സുപ്രീംകോടതിയിൽ മുന്നാക്ക സംവരണക്കേസിൽ തമിഴ്നാട് സർക്കാറിന്റെ വാദം ഏതാണ്ട് അവസാനിക്കാൻ പോവുകയായിരുന്നു. തമിഴ്നാടിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ശേഖർ നാഫഡെ, കേന്ദ്ര സർക്കാർ നിയമമാക്കിയ മുന്നാക്ക സംവരണം ഭരണഘടന തത്ത്വങ്ങൾക്കെതിരും നിയമവിരുദ്ധവുമാണെന്ന് സമർഥിക്കുകയാണ്. അപ്പോഴാണ് കേരള സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ മുൻനിരയിൽ വന്നുനിൽക്കുന്നത് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയിൽപെട്ടത്. ''ഇതാ കേരളവും വന്നുനിൽപുണ്ട്; ഇതുകഴിഞ്ഞ് നമുക്ക് കേരളത്തെ കേൾക്കാം'' എന്നു പറഞ്ഞതും കേരളത്തിന്റെ സ്റ്റാൻഡിങ് കോൺസൽ പൊടുന്നന്നെ മുറിയിൽനിന്ന് അപ്രത്യക്ഷനായി. ഈ കേസിൽ വാദം പൂർത്തിയാക്കി വിധിപറയാൻ മാറ്റുന്നതുവരെ കേരളത്തിന്റെ അഭിഭാഷകരാരെയും ആ കോടതിമുറിയുടെ മുൻനിരയിൽ പിന്നീട് കണ്ടില്ല.
ആർ.എസ്.എസ് അജണ്ട എന്ന നിലയിൽ കേന്ദ്ര സർക്കാർ മുന്നാക്ക സംവരണം നടപ്പാക്കുമ്പോൾ അതിനെ നഖശിഖാന്തം എതിർക്കുന്ന തമിഴ്നാടിനെ പോലെ പ്രതിപക്ഷ സംസ്ഥാനമായ കേരളത്തിനും വല്ലതും പറയാനുണ്ടാകുമെന്നായിരിക്കാം ഭരണഘടന ബെഞ്ച് കരുതിയിട്ടുണ്ടാവുക. ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിൽ സവർണ ആധിപത്യം നിലനിർത്താനുള്ള മുന്നാക്ക സംവരണം ആദ്യമായി നടപ്പാക്കി മറ്റേതൊരു ബി.ജെ.പി സർക്കാറിനേക്കാളും ഒരടി മുന്നിൽ നടന്ന ഒരു സംസ്ഥാനത്തിന് ഈ വിഷയത്തിൽ അതിൽ കൂടുതലൊന്നും കോടതിക്കുമുന്നിൽ പറയാനുണ്ടാവില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഓർത്തുകാണില്ല. പാർട്ടി നേതാക്കൾക്കെതിരായ വ്യക്തിപരമായ ക്രിമിനൽ കേസുകളിൽ പോലും സർക്കാർ ഖജനാവിൽനിന്ന് ലക്ഷങ്ങൾ കൊടുത്ത് മുതിർന്ന അഭിഭാഷകരെവെച്ച് വാദിക്കാറുള്ള ഇടതുപക്ഷ സർക്കാർ രാജ്യം ഉറ്റുനോക്കിയ മുന്നാക്ക സംവരണ വിഷയത്തിൽ അതിനൊന്നും മെനക്കെട്ടില്ല.
തുടക്കംതൊട്ട് പൊരുതിയ തമിഴ്നാടും ഡി.എം.കെയും
തുടക്കം തൊട്ട് തമിഴ്നാടിനുമുന്നിൽ കേരളം പരുങ്ങിയ വിഷയമാണ് മുന്നാക്ക സംവരണം. 2019ൽ ഇതിനുള്ള ബിൽ ഉപരിസഭയിൽ അവതരിപ്പിച്ചപ്പോഴായിരുന്നു അത്. ഡി.എം.കെ രാജ്യസഭ നേതാവ് കനിമൊഴിയുടെ നേതൃത്വത്തിൽ എം.പിമാർ അത് തടസ്സപ്പെടുത്താനായി നടുത്തളത്തിലിറങ്ങിയതായിരുന്നു. കേരളക്കാരായ സി.പി.എം, കോൺഗ്രസ് അംഗങ്ങൾ മുന്നാക്ക സംവരണത്തിനൊപ്പംനിന്ന് ബി.ജെ.പിയെ സഹായിച്ചുകൊണ്ടിരിക്കുകയാണ്. കേരള എം.പിമാരുടെ പിന്തുണയോടെ സി.പി.എം നേതാവ് രംഗരാജൻ മുന്നാക്ക സംവരണത്തെ പിന്തുണച്ച് സംസാരിക്കുന്നതിനിടെ മൈക്കിനടുത്തേക്കുചെന്ന് കനിമൊഴി പ്രസംഗം തടസ്സപ്പെടുത്തി നിലപാട് ചോദ്യം ചെയ്തു. ഒരുനിമിഷം പതറിപ്പോയി രംഗരാജൻ. സി.പി.എമ്മിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് ബി.ജെ.പിയും ചെയറും അഭ്യർഥിച്ചിട്ടും നിലപാട് കർക്കശമാക്കി പ്രതിഷേധം കടുപ്പിച്ചു തമിഴ്നാട് എം.പിമാർ.
കേരളം അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾ പിന്തുണച്ചും കാഴ്ചക്കാരായും മുന്നാക്ക സംവരണ കളി കണ്ടുനിന്നപ്പോഴാണ് തമിഴ്നാട്, നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാറിനെതിരെ ഒറ്റക്കുനിന്ന് പോരാടിയത്. ഖജനാവിൽനിന്ന് പണമെടുത്ത് തമിഴ്നാട് സർക്കാർ നടത്തിയ കേസിനുപുറമെ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പി. വിൽസൻ മുഖേന ഡി.എം.കെ, പാർട്ടിയെന്ന നിലയിലും മുന്നാക്ക സംവരണത്തിനെതിരെ നിയമയുദ്ധം നടത്തി. ഭരണഘടനയുടെ 103ാം നിയമ ഭേദഗതി പാർലമെന്റ് കടന്ന് രാഷ്ട്രപതി മേലൊപ്പിട്ടപ്പോൾത്തന്നെ രാജ്യസഭാംഗം കൂടിയായ വിൽസൻ, എം.കെ. സ്റ്റാലിന്റെ നിർദേശ പ്രകാരം ഡി.എം.കെയുടെ ഹരജിയുമായി സുപ്രീംകോടതിയിലെത്തിയിരുന്നു.
പരമദരിദ്രർ പുറത്താകുന്ന 'സാമ്പത്തിക' സംവരണം
എല്ലാം സമ്പത്തിന്റെ അടിസ്ഥാനത്തിൽ കണക്കുകൂട്ടുന്നതുകൊണ്ടാണ് സി.പി.എം നയിക്കുന്ന കേരള സർക്കാർ ഡി.എം.കെ നേതൃത്വം നൽകുന്ന തമിഴ്നാട് സർക്കാറിൽ നിന്ന് വ്യത്യസ്തമായി ആർ.എസ്.എസിന്റെ സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്നതെന്നാണ് ഒരു വാദം. എന്നാൽ, സാമ്പത്തികം മാനദണ്ഡമാക്കി നടപ്പാക്കുന്ന സംവരണത്തിൽനിന്ന് പരമ ദരിദ്ര വിഭാഗങ്ങളുള്ള പിന്നാക്ക ജാതികളെ എങ്ങനെ മാറ്റിനിർത്തുമെന്ന് മുൻ ചീഫ് ജസ്റ്റിസ് ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും ഉയർത്തിയ ചോദ്യത്തിന് നൽകാൻ ഇവരുടെ പക്കൽ ഉത്തരമില്ല. സാമ്പത്തിക സംവരണം മുന്നാക്ക വിഭാഗങ്ങൾക്കായി പരിമിതപ്പെടുത്തി പിന്നാക്ക വിഭാഗങ്ങളെ അതിൽനിന്ന് പുറന്തള്ളിയ 103ാം ഭരണഘടന ഭേദഗതി വിവേചനമാണെന്ന് തന്നെ ഇരുവരും പറയുന്നുണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സി, എസ്.ഇ.ബി.സി വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിൽ നിന്ന് പുറന്തള്ളുന്നത് ഭരണഘടനയുടെ സമത്വ, സാഹോദര്യ തത്ത്വങ്ങളുടെ മരണമണി ആണെന്നാണ് ഈ ജഡ്ജിമാരുടെ മുന്നറിയിപ്പ്. ഈ വശംപോലും പരിഗണിക്കാതെ ബി.ജെ.പിയുടെ ഹിന്ദുത്വ സംവരണ അജണ്ടയെ വിഴുങ്ങാൻ സി.പി.എം, കോൺഗ്രസ് നേതാക്കളെ ശരിക്കും പ്രേരിപ്പിച്ചതെന്താണ്?
പിന്നാക്ക ഭൂരിപക്ഷത്തെ വേണ്ടാത്ത കേരളം
കേന്ദ്രനിയമം കൊണ്ടുവന്ന ബി.ജെ.പിക്കും രാജ്യത്താദ്യമായി തിരക്കിട്ട് നടപ്പാക്കിയ സി.പി.എമ്മിനും ഒപ്പംനിന്ന് കോൺഗ്രസും സവർണപക്ഷം പിടിച്ചതോടെ കേരളത്തിൽ വഴിയാധാരമായത് ഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗങ്ങളാണ്. പിന്നാക്ക ജാതിക്കാരായ കർഷക തൊഴിലാളികളുടെയും ദരിദ്രരുടെയും ഭൂരിഭാഗം വോട്ടുവാങ്ങിവന്ന ഒരു സർക്കാർ ബി.ജെ.പിക്കും കോൺഗ്രസിനും സി.പി.എമ്മിനുമിടയിൽ ഏതാണ്ട് തുല്യമായി വീതിക്കപ്പെടുന്ന കേരളത്തിലെ നാലിലൊന്ന് വോട്ടർമാരെ പ്രീണിപ്പിക്കാൻ നടത്തിയ രാഷ്ട്രീയ നീക്കമാണിത്. ജനസംഖ്യാനുപാതമെടുത്താൽ പിന്നാക്ക സംവരണ സമുദായങ്ങളല്ലാത്ത മുന്നാക്ക സവർണ ജാതികൾ കേവലം നാലിലൊന്ന് മാത്രമുള്ള കേരളം പോലൊരു സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തെ അവഗണിച്ച് സവർണ ന്യൂനപക്ഷത്തിനൊപ്പം നിൽക്കാൻ ഈ പാർട്ടികളെ നിർബന്ധിതമാക്കുന്നത് നേതൃത്വങ്ങളിലിരിക്കുന്നവരുടെ സവർണ വിധേയത്വമാണ്.
സ്റ്റാലിനുമുന്നിൽ തോറ്റ് സി.പി.എമ്മും കോൺഗ്രസും
യാഥാർഥ്യബോധമില്ലാതെ ബി.ജെ.പിയുടെ മുന്നാക്ക സംവരണ അജണ്ട ഏറ്റുപിടിച്ച കോൺഗ്രസിനെയും സി.പി.എമ്മിനെയും അവഗണിച്ച് സ്വന്തം നിലപാടുമായി മുന്നോട്ടുപോയ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ സർവകക്ഷിയോഗം വിളിച്ചതോടെ തമിഴ്നാട്ടിൽ സി.പി.എമ്മും കോൺഗ്രസും മുട്ടുമടക്കി. മുന്നാക്ക സംവരണം കേരളത്തിൽ നടപ്പാക്കിയ സി.പി.എമ്മും സ്വാഗതം ചെയ്ത കോൺഗ്രസും അതേ സംവരണം തമിഴ്നാട്ടിൽ നടപ്പാക്കില്ലെന്ന സ്റ്റാലിന്റെ ഉറച്ച തീരുമാനത്തിന് മേലൊപ്പ് ചാർത്തി. സ്റ്റാലിൻ ഉണ്ടാക്കിയ അനുരണനങ്ങൾ തമിഴ്നാട്ടിലൊതുങ്ങിയില്ല. സ്റ്റാലിന്റെ പിന്നാക്ക അനുകൂല നിലപാട് ദേശീയതലത്തിലും ചർച്ചയായി. മുന്നാക്ക സംവരണ വിധി സ്വാഗതം ചെയ്ത കോൺഗ്രസിൽനിന്ന് ഓരോരുത്തരായി അതിനെ തള്ളിപ്പറയാൻ തുടങ്ങി. ആദ്യം വീണ്ടുവിചാരവുമായെത്തിയത് തമിഴ്നാട്ടിൽ നിന്നുള്ള മുൻ കേന്ദ്ര മന്ത്രിയും സുപ്രീംകോടതി അഭിഭാഷകനുമായ കോൺഗ്രസ് നേതാവ് പി. ചിദംബരമായിരുന്നു. അതിനുപിന്നാലെ ആദ്യ നിലപാട് മാറ്റി വിധി പരിശോധിക്കാൻ മൂന്ന് സമിതികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. മുന്നാക്ക സംവരണം എന്ന ആർ.എസ്.എസ് അജണ്ടക്കൊപ്പം ഒടുവിൽ ആരൊക്കെ അവശേഷിക്കുമെന്ന് തമിഴ്നാട് സർക്കാർ തന്നെ പുനഃപരിശോധന ഹരജിയിലൂടെ രാജ്യത്തിനുമുന്നിൽ തുറന്നുകാണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.