വലിയ മാറ്റങ്ങളാണ് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദംകൊണ്ട് ഈ നാട് മറ്റൊന്നായി മാറിയിരിക്കുന്നു എന്നതാണ് വാസ്തവം. സാംസ്കാരികമേഖലയിൽ, വിദ്യാഭ്യാസമേഖലയിൽ, മനുഷ്യാവകാശത്തിൽ, ജനാധിപത്യത്തിന്റെ അർഥങ്ങളിൽ, സാമൂഹികതയുടെ മാനങ്ങളിൽ, കലയിൽ, സിനിമയിൽ, വിദേശനയത്തിൽ, സാമ്പത്തികനയങ്ങളിൽ, സെൻസർഷിപ്പിൽ, എക്സിക്യൂട്ടിവ്-ജുഡീഷ്യറി ബന്ധങ്ങളിൽ.
ന്യൂനപക്ഷാവകാശങ്ങൾ മനസ്സിലാക്കുന്നതിൽ, നിർവചിക്കുന്നതിൽ, ദലിത് രാഷ്ട്രീയത്തോടുള്ള സമീപനത്തിൽ, അന്വേഷണ ഏജൻസികളുടെ സമീപനത്തിൽ, അവരോടുള്ള കോടതിയുടെയും സർക്കാറിന്റെയും കാഴ്ചപ്പാടുകളിൽ, ദേശീയതയുടെ അർഥത്തിൽ, മാനങ്ങളിൽ, സർക്കാർ വിമർശനത്തിന്റെ അതിരുകൾ നിശ്ചയിക്കുന്നതിൽ, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ, ഭരണഘടനയും പാർലമെന്റും തമ്മിലെ ബന്ധത്തിൽ, നിയമങ്ങൾ നിർമിക്കുന്നതിലും നിർവചിക്കുന്നതിലുമുള്ള അധികാരക്രമങ്ങളിൽ എല്ലാമെല്ലാം അഭൂതപൂർവമായ മാറ്റങ്ങൾ ഉണ്ടായിക്കഴിഞ്ഞു. ഇന്ത്യ പഴയ ഇന്ത്യയേയല്ല എന്ന പരമാർഥം ഏതാണ്ടെല്ലാവരും ഉൾക്കൊണ്ടുകഴിഞ്ഞിരിക്കുന്നു.
കർഷകസമരവും സി.എ.എ വിരുദ്ധസമരവുംപോലെ പൊട്ടിത്തെറികൾ ഇനിയും ഉണ്ടാവാം. പക്ഷേ, അവയുടെ രാഷ്ട്രീയത്തെ നിലനിർത്തുന്നതിനും വികസിപ്പിക്കുന്നതിനും കഴിയുന്ന ആഭ്യന്തര ജനാധിപത്യഘടനകൾ ശിഥിലീകരിക്കപ്പെട്ടിരിക്കുന്നു.
മനുഷ്യാവകാശ പ്രവർത്തകർ സർക്കാർ നിലപാടുകളെ, വിശേഷിച്ച് ആഭ്യന്തരരാഷ്ട്രീയത്തോടുള്ള സർക്കാർ സമീപനങ്ങളെ, ജാഗ്രതയോടെ നിരീക്ഷിച്ചിരുന്ന, ചങ്കൂറ്റത്തോടെ വിമർശിച്ചിരുന്ന, സമൂഹത്തിലെ എപ്പോഴും തുറന്നമിഴികളായി നിന്നിരുന്നകാലം ഏതാണ്ട് പൂർണമായും ഇല്ലാതായിരിക്കുന്നു.
അതിനു സാധ്യതയൊരുക്കിയിരുന്ന ഒരു സ്വതന്ത്ര ജനാധിപത്യ സിവിൽസമൂഹം പഴയ ആത്മശക്തിയോടെ ഇന്ന് നിലനിൽക്കുന്നുണ്ടോ? പൊരുതുന്ന, വിമർശിക്കുന്ന സിവിൽസമൂഹം തന്നെയല്ലേ മനുഷ്യാവകാശ പ്രവർത്തകരോടൊപ്പം പ്രതിക്കൂട്ടിലായത്? പൊതുമണ്ഡലം യാഥാസ്ഥിതിക സവർണവലതുപക്ഷം ഏതാണ്ട് പൂർണമായും സ്വയം പതിച്ചെടുത്തിരിക്കുന്നു.
പാർശ്വവത്കൃതരുടെ ശബ്ദങ്ങൾ ഉയർന്നുകേട്ടിരുന്ന പൊതുമണ്ഡലം ഇന്ന് അത്തരം ഇടപെടലുകളുടെ സാംഗത്യംതന്നെ ചോദ്യംചെയ്യുന്ന ഭരണകൂടത്തിന്റെ ഇക്കോ ചേംബറായി മാറുകയാണ് എന്നു പറഞ്ഞാൽ അതിശയോക്തിയല്ല. പാർശ്വവത്കൃതർക്കും ന്യൂനപക്ഷങ്ങൾക്കും അനുകൂലമായ നിലപാടുകൾ എടുക്കുന്ന ഒരു കലാസാംസ്കാരിക ചരിത്രംതന്നെ അപ്രത്യക്ഷമാവുകയാണ്. അത്തരം നാടകങ്ങളും കലയുംപോലും ആൾക്കൂട്ട സെൻഷ്വറും ഭരണകൂടവിലക്കും നേരിടുമെന്നുള്ള ഭീതിയും വ്യാപകമാണ്.
പാഠപുസ്തകത്തിലെ ഭാഗങ്ങൾ എടുത്തുമാറ്റപ്പെടുന്നതും പ്രതിപക്ഷ മുഖ്യമന്ത്രിമാർക്കും സർക്കാറുകളിലെ മന്ത്രിമാർക്കും വിദേശയാത്രാനുമതി നിഷേധിക്കപ്പെടുന്നത് നിശ്ശബ്ദമായി അവഗണിക്കപ്പെടുന്നത്, കേരളാസ്റ്റോറികൾ അവയുടെ അവാസ്തവികതക്കപ്പുറം പരക്കെ ശ്ലാഘിക്കപ്പെടുന്നത്, മണിപ്പൂർ സംസ്ഥാനത്തെ ഭൂരിപക്ഷവംശത്തിനെ എസ്.ടി സംവരണത്തിലേക്കുകൊണ്ടുവരുന്നതിനെതിരെയുള്ള ഗോത്രസമരത്തെ ചോരയിൽ ആഴ്ത്തുന്നത് തുടങ്ങി ഏതു സമീപകാല സംഭവങ്ങളെടുത്താലും അവയെല്ലാം മാറുന്ന ഇന്ത്യയിലെ പുതിയ ഭരണയുക്തിയുടെ പരീക്ഷണങ്ങൾ കൂടിയായി മനസ്സിലാക്കപ്പെടേണ്ടിവരുന്നു എന്നതാണ് പ്രധാനം.
വിദ്യാർഥികളുടെ പഠനസൗകര്യത്തിനുവേണ്ടി എന്നനിലയിൽ എടുത്തു മാറ്റപ്പെടുന്ന പാഠഭാഗങ്ങൾക്ക് എങ്ങനെയാണ് ചില പൊതുസ്വഭാവങ്ങൾ ഉണ്ടാവുന്നത്? അത് ഭരണകൂടത്തിന്റെതന്നെ നിലപാടുകളുടെ സാധൂകരണം കൂടിയാവുന്നത്? അവയെല്ലാം ഒരു സവർണ യാഥാസ്ഥിതികത്വത്തിന്റെ ദീർഘകാലവിമർശനങ്ങൾക്ക് വിധേയമായിട്ടുള്ള അധ്യായങ്ങളും ചരിത്രരേഖകളുമാവുന്നത്?
മുഖ്യമന്ത്രിക്ക് വിദേശയാത്രാനുമതി നിഷേധിക്കുന്നത് ആദ്യസംഭവമല്ല എന്നെനിക്കറിയാം. അർജുൻ മുണ്ട, തരുൺ ഗൊഗോയ് എന്നിവർക്ക് യു.പി.എ കാലത്തു കൃത്യമായ പ്രോട്ടോക്കോൾ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിദേശയാത്രാ വിലക്ക് ഉണ്ടായിട്ടുണ്ട്. എന്നാൽ, ഒരു സെമിനാറിൽ പങ്കെടുക്കാനുള്ള കെജ്രിവാളിന്റെ സിംഗപ്പൂർ യാത്രയുടെ കാര്യത്തിൽ എന്ത് പ്രോട്ടോക്കോളാണ് ലംഘിക്കപ്പെട്ടത് എന്ന് അദ്ദേഹംതന്നെ നിരന്തരം ചോദിക്കുകയും വിമർശിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ആദ്യം ചൈനയിലേക്കുള്ള യാത്രാവിലക്കാണ് മമത ബാനർജി നേരിട്ടത്. തുടർന്ന് റോമിൽ ഒരു ലോകസമാധാന സമ്മേളനത്തിലും ഷികാഗോയിലെ ഹിന്ദുസമ്മേളനത്തിലും പങ്കെടുക്കാൻ ബംഗാൾ മുഖ്യമന്ത്രിക്ക് വിലക്ക് ഏർപ്പെടുത്തിയതു പരക്കെ വിമർശിക്കപ്പെട്ടിരുന്നു.
കേരളമുഖ്യമന്ത്രിയുടെ കാര്യത്തിൽ കൃത്യമായ വിശദീകരണങ്ങൾ ഉണ്ടായോ എന്ന് അറിയില്ല. ഒരു പ്രോട്ടോക്കോൾ വിശദീകരണം മാധ്യമങ്ങളിൽ വായിച്ചിരുന്നു. അതിന്റെ മറുപുറം വിശദീകരിക്കപ്പെട്ടിട്ടില്ല. പ്രതിഷേധവും കണ്ടിട്ടില്ല. എന്നാൽ, നിരന്തരമായ വിലക്കുകൾ ഉണ്ടാവുന്നത്, ഉദാഹരണത്തിനു, കടകംപള്ളി സുരേന്ദ്രന്റെ ചൈനയാത്രക്കും വെള്ളപ്പൊക്കഫണ്ടിനായുള്ള കേരളമന്ത്രിമാരുടെ യാത്രക്കും വിലക്കുണ്ടായത്, ഇവയെല്ലാം കേവലം ഒറ്റപ്പെട്ട സംഭവങ്ങളാണോ എന്ന ചോദ്യം തീർച്ചയായും ഉയർത്തുന്നുണ്ട്.
ഇതൊരു വലിയ മാറ്റമായാണ് ഞാൻ കാണുന്നത്. പുതിയ ഭരണയുക്തിയുടെ നിയന്ത്രണമാതൃക രാജ്യസുരക്ഷയെ മുമ്പുള്ളതിൽനിന്നും വ്യത്യസ്തമായി നിർവചിക്കുന്നതാണ്. ഈ ബുള്ളീയിങ്ങിനു സംസ്ഥാനം നിശ്ശബ്ദമായി വഴങ്ങേണ്ടിവരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
മുൻകാലത്തും കേരളസ്റ്റോറികൾ അന്താരാഷ്ട്രതലത്തിൽ അങ്ങേയറ്റം പ്രസാദാത്മകമായി അവതരിപ്പിക്കപ്പെട്ടിരുന്നവയാണ്. കേരളമാതൃക എന്നത് എഴുപതുകൾ മുതൽ ലോകശ്രദ്ധ ആകർഷിച്ചിരുന്നു. ഈ കേരളമാതൃകാ സങ്കൽപത്തിന് അടിസ്ഥാനമായി, അതിന്റെ ചരിത്രമായി ഉയർന്നുവന്നതാണ് ഇന്ന് കേരളത്തിൽ വ്യാപകമായിട്ടുള്ള നവോത്ഥാന വ്യവഹാരംതന്നെ. അതിൽ അവാസ്തവികതകൾ ചിലപ്പോഴൊക്കെ ഉണ്ടായിട്ടുണ്ട്.
ഉള്ളതിൽ കൂടുതൽ പ്രസാദാത്മകത പരത്താനും കേരളീയ സമൂഹത്തിലെ ചില അടിസ്ഥാനപ്രശ്നങ്ങൾ തമസ്കരിക്കാനും ശ്രമങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, കേരളം സാമൂഹികപരിഷ്കരണത്തിന്റെയും അവകാശസമരങ്ങളുടെയും തീഷ്ണമായ ചരിത്രാനുഭവത്തിലൂടെ കടന്നുവന്നതിന്റെ അടിസ്ഥാനത്തിലുണ്ടായ സാമൂഹികരൂപവത്കരണത്തിന് ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ചു നിർണായകമായ ചില മെച്ചങ്ങൾ ഉണ്ടായിരുന്നു.
അയ്യങ്കാളി വെട്ടിത്തുറന്ന ഡെമോക്രാറ്റിക് പബ്ലിക്നെസ് എന്ന ആശയത്തിന്റെ വിപുലീകരണമായിരുന്നു പ്രധാനമായും കേരളത്തിന്റെ ഈ നേട്ടങ്ങൾക്കു പിന്നിലെ ചാലകശക്തി.
2003ൽ എസ്. സഞ്ജീവും ഈ ലേഖകനും ചേർന്ന് എഡിറ്റ് ചെയ്ത കേരളത്തിലെ വികസനചർച്ചയെക്കുറിച്ചുള്ള പുസ്തകത്തിന് പേരു നൽകിയതുതന്നെ ‘കഥ ഇതുവരെ’ എന്നായിരുന്നു (ടി.ടി. ശ്രീകുമാർ, എസ് സഞ്ജീവ്, എഡിറ്റേഴ്സ്, കഥ ഇതുവരെ: കേരള വികസന സംവാദങ്ങൾ, ഡി.സി. ബുക്സ്). കാരണം, കേരളത്തിന് സ്വാഭാവികമായും ലോകത്തോട് വ്യത്യസ്തമായ സാമൂഹിക പരിണാമത്തിന്റെ കഥപറയാൻ ഉണ്ടായിരുന്നു എന്നതായിരുന്നു.
ഈ കേരളാസ്റ്റോറി വിമർശിക്കപ്പെട്ടിട്ടുണ്ട്. ആ വിമർശനങ്ങൾ അതിന്റെ ആന്തരിക വൈരുധ്യങ്ങളെക്കുറിച്ചുള്ള സാർഥകമായ വിലയിരുത്തലുകളായിരുന്നു. അതിന്റെ കൃത്രിമമായ കെട്ടുറപ്പിനെ, അതിന്റെ ക്ഷതസാധ്യതകളെ നിഷേധിക്കുന്ന സമഗ്രാധിപത്യ സമീപനത്തെയൊക്കെ ചൂണ്ടിക്കാട്ടുന്നതായിരുന്നു.
എന്നാൽ, ഇതിനെതിരെ ഒരു അസഹിഷ്ണുതകൂടി പലതലങ്ങളിൽ വികസിച്ചുവന്നിരുന്നു. കേരളത്തിലെ ശൂദ്രാധിപത്യ സവർണതയുടെ ഭാഗത്തുനിന്നുള്ളതായിരുന്നു ആ അസഹിഷ്ണുത. അതിന്റെ പ്രശ്നം കേരളമാതൃക ആയിരുന്നില്ല, കേരളമാതൃകയിൽപ്പോലും ഉൾപ്പെടാതെ പുറത്തേക്കു വലിച്ചെറിയപ്പെട്ടവരായ ദലിത്-ന്യൂനപക്ഷ വിഭാഗങ്ങൾ സ്വന്തംനിലയിൽ നേടുന്ന മുന്നേറ്റങ്ങളായിരുന്നു.
ദലിത് രാഷ്ട്രീയത്തെ, ന്യൂനപക്ഷത്തുള്ളവരുടെ സാമ്പത്തികവളർച്ചയെ വെറുപ്പോടെയും വിദ്വേഷത്തോടെയും കാണുന്ന സവർണ മേൽക്കോയ്മയുടെ ഭൂതാതുരതകളിൽ അഭിരമിക്കുന്ന സമീപനമായിരുന്നു അതിന്റെ അന്തസ്സത്ത. ഇപ്പോൾ പുറത്തിറങ്ങിയ കേരളാസ്റ്റോറി എന്ന സിനിമ പാൻ-ഇന്ത്യൻ ഹിന്ദുത്വം ശൂദ്രാധിപത്യ സവർണതയുടെ അജണ്ടയും അതിന്റെ പ്രൊപഗണ്ടയും ഏറ്റെടുത്തതിന്റെ ഏറ്റവും മൂർത്തമായ ഉദാഹരണമാണ്.
മണിപ്പൂർ പ്രതിസന്ധി ഈ പുതിയ ഇന്ത്യൻ സ്റ്റോറിയുടെ മറ്റൊരു അധ്യായമാണ്. ജനസംഖ്യയിൽ 53 ശതമാനമുള്ള, അധികാരത്തിന്റെ എല്ലാതലങ്ങളിലും പ്രാതിനിധ്യമുള്ള മെയ്ത്തിവിഭാഗത്തിന് എസ്.ടി സംവരണം ഏർപ്പെടുത്തണമെന്ന കോടതി നിർദേശവും 40 ശതമാനം വരുന്ന കുക്കി-നാഗ ആദിവാസി ജനവിഭാഗങ്ങൾ പാർക്കുന്ന കാടുകളും മലകളും റിസർവ് വനമായി പ്രഖ്യാപിച്ച് അവരെ അവിടെനിന്ന് കുടിയിറക്കുന്നതും പുനരധിവാസത്തിന് നടപടികളൊന്നും സ്വീകരിക്കാതിരിക്കുന്നതും വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
നിയമവിരുദ്ധമായ കെട്ടിടങ്ങൾ എന്നാരോപിച്ചു പള്ളികൾ നശിപ്പിച്ചും ജീവസന്ധാരണംതന്നെ അസാധ്യമാക്കുന്ന ആദിവാസിവിരുദ്ധ നയങ്ങൾ സ്വീകരിച്ചും മെയ്ത്തി ഭൂരിപക്ഷ ബി.ജെ.പി സർക്കാർ നടത്തുന്നത് വംശീയാക്രമണമാണെന്നാണ് ക്രൈസ്തവ-ആദിവാസി വിഭാഗങ്ങൾ ആരോപിച്ചിട്ടുള്ളത്. ഇതിനെതിരെയുള്ള പ്രക്ഷോഭമാവട്ടെ രൂക്ഷമായി അടിച്ചമർത്തപ്പെടുകയാണ്.
സാങ്കൽപിക കേരളാസ്റ്റോറിയും സങ്കൽപത്തിനും അതീതമായ മണിപ്പൂർ സ്റ്റോറിയും മതവിഭാഗീയതയുടെ വിദ്വേഷം മുറ്റുന്ന പുതിയ ഇന്ത്യൻ സ്റ്റോറികൾ തന്നെയാണ്. ഇതിന്റെ പുതിയ പുതിയ എപ്പിസോഡുകൾക്കായി ആവേശപൂർവം കാത്തിരിക്കുന്ന ഒരു പ്രേക്ഷകസമൂഹമാണ് മതവിഭാഗീയ രാഷ്ട്രീയത്തിലൂടെ മുൻകൂർ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ദൃശ്യഹിംസയുടെ ഇന്ത്യൻ സ്റ്റോറികൾ ആ പ്രേക്ഷകകൂട്ടത്തിന്റെ പരനിന്ദാത്മകവും പരപീഡനപരവുമായ ആനന്ദമായി മാറിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.