ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ അധ്യായങ്ങളിലൊന്നാണ് 1921 ആഗസ്റ്റ് 26ലെ പൂക്കോട്ടൂർ യുദ്ധം. ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ പരിഹസിച്ച 1857ലെ മഹത്തായ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇന്ത്യയിൽ നടന്ന പ്രധാന സൈനിക ഏറ്റുമുട്ടലുകളിലൊന്നും, ആധുനിക കേരളചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നീക്കവുമാണ് പൂക്കോട്ടൂരിലേത്.
യുദ്ധം എന്ന അനുഭവത്തെ മലയാളി നേരിട്ട സവിശേഷ സന്ദർഭമായി മഹത്തായ മലബാർ വിപ്ലവത്തെ പരിഗണിക്കുേമ്പാൾ, ഇരുപക്ഷത്തമുള്ള സൈനിക വിഭാഗങ്ങൾ നേരിട്ട് ഏറ്റുമുട്ടിയ ഏറ്റവും വലിയ സംഭവമെന്ന നിലയിൽ പൂക്കോട്ടൂർ യുദ്ധത്തെ കുറിച്ച പ്രത്യേകമായ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ഒരു നൂറ്റാണ്ടിനിപ്പുറവും പ്രാധാന്യമേറെയാണ്.
ബ്രിട്ടീഷുകാരെ വിറപ്പിച്ച യുദ്ധം
1921 ആഗസ്റ്റ് 20ന് തിരൂരങ്ങാടിയിലെ ഒന്നാം യുദ്ധത്തോടെ ഏറനാട്, വള്ളുവനാട് മേഖലയിൽ ബ്രിട്ടീഷ് ഭരണസംവിധാനം പൂർണമായി തകർന്നിരുന്നു. ഇൗസമയം അസി. കലക്ടർ ടി. ഒാസ്റ്റിൻ, സ്പെഷൽ ഫോഴ്സിലെ 20 പേർ, ബ്രിട്ടീഷ് സൈനികരുടെയും ഉദ്യോഗസ്ഥരുടെയും ഭാര്യമാർ, കുടുംബാംഗങ്ങൾ എന്നിവർ മലപ്പുറം നഗരത്തിൽ ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു. ഇവരുടെ സുരക്ഷക്കായി ആഗസ്റ്റ് 20ന് ലഫ്. ഡങ്കെൻറ നേതൃത്വത്തിൽ മൂന്നു ദിവസത്തെ ഭക്ഷ്യവസ്തുക്കളുമായി സൈനിക ലോറിയിൽ കോഴിക്കോട് നിന്ന് മലപ്പുറത്തേക്ക് പോയ ലെയിൻസ്റ്റർ റെജിമെൻറിലെ 30 സൈനികരെ കുറിച്ച് ഒരു വിവരവുമില്ലാത്ത സാഹചര്യത്തിലാണ് (അപ്പോഴേക്കും ബ്രിട്ടീഷ് വാർത്താവിനിമയ സംവിധാനങ്ങൾ മാപ്പിള പോരാളികൾ തകർത്തിരുന്നു) 25ന് മറ്റൊരു സൈനിക സംഘം കോഴിക്കോട്ടുനിന്ന് മലപ്പുറത്തേക്ക് പുറപ്പെടുന്നത്.
(മലബാർ വിപ്ലവത്തിനിടെ ഒരിക്കൽപോലും ബ്രിട്ടീഷ് സൈനിക^ഉദ്യോഗസ്ഥരുടെ ഭാര്യമാരെയോ കുട്ടികളെയോ കുടുംബാംഗങ്ങളെയോ മാപ്പിള വിപ്ലവകാരികൾ ആക്രമിച്ചിട്ടില്ല. ബ്രിട്ടീഷ് പട്ടാളം നേരെ തിരിച്ച്, സർവ യുദ്ധനിയമങ്ങളും അന്താരാഷ്ട്ര മര്യാദകളും കാറ്റിൽപറത്തി ദുർബലരായ മാപ്പിള സ്ത്രീകളെയും കുട്ടികളെയും വയോധികരേയും വംശഹത്യ നടത്തുകയായിരുന്നു).
ക്യാപ്റ്റൻ മെക്എൻറോയിയുടെ നേതൃത്വത്തിൽ ലെയിൻസ്റ്റർ റെജിമെൻറിലെ 100 പേർ സൈനിക ലോറിയിലും എ.എസ്.പി ലങ്കാസ്റ്ററുടെ നേതൃത്വത്തിൽ സ്പെഷൽ ഫോഴ്സിലെ 20 പേർ സൈക്കിളിലും 50 പേർ കാൽനടയായുമാണ് പുറപ്പെട്ടത്. ഇവർക്ക് വൈദ്യസഹായവുമായി റോയൽ ആർമി മെഡിക്കൽ കോർപ്സ് സംഘവും, ലോക്കൽ ഒാഫിസേഴ്സ് ഒാക്സിലിയറി ക്യാമ്പിലെ മുൻ ഉദ്യോഗസ്ഥരായ ആറു യൂറോപ്യന്മാരും കൂടെയുണ്ടായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിെൻറ വരവ് തടയാൻ മുസ്ലിയാരങ്ങാടിക്ക് സമീപം 22ാം മൈലിൽ മാപ്പിള വിപ്ലവകാരികൾ തകർത്ത പാലം ശരിയാക്കാൻ സമയമെടുത്തതോടെ സംഘം 25ന് തിരിച്ച് കൊണ്ടോട്ടിയിലേക്ക് മടങ്ങി. സർജൻറ് ഫ്രാങ്ക്സിെൻറ നേതൃത്വത്തിൽ സ്പെഷൽ ഫോഴ്സിലെ 42 പേരെ കൊണ്ടോട്ടിയിൽ നിർത്തി ബാക്കിയുള്ള 128 പേരാണ് 26ാം തീയതി മലപ്പുറത്തേക്ക് തിരിച്ചത്.
കൊണ്ടോട്ടിയിൽനിന്ന് പുറപ്പെടും മുേമ്പ സൈന്യത്തിെൻറ ആൾബലം മാപ്പിള പോരാളികൾ മനസ്സിലാക്കിയിരുന്നു. ഇതനുസരിച്ചുള്ള യുദ്ധതന്ത്രമാണ് തയാറാക്കിയിരുന്നത്. (അതിവേഗത്തിൽ വിവരങ്ങൾ കൈമാറാനുള്ള തദ്ദേശീയ രീതി അന്ന് മാപ്പിള പോരാളികൾക്കുണ്ടായിരുന്നു. വിവര കൈമാറ്റത്തിനുള്ള ഇൗ രീതിയുടെ മികവുകൊണ്ടാണ് ആഗസ്റ്റ് 20ന് പുലർച്ചെ കലക്ടർ തോമസിെൻറ നേതൃത്വത്തിലുള്ള വൻ സൈനിക സംഘം തിരൂരങ്ങാടിയിൽ തിരച്ചിൽ നടത്തിയിട്ടും ആലി മുസ്ലിയാരെ പിടികൂടാൻ കഴിയാതിരുന്നത്. പുകൾപ്പെറ്റ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിെൻറ വൻ തകർച്ചക്കുകൂടിയാണ് മലബാർ വിപ്ലവം സാക്ഷ്യം വഹിച്ചത്).
തെക്കുവടക്കായി കിടക്കുന്ന കോഴിക്കോട്^മലപ്പുറം റോഡിന് ഇരുവശവും കിഴക്കുപടിഞ്ഞാറായുള്ള നെൽപാടത്ത് പതിഞ്ഞുകിടന്നും വയ്ക്കോൽകൂനക്ക് പിറകിൽ ഒളിഞ്ഞിരുന്ന് സൈന്യം റോഡിലൂടെ കടന്നുപോകുേമ്പാൾ ഇരുവശത്തുനിന്നും ആക്രമിക്കാനായിരുന്നു പദ്ധതി. പാടത്ത് വലിയ മൺകുടം തുളച്ച് ഒാട്ടയുണ്ടാക്കി കമിഴ്ത്തിവെച്ച് അതിനകത്ത് വയ്ക്കോൽ തുരുമ്പിന് തീ കൊളുത്തിയിരുന്നു. ഇതിൽനിന്നുള്ള പുകവരുന്നത് കണ്ട് ഗ്രനേഡ് പോലെ പൊട്ടിത്തെറിക്കുന്ന വസ്തുവാണെന്നു കരുതി സൈന്യം അത്തരം കുടങ്ങൾക്കുനേരെ വെടിയുതിർത്ത് അവരുടെ വെടിയുണ്ട തീർക്കുക എന്നതായിരുന്നു ഒരു യുദ്ധതന്ത്രം. കൈവശമുള്ള നാടൻ തോക്കുകളും പൊലീസ് സ്റ്റേഷനുകൾ തകർത്ത് കൈക്കലാക്കിയ 12 തിര പൊട്ടുന്ന 303 ഗണും (ലീ എൻഫീൽഡ് ഗൺ) ഉപയോഗിച്ച് വെടിയുതിർക്കുക. ബാക്കിയുള്ളവർ വെടിയുണ്ടകളെ അവഗണിച്ച് ബ്രിട്ടീഷ് സൈന്യത്തിന് നേരെ ചെന്ന് വാളുകൊണ്ട് കഴിയാവുന്നത്ര പേരെ കൊലപ്പെടുത്തി രക്തസാക്ഷിയാവുക എന്നിവയായിരുന്നു പദ്ധതി.
വള്ളുവമ്പ്രത്ത് 25ാം മൈലിൽ തകർത്ത പാലം കൂടി നന്നാക്കിയാണ് സൈന്യം പൂക്കോട്ടൂരിലെത്തിയത്. പൂക്കോട്ടൂർ അങ്ങാടിയിലെ ഇറക്കം ഇറങ്ങാൻ തുടങ്ങുേമ്പാഴാണ് മാപ്പിള പക്ഷത്തുനിന്ന് ആദ്യ വെടിപൊട്ടിയത്. ഇതോടെ സൈന്യം അവിടെ നിന്നു, കാര്യങ്ങൾ വീക്ഷിക്കാനായി ഒന്നു രണ്ട് സൈനികർ മുന്നോട്ടുപോയപ്പോൾ ഇരുവശത്തുനിന്നും കൂട്ടത്തോടെ വെടിവെപ്പ് തുടങ്ങി. ഇതോടെ അവർ പിൻവാങ്ങി. തുടർന്ന് പുകബോംബെറിഞ്ഞ് അതിെൻറ മറവിൽ സ്റ്റോക്സ് മോർട്ടാർ പീരങ്കികളും ലൂയിസ് മെഷീൻ ഗണ്ണുകളും തയാറാക്കി നിർത്തി. പുകയടങ്ങിയതോടെ ബ്രിട്ടീഷ് സൈന്യത്തിന് നേരെ വന്ന മാപ്പിള പോരാളികളെ ഇവ രണ്ടും ഉപയോഗിച്ച് വെടിവെച്ചിടുകയായിരുന്നു. എന്നാൽ, പാടത്തിനരികിലെ വീടുകളിൽ നിലയുറപ്പിച്ച് സൈന്യത്തിന് നേരെ വെടിയുതിർത്ത മാപ്പിള പോരാളികൾ ബ്രിട്ടീഷുകാർക്ക് വലിയ നാശനഷ്ടമാണുണ്ടാക്കിയത്.
ഇൗ വീട്ടിൽനിന്നുള്ള വെടിയേറ്റ് ഗുരുതര പരിക്കുകളോടെയാണ് എ.എസ്.പി ലങ്കാസ്റ്റർ മരിച്ചതെന്ന് ഡി.എസ്.പി ഹിച്ച്കോക്ക് പറയുന്നു. ഇൗ വീട്ടിൽ നിലയുറപ്പിച്ച പോരാളികളെ തുരത്താനുള്ള ശ്രമത്തിനിടെയാണ് വൂസ്നാം, മക്ഗൊനിഗൽ ഉൾപ്പെടെയുള്ള സൈനികർക്ക് പരിക്കേറ്റത്. ഒടുവിൽ മണിക്കൂറുകൾ നീണ്ട െവടിവെപ്പിനുശേഷം മുൻ സൈനികനായ ഡാലിയുടെ നേതൃത്വത്തിലാണ് ആ വീട്ടിലുള്ള പോരാളികളെ കീഴടക്കാനായത്. ലെയിൻസ്റ്റർ റെജിമെൻറ് തലവൻ മക്എൻറോയി തലനാരിഴക്കാണ് കൊല്ലപ്പെടുന്നതിൽനിന്ന് രക്ഷപ്പെട്ടത്. മക്എൻറോയിയുടെ തലവെട്ടിവീഴ്ത്താനോങ്ങിയ മാപ്പിള പോരാളിയെ പ്രൈവറ്റ് റയാൻ എന്ന സൈനികൻ ബയണറ്റ് കൊണ്ട് കുത്തിയതിനാലാണ് ക്യാപ്റ്റന് ജീവൻ തിരികെ കിട്ടിയത്.
ഇൗ പോരാട്ടത്തിൽ പ്രൈവറ്റ് റയാന് ഗുരുതര പരിക്കേറ്റു. ലോകത്തെ അന്നത്തെ ഒന്നാമത്തെ സൈനിക ശക്തിയായ ബ്രിട്ടെൻറ കൈയിലുള്ള അത്യന്താധുനിക ആയുധങ്ങളോട് അഞ്ചുമണിക്കൂറോളം യുദ്ധം ചെയ്ത ശേഷമാണ് മാപ്പിള പോരാളികൾ പരാജയം സമ്മതിച്ചത്. ബ്രിട്ടീഷ് സൈന്യത്തിെൻറ ഒരു ലോറിയും 35 സൈക്കിളുകളും (സ്പെഷൽ ഫോഴ്സിെൻറ 20ഉം ബാക്കി 15ഉം) ഉപേക്ഷിച്ചാണ് അവർക്ക് യുദ്ധക്കളം വിട്ടുപോകേണ്ടിവന്നത്.
അജ്ഞാതയായ മാപ്പിള സ്ത്രീ പോരാളി
ഒരുപക്ഷേ, രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷ് സൈന്യത്തോട് നേരിട്ട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ച ഏക മലയാളി വനിത പൂക്കോട്ടൂർ യുദ്ധത്തിലെ അജ്ഞാതയായ ആ മാപ്പിള സ്ത്രീരത്നമായിരിക്കണം. പുരുഷ വേഷം കെട്ടിയാണ് ആ ധീരവനിത അടർക്കളത്തിലിറങ്ങിയത്. പുരുഷവേഷത്തിൽ മരിച്ചുകിടന്ന അവരുടെ മൃതദേഹം സംശയം തോന്നിയതിനെ തുടർന്ന് പരിശോധന നടത്തിയ റോയൽ ആർമി മെഡിക്കൽ കോർപ്സിലെ ക്യാപ്റ്റൻ സള്ളിവനും സംഘവുമാണ് അത് ഒരു സ്ത്രീയാണെന്ന് സാക്ഷ്യപ്പെടുത്തിയത്. സ്ത്രീമുന്നേറ്റം മുതൽ മാപ്പിള സ്ത്രീകളുടെ 'പിന്നാക്കാവസ്ഥ' വരെയുള്ളവ സംബന്ധിച്ച നമ്മുടെ മുഴുവൻ വാർപ്പു മാതൃകകളെയും പൊളിച്ചുകളയുന്ന ചരിത്ര സന്ദർഭമാണിത്.
പൂക്കോട്ടൂർ യുദ്ധനായകനായ വടക്കുവീട്ടിൽ മമ്മദ് ഉൾപ്പെടെ 257 പേരാണ് മാപ്പിളപക്ഷത്തുനിന്ന് രക്തസാക്ഷികളായതെന്ന് മൃതദേഹങ്ങൾ മറവുചെയ്യാൻ നേതൃത്വം നൽകിയവരുടെ വാമൊഴികളെയും എ.കെ. കോഡൂർ, കെ.കെ. മുഹമ്മദ് അബ്ദുൽ കരീം, കെ. കോയട്ടി മൗലവി തുടങ്ങിയവരുടെ പുസ്തകങ്ങളെയും അവലംബിച്ച് നിഗമനത്തിലെത്താവുന്നതാണ്. ഏകദേശം 300നും 350നും ഇടയിൽ ആളുകളാണ് പൂക്കോട്ടൂർ യുദ്ധത്തിൽ പെങ്കടുത്തതെന്ന് പൂക്കോട്ടൂരിൽനിന്നുള്ള ഖിലാഫത്ത് നേതാക്കളിലൊരാളായ കാരാട്ട് മൊയ്തീൻകുട്ടി ഹാജിയുടെ സാക്ഷിമൊഴിയിലുണ്ട്.
അതേസമയം, ബ്രിട്ടീഷ് പക്ഷത്ത് എത്ര സൈനികർ കൊല്ലപ്പെട്ടുവെന്നതിന് വ്യക്തമായ കണക്കില്ല. ലങ്കാസ്റ്ററുൾപ്പെടെ മൂന്നുപേർ കൊല്ലപ്പെടുകയും 12 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ബ്രിട്ടീഷ് സർക്കാറിെൻറ ഒൗദ്യോഗിക കണക്ക്. ഇത് കള്ളമാണെന്ന് അന്നേ ആരോപണമുയർന്നിരുന്നു. യുദ്ധത്തിന് ദൃക്സാക്ഷികളായവരടക്കം ഇത് തള്ളിപ്പറഞ്ഞിരുന്നു. കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ബ്രിട്ടീഷ് അധികൃതർ സത്യസന്ധമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് എ.കെ. കോഡൂർ, കെ.കെ. മുഹമ്മദ് അബ്ദുൽ കരീം, കെ. കോയട്ടി മൗലവി എന്നിവർ നേരത്തേ ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന വിവരങ്ങൾ അന്ന് അമേരിക്കൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്ന നിർണായക വിവരങ്ങൾ പുതിയ കാലത്ത് ലഭ്യമായിട്ടുണ്ട്. മറ്റൊരു ലോകശക്തിയായി വളർന്നുകൊണ്ടിരുന്ന അമേരിക്കയിലെ പത്രങ്ങൾക്ക് ബ്രിട്ടീഷ് ഭാഷ്യം അപ്പടി വിഴുങ്ങേണ്ട സാഹചര്യമില്ലാതിരുന്നതിനാലും മലബാറിലേക്ക് സ്വന്തം ലേഖകരെ അയച്ച് വിവരങ്ങൾ തേടാൻ സാഹചര്യമുണ്ടായിരുന്നതിനാലുമാണ് മാപ്പിള പോരാളികൾക്കുമുന്നിൽ ബ്രിട്ടീഷ് സൈന്യം അേമ്പ തകർന്നുപോയതിെൻറ വിവരങ്ങൾ േലാകത്തിന് ലഭ്യമായത്.
പൂക്കോട്ടൂർ യുദ്ധം കഴിഞ്ഞ് നാലാം ദിവസം (1921 ആഗസ്റ്റ് 29ന്) അമേരിക്കയിലെ ന്യൂയോർക് സംസ്ഥാനത്തെ ബഫലോ നഗരത്തിൽ നിന്നുള്ള 'ബഫലോ ടൈംസ്', പെൻസൽവേനിയ സംസ്ഥാനത്തെ യോർകിൽ നിന്നുള്ള 'ദ യോർക് ഡെസ്പാച്ച്' പത്രങ്ങൾ ഒന്നാം പേജിലും മസാചൂസറ്റ്സ് തലസ്ഥാനമായ ബോസ്റ്റണിൽ നിന്നുള്ള 'ബോസ്റ്റൺ ഗ്ലോബ്' പത്രത്തിെൻറ രണ്ടാം പേജിലും പ്രസിദ്ധീകരിച്ച വാർത്തകൾ പ്രകാരം പൂക്കോട്ടൂർ യുദ്ധത്തിൽ ഒേട്ടറെ യൂറോപ്യന്മാർ കൊല്ലപ്പെട്ടതായും ലെയിൻസ്റ്റർ റെജിമെൻറിലെ 70 പട്ടാളക്കാരെയും 17 ഇന്ത്യൻ പൊലീസുകാരെയും കാണാതായതായും വ്യക്തമാകുന്നു. പിറ്റേന്ന് (1921 ആഗസ്റ്റ് 30ന്) പെൻസൽവാനിയയിലെ വിൽക്സ് ബാരിയിൽനിന്നിറങ്ങിയ 'വിൽക്സ് ബാരി റെക്കോഡ്' പത്രത്തിെൻറ ഒന്നാം പേജിലും സമാനമായ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
അതേസമയം, ആഗസ്റ്റ് 31ന് ആസ്ട്രേലിയയിലെ സിഡ്നിയിൽനിന്നുള്ള 'സിഡ്നി മോണിങ് ഹെറാൾഡ്' പത്രം ബ്രിട്ടീഷ് ഒൗദ്യോഗിക ഭാഷ്യമനുസരിച്ച് എ.എസ്.പി ലങ്കാസ്റ്റർ ഉൾപ്പെടെ രണ്ടു സൈനികർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട് ചെയ്തത്. പൂക്കോട്ടൂർ യുദ്ധത്തിൽ മാപ്പിളമാരായ മുൻ പൊലീസുകാരും മുൻ സൈനികരും പെങ്കടുത്തതായി ലണ്ടനിൽനിന്നുള്ള 'ഇന്ത്യൻ വിദഗ്ധരെ' ഉദ്ധരിച്ച് സിഡ്നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതുൾപ്പെടെ പൂക്കോട്ടൂർ യുദ്ധത്തെ കുറിച്ച മൂന്നു വാർത്തകളാണ് ആ ദിവസത്തെ സിഡ്നി മോണിങ് ഹെറാൾഡ് പത്രത്തിലുണ്ടായിരുന്നത്. മാപ്പിള പക്ഷത്ത് 700 പേർ കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ പത്രങ്ങളും 400 പേരെന്ന് ആസ്ട്രേലിയൻ പത്രവും റിപ്പോർട്ട് ചെയ്തു.
പുതിയ കാലത്ത് ലഭ്യമായ ഇൗ വിവരങ്ങളും പൂക്കോട്ടൂർ യുദ്ധത്തിലെ ദൃക്സാക്ഷികളുടെ വിവരണങ്ങളും മുന്നിൽവെച്ച് പരിേശാധിക്കുേമ്പാൾ ചില നിഗമനങ്ങളിലെത്താനാകും:
1. പൂക്കോട്ടൂർ യുദ്ധത്തിൽ ലെയിൻസ്റ്റർ റെജിമെൻറിലെ 70 സൈനികരും 17 പൊലീസുകാരും കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. പൂക്കോട്ടൂർ യുദ്ധം കഴിഞ്ഞ് പല ലോറികളിലായി പരിക്കേറ്റവരെയും മരിച്ചവരെയും കോഴിക്കോട് വെസ്റ്റ്ഹില്ലിലേക്ക് കൊണ്ടുവരുന്നത് താൻ കണ്ടതായി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിെൻറ സഹപ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായ ചാവക്കാട് സ്വദേശി എ. മുഹമ്മദ് 'സ്വാതന്ത്ര്യസമര ചിന്തകൾ' എന്ന പുസ്തകത്തിൽ പറയുന്നതിനെ ഇൗ റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. 'ചരിത്രം തിളക്കുന്ന പൂക്കോട്ടൂർ' എന്ന പുസ്തകത്തിലുള്ള പൂക്കോട്ടൂർ യുദ്ധത്തിന് ദൃക്സാക്ഷിയായ തോട്ടുങ്ങൽ കുഞ്ഞാലൻകുട്ടിയുടെ വാമൊഴിയെയും ഇത് സാധൂകരിക്കുന്നു. രണ്ടു ബസ് നിറയെ ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവം കയറ്റിക്കൊണ്ടുപോയതായാണ് കുഞ്ഞാലൻ കുട്ടിയുടെ മൊഴിയിലുള്ളത്. രണ്ട് ബസ് എന്ന അദ്ദേഹത്തിെൻറ മൊഴി 87 മൃതദേഹങ്ങൾ കൊണ്ടുപോയിരിക്കാമെന്നതിനെ സാധൂകരിക്കുന്നതാണ്.
2. യുദ്ധം കഴിഞ്ഞ് പൂക്കോട്ടൂരിൽനിന്ന് മലപ്പുറത്തേക്ക് വരുന്നതിനിടെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട ലങ്കാസ്റ്ററടക്കമുള്ള മൂന്നു പേരുടെ കണക്ക് മാത്രമാണ് ഒൗദ്യോഗിക രേഖകളിലുള്ളതെന്ന് ഇതുപ്രകാരം അനുമാനിക്കേണ്ടിവരും. (ലങ്കാസ്റ്റർ കൊല്ലപ്പെട്ടത് ഇങ്ങനെയാണെന്ന് പ്രാദേശികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എ.കെ. കോഡൂർ അടക്കമുള്ളവർ രേഖപ്പെടുത്തിയിട്ടുണ്ട്) പൂക്കോട്ടൂരിൽ നിന്ന് തിരിച്ച് കോഴിക്കോേട്ടക്ക് കൊണ്ടുപോയ ആളുകളെ സംബന്ധിച്ച് ഒരു രേഖയും നിലവിൽ ലഭ്യമല്ല.
3. കാണാതായതായി അമേരിക്കൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്ന 87 പേർക്ക് പുറമെ മലപ്പുറത്തേക്ക് വരുന്നതിനിടെ കൊല്ലപ്പെട്ട മൂന്നുപേർ ഉൾപ്പെടെ ബ്രിട്ടീഷ് പക്ഷത്ത് 90 പേർ പൂക്കോട്ടൂർ യുദ്ധത്തിൽ മരണപ്പെട്ടതായി അനുമാനിക്കാവുന്നതാണ്.
3. ഇൗ കണക്ക് പരിഗണിക്കുകയാണെങ്കിൽ ഇൗസ്റ്റ്ഇന്ത്യ കമ്പനിയിൽനിന്ന് ബ്രിട്ടീഷ് സർക്കാർ ഇന്ത്യയുടെ ഭരണം ഏറ്റെടുത്ത ശേഷം നടത്തിയ സൈനിക നീക്കങ്ങളിൽ കനത്ത തിരിച്ചടി നേരിട്ട യുദ്ധമായിരിക്കും പൂക്കോട്ടൂരിലേത്. യുദ്ധത്തിൽ പെങ്കടുത്ത ലെയിൻസ്റ്റർ റെജിമെൻറിലെ 100ൽ 72 പേരും സ്പെഷൽ ഫോഴ്സിലെ 28ൽ 17 പേരും കൊല്ലപ്പെട്ടിരിക്കാം. യുദ്ധത്തിൽ പെങ്കടുത്ത ബ്രിട്ടീഷ് സൈന്യത്തിലെ 70 ശതമാനത്തിലേറെ പേർ കൊല്ലപ്പെട്ട സംഭവം അത്യപൂർവമാണ്.
4. 1918ൽ അവസാനിച്ച ഒന്നാം ലോകയുദ്ധത്തിൽ ഫ്രാൻസിലും ബെൽജിയത്തിലുമായി കൊല്ലപ്പെട്ട ബ്രിട്ടനിൽനിന്നും അവരുടെ കോളനി രാജ്യങ്ങളിൽനിന്നുമുള്ള 2,64,715 സൈനികരിൽ പകുതിയോളം പേരെ അജ്ഞാതരായാണ് മറവുചെയ്തത് എന്നാണ് പുതിയ കാലത്ത് ലഭ്യമാവുന്ന വിവരം. അജ്ഞാതരായി മറവുചെയ്യപ്പെട്ട കോമൺവെൽത്ത് രാജ്യങ്ങളിലെ സൈനികരെ കുറിച്ച് കെവിൻ ഷാനോണിെൻറ 'ദ ലയൺ ആൻഡ് ദ റോസ്' എന്ന പുസ്തക പരമ്പര അന്വേഷിക്കുന്നുണ്ട്. പൂക്കോട്ടൂർ യുദ്ധത്തിൽ പെങ്കടുത്ത ലെയിൻസ്റ്റർ റെജിമെൻറിെൻറ ക്യാപ്റ്റൻ മക്എൻറോയി ഉൾപ്പെടെ സൈനികരിൽ പലരും അയർലൻഡുകാരായിരുന്നുവെന്നതും ഇതോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ്.
മലബാർ വിപ്ലവത്തിന് 100 വർഷം പിന്നിടുന്ന വേളയിൽ നിലവിലുള്ള ചരിത്ര ആഖ്യാനങ്ങളെ പുനർവായിക്കാനും വേട്ടക്കാരായ ബ്രിട്ടീഷുകാരുടെ 'ഒൗദ്യോഗിക രേഖ'കെള മറികടന്ന് കുറെക്കൂടി തെളിച്ചമുള്ള ആഖ്യാനങ്ങളിലെത്തിച്ചേരാനും നമുക്ക് കഴിയേണ്ടതുണ്ട്. രാജ്യം സ്വതന്ത്രമായതിെൻറ 75ാം വാർഷികത്തിലേക്ക് അടുക്കുന്ന ഇൗ സവിശേഷ സാഹചര്യത്തിൽ ചരിത്രത്താൽ നിശ്ശബ്ദരാക്കപ്പെട്ട ഇൗ പോരാളികളെ നാം വീണ്ടെടുക്കേണ്ടതുണ്ട്.
റഫറൻസ്:
1. ആംഗ്ലോ മാപ്പിള യുദ്ധം, എ.കെ. കോഡൂർ
2. Peasant Revolt in Malabar: A History of the Malabar Rebellion, R. H. Hitchcock, Madras 1925
3. ശഹീദ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കെ.കെ. മുഹമ്മദ് അബ്ദുൽ കരീം, െഎ.പി.എച്ച് ബുക്സ്
4. The Malabar Rebellion 1921^1922, GRF Tottanham
5. 1921 മലബാർ ലഹള, കെ. കോയട്ടി മൗലവി
6. മലബാർ കലാപം 1921^22, ഡോ. എം. ഗംഗാധരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.