക്ഷണവും ബന്ധപ്പെട്ട സർക്കാരുകൾ ഉറപ്പുതരുന്നുണ്ട്. എന്നാൽ നമ്മുടെ സർക്കാർ തലത്തിൽ നടപ്പിലാക്കുന്ന ഇടപെടൽകേന്ദ്രങ്ങൾ (Early Intervention Centres) ഒച്ചിഴയുന്ന വേഗത്തിലാണ് നടപ്പിലാക്കി വരുന്നത്. അതുകൊണ്ടുതന്നെ ഭിന്നശേഷിമക്കളുടെ വിവിധ തെറാപ്പികൾക്ക് വേണ്ടി രക്ഷിതാക്കൾ കിടപ്പാടം പണയപ്പെടുത്തിപ്പോലും സമീപിക്കേണ്ട ഗതികേടിലാണുള്ളത്. ഇത്തരം കുട്ടികളുടെ ജനനത്തോടെ പല കുടുംബങ്ങളിലും രക്ഷിതാക്കൾ വേർപിരിഞ്ഞുപോകുന്ന അവസ്ഥ നിലവിലുണ്ട്. നേരിടുന്ന അവസ്ഥയെക്കുറിച്ചുള്ള മിഥ്യാധാരണകളും സാമ്പത്തിക അവസ്ഥയും അപകർഷതാബോധവും ഈ ഒരു അവസ്ഥയിൽ വില്ലൻ വേഷത്തിൽ എത്തുന്നുണ്ട്. ശരിയായ കൗൺസലിങ് ലഭ്യമാക്കിയാൽ ഈ ഒരവസ്ഥയെ ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ്. ഭിന്നശേഷി മക്കളുടെ ജനനത്തോടെ തൊഴിൽ നഷ്ടപ്പെട്ടു പോകുന്ന സാഹചര്യവും നിലവിലുണ്ട്. മാതാപിതാക്കളിൽ ഒരാൾ സ്ഥിരമായി ഭിന്നശേഷി വ്യക്തികൾക്ക് കാവലിരിക്കേണ്ട അവസ്ഥ കുടുംബത്തിൻ്റെ സാധാരണ ജീവിതം ദുസ്സഹമാക്കിത്തീർക്കുന്നു. ഒന്നിൽ കൂടുതൽ ഭിന്നശേഷി മക്കളുള്ള അച്ഛനമ്മമാരുടെ അവസ്ഥ മേൽപറഞ്ഞതിലും പരിതാപകരമാണ്. ഇത്തരം കുടുംബങ്ങളെ സഹായിക്കാൻ (Persons with high support needs) സർക്കാർ അടിയന്തിരമായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കേണ്ടതുണ്ട്. ഇന്നത്തെ സ്ഥിതിയിൽ പ്രതിമാസം 5000 രൂപയെങ്കിലും ഓട്ടിസം, സെറിബ്രൽ പാൾസി, ഇൻ്റലക്ച്വൽ ഡിസബിലിറ്റി, മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നീ അവസ്ഥകൾ നേരിടുന്നവർക്ക് നൽകേണ്ടതാണ്.




പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ തെറപ്പിസ്റ്റുകളെ നിയമിച്ചുകൊണ്ട് പ്രത്യേക തെറപ്പി യൂണിറ്റുകൾ സജ്ജീകരിക്കാൻ സർക്കാർ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എവിടെയും കാര്യക്ഷമമായി പ്രവർത്തിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഭിന്നശേഷി വ്യക്തികളെയും കൊണ്ട് ആശുപത്രികളിൽ കിടക്കേണ്ടി വരുമ്പോൾ അവർക്ക് പ്രത്യേക Sick Room സൗകര്യം ഒരുക്കിക്കൊടുക്കണമെന്ന് ആരോഗ്യ വകുപ്പിൽ നിന്നും നിർദ്ദേശം നൽകിയിരുന്നു.എന്നാൽ അത് ഫലപ്രദമായി നടപ്പിലാക്കുവാനും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുവാനും നാളിതുവരെ കഴിഞ്ഞിട്ടില്ല.

ഇത്തരം സങ്കീർണപ്രശ്നങ്ങൾ ചർച്ചചെയ്യുവാൻ ഈ ഭിന്നശേഷിദിനാചരണം നിമിത്തമായിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നതോടൊപ്പം പുതുതായി ഭരണസാരഥ്യം വഹിക്കുന്ന തദ്ദേശ സ്വയംഭരണ സാരഥികൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തി കേരത്തെ അക്ഷരാർഥത്തിൽ ഒരു ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുവാനും ഭിന്നശേഷി വ്യക്തികളുടേയും കുടുംബങ്ങളുടേയും ജീവിതം ഇരുളിൽ നിന്നും മറനീക്കി ഒരു പുതിയ വെളിച്ചം ദർശിക്കാൻ നിമിത്തമാകട്ടെയെന്നും പ്രാർഥിക്കുന്നു.

(എം.പി. കരുണാകരൻ - ബുദ്ധിപരവും വളർച്ചാപരവുമായ വെല്ലുവിളികൾ നേരിടുന്നവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ 'പരിവാർ കേരള' പ്രസിഡന്‍റാണ് ലേഖകൻ)

Tags:    
News Summary - How far do we have to go to keep the persons with disability together?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.