കോഹ്ലിയും കൂട്ടരും തോറ്റു പുറത്തായ ലോക കപ്പ് ക്രിക്കറ്റിൻെറ സെമി ഫൈനലിൽ ഇന്ത്യക്കു ം ന്യുസിലൻഡിനുമിടയിൽ ഒരൊറ്റ വ്യത്യാസമേയുണ്ടായിരുന്നുള്ളു. ഗെയിം പ്ലാൻ. ന്യൂസിലൻഡിന് അതുണ്ടായിരുന്നു. ഇന്ത ്യ മറന്നു പോവുകയും ചെയ്തു.
1983ൽ ലോഡ്സിൽ വെസ്റ്റിൻഡീസിനെതിരെ ലോക കപ്പ് ക്രിക്കറ്റിൻെറ ഫൈനൽ കളിക്കാനെ ത്തുമ്പോൾ കപിൽ ദേവിനും സംഘത്തിനും ക്രിക്കറ്റ് തമ്പ്രാക്കന്മാർക്കിടയിൽ കാര്യമായ മേൽവിലാസമൊന്നുമില്ലായി രുന്നു. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 183 റൺസിൽ ചുരുട്ടിക്കെട്ടിയത് ചില്ലറ ടീമായിരുന്നില്ല. ആൻഡി റോബർട ്ട്സ്, ജോയൽ ഗാർനർ, മാൽകം മാർഷൽ, മൈക്കൽ ഹോൽഡിങ് എന്നീ ബൗളിങ് പ്രതിഭാസങ്ങളായിരുന്നു. പിച്ചിൽ നിന്ന് തീ പറത്തിയിരുന്ന അതിവേഗ രാജാക്കന്മാർ.
ഗോർഡൻ ഗ്രീനിഡ്ജ്, ഡെസ്മണ്ട് ഹെയ്ൻസ്, വിവിയൻ റിച്ചാർഡ്സ്, ക്ലൈവ് ലോയ്ഡ്, ലാരി ഗോംസ് എന്നീ വിഖ്യാത ബാറ്റ്സ്മാൻമാർ നയിക്കുന്ന സംഘത്തിന് ഉപ്പു നോക്കാൻ പോലും തികയുമായിരുന്നില്ല ഇന്ത്യ തട്ടിക്കൂട്ടി മുന്നിൽ വെച്ച 184 റൺസ് ലക്ഷ്യം.
ബൗൾ ചെയ്യാൻ മൈതാനത്തിറങ്ങുന്നതിനു മുമ്പ് ക്യാപ്റ്റൻ കപിൽ ദേവ് കൂട്ടുകാരോട് പറഞ്ഞത് ഒരൊറ്റ കാര്യം. ‘പന്തു കണ്ടാൽ പറന്നു വീഴുക. നഷ്ടപ്പെടാൻ നമുക്കൊന്നുമില്ല. ഇവിടുന്ന് മടങ്ങുമ്പോൾ നമ്മുടെ കൈയിൽ ലോക കപ്പുണ്ടാവണം’. അതായിരുന്നു കപിലിൻെറ ചെകുത്താന്മാരുടെ ഗെയിം പ്ലാൻ. സ്കോർ ബോർഡിൽ അഞ്ച് റൺസെത്തിയപ്പോൾ മുതൽ ഗെയിം പ്ലാൻ നടപ്പിലായി തുടങ്ങി. ഓഫ് സ്റ്റംപിനു പുറത്തുനിന്ന് കട്ട് ചെയ്തു കയറിയ ബൽവിന്ദർ സിങ് സന്ധുവിൻെറ പന്തിൽ ഗ്രീനിഡ്ജിൻെറ കുറ്റിയിളക്കി തുടങ്ങിയ ആ പ്ലാനിങ് മൈക്കിൾ ഹോൾഡിങ്ങിനെ മൊഹീന്ദർ സിങ് അമർനാഥ് വിക്കറ്റിനു മുന്നിൽ കുരുക്കുന്നതുവരെ സുന്ദരമായി നീണ്ടപ്പോൾ ലോഡ്സിൻെറ ബാൽക്കണിയിൽ ക്ലൈവ് ലോയ്ഡിനു ശേഷം ലോക കിരീടമുയർത്തുന്ന ആദ്യ കളിക്കാരനായി കപിൽ ദേവ്. വിവിയൻ റിച്ചാർഡ്സ് ഉയർത്തിയടിച്ച പന്ത് 20 വാര പിന്നിലേക്ക് ഓടി കൈപ്പിടിയിലൊതുക്കിയ കപിൽ തന്നെ ഗെയിം പ്ലാൻ മുന്നിൽ നിന്ന് നടപ്പാക്കി.
മാഞ്ചസ്റ്റർ പ്ലാൻ
ഈ ലോക കപ്പിൽ അത്യൂജ്ജല ഫോമിൽ കളിക്കുന്ന രോഹിത് ശർമ, ലോകേഷ് രാഹുൽ, വിരാട് കോഹ്ലി എന്നിവർക്ക് അനായാസം എത്തിപ്പിടിക്കാവുന്ന സ്കോറായിരുന്നു ഓൾഡ് ട്രാഫോഡിൽ കിവീസ് ഉയർത്തിയ 240 റൺസെന്ന ലക്ഷ്യം. ചെറിയ സ്കോറിൽ കിവീസിനെ ചുരുട്ടിയ അമിത ആത്മവിശ്വാസത്തിൽ ഗെയിം പ്ലാനിനെ കുറിച്ചൊന്നും കോഹ്ലി ഓർത്തതേയില്ലെന്ന് തോന്നുന്നു. ലോഡ്സിൽ പണ്ട് ഇന്ത്യയെ 183ൽ ഒതുക്കിയ കവിഞ്ഞ ആത്മവിശ്വാസവുമായി ബാറ്റിങ്ങിനിങ്ങിയ കരീബിയൻ പടയ്ക്ക് പറ്റിയ അതേ അമളി.
കെയ്ൻ വില്ല്യംസണും കൂട്ടർക്കും കൃത്യമായ പദ്ധതിയുണ്ടായിരുന്നു. നാലാമത്തെ ഓവറിൽ വെറും അഞ്ച് റൺസിന് മൂന്നുപേർ കരയ്ക്കെത്തിയപ്പോൾ ഇന്ത്യയുടെ കാര്യം ഏതാണ്ട് തീരുമാനമായതാണ്. കണ്ണടച്ച് തുറക്കും മുമ്പ് മൂന്നു വിക്കറ്റ് വീണപ്പോൾ എന്തെങ്കിലും ഗെയിം പ്ലാൻ കോഹ്ലിയുടെ മനസ്സിലുണ്ടായിരുന്നുവെങ്കിൽ ദിനേഷ് കാർത്തിക്കായിരുന്നില്ല ഇറങ്ങേണ്ടിയിരുന്നത്. മഹേന്ദ്ര സിങ് ധോണി തന്നെയായിരുന്നു. കാർത്തിക്കും മടങ്ങിയപ്പോഴെങ്കിലും ധോണി ഇറങ്ങേണ്ടതായിരുന്നു. കാരണം, ടീമിലെ ഏറ്റവും പരിചയ സമ്പന്നനായ കളിക്കാരനാണ് ധോണി. ഇത്തരം സാഹചര്യങ്ങളിൽ കൂളായി ബാറ്റേന്തി പരാജയത്തിൽ നിന്ന് നിരവധി മത്സരങ്ങൾ ഇന്ത്യൻ കീശയിലെത്തിച്ച പരിചയമുള്ള ടീമിലെ ഏകയാൾ. അനായാസ ജയങ്ങളെപ്പോലും തട്ടിമുട്ടിച്ച് അവസാന ഓവറിലെ ചങ്കിടിപ്പിലെത്തിച്ച് വിജയം തട്ടിപ്പറിക്കുന്നതിൽ ഹരം കൊണ്ടിരുന്നയാൾ. പക്ഷേ, ആ ധോണി ഇപ്പോഴില്ലെന്ന് ഏറ്റവും കടുത്ത ധോണി ആരാധകർ പോലും സമ്മതിക്കും.
കൂടുതൽ പന്തുകൾ കളിച്ച് അവസാനം സ്ട്രൈക്ക് റേറ്റ് നൂറു കടത്തുന്ന ധോണി ഇപ്പോഴുമുണ്ട്. അയാൾക്ക് കൂടുതൽ സമയം നൽകിയിരുന്നെങ്കിൽ മറുവശത്തെ ആവേശക്കമ്മിറ്റിക്കാരായ ഋഷഭ് പന്തിനും ഹർദിക് പാണ്ഡ്യക്കും സമ്മർദമില്ലാതെ കളിക്കാനാവുമായിരുന്നു. 2011ൽ വാങ്കഡെയിലെ ആ ഫൈനൽ ഓർമയില്ലേ...? നാലാം നമ്പറിൽ ഇറങ്ങി അവസാന നുവാൻ കുലശേഖരയെ സിക്സിന് പറത്തി ഇന്ത്യൻ വിജയം ഉറപ്പിച്ചത് ധോണിയായിരുന്നുവെന്ന് ഓർക്കുക...
ട്വൻറി 20 പ്രേതം
ഈ ലോക കപ്പ് തുടങ്ങുന്നതിനു മുമ്പ് വയസ്സൻ കുതിരയായ ധോണിയെ ടീമിൽ നിലനിർത്തി പടക്കുതിരയായ ഋഷഭ് പന്തിനെ പുറത്തിരുത്തിയതിൽ ഏറെ വിമർശനമുയർന്നിരുന്നു. ശിഖർ ധവാന് പരിക്കേറ്റപ്പോഴാണ് റിസർവ് ടീമിൽ നിന്ന് പന്ത് ലോക കപ്പ് ടീമിൽ കടന്നു കൂടിയത്. എന്നിട്ടും, വിജയ് ശങ്കറിനും പരിക്കേറ്റപ്പോഴാണ് കളിക്കാനിറങ്ങിയത്.
എന്തുകൊണ്ട് പന്തിനെ ആദ്യ 14ൽ ഉൾപ്പെടുത്തിയില്ല എന്ന ചോദ്യത്തിന് ഈ സെമി ഫൈനലിലെ കളി സാക്ഷ്യപത്രമാണ്. ഉറച്ചുനിന്ന് കളിക്കേണ്ട സമയത്ത് അനാവശ്യ ഷോട്ടിലൂടെ വിക്കറ്റ് വലിച്ചെറിയുന്ന ശീലം ഐ.പി.എല്ലിൽ നിരവധി തവണ പന്ത് കാഴ്ചവെച്ചിട്ടുണ്ട്. ഇത് ട്വൻറി 20 അല്ലെന്ന ബോധ്യത്തിലേക്ക് ഇനിയും പന്തിന് എത്താനായിട്ടില്ല. ‘ഇത്തിരിക്കൂടി മൂക്കണം’ എന്ന കാരണവർ ചൊല്ല് 21കാരനായ പന്ത് ശരിവെച്ചു. അതുകൊണ്ടാണ് സാൻഡ്നറുടെ പന്തിൽ അനാവശ്യ ഷോട്ടിൽ പുറത്താകുമ്പോൾ കുപിതനായി ഡ്രസിങ് റൂമിൽനിന്ന് കോഹ്ലി ഗാലറിയിലേക്ക് ഇറങ്ങിവന്നത്. ആ വരവിൽ കൈയിൽ കിട്ടിയിരുന്നെങ്കിൽ കോഹ്ലി പന്തിനെ പഞ്ഞിക്കിട്ടേനെ എന്നുപോലും തോന്നിപ്പിച്ചു. ലോക കപ്പിൽ അരങ്ങേറിയ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും പന്ത് ഇതുതന്നെയാണ് കാണിച്ചത്.
അതേ ട്വൻറി 20 ബാധയിലൂടെയായിരുന്നു ഹർദിക് പാണ്ഡ്യയുടെയും മടക്കം. 62 പന്തിൽ നിന്ന് 32 റൺസ് എന്നത് പാണ്ഡ്യയെ സംബന്ധിച്ച് ആലോചിക്കാൻ പോലും കഴിയാത്തൊരു സ്ട്രൈക് റേറ്റാണ്. പതിവിന് വിപരീതമായി ക്ഷമാപൂർവം പാണ്ഡ്യ ഉറച്ചുനിന്ന് പൊരുതുകയാണെന്ന് തോന്നിപ്പിച്ച നിമിഷമാണ് ഐ.പി.എൽ ബാധിച്ചത്. വിക്കറ്റ് വലിച്ചെറിഞ്ഞ് പാണ്ഡ്യ രംഗംവിട്ടപ്പോൾ സമ്മർദം മുഴുവൻ ധോണിക്കു മുകളിലായി. അതേസമയം, ഒട്ടും സമ്മർദമില്ലാതെ കളിച്ചത് ജദേജയാണ്.
സഞ്ജയ് മഞ്ജ്രേക്കറെ കുറിച്ചല്ലാതെ മറ്റൊന്നും ജദേജയ്ക്ക് ആലോചിക്കാനില്ലായിരുന്നു. ഓരോ പന്തിലും അയാൾ മഞ്രേക്കറെ കണ്ടു. ‘അല്ലറ ചില്ലറ കളിക്കാരൻ’ എന്ന ആക്ഷേപമോർത്തു. അങ്ങനെ ടോപ് സ്കോററുമായി. തോൽവിയിൽനിന്ന് ജയിച്ചേക്കുമെന്ന തോന്നലുമുണ്ടാക്കി.
ഒരറ്റത്ത് ക്ഷമാപൂർവം ഉറച്ചുനിന്നുവെന്ന് ധോണിയെ ന്യായീകരിക്കുമ്പോഴൂം പരിചയ സമ്പന്നനായ ധോണിക്ക് സിംഗിളുകളാക്കി മാറ്റാമായിരുന്ന നിരവധി ബോളുകളാണ് ആവശ്യമില്ലാതെ മുട്ടി ക്രീസിൽ വെച്ചതെന്നതും മറക്കരുത്. അധികം പന്ത് ചെലവഴിക്കാതെ ചാർജായി നിൽക്കുന്ന ബാറ്റ്സ്മാന് സ്ട്രൈക് റൊട്ടേറ്റ് ചെയ്യാൻ ധോണിക്ക് ചൊല്ലിക്കൊടുക്കേണ്ടതില്ല. അയാൾ അധികം തട്ടിമുട്ടിയ 22 പന്തുകളിൽ ഇന്ത്യ അർഹിച്ച വിജയം കൂടിയുണ്ട്. ആ റണ്ണൗട്ട് സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നുവെന്ന് സമാശ്വസിക്കാനേ ഇനി വകയുള്ളു.
പണ്ട് അസ്ഹറുദ്ദീനും അജയ് ജദേജയും സുന്ദരമായി ഇൗ സ്ട്രൈക് റൊട്ടേഷൻ നടത്തിയിരുന്നത് ഓർമവരുന്നു.
ജസ്പ്രീത് ബുംറയും യുസ്വേന്ദ്ര ചഹലുമൊഴികെ മറ്റുള്ളവരെല്ലാം ബാറ്റിങ്ങിൽ തിളങ്ങുന്നവരാണെന്നിരിക്കെ എന്തെങ്കിലുമൊരു ഗെയിം പ്ലാൻ കാഴ്ചവെക്കാൻ കോഹ്ലിക്ക് കഴിഞ്ഞില്ല.
ഫീൽഡിങ്ങിൽ പലപ്പോഴും ധോണിയും രോഹിതും കോഹ്ലിയെ തുണയ്ക്കുന്നത് മൈതാനത്തിൽ കാണുന്ന പതിവ് കാഴ്ചയാണ്. ബൗണ്ടറി ലൈനിൽ ധൈര്യപൂർവം കോഹ്ലിക്ക് ഫീൽഡ് ചെയ്യാനാവുന്നത് 30 യാർഡ് സർക്കിളിനുള്ളിൽ ധോണിയും രോഹിതുമുണ്ടെന്ന വിശ്വാസം തന്നെയാണ്. പക്ഷേ, ബാറ്റിങിനിറങ്ങുമ്പോൾ ലൈനപ്പ് നിർണയിക്കാൻ ക്യാപ്റ്റൻ തന്നെ തീരുമാനമെടുക്കണം. കോഹ്ലിക്ക് അതായില്ല. ഫൈനലിൽ എത്തേണ്ടിയിരുന്ന ഒരു ടീമിനെ, രാജ്യത്തെ നിരാശയിലാഴ്ത്തിയതിൻെറ ഉത്തരവാദിത്തം കൂടിയുണ്ട് കോഹ്ലിക്ക്. കളിക്കളത്തിൽ പക്വമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത ക്യാപ്റ്റനാണ് കോഹ്ലിയെന്ന കഗീസോ റബദയെ പോലുള്ളവരുടെ വിമർശനത്തെ തള്ളിക്കളയാനുമാവില്ലെന്ന് സെമി ഫൈനലിലെ തോൽവി ശരിവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.