2019ലെ സുപ്രീംകോടതി ഭരണഘടന ബെഞ്ചിെൻറ ശബരിമല വിധിയെ കേരളം നേരിടുന്നവിധം ഇനിയും സ ൂക്ഷ്മമായി തെളിയാനിരിക്കുന്നതേയുള്ളൂ. 2018 ലെ ശബരിമല വിധിക്കെതിരായി സമർപ്പിച്ച പു നഃപരിശോധന ഹരജികളിൽ വ്യക്തത വരുത്താൻ ഏഴംഗ വിശാല െബഞ്ചിലേക്ക് മാറ്റുന്നു എന്നാണ് അ ഞ്ചംഗ ഭരണഘടന ബെഞ്ചിെൻറ ഭൂരിപക്ഷ വിധി. ഫലത്തിൽ 2018ലെ വിധിക്ക് സ്റ്റേ ഇല്ല, വിശ്വാസപ്ര ശ്നങ്ങളിൽ കോടതി എങ്ങനെ ഇടപെടണമെന്ന കാര്യത്തിൽ മറ്റു പല ആചാര, വിശ്വാസ കേസുകളും കൂ ട്ടിക്കെട്ടി വിശാലബെഞ്ചിന് കൈമാറിയെന്നേയുള്ളു. കേരള സർക്കാറിനു കിട്ടിയ നിയമോപ ദേശം പുതിയ വിധിയുടെ അടിസ്ഥാനത്തിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ സംസ് ഥാന സർക്കാറിനുമേൽ മുമ്പത്തേതുപോലെ ഭരണഘടനാപരമായ നിർബന്ധമോ സമ്മർദമോ ഇെല്ലന്നാണ്.
പ്രായപരിധിയില്ലാതെ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാൻ ഭരണഘടനാപരമായി അവകാശമുണ്ടെന്നായിരുന്നു 2018ലെ സുപ്രീംകോടതി ഭൂരിപക്ഷവിധി. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ലിംഗനീതി ഉറപ്പാക്കൽ എന്ന അടിസ്ഥാനത്തിലുള്ള വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥവുമായിരുന്നു. അതിനു ശ്രമിച്ച സംസ്ഥാന സർക്കാറിനെതിരെ തീവ്രവലതുപക്ഷം ഉയർത്തിവിട്ട അക്രമവും ഭീകരതയുമാണ് കേരളം കഴിഞ്ഞ മണ്ഡലകാലത്തുടനീളം കണ്ടത്. ആ ആപൽഘട്ടത്തിലാണ്, കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിെൻറ ആദ്യദശകങ്ങളിൽ സജീവമായി സംഭവിച്ചതും പിന്നീട് സ്തംഭിച്ചു പോയതുമായ നവോത്ഥാന മുന്നേറ്റത്തെ ഓർക്കാനും ഓർമിപ്പിക്കാനും കേരളത്തിലെ ഇടതുസർക്കാറിനുമേൽ സമ്മർദമുണ്ടായത്. അങ്ങനെയാണ് ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്ന ഇടതുസർക്കാറിനെ പിന്തുണക്കുന്നവർ, സ്ത്രീകളുടെ ഭരണഘടന അവകാശവും തുല്യ നീതിയും നടപ്പാകണം എന്നാഗ്രഹിക്കുന്നവർ, ഹിന്ദുത്വ ഫാഷിസത്തെ എതിർക്കുന്ന സ്വതന്ത്രചിന്തയുള്ള മതേതര സ്ത്രീകൾ എന്നീ പലവിധ ധാരകളിലുള്ള സ്ത്രീകളുടെ കൂട്ടായ പങ്കുചേരലായി വനിത മതിൽ നിർമിക്കലും കേരളത്തിൽ അന്ന് നടന്നത്. ഫെമിനിസ്റ്റ് ചിന്താധാരകളുടേയും പ്രവർത്തന പരിചയങ്ങളുടേയും സൈദ്ധാന്തികസംഘർഷങ്ങളോടുകൂടിത്തന്നെ വനിതമതിലിൽ പങ്കെടുത്തവരിൽ ഒരാളായിരുന്നു ഞാൻ. ഇരുപതാം നൂറ്റാണ്ടിലെ നവോത്ഥാന നായകരുടെ പുരുഷപക്ഷപാതിത്വത്തെ നിശിതമായി വിമർശിക്കുമ്പോഴും ഇന്നത്തെ തീവ്രഹിന്ദുത്വത്തിെൻറ ഭീകരതയെ ദുർബലപ്പെടുത്താനുള്ള ഭാഗധേയം സ്ത്രീ എന്ന നിലയിൽ ഏറ്റെടുത്തേ പറ്റൂ എന്ന മുൻഗണനയായിരുന്നു അതിെൻറ മാനദണ്ഡം.
അല്ലെങ്കിലും നവോത്ഥാനത്തിനുള്ളിലെ പരിഷ്കരണവാദത്തിന് താൽക്കാലികമായ ഫലങ്ങൾ നൽകാനേ കഴിയൂ. അതിെൻറ തെളിവുകൂടിയാണ് കേരളത്തിലും വളർന്നു വലുതായിക്കൊണ്ടിരിക്കുന്ന ഹിംസാത്മക ജാതിഹിന്ദുത്വവും മത വർഗീയതയും പുരുഷാധിപത്യവും. സമൂലമായ അധികാര സമവാക്യങ്ങളുടെ സാമൂഹികമാറ്റം പരിഷ്കരണവാദ നവോത്ഥാനത്തിെൻറ ആത്യന്തിക ലക്ഷ്യമേയല്ല. പൂണൂൽ പൊട്ടിക്കുകയും കുടുമ മുറിക്കുകയും ഘോഷ ബഹിഷ്കരിക്കുകയും വിദ്യാഭ്യാസത്തിലൂടെയും മറ്റും പരിഷ്കാരങ്ങൾ കൊണ്ടുവരുകയും അതേസമയം, ജാതിയും പുരുഷാധികാരവും നിലനിർത്തുകയും ചെയ്യുക എന്നത് അതിെൻറ സ്വഭാവം. എങ്കിലും അയ്യൻകാളിയെപ്പോലെ, കെ. അയ്യപ്പനെപ്പോലെ നവോത്ഥാന കാലത്തെ വിപ്ലവകാരികളായ അപൂർവ പുരുഷന്മാരുടേയും സ്ത്രീകളുടേയും വലിയ സംഭാവനകൾ കേരളത്തിലെ സ്ത്രീ സാമൂഹികജീവിതത്തെ മാറ്റിമറിക്കാനുള്ള ബൗദ്ധികവും ആത്മീയവുമായ ഇന്ധനം പിറകെ വന്ന ജാഗ്രതയുള്ള തലമുറകൾക്ക് കിട്ടിയിട്ടുണ്ട്.
2018ലെ സുപ്രീംകോടതി വിധിക്കു ശേഷം അവകാശ സ്വാതന്ത്ര്യത്തോടെ ശബരിമല കയറാനെത്തിയ ഭക്തകളും വിപ്ലവകാരികളുമായ സ്ത്രീകളുടെ നേർക്കുണ്ടായ ആക്രമണം അപ്രതീക്ഷിതമല്ല. പക്ഷേ, ആ സ്ത്രീകളുടെ ആത്മധൈര്യം വലുതായിരുന്നു. ശബരിമലയിൽ പലരും ഇടക്കുവെച്ച് തിരിച്ചിറങ്ങുമ്പോഴും പിന്നെയും യുവതികൾ മല കയറാനെത്തിക്കൊണ്ടിരുന്നു. ഒടുവിൽ, ബിന്ദു അമ്മിണിയും കനകദുർഗയും സുപ്രീംകോടതി വിധി പ്രകാരം ശബരിമല യുവതീ പ്രവേശന ചരിത്രത്തിൽ എന്നെന്നേക്കുമായി ഇടം നേടുകയും ചെയ്തു. പക്ഷേ, ഇപ്പോഴും അന്തരീക്ഷത്തിൽ അലയടിക്കുന്ന ഭീഷണി ആക്ടിവിസ്റ്റുകൾ മല കയറാനെത്തിയാൽ തടയും എന്നാണ്. അക്കാര്യത്തിൽ എല്ലാവരും ഒറ്റ പക്ഷമാകുന്നത് കാണുന്നു. ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് കോടതിയലക്ഷ്യമാണോ? നിയമജ്ഞർ പറയട്ടെ! പണ്ട് ഗുരുവായൂരും വൈക്കത്തും അയിത്ത ജാതിക്കാർക്ക് പ്രവേശനമില്ലാതിരുന്ന കാലത്ത് ആ ക്ഷേത്രങ്ങളിൽ പ്രവേശിച്ച് സാമൂഹിക, പൗരാവകാശം സ്ഥാപിച്ച വിപ്ലവകാരികളിൽനിന്ന് എന്തു വ്യത്യാസമാണ് ഈ ആക്ടിവിസ്റ്റുകൾക്കുള്ളത്? അതേസമയം, ഭൂരിപക്ഷം സ്ത്രീകളും ഈ ചെറുപക്ഷമായ സ്ത്രീ ആക്ടിവിസ്റ്റുകളെ ഭീരുത്വം കൊണ്ടും പുരുഷാധിപത്യ വിധേയത്വം കൊണ്ടും എതിർക്കുകയും ചെയ്യും.
യഥാർഥത്തിൽ, മുൻകാലങ്ങളിൽ ശബരിമലയിൽ യുവതികളായ സ്ത്രീകൾ കയറിയിരുന്നു എന്നതിെൻറ വസ്തുതകൾപോലും ചിത്രങ്ങളടക്കം തെളിവുകളായി നമുക്കു മുന്നിൽ ഇന്ന് ലഭ്യമാണ്. എന്നിട്ടും ആർത്തവകാലത്തിലുള്ള യുവതികൾ കയറാൻ പാടില്ലാത്ത ശബരിമല എന്നത് പുതിയകാല ആചാരമാക്കി സ്ഥാപിക്കപ്പെടുന്നു. ഇത്തരം ആചാരങ്ങൾ അനാചാരങ്ങളായി തിരിച്ചറിയാൻ കഴിയാത്ത സ്ത്രീകൾ മതപുരുഷാധികാരത്തിെൻറ ശാസനങ്ങളുടേയും മൂല്യങ്ങളുടേയും പോഷക ഉപകരണങ്ങളാണ്. സ്ത്രീകളുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും എതിരെ പുരുഷാധികാരം അതിസമർഥമായി അണിനിരത്തുന്ന മാരക ഉപകരണങ്ങൾ!
യഥാർഥത്തിൽ ഇന്ത്യയെന്ന മതേതര, ജനാധിപത്യ രാജ്യത്ത് പൗരരുടെ അവകാശങ്ങൾ സംബന്ധിച്ച നിയമത്തെ വ്യാഖ്യാനിക്കാൻ ഭരണഘടനയേക്കാൾ ഉത്തമമായി മതവിശ്വാസങ്ങളെ കരുതുന്നത് പുരോഗമനപരമല്ല. വിശേഷിച്ചും സാമൂഹികനീതിയും ലിംഗനീതിയും സംബന്ധിച്ച കാര്യങ്ങളിൽ. എന്നും എപ്പോഴും മതകാര്യങ്ങൾ നിയന്ത്രിക്കുന്നതും ഭരിക്കുന്നതും വ്യാഖ്യാനിക്കുന്നതും പുരുഷന്മാർ മാത്രമാണ്. പുരുഷാധിപത്യസംഹിതകളുടെ ചട്ടക്കൂടുകൾ സ്ത്രീകൾക്കുനേരെ ശക്തിപ്പെടുത്തുന്നതാണ് പൂർണമായും ഈ നിയന്ത്രണങ്ങൾ. വിശ്വാസികളായ സ്ത്രീകൾ ഈ അധികാരവലയത്തിനുള്ളിൽ, പുരുഷന്മാരുണ്ടാക്കിയ ആചാരം അനശ്വരമാണെന്നും ആചാരലംഘനം ദൈവകോപത്തിനു മാത്രമല്ല, പുരുഷന്മാരുടെ കോപത്തിനും കാരണമാകുമെന്നും വിശ്വസിച്ച് അന്ധമായി ദൈവത്തിൽ അഭയം തേടുകയും ആശ്രയത്തിനായി പ്രാർഥിക്കുകയും ആവലാതിപ്പെടുകയും ചെയ്യുന്നു. സ്ത്രീകൾക്ക് ഉയർന്ന വിദ്യാഭ്യാസയോഗ്യത ഉണ്ടായിട്ടു കാര്യമില്ല. വിശകലനബുദ്ധി വികസിക്കുന്ന വിദ്യാഭ്യാസം ഉണ്ടാവണം.
അയ്യപ്പഭക്തരായ നാനാജാതി മതസ്ഥരും പ്രവേശിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ശബരിമല ക്ഷേത്രത്തിൽ ഇനി എത്രകാലം സർവമതസ്ഥർക്കും പ്രവേശിക്കാനാവും എന്ന ചോദ്യം കൂടി പുതിയ യുവതീപ്രവേശന നിഷേധത്തോടൊപ്പം എല്ലാവരും ആലോചിക്കേണ്ടതുണ്ട്. ശബരിമലയിലേക്ക് ഇച്ഛാശക്തിയോടെ ഇനിയും യുവതികൾ കൂട്ടത്തോടെ വന്നാൽ എന്തു സംഭവിക്കുമെന്ന് കേരളം നോക്കിയിരിക്കുകയാണ്. തീർച്ചയായും ഹിന്ദുത്വശക്തികളെ പ്രതിരോധിക്കുന്ന കേരളത്തിലെ ഇടതുസർക്കാറിനെ അസ്ഥിരമാക്കുന്ന തരത്തിൽ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നതിനെ ഞാനും ആശങ്കയോടെയാണ് കാണുന്നത്. സുപ്രീംകോടതിയിൽനിന്ന് അടുത്ത ശബരിമല വിധി വരുന്നതിനു മുമ്പ് സ്ത്രീകളുടെ നേതൃത്വത്തിൽ കൂടുതൽ സ്ത്രീപുരുഷ പങ്കാളിത്തത്തോടുകൂടി അടിസ്ഥാനപരമായ മാറ്റങ്ങൾക്കു വേണ്ടിയുള്ള പുതിയ നവോത്ഥാന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ സർക്കാറും വിശാല ഇടതുപക്ഷവും മതേതര ജനാധിപത്യസംഘടനകളും വ്യക്തികളും ശ്രമിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.