കെ.എസ്​.ആർ.ടി.സി​ രക്ഷപ്പെടാൻ എത്ര ആത്മഹത്യകൾ വേണം

ഏതാനും ദിവസംമുമ്പാണ്​ സംഭവം. കെ.എസ്​.ആർ.ടി.സി​ കുമളി യൂണിനിലെ ​ ജീവനക്കാരനായ ചെറായി സ്വദേശി വാടക വീട്ടിൽ ആത്മഹത്യക്കു ശ്രമിച്ചു. വീട്ടുടമയുടെ അവസരോചിതമായ ഇടപെടൽ മൂലം ജീവൻ നഷ്ടപെട്ടില്ല. സി.ഐ.ടി.യു അനുകൂല സംഘടനയിൽ അംഗമായ ജീവനക്കാരന്‍റെ ദുരവസ്ഥ കെ.എസ്​.ആർ.ടി.സി​ ജീവനക്കാരുടെ ഗ്രൂപ്പിൽ വന്നു. അതിനടിയിൽ ഒരാളുടെ കമന്‍റ്​ ‘അതിനെന്താ സി.ഐ.ടി.യുക്കാരന്​ ആത്​മഹത്യക്ക്​ ശ്രമിച്ചുകൂടെ’. തൊട്ടുപിന്നാലെ മണ്ണാർകാട്ട് യൂണിറ്റിലെ കണ്ടക്ടർ ആത്മഹത്യ ചെയ്ത വാർത്തയുമെത്തി. കണ്ടും കേട്ടും മടുത്തിട്ടാവാം ആത്​മഹത്യകളും ആയുസെത്താത്ത മരണങ്ങളുമൊക്കെ കെ.എസ്​.ആർ.ടി.സി​ ജീവനക്കാർക്ക്​ ഇപ്പോൾ തമാശ പോലായിട്ടുണ്ട്​. നാളെ തങ്ങളും ഈ വഴിക്ക്​ പോകേണ്ടിവന്നേക്കുമെന്ന ധാരണ സാധാരണ ജീവനക്കാരിൽ ബഹുഭൂരിപക്ഷത്തിനുമുണ്ട്​. മരണത്തിനു മുന്നിലും തോറ്റു​േപായ ജീവനക്കാരന്‍റെ ചോദ്യം മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ധനമന്ത്രിക്കും നേരെയാണ്. ‘‘സ്​കൂൾ തുറക്കുമ്പോൾ ​കെ.എസ്​.ആർ.ടി.സി​ ജീവനക്കാരെൻ്റ മക്കൾ എങ്ങനെ സ്​കൂളിൽ പോകും. എന്തുപറഞ്ഞ് ഞങ്ങൾ മുമ്പാകെ ആശ്വസിപ്പിക്കും. അതിനുപറ്റാത്ത വന്നതുകൊണ്ടാണ് ആത്്മഹത്യക്കു ശ്രമിച്ചത്’’

നിലവിലത്തേതിനേക്കാൾ മോശമായ സാമ്പത്തികാവസ്ഥയിലും 10 മാസം കൃത്യമായി മാസാവസാനം തന്നെ ശമ്പളം നൽകിയ സി.എം.ഡിയായിരുന്നു ടോമിൻ കെ. തച്ചങ്കരി. അദ്ദേഹം സ്ഥാനമൊഴിയുമ്പോൾ പറഞ്ഞ ഒരു കാര്യമുണ്ട്​. ​‘കെ.എസ്​.ആർ.ടി.സി​ യിലെ ജീവനക്കാരുടെ മൊത്തം സാമാന്യ ബോധവും തൊഴിലാളി യൂണിയൻ നേതാക്കൾ സ്വന്തമാക്കിയിരിക്കുകയാണ്. ആതുകൊണ്ടാണല്ലോ കൃത്യമായി ശമ്പളം നൽകിയ തന്നെ യൂണിയൻ നേതാക്കൾ സമരം നടത്തി പുറത്താക്കിയത്. കാത്തിരുന്നു കാണാം’ തച്ചങ്കരി ​കെ.എസ്​.ആർ.ടി.സി​ വിട്ട അന്നു തുടങ്ങി ഒരു മാസം പോലും ജീവനക്കാർക്കു കൃത്യമായി ശമ്പളം കിട്ടിയില്ല.

കഴിഞ്ഞ രണ്ടു വർഷമായി ​കെ.എസ്​.ആർ.ടി.സി​ ജീവനക്കാർക്ക് ഗഡുക്കളായാണ് ശമ്പളം ലഭിക്കുന്നത്​. ആദ്യത്തെ ഗഡു ലഭിക്കുന്നത് തന്നെ 45 ദിവസങ്ങൾക്കു ശേഷമാണ്. ഈ പണത്തിൽ നിന്നും വായ്പ തിരിച്ചടവുകളൊക്കെ കൃത്യമായി പിടിക്കുന്നതിനാൽ മിക്ക ​ജീവനക്കാർക്കും ആദ്യ ഗഡുവിൽ നിന്നൊന്നും വീട്ടിൽ കൊണ്ടുപോകാനാവുന്നില്ല. ചരിത്രത്തിൽ ആദ്യമായി 2024 മാർച്ചിൽ സർക്കാർ ജീവനക്കാരുടെയും ശമ്പളം മുടങ്ങിയിരുന്നു. അന്നു കെ.എസ്​.ആർ.ടി.സി​ യിൽ ശമ്പളം ഗഡുക്കളായിട്ടല്ലെ നൽകുന്നത്. അതിലവർക്കു പ്രതിഷേധമില്ലല്ലോ എന്നതായിരുന്നു സർക്കാർ അനുകൂലികളുടെ ന്യായീകരണം. സംസ്​ഥാന ധനവകുപ്പ് ഈ പ്രതിസന്ധി മുൻകൂട്ടി കണ്ടിരുന്നു. അതുകൊണ്ടാണ് ​കെ.എസ്​.ആർ.ടി.സി​ യിലെ ശമ്പളം വൈകിയാലും ഒന്നിച്ചു നൽകിയിരുന്നത് മാറ്റി രണ്ടു ഗഡുക്കളാക്കിയത്.


വരുമാനക്കുറവല്ല സർക്കാരിന്‍റെ നയപരമായ തീരുമാന പ്രകാരമാണ് കെ.എസ്​.ആർ.ടി.സി​ യിൽ ശമ്പളം മുടക്കുന്നതെന്നുവേണം കരുതാൻ. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിക്കുന്ന സംസ്​ഥാന സർക്കാർ കേന്ദ്രത്തെ പഴിചാരുന്നുണ്ടെങ്കിലും ശമ്പളം കൊടുക്കാനാവാത്തത് സംസ്​ഥാനത്തിെൻ്റ തന്നെ ധനകാര്യ പിടിപ്പുകേടാണെന്നു വ്യക്തം. വരുമാനമുണ്ടായിട്ടും ​കെ.എസ്​.ആർ.ടി.സി​ യിൽ ശമ്പളം സമയത്ത്​ കൊടുക്കാത്തതും ഗഡുക്കളായി നൽകുന്നതും സർക്കാർ ജീവനക്കാർ നേരിടാനിരിക്കുന്ന ‘എന്തോ ഒന്നിന്‍റെ’ മുന്നറിയിപ്പായാണ്​ ധനകാര്യ വിദഗ്​ധർ വിലയിരുത്തുന്നത്​.

കെ.എസ്​.ആർ.ടി.സി​യിലെ ശമ്പള പ്രതിസന്ധിയുടെ കാരണം 30 പേജുകളിൽ വളരെ വിശദമായി ഡബ്ലിയുപിസി 15 353 / 2022 കേസിൽ ​കെ.എസ്​.ആർ.ടി.സി​ ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്​. ഇതുപ്രകാരം മുൻകാലങ്ങളിൽ ​കെ.എസ്​.ആർ.ടി.സി​ യെ നിലനിർത്താൻ സർക്കാർ പണം നൽകാതെ വന്നപ്പോൾ ധനകാര്യ സ്​ഥാപനങ്ങളിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ പ്രതിമാസം 30 കോടി രൂപാ വേണം. ഡീസലിന് പ്രതിമാസം 104 കോടി രൂപ വേണമെന്നും പറയുന്നു. എന്നാൽ 2024 ഏപ്രിലിൽ ഡീസലിനായി ചിലവഴിച്ചത് 98.86 കോടി രൂപാ മാത്രമാണ്​. ഡ്യൂട്ടി സറണ്ടറിന് ഒമ്പതു കോടി, വൈദ്യുതി, വെള്ളം അഞ്ചുകോടി, ശമ്പളത്തിൽ നിന്നുള്ള റിക്കവറി ആറുകോടി. അങ്ങനെ ശമ്പളം കൊടുകാതെ തന്നെ ഒരുമാസത്തെ ചിലവ്​ 165കോടി ഉണ്ടെന്നാണ്​ സത്യവാങ്മൂലത്തിൽ പറയുന്നത്​. യോഗ്യതയില്ലാത്ത എക്സിക്യുട്ടീവ്​ ഡയറക്ടർമാരെ ഒഴിവാക്കി പ്രൊഫഷണലുകളെ നിയമിക്കുമെന്നും കെ.എസ്​.ആർ.ടി.സി ഹൈകോടതിയെ അറിയിച്ചിരുന്നു. കണ്ടക്ടറായും പോളിടെക്​നിക്കിൽ പഠിച്ച്​ മെക്കാനിക്കായും ജോലിയിൽ കയറി എക്സിക്യുട്ടീവ്​ ഡയറക്ടർമാരായി മാറിയവർ തയാറാക്കിയ ഈ കണക്കുകൾ അടിമുടി തെറ്റാണെന്ന്​ ഭരണകക്ഷി യൂണിയൻ നേതാക്കൾ വരെ ആരോപണം ഉയർത്തിയിട്ടുണ്ട്​.

2009 മുതൽ 2022 വരെ 9723.2 കോടി രൂപയാണ്​ സംസ്ഥാന സർക്കാർ കെ.എസ്​.ആർ.ടി.സിക്ക്​ കൊടുത്ത സഹായം. 2021-22 സാമ്പത്തിക വർഷത്തിൽ 2037.51 കോടി രൂപയും, 2022-23 സാമ്പത്തിക വർഷത്തിൽ 1434.81 കോടി രൂപയും, 2023-24 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി വരെ 1379.50 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്​ക്കരണവും, ഇ- ഗവേണൻസും, വാഹന വ്യൂഹങ്ങളുടെ നവീകരണം, വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്, അടിസ്ഥാന സൗകര്യ വികസനവും വർക്ഷോപ്പുകളുടെ നവീകരണവും, ജീവനക്കാർക്കും ഓഫീസർമാർക്കും പരിശീലനം തുടങ്ങി വിവിധ പദ്ധതികളുടെ നടത്തിപ്പിനായി പദ്ധതി വിഹിതമായി 2021-22 സാമ്പത്തിക വർഷത്തിൽ 87.21 കോടി രൂപയും, 2022-23 സാമ്പത്തിക വർഷത്തിൽ 85.14 കോടി രൂപയും 2023-24 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി വരെ 17.82 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ പ്രതിദിന വരുമാനത്തിൽ നിന്നും പെൻഷൻ നൽകാൻ കഴിയാതെ വന്നതോടെ സഹകരണ സ്ഥാപനങ്ങളുടെ കൺസോർഷ്യത്തിൽ നിന്നും പണം വാങ്ങി പെൻഷൻ നൽകുന്നുണ്ട്​. ഈ തുക പലിശ ഉൾപ്പെടെ സർക്കാർ തന്നെ മടക്കി നൽകുകയും ചെയ്യുന്നുണ്ട്​. ഇതിനുപുറമെ കിഫ്​ബിയിൽ നിന്നുള്ള ധനസഹായം, പദ്ധതി വിഹിതത്തിൽ ബസുകൾ വാങ്ങുന്നതിനുള്ള പണം, സ്മാർട്​ സിറ്റി പദ്ധതിപ്രകാരം വാങ്ങിയ ഇലക്​ട്രിക്​ ബസുകൾ എന്നിവയൊക്കെ കെ.എസ്​.ആർ.ടി.സിക്കാണ്​ ഗണം ചെയ്യുന്നത്​.

തൊഴിലാളി യൂണിയനുകൾ പുറത്തുവിട്ട കണക്കനുസരിച്ച്​ 2024 ഏപ്രിലിൽ ​കെ.എസ്​.ആർ.ടി.സി​ യിലെ ടിക്കറ്റ് വരുമാനം 164 കോടി രൂപയായിരുന്നു. ഏപ്രിൽ മാസത്തിൽ ശമ്പളം നൽകാൻ വേണ്ടത് 82 കോടി രൂപ മാത്രവും. ഡീസൽ പ്രതിമാസ ചിലവ് 70 കോടി, സ്​പെയർപാർട്ടിന് 10 കോടി, ആകെ വേണ്ടത് 162 കോടി ഇതൊന്നും കൂടാതെ പരസ്യ ഇനത്തിലും കെട്ടിട വാടക ഇനത്തിലും ഡീസൽ പമ്പുകൾ പ്രവർത്തിപ്പിക്കുന്നതിൽ നിന്നും ലഭിക്കുന്ന വരുമാനം വേറെ. എന്നിട്ടാണ്​ ശമ്പളം നൽകുന്നതിന്​ കോർപറേഷൻ വിമുഖത കാണിക്കുന്നത്​.


ഇരുപതിനായിരത്തോളം ജീവനക്കാരും നാൽപത്തിരണ്ടായിരത്തോളം പെൻഷൻകാരും ആയിരക്കണക്കിനുകോടിയുടെ വാർഷിക സാമ്പത്തിക ഇടപാടുകളുമുള്ള സംസ്​ഥാനത്തെ ഏറ്റവും വലിയ പൊതുമേഖല സ്​ഥാപനമായ ​കെ.എസ്​.ആർ.ടി.സി​ യിൽ ഒരു ചാർട്ടേർഡ് അക്കൗണ്ടന്‍റിനെ ബിജു പ്രഭാകർ സി.എം.ഡിയായിരിക്കെ നിയമിച്ചുവെങ്കിലും കടുത്ത എതിർപ്പാണ്​ നേരിടേണ്ടി വന്നത്​. 2024 ജനുവരിയിൽ ബിജുപ്രഭാകർ രാജിവച്ചതിെൻ്റ തൊട്ടടുത്ത ദിവസം നോട്ടീസ്​ പോലും നൽകാതെ ഇവരുടെ സേവനം ​കെ.എസ്​.ആർ.ടി.സി​ അവസാനിപ്പിച്ചു.

​കെ.എസ്​.ആർ.ടി.സി​ യിലെ പരിഷ്​ക്കാരങ്ങളൊക്കെ സുശീൽ ഖന്ന റിപ്പോർട്ടിനെ അടിസ്​ഥാനമാക്കിയാണെന്ന് സ്​ഥാനത്തും അസ്​ഥാനത്തും പറയുമ്പോഴും യോഗ്യതയില്ലാത്ത ഉദ്യോഗസ്​ഥരെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്​ഥാനത്തു നിന്നും ഒഴിവാക്കി െപ്രാഫഷണൽസിനെ നിയമിക്കണമെന്ന നിർദേശം നടപ്പാക്കാനാവുന്നില്ല. പുതിയ ഗതാഗത മന്ത്രി സ്ഥാനമേറ്റതിനൊപ്പം ​കെ.എസ്​.ആർ.ടി.സി​ യിൽ ഉണ്ടായിരുന്ന വിദഗ്ദരുടെയൊക്കെ പണിപോയി. മാത്രമല്ല യോഗ്യതയില്ലാത്ത രണ്ടു പേരെ എക്സിക്യൂട്ടീവ് ഡയറക്ടറാക്കുകയും ചെയ്തു.

കെ.എസ്​.ആർ.ടി.സി​ യിൽ െപ്രാഫഷണലിസം കൊണ്ടുവരുവാനായി കൊണ്ടുവന്ന നാല്​ ​കെ.എ.എസുകാരിൽ ഒരാൾ നിർത്തിപ്പോയി. ബാക്കി മൂന്നു പേരും എന്നു വേണമെങ്കിലും തിരിച്ചു പോകാം. പോളിടെക്നിക്​ യോഗ്യതയുള്ളവരും മിനിസ്റ്റീരിയൽ, കണ്ടക്ടർ വിഭാഗത്തിൽ നിന്നു വന്നവരുമൊക്കെയായ എക്സിക്യൂട്ടീവ് ഡയറക്ടർമാർക്ക്​ കീഴിലായിരിക്കും ​കെ.എ.എസുകാർ എന്നു ഉത്തരവിറങ്ങിയിരുന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ പിൻവലിക്കേണ്ടിവന്നു.

മുഴുവൻ ശമ്പളവും ലഭിക്കാത്ത ​കെ.എസ്​.ആർ.ടി.സി​ ജീവനക്കാരെ സഹായിക്കാൻ ​കോർപറേഷനുള്ളിൽ തന്നെ ‘മീറ്റർ പലിശക്കാർ’ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്​ എന്നതാണ്​ ഏക ആശ്വാസം. 48 മുതൽ 72 ശതമാനംപലിശ വരെ നിലവിൽ ഇവർ ഈടാക്കുന്നുണ്ട്​. സ്കൂൾ തുറക്കുന്നതോടെ പലിശക്കാരെ ആശ്രയിക്കാതെ മുന്നോട്ടുപോകാൻ ഒരു കെ.എസ്​.ആർ.ടി.സി ജീവനക്കാരനും കഴിയാത്ത സാഹചര്യമാണ്​. ഇത്​ ഒരു തരത്തിൽ കെ.എസ്​.ആർ.ടി.സി മേധാവികൾക്ക്​ സഹായകരമാണ്​. കാരണം ഇനിയുള്ള ആത്മഹത്യകൾ ശമ്പളം കിട്ടാത്തതിനാവില്ല മറിച്ച്​ പലിശക്കാരുടെ ഭീഷണി മൂലമായിരിക്കും. ശമ്പളം കിട്ടാത്തതിനാൽ ജീവനക്കാർ ആത്മഹത്യ ചെയ്തുവെന്ന പഴി ഇനി മേധാവികൾക്ക്​ നേരിടേണ്ടിവരില്ല.

Tags:    
News Summary - How many death are needed to save KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT