ബി.ജെ.പി ദേശീയവക്താവായിരിക്കെ നൂപുർ ശർമ നടത്തിയ പ്രവാചകനിന്ദ പരാമർശങ്ങൾക്കെതിരായ പ്രതിഷേധങ്ങളുടെ പേരിൽ യു.പി പ്രയാഗ് രാജിലെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ ജാവേദ് മുഹമ്മദ് ജയിലിലടക്കപ്പെട്ടിട്ട് വർഷം പിന്നിടുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി നിയമപോരാട്ടം നടത്തുന്ന വിദ്യാർഥി നേതാവായ മകൾ അഫ്രീൻ ഫാത്തിമയുമായി സംസാരിച്ച് ആർട്ടിക്ൾ14 മാനേജിങ് എഡിറ്റർ ബേത്വാ ശർമ തയാറാക്കിയ ദീർഘ ലേഖനത്തിന്റെ സംഗ്രഹം
കരുതൽ തടവിൽ കഴിയുന്ന തന്നെ യു.പി പൊലീസ് മറ്റൊരു കേസിൽ കൂടി പ്രതിചേർത്തിരിക്കുന്നുവെന്ന് പിതാവ് ജാവേദ് മുഹമ്മദ് ഫോണിലൂടെ പറയുമ്പോൾ അഫ്രീൻ ഫാത്തിമയുടെ മനസ്സിൽ രോഷം ഇരച്ചു കയറിയിരുന്നു. എന്നാൽ, ഇന്ത്യൻ നീതിന്യായവ്യവസ്ഥയുമായി നടത്തിയ ഒരു വർഷത്തെ ഇടപെടൽകൊണ്ട് അത്തരം രോഷങ്ങളെ നിയന്ത്രിക്കാൻ ശീലിച്ചിരിക്കുന്നു ഈ 25കാരി.
‘എനിക്ക് പൊടുന്നനെ ദേഷ്യവും രോഷവും വരുമായിരുന്നു, ഉടൻ പ്രതികരിക്കാൻ തോന്നുമായിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് കൂടുതൽ ക്ഷമ കൈവന്നിരിക്കുന്നു. ഞാനെന്റെ പിതാവിനെപ്പോലെ ആയെന്ന് തോന്നുന്നു’-അറസ്റ്റ് ഒരു വർഷം പിന്നിടവെ ഫോണിൽ സംസാരിക്കുമ്പോൾ അഫ്രീൻ ഫാത്തിമ പറഞ്ഞു.
ഇന്ത്യൻ നീതിന്യായവ്യവസ്ഥയിൽ വലിയ വിശ്വാസം കാത്തുസൂക്ഷിച്ചയാളാണ് ജാവേദ് മുഹമ്മദ് (57). സാമൂഹിക നീതി-മനുഷ്യാവകാശ പ്രശ്നങ്ങളിൽ കോടതിയെ സമീപിക്കുന്ന അദ്ദേഹം ചില വിജയങ്ങളും സ്വന്തമാക്കിയിരുന്നു. നഗരത്തിൽ മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടിയാലോചനക്കും മാധ്യസ്ഥ്യത്തിനുമായി പതിവായി സമീപിക്കുന്ന അദ്ദേഹത്തിന്റെ അറസ്റ്റ് സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്തു.
മുസ്ലിം ഖബർസ്ഥാനിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കാനും പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിർത്തിവെക്കാനുമുൾപ്പെടെ വിവിധ വിഷയങ്ങളിൽ അധികൃതരുമായി ചേർന്നു പ്രവർത്തിച്ചയാളാണദ്ദേഹം; സമുദായത്തിലെ ചിലരിൽ നിന്ന് അതിന്റെ പേരിൽ അനിഷ്ടവും സമ്പാദിച്ചു. കേന്ദ്രത്തിൽ 2014ലും യു.പിയിൽ 2017ലും അധികാരത്തിലേറിയ ബി.ജെ.പിയുടെ ഹിന്ദുത്വ സർക്കാറുകളിൽ നിന്ന് മുസ്ലിംകൾ നേരിടേണ്ടി വരുന്ന പീഡനങ്ങൾക്കെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചുകൊണ്ടിരുന്നു. പിതാവിനേക്കാൾ ശക്തയായ ഭരണകൂട വിമർശകയായിരുന്നു വിദ്യാർഥി നേതാവായ അഫ്രീൻ ഫാത്തിമ, പക്ഷേ പിതാവിന്റെ മോചനത്തിനായുള്ള പോരാട്ടം അവർക്ക് പുതിയ അറിവുകളും ഉൾക്കാഴ്ചകളും നൽകിയിരിക്കുന്നു.
അറസ്റ്റും ഇടിച്ചുനിരത്തലും
നൂപുർ ശർമയുടെ പ്രവാചകനിന്ദ പരാമർശത്തിനെതിരായ വിഷയത്തെച്ചൊല്ലി ഉയർന്ന പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് പ്രയാഗ് രാജിൽ കുഴപ്പങ്ങൾക്ക് തിരികൊളുത്തിയെന്നാരോപിച്ചാണ് ജാവേദ് മുഹമ്മദ് ഉൾപ്പെടെ ഭരണകൂട വിമർശകരും പൗരത്വ സമരസംഘാടകരുമായ ആളുകളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന്റെ അടുത്തനാൾ ജൂൺ 12ന് അനധികൃത നിർമിതിയെന്നാരോപിച്ച് ഭാര്യക്കും സഹോദരിക്കും പെൺമക്കൾക്കുമൊപ്പം ജാവേദ് താമസിച്ചുപോന്ന വീട് നഗരസഭാധികൃതർ ഇടിച്ചു നിരത്തി. നടപടിക്രമങ്ങൾ പാലിക്കാതെയാണ് വീട് തകർത്തത് എന്നു കാണിച്ച് കുടുംബം അലഹബാദ് ഹൈകോടതിയെ സമീപിച്ചു. യോഗി ആദിത്യനാഥിന് കീഴിൽ നിയമബാഹ്യ ശിക്ഷ നടപടികൾ നടപ്പാക്കി വരുന്ന ഘട്ടത്തിലായിരുന്നു ജാവേദിന്റെ വീട് ബുൾഡോസർ കയറ്റി തകർത്തതും.
പ്രയാഗ് രാജിലെ ആക്രമണങ്ങളുടെ സൂത്രധാരർ എന്ന് ആരോപിക്കപ്പെട്ട ആളുകൾക്കെതിരെ തെളിവുകളില്ല എന്ന് കഴിഞ്ഞ ജൂലൈയിൽ ആർട്ടിക്ൾ14 റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പേരിൽ പൊലീസ് കുറ്റാരോപിതനാക്കിയ നിയമവിദ്യാർഥി ഉമർ ഖാലിദ് പ്രയാഗ് രാജിൽ സംഭവങ്ങൾ നടക്കുമ്പോൾ അഅ്സംഗഢിൽ ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഫേസ്ബുക്ക് ലൈവ് നൽകുകയായിരുന്നു.
ജാവേദ് മുഹമ്മദിന്റെ കാര്യം നോക്കുക. അധികൃതരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബി.ജെ.പി വക്താവിന്റെ പരാമർശത്തിന്റെ പേരിൽ തെരുവിലിറങ്ങരുതെന്നും വീടുകളിലിരിക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്ത് ജൂൺ 10ന് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു അദ്ദേഹം.
ജാവേദിന്റെ വീട് പൊളിക്കുന്ന കാഴ്ചകൾ മാധ്യമപ്രവർത്തകർ ശ്വാസംവിടാൻ പോലും സമയമെടുക്കാതെ സമ്പൂർണ ലൈവ് കവറേജായാണ് ജനങ്ങളിലെത്തിച്ചത്. എന്നാൽ അടുത്ത ദിവസം അവശിഷ്ടങ്ങളിൽ നിന്ന് 12-ബോർ പിസ്റ്റളും 315-ബോർ പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തതായി പൊലീസ് ആരോപിച്ചു. വീട്ടിൽ നിന്ന് നീക്കം ചെയ്ത വസ്തുക്കൾ എല്ലാവരും കാൺകെ സംപ്രേക്ഷണം ചെയ്തതാണെന്നും ആ സമയം പൊലീസ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.
ദുരുപയോഗിക്കാൻ മാത്രം ഒരു നിയമം
ഇന്ത്യൻ ശിക്ഷ നിയമപ്രകാരം അഞ്ച് കേസുകൾ ചുമത്തിയതിന് പുറമെ കഴിഞ്ഞ ജൂലൈയിൽ ജാവേദിനെ ദേശീയ സുരക്ഷനിയമ പ്രകാരം കരുതൽ തടവിലിടാനും ഉത്തരവ് വന്നു. അത് അലഹബാദ് ഹൈകോടതിയിൽ ചോദ്യം ചെയ്തിരിക്കുകയാണ് കുടുംബം. ഭരണകൂടം നാല് തവണ ദീർഘിപ്പിച്ച കരുതൽ തടങ്കൽ ഉത്തരവിന്റെ കാലാവധി ജൂലൈ 15ന് അവസാനിക്കുമെന്ന് ഫാത്തിമ പറഞ്ഞു. ഒരാളെ ഒരു കുറ്റവും ചുമത്താതെ 12 മാസം വരെ തടങ്കലിൽവെക്കാൻ ദേശീയ സുരക്ഷനിയമം വഴി സാധിക്കും. ദേശീയ സുരക്ഷനിയമം നിരന്തരം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം യു.പി സർക്കാറിനെതിരെ നിലനിൽക്കുന്നുണ്ട്. ഈ വർഷം ഏപ്രിൽ 11 ന് റവന്യൂ കുടിശ്ശിക തിരിച്ചുപിടിക്കാനെന്ന പേരിൽ ദേശീയ സുരക്ഷനിയമം ചുമത്തി ഒരു മുസ് ലിം രാഷ്ട്രീയ നേതാവിനെ തടങ്കലിൽവെച്ചതിന് യു.പി സർക്കാറിനെ വിമർശിക്കുകയും നടപടി റദ്ദാക്കുകയും ചെയ്തിരുന്നു സുപ്രീംകോടതി.
മുസ്ലിംകൾ, ദലിതുകൾ, സർക്കാർ നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തുന്നവർ എന്നിവർക്ക് നേരെ യു.പി സർക്കാർ നടത്തുന്ന നിയമ ദുരുപയോഗം അവസാനിപ്പിക്കണമെന്ന് ഒരുകൂട്ടം മുൻ സിവിൽ സർവിസ് ഉദ്യോഗസ്ഥർ രണ്ടു വർഷം മുമ്പ് ആവശ്യപ്പെട്ടിരുന്നു. ദേശീയ സുരക്ഷ നിയമപ്രകാരം തടവിലാക്കാനുള്ള 120 ഉത്തരവുകളിൽ 94 എണ്ണം മൂന്നു വർഷത്തിനിടെ അലഹബാദ് ഹൈകോടതി റദ്ദാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയ സുരക്ഷ നിയമപ്രകാരം തടവിലാക്കിയ ഉത്തരവ് കോടതി റദ്ദാക്കിയാൽ പോലും ജാവേദ് മുഹമ്മദ് മോചിതനാവില്ല. ജൂൺ 10ന് നടന്ന അക്രമത്തിൽ പൊതുമുതലുകൾ നശിപ്പിക്കപ്പെട്ടതുൾപ്പെടെ മൂന്നു കേസുകൾ കൂടി ഈ വർഷം മേയ് മാസത്തിൽ അദ്ദേഹത്തിന്റെ പേരിൽ ചാർത്തിയിട്ടുണ്ട്. അജ്ഞാത വ്യക്തികൾ എന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരുന്ന കേസുകളാണ് ജാവേദിന് മേൽ ചുമത്തപ്പെട്ടത്. ഏത് കുതന്ത്രം പ്രയോഗിച്ചും അദ്ദേഹത്തെ ജയിലിൽ കുരുക്കിയിടാനുള്ള സർക്കാറിന്റെ ശ്രമമാണ് ഇതിൽ തെളിഞ്ഞു കാണുന്നതെന്ന് അഭിഭാഷകൻ ഫർമാൻ നഖ്വി ചൂണ്ടിക്കാട്ടുന്നു. ഇതിനകം ഒരു കേസിൽ ജില്ല കോടതി ജാമ്യം അനുവദിച്ചു, മറ്റു രണ്ടു കേസുകളിൽ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ജാമ്യം തേടി അലഹബാദ് ഹൈകോടതിയെ സമീപിക്കാനിരിക്കെയാണ് ജാവേദ്.
ഇന്നലെകളിലെ വീട്
ഭരണകൂടം മണ്ണോടു ചേർത്ത വീട്ടിൽനിന്ന് ഏറെ അകലെയല്ലാത്ത ഒരു വാടകവീട്ടിലാണ് ഉമ്മക്കും അനുജത്തിക്കുമൊപ്പം അഫ്രീൻ ഫാത്തിമ ഇപ്പോൾ താമസം. ഒരു വർഷത്തിനിടെ അസുഖങ്ങളും പ്രായാധിക്യവും മൂലം അമ്മായിയും ഉമ്മാമ്മയും വല്ല്യുപ്പയും ഇഹലോകവാസം വെടിഞ്ഞു. പിതാവിന്റെ ഖബറടക്കത്തിൽ പങ്കുചേരാനായിപ്പോലും ജയിലിൽ നിന്ന് വരാൻ ജാവേദിന് അനുമതി ലഭിച്ചില്ല.
അന്ന് അഫ്രീൻ പറഞ്ഞു: സങ്കടങ്ങളും ആഘാതങ്ങളുമെല്ലാം നിറഞ്ഞ ഒരു വർഷമാണ് പിന്നിട്ടത്. നഷ്ടങ്ങളും ദുഃഖ വേദനകളും മൂലം പിന്തിരിഞ്ഞു പോകാതെ തല ഉയർത്തിപ്പിടിച്ചു നിൽക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഞങ്ങൾ അബുവിനു (പിതാവിന്) വേണ്ടിയും അദ്ദേഹം ഞങ്ങൾക്കുവേണ്ടിയും അത് ചെയ്യുന്നു.
തകർക്കപ്പെട്ട വീടിനരികിലൂടെ നടന്നു പോകുമ്പോൾ ആ തെരുവിൽ അനുഭവിക്കുന്ന അപരിചിതത്വത്തെക്കുറിച്ച് സംസാരിക്കവെ അഫ്രീന് വികാരമടക്കാനാവുന്നില്ല: ഞാൻ കളിച്ചു വളർന്ന ഇടമാണത്. പക്ഷേ, ഞങ്ങളിവിടെ ജീവിച്ചിരുന്നു എന്ന് സങ്കൽപിക്കുന്നതുപോലും അയഥാർഥമാണെന്ന് തോന്നിപ്പോകുന്നു. വല്യുപ്പയുടെ ഖബറടക്കത്തിൽ പങ്കെടുക്കാൻ പിതാവിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഞാൻ സമീപിക്കാത്ത ഉദ്യോഗസ്ഥരില്ല. മനുഷ്യപ്പറ്റ് എത്രമാത്രം വറ്റിപ്പോയിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തി ആ അനുഭവം. ഈ മനുഷ്യത്വ രാഹിത്യം വ്യക്തിപരമായ തലത്തിലാണ് എനിക്ക് അനുഭവപ്പെടുന്നത്. ഏതോ വലിയ ക്രിമിനലിനെപ്പോലെ പിതാവിനെ ജയിലിൽ മാറ്റിയാണിരുത്തുന്നത്. മാധ്യമങ്ങൾ അദ്ദേഹത്തെക്കുറിച്ച് തോന്നിയതെല്ലാം എഴുതുന്നു. അഭിഭാഷകർ ഉൾപ്പെടെ പലർക്കും ഞങ്ങളെ കാണാനോ ഫോണെടുക്കാനോ താൽപര്യമില്ല. ഒരുപാട് കാര്യങ്ങൾ മാറിപ്പോയിരിക്കുന്നു. പക്ഷേ, ഞങ്ങൾ ധൈര്യം സംഭരിച്ച് അതിജീവിക്കാനുള്ള ശ്രമത്തിലാണ്. ഹതാശരാകാനും ഭരണകൂട നീക്കങ്ങളാൽ പിന്തിരിയപ്പെടാതിരിക്കാനുമായി ചെറുത്തുനിൽക്കാൻ നോക്കുകയാണ് ഞങ്ങൾ.
ഇല്ല, നിശ്ശബ്ദയാവില്ല
ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ലിംഗ്വിസ്റ്റിക്സിൽ (ഭാഷാശാസ്‌ത്രം) എം.എ പൂർത്തിയാക്കിയ അഫ്രീന് പിതാവിന്റെ അറസ്റ്റും വീടിന്റെ അവസ്ഥയുമെല്ലാം മൂലം അലീഗഢ് സർവകലാശാലയിലെ പി.എച്ച്.ഡി പ്രവേശന പരീക്ഷക്ക് ഹാജരാകാൻ സാധിച്ചില്ല. ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനങ്ങളെയും വെല്ലുവിളികളെയും സംബന്ധിച്ച് വിവിധ മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയ അവർ യു.പിയിലെ ബുൾഡോസർ രാജിനെക്കുറിച്ച് സ്വന്തം നിലയിൽ ഗവേഷണവും നടത്തുന്നുണ്ട്. പിതാവിന്റെ കേസ് നടപടികൾക്ക് ഒരുപാട് സമയം വേണ്ടിവരുന്നുണ്ട്. അവസാനമായി ജയിലിൽ സന്ദർശിച്ചപ്പോൾ ലൈംഗിക പീഡകർക്കെതിരെ നീതിതേടുന്ന വനിത ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ചാണ് പിതാവ് സംസാരിച്ചത്. പലപ്പോഴും സംസാരിക്കാൻ സമയം ലഭിക്കാറുമില്ല.
വീട്ടിൽ നിന്ന് രണ്ടു പേർ ജയിലിലായാൽ അത് താങ്ങാവുന്നതിലും അപ്പുറമാകുമെന്ന് ഉമ്മ പറയുന്നു. എന്നാൽ, നിശ്ശബ്ദയായി ഇരിക്കുന്നതിൽ അർഥമില്ലെന്ന് ഒന്നു രണ്ട് മാസത്തിനകം അഫ്രീന് ബോധ്യമായി. ‘‘എനിക്ക് വേണമെങ്കിൽ വർഷങ്ങളോളം നിശ്ശബ്ദയായി ഇരിക്കാം. എന്നാൽ, എനിക്കെതിരെ എന്തെങ്കിലും ഒരു കുറ്റം ചാർത്താൻ അവർ തീരുമാനിച്ചാൽ അത് നടത്തുക തന്നെ ചെയ്യും. നമ്മെ നിശ്ശബ്ദരാക്കുകയാണ് അവരുടെ ആവശ്യം. നമ്മളതിന് വഴങ്ങിയാൽ അവർ വിജയിച്ചുവെന്നാണർഥം’’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.